Thursday 28 September 2023 02:03 PM IST : By സ്വന്തം ലേഖകൻ

പണം ബാങ്ക് വഴി മാത്രം; മുൻഅനുഭവത്തിൽ നിന്നു പഠിച്ചു നിർമിച്ച വീട്...

big1

ആഗസ്റ്റ് ആറിനായിരുന്നു നാട്ടിലെ പുതിയ വീടിന്റെ പാലുകാച്ചൽ. 24 ന് ദുബായിലേക്ക് മടങ്ങിപ്പോന്നു. വളരെക്കുറച്ചു ദിവസങ്ങളേ പുതിയ വീട്ടിൽ താമസിക്കാനായുള്ളൂ. അതിൽ നല്ല വിഷമമുണ്ട്. ഈ കുറിപ്പെഴുതുമ്പോഴും അതു മാറിയിട്ടില്ല. 20000 ചതുരശ്രയടി വിസ്തീർണമുള്ള പുതിയ വീടിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു സനൂജ് സുൽത്താനും സിനിയും. 

Untitled

ഇനി വീടിനെപ്പറ്റി പറയാം. തൃശൂർ തളിക്കുളം പുതിയങ്ങാടിയിലാണ് ഞങ്ങളുടെ ‘മിന്നത്ത്’. ‘കൃപയുള്ള’ എന്നതാണ് മിന്നത്ത് എന്ന അറബി വാക്കിന്റെ അർഥം. വീട്, ഔട്ട്ഹൗസ്, സെക്യൂരിറ്റി കാബിൻ, കാർ പാർക്കിങ് ഏരിയ എന്നീ നാല് കെട്ടിടങ്ങളും കൂടി 20,000 സ്ക്വയർഫീറ്റുണ്ട്. തൂവെള്ള നിറത്തിലുള്ള ചുമരുകളും നീല നിറത്തിലുള്ള ഓട് മേഞ്ഞ മേൽക്കൂരയുമൊക്കെയായി കൊളോണിയൽ ശൈലിയിലാണ് വീടിന്റെ എക്സ്റ്റീരിയർ. ഉള്ളിലും വെള്ള നിറത്തിനു തന്നെയാണ് പ്രാധാന്യം. ഹൈലൈറ്റ് ചെയ്യേണ്ട ഇടങ്ങളിൽ പേസ്റ്റൽ നിറങ്ങൾ ഉപയോഗിച്ചു.

രണ്ടുനിലകളിലായി ആറ് കിടപ്പുമുറി, മൂന്ന് ഡ്രോയിങ് റൂം, രണ്ട് ഡൈനിങ് റൂം, മൂന്ന് അടുക്കള, 16 പേർക്ക് ഇരിക്കാവുന്ന ഹോംതിയറ്റർ തുടങ്ങിയ സൗകര്യങ്ങളാണ് വീട്ടിലുളളത്. ട്രസ്സ് റൂഫിന് അടിയിലുള്ള ഭാഗത്ത് പാർട്ടി ഏരിയ, യൂട്ടിലിറ്റി സ്പേസ് എന്നിവയുമുണ്ട്.

big2

2018 ലാണ് തറവാടിനടുത്തുള്ള ഈ 70 സെന്റ് ഞങ്ങൾ വാങ്ങുന്നത്. എന്നാൽ, അതിനും നാല് വർഷം മുൻപ് 2014 ൽ തന്നെ വീടിന്റെ ഡിസൈൻ തയാറാക്കിയിരുന്നു എന്നതാണ് വാസ്തവം. ഐടി എൻജിനീയറായ ഭാര്യ സിനിക്കാണ് ഇതിന്റെ മുഴുവൻ ക്രെഡിറ്റും. പുസ്തകങ്ങളും വെബ്‍‍സൈറ്റുമൊക്കെ പരതി രണ്ടു മൂന്നു വർഷത്തെ അധ്വാനം കൊണ്ടാണ് സിനി വീടിന്റെ മുക്കും മൂലയും വരച്ചെടുത്തത്. കൊച്ചി ആസ്ഥാനമായ എൽബി ആർക്കിടെക്ട്സും, ഗൃഹ ആർക്കിടെക്ട്സും ഇതിൽ ചെറിയ പരിഷ്കാരങ്ങൾ വരുത്തി കുറവുകളൊക്കെ നികത്തി.

big3

പ്രവാസികൾക്ക് വർഷത്തിൽ ഒന്നോ രണ്ടോ മാസം ആയിരിക്കും നാട്ടിൽ നിൽക്കാൻ കഴിയുക. അതിനാൽ 2014 മുതൽ ഓരോ വരവിലും വീടുപണിക്കായി കഴിയുന്നത്ര കാര്യങ്ങൾ ഒരുക്കിവച്ചു. സ്ഥലം വാങ്ങിയപ്പോഴേക്കും ഓരോ മെറ്റീരിയലും എവിടെ നിന്നു വാങ്ങണം, ഓരോ പണിയുടെയും കോൺട്രാക്ട് ആരെയൊക്കെ ഏൽപിക്കണം എന്നതിന്റെ ലിസ്റ്റ്, വീടിന്റെ ത്രീഡി എന്നിവയെല്ലാം തയാറായിരുന്നു. പണി തുടങ്ങിയപ്പോൾ തന്നെ ഫിനിഷിങ് ജോലികളുടെയടക്കം കോൺട്രാക്ട് നൽകി കരാറും ഒപ്പിട്ടു. ഇതൊക്കെ കാരണം വീടുപണി സമയത്ത് വലിയ ടെൻഷൻ ഉണ്ടായില്ല. മാത്രമല്ല, ഇടയ്ക്കുണ്ടായ വിലവർധനവ് വീടുപണിയെ ബാധിച്ചുമില്ല.

മുൻപ്, 2012 ൽ കൊച്ചി കളമശ്ശേരിയിൽ 2800 ചതുരശ്രയടിയുള്ള ഒരു വീട് പണിതിരുന്നു. ‘കൃത്യമായ ആസൂത്രണമാണ് വീടുപണിയുടെ വിജയ സൂത്രവാക്യം’ എന്ന അനുഭവപാഠം മനസ്സിലുള്ളതിനാൽ ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും വരുത്തിയില്ല. വീടിന്റെ പ്ലാൻ തയാറാക്കി പണവും കയ്യിൽ കരുതിയാൽ ആസൂത്രണം പൂർത്തിയായി എന്നായിരുന്നു ആദ്യ വീട് പണിയുമ്പോൾ ഞങ്ങളുടെ ധാരണ. എന്നാൽ, അങ്ങനെയല്ല കാര്യങ്ങളെന്ന് ആദ്യ വീടുപണി ബോധ്യപ്പെടുത്തി. ഇഷ്ടപ്പെട്ട മെറ്റീരിയൽ എവിടെ കിട്ടും, അതിന് എന്തു വിലയാകും, അത് എപ്പോൾ സൈറ്റിലെത്തണം, അതിന്റെ ജോലികൾ ആര് ചെയ്യും എന്ന കാര്യങ്ങളെല്ലാം തീരുമാനിച്ചാലേ ആസൂത്രണം പൂർണമാകൂ.

big4

എന്തായാലും പണി തുടങ്ങിയ ശേഷം, നിശ്ചയിച്ചിരുന്ന പ്ലാനിൽ എന്തെങ്കിലുമൊരു മാറ്റം വരുത്തുകയോ, കെട്ടിയ ഒരു കട്ട പോലും പൊളിക്കേണ്ടി വരികയോ ചെയ്തില്ല എന്നതാണ് ഞങ്ങൾക്ക് ഏറ്റവും സന്തോഷം നൽകിയ കാര്യം. നാട്ടിൽ ഇല്ലാതിരുന്ന സമയത്തും എന്തെല്ലാം ജോലികളാണ് നടക്കുന്നത് എന്ന് കൃത്യമായി അറിയാമായിരുന്നു. എല്ലാ ദിവസവും രാവിലെ അതാത് ദിവസം ചെയ്യാൻ പോകുന്ന ജോലികളുടെ വിശദാംശങ്ങൾ ജോലിക്കാർ വാട്സാപ് ഗ്രൂപ്പിൽ ഇടും. ഇടയ്ക്കിടെ അപ്ഡേറ്റുകളും നൽകും. അന്ന് എന്തു നടന്നു എന്ന് വൈകിട്ട് വിലയിരുത്താൻ കഴിയും. സംശയമുള്ളപ്പോഴൊക്കെ വീഡിയോ കോൾ ചെയ്ത് വ്യക്തത വരുത്തി.

നാട്ടിലില്ലാത്തതതിനാൽ പണിക്കാർ ഉഴപ്പുമോ എന്നൊരു ആശങ്ക പലരും പങ്കുവച്ചിരുന്നു. പക്ഷേ, ഞങ്ങൾക്ക് അത്തരം ദുരനുഭവം ഒന്നും ഉണ്ടായില്ല. മുഴുവനാളുകളും നൂറ് ശതമാനം ആത്മാർത്ഥതയോടെ കൂടെ നിന്നു. ‘നമ്മൾ അവരോട് എങ്ങനെ ഇടപെടുന്നോ അതുപോലെ അവർ തിരിച്ചും ഇടപെടും എന്നതാണ് ഞങ്ങൾ മനസ്സിലാക്കിയ പാഠം. അവസാനഘട്ടത്തിലെത്തിയപ്പോൾ ഞങ്ങൾ ആവശ്യപ്പെടാതിരുന്നിട്ടു പോലും രാത്രി പന്ത്രണ്ട് മണി വരെ ജോലി ചെയ്യാൻ അവർ തയാറായി.

big5

കോവിഡിന്റെ സമയത്ത് പണി മുടങ്ങിയതൊഴിച്ചാൽ ഒരിക്കൽ പേലും വീടുപണി തടസ്സപ്പെട്ടില്ല. പണിക്കാരിൽ ആർക്കും നൂറ് രൂപ പോലും കയ്യിൽ നൽകിയിട്ടില്ല എന്നതാണ് ഞങ്ങളുടെ വീടുപണിയുടെ മറ്റൊരു പ്രത്യേകത. ബാങ്ക് വഴിയോ അല്ലെങ്കിൽ ഗൂഗിൾ പേ പോലുള്ള ആപ്പ് വഴിയോ ആയിരുന്നു മുഴുവൻ പണം കൈമാറ്റവും.

സ്ട്രക്ചർ മാത്രം ഫുൾ കോൺട്രാക്ടും ബാക്കിയെല്ലാം ലേബർ കോൺട്രാക്ടും എന്ന രീതിയിലായിരുന്നു വീടുപണി. ഈവൻസ് കൺസ്ട്രക്‌ഷൻസിനായിരുന്നു സ്ട്രക്ചർ നിർമിക്കാനുള്ള ചുമതല. ‘ഹൗസ് ഓഫ് ജോയ്’യിലെ വി.ഡി. ജോബിയായിരുന്നു ഇന്റീരിയർ കോൺട്രാക്ടർ.

big6

വീടിനായി ഒരുപാട് പണം ചെലവായില്ലേ? ഇത്ര വലിയ വീടിന്റെ മെയ്ന്റനൻസ് പ്രശ്നമാകില്ലേ? എന്നൊക്കെ ചോദിക്കുന്നവരുണ്ടാകാം. ഞങ്ങൾ വീടിനായി ചെലവഴിച്ച തുക കൊണ്ട് ഇവിടെ ദുബായിലെ പ്രൈം ലൊക്കേഷനിൽ ഒറ്റമുറി ഫ്ലാറ്റ് പോലും വാങ്ങാനാകില്ല! മാത്രമല്ല, 15 മുതൽ 80 ശതമാനം വരെ വിലക്കിഴിവിൽ സ്വന്തമാക്കിയതാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്ന നിർമാണവസ്തുക്കൾ മുഴുവൻ. നിർമാതാക്കളെയും മൊത്തവിതരണക്കാരെയും സമീപിച്ച് നേരിട്ടു വാങ്ങിയതാണ് ഇവയെല്ലാം. 20000 സ്ക്വയർഫീറ്റ് ഉള്ളതിനാൽ ‘ബൾക് ഒാർഡർ’ എന്ന രീതിയിൽ നൽകാൻ അവർക്കും സന്തോഷമായിരുന്നു. വീടിനടുത്തുള്ള ഒരു ഡീലർക്ക് രണ്ട് മുതൽ അഞ്ച് ശതമാനം മാത്രം കമ്മീഷൻ നൽകി അവർ വഴി കമ്പനി നേരിട്ട് സാധനങ്ങളെത്തിക്കുകയായിരിക്കും ചെയ്യുക. സാധാരണഗതിയിൽ 10 മുതൽ 15 ശതമാനം വരെയാകും ഏറ്റവും ഒടുവിലെ ഡീലറുടെ കമ്മീഷൻ.

ജനിച്ച നാട്ടിൽ സൗകര്യങ്ങളെല്ലാമുള്ള ഒരു വീട്. അതിനായിരുന്നു ഈ അധ്വാനം മുഴുവൻ. എന്തായാലും ആ സ്വപ്നം സഫലമായതിന്റെ സന്തോഷത്തിലാണ് ഞങ്ങൾ.

ചിത്രങ്ങൾ: ഹരികൃഷ്ണൻ