Wednesday 31 May 2023 11:17 AM IST

വീട് പുതുക്കിപ്പണിയുമ്പോൾ എവിടേക്ക് മാറിത്താമസിക്കും എന്ന് ആശങ്ക; പരിഹാരം തെളിഞ്ഞത് 1.8 സെന്റിലെ വിസ്മയവീടിൽ

Sona Thampi

Senior Editorial Coordinator

cent  6

അരണാട്ടുകരയിലെ 52 വർഷം പഴക്കമുള്ള വീട് പുതുക്കിപ്പണിയാൻ റാഫിയും ഭാര്യ സഖിയും ചിന്തിച്ചതാണ് കഥയുടെ തുടക്കം. വീട്ടുകാരും അഞ്ചാറ് പട്ടിക്കുട്ടികളും വീട്ടുസാമാനങ്ങളുമായി എങ്ങോട്ടു മാറിത്താമസിക്കുമെന്ന ആലോചനയിലാണ് വീടിന്റെ പിൻഭാഗത്ത് ഒരു ചെറിയ വീട് പണിയുക എന്ന ആശയമുദിച്ചത്.

Untitled ലിവിങ് ഏരിയ

ആർക്കിടെക്ട് ആയ മകൻ ജോണി അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു. പഴയ തൊഴുത്തിന്റെ ഒരു ഭാഗം മാറ്റിയപ്പോൾ ലഭിച്ച 1.8 സെന്റിൽ ജോണിയുടെ ഡിസൈനിലൂടെ 1025 ചതുരശ്രയടിയുള്ള ഇരുനില വീട് ഉണ്ടായതിന്റെ സന്തോഷത്തിലാണ് കുടുംബം. ഭാവിയിൽ ഇതിനെ ഒരു ആർക്കിടെക്ചർ സ്റ്റുഡിയോ ആക്കി മാറ്റാമെന്ന കണക്കുകൂട്ടൽ നടത്തിയാണ് ജോണി തന്റെ ഡിസൈൻ ചെയ്തിരിക്കുന്നത്.

cent 1 ഡബിൾഹൈറ്റിൽ സ്റ്റെയർ ഏരിയ

‘‘ഇത് ഞങ്ങൾ വീട്ടുകാരുടെ ഇഷ്ടങ്ങൾക്കും ആവശ്യങ്ങൾക്കും വേണ്ടി ‘ടെയ്‌ലർമെയ്ഡ്’ ആയി ചെയ്ത പ്രോജക്ട് ആണ്,’’ ജോണി പറയുന്നു. ‘‘ഞങ്ങളാരും അത്ര പൊക്കമുള്ളവരല്ലാത്തതിനാൽ സീലിങ് പോലും 7.1 അടിയിലാണ് ചെയ്തിരിക്കുന്നത്,’’ ജോണി പറയുന്നു. വീട്ടുകാരുടേയും അരുമമൃഗങ്ങളുടേയും വരെ ആവശ്യങ്ങൾ കണക്കിലെടുത്താണ് ഇൗ ‘ടെയ്‌ലർമെയ്ഡ് ഡിസൈൻ’ തയാറാക്കിയിരിക്കുന്നത്.

cent 4 കിടപ്പുമുറിയിലെ സിറ്റിങ് ഏരിയ

പടിഞ്ഞാറ് ദർശനമായാണ് വീട്. ലിവിങ്ങിലെ ഒരു ബേവിൻഡോ മാത്രമാണ് നീട്ടിയെടുത്ത സിറ്റ്ഒൗട്ടിലേക്കു തുറക്കുന്നത്. വെയിലിന്റെ കാഠിന്യം കുറയ്ക്കാൻ തെക്കുഭാഗത്ത് ഒരു ഒാപ്പനിങ്ങും കൊടുത്തിട്ടില്ല.

cent5 മുകൾനിലയിലെ കിടപ്പുമുറി

സിറ്റ്ഒൗട്ട് കയറിച്ചെല്ലുമ്പോൾ ഒരു ഒാപ്പൻ ഹാൾ. അതിനോടു ചേർന്ന് ഒരു ചെറിയ കിച്ചൻ സ്പേസ്, ഡൈനിങ് ഏരിയയോടു ചേർന്ന് ഒരു ബാത്റൂം, ലിവിങ് ഏരിയയിൽ നിന്ന് കയറാവുന്ന ഗോവണി... ഇത്രയുമാണ് താഴത്തെ നിലയിൽ ഒരുക്കിയിരിക്കുന്നത്. അമ്മ സഖിയുടെ പ്രായോഗിക നിർദ്ദേശങ്ങളും ജോണിയുെട ഡിസൈനിന് മുതൽക്കൂട്ടായി.

cent  2 ഡൈനിങ് ഏരിയ

ഒാപ്പൻ ഹാളിന്റെ വടക്കു ഭാഗത്ത് പ്രസന്നമായ സൂര്യപ്രകാശത്തെ വരവേൽക്കാൻ രണ്ട് വലിയ സ്ലൈഡിങ് ഡോറുകളുണ്ട്. ഇൗ വാതിലുകളിലൂടെ മതിലിനോടു ചേർന്ന ഇടനാഴിയിലേക്ക് കടക്കാം. വീടിന്റെ മുഴുവൻ നീളത്തിലുള്ള ഇൗ ഇടനാഴി വീട്ടുകാരേക്കാൾ കൂടുതൽ ആസ്വദിക്കുന്നത് ഇവിടത്തെ പട്ടിക്കുട്ടികളാണ്.

ഡൈനിങ്ങിനോടു ചേർന്ന് ചെറിയ ഒരു ബാത്റൂം സൗകര്യവും ഒരുക്കി. വോൾÐഹങ് ക്ലോസറ്റിനു ചേരുന്ന വിധത്തിൽ വളരെ ചെറിയൊരു വാഷ്ബേസിനും ആർക്കിടെക്ട് കണ്ടെത്തി.

ഗോവണി കയറിച്ചെല്ലുന്ന ബാൽക്കണിക്കു ചുറ്റുമായി മൂന്ന് ബെഡ് സ്പേസുകൾ ആണ് ഒരുക്കിയിരിക്കുന്നത്. സ്ലൈഡിങ് ഡോറുകളുടെ സഹായത്തോടെയാണ് ഇടങ്ങളെ ബെഡ് സ്പേസുകളാക്കി തരംതിരിച്ചിക്കുന്നത്.

cent 7 റാഫിയും ഭാര്യ സഖിയും മക്കളായ ജോണി, അന്ന എന്നിവർക്കൊപ്പം

ഒാരോ ഇഞ്ചും ഉപയോഗയോഗ്യമാക്കിയാണ് ജോണി തന്റെ വീട് ഒരുക്കിയിരിക്കുന്നത്.. ആ ഇഷ്ടം കൊണ്ടാണ് വീട്ടുകാർ മാത്രമല്ല, പട്ടിക്കുട്ടികളും ഇടയ്ക്കിടെ ഒാടി പുതിയ വീട്ടിലേക്കെത്തുന്നത്.

ചിത്രങ്ങൾ: ഹരികൃഷ്ണൻ

1.8 സെന്റിലെ വീടിന്റെ കൂടുതൽ വിശേഷങ്ങളും ചിത്രങ്ങളും ജൂൺ ലക്കം വീടിലുണ്ട്.

Tags:
  • Architecture