മൂവാറ്റുപുഴയിൽ വെറുതെ കിടന്നിരുന്ന റബർ തോട്ടത്തിലാണ് പ്രവാസികളായ ഷിജുവും ഷബ്നയും വീടു വയ്ക്കാൻ തീരുമാനിച്ചത്. ആർക്കിടെക്ടുമാരായ സഹോദരി നീനു ഇബ്രാഹിമും ഭർത്താവ് റാസി റസാഖും ഉള്ളപ്പോൾ വീടുപണിയുടെ കാര്യം ഒാകെ. അങ്ങനെ വീട്ടുകാരും ആർക്കിടെക്ടും ഖത്തറിലിരുന്ന് വാട്സ്‌ആപ് വഴി പണിത വീടാണിത്.

ഉയർന്നു കിടക്കുന്ന പ്ലോട്ടിനെ അങ്ങനെ തന്നെ നിലനിർത്തിയാണ് വീട് പണിതത്. റോഡിൽ നിന്ന് ഏകദേശം 10 മീറ്റർ ഉയരത്തിലാണ് വീട്. 70 സെന്റിൽ പകുതിയോളം ലാൻഡ്സ്കേപ്പിനും ഉപയോഗിച്ചതോടെ വീടിന്റെ ലുക്ക് കൂടി. പുൽത്തകിടിയിൽ സായാഹ്ന നേരംപോക്കിന് സൊറ പറഞ്ഞിരിക്കാൻ പാകത്തിൽ ഗ്രാനൈറ്റ് ഇരിപ്പിടങ്ങളുമുണ്ട്. വീടിൽ നിന്ന് രണ്ട് മീറ്റർ വിടവ് കഴിഞ്ഞാണ് പോർച്ചിന്റെ സ്ഥാനം.

അടഞ്ഞുകിടക്കാൻ സാധ്യത കൂടുതലായതുകൊണ്ട് അകത്തെ ചൂടിനെ നിയന്ത്രിക്കാൻ രണ്ട് ഇൻഡസ്ട്രിയൽ ഫാനുകൾ സദാസമയവും ഇവിടെ കറങ്ങുന്നുണ്ട്. പുറത്തുനിന്നു നോക്കിയാൽ കാണില്ല. കിളിവാതിലുകൾക്കു പിറകിലാണ് അവയുടെ സ്ഥാനം.
ചരിഞ്ഞ റൂഫ് കൊടുത്ത് കൊളോണിയൽ ശൈലിയും ട്രഡീഷണൽ ശൈലിയും ചേർത്താണ് 4750 ചതുരശ്ര അടിയിലുള്ള വെളുത്ത വീടിനെ ഡിസൈൻ ചെയ്തിരിക്കുന്നത്. താഴത്തെ സിറ്റ്ഒൗട്ടിനു മുകളിലായി മുകളിലും രണ്ട് തുറന്ന ജനലുകളോടു കൂടിയ ബാൽക്കണിയുള്ളത് ഇൗ വീടിന്റെ ഒരു പ്രത്യേകതയാണ്.

ചെറുതേക്കു കൊണ്ടാണ് തടിപ്പണികൾ. ഫ്ലോറിങ്ങിന് ടൈൽ ആണ് എല്ലായിടത്തും. മോഡുലാർ കിച്ചന്റെ തൂവെള്ള നിറത്തിനു പിറകിൽ അക്രിലിക് ഫിനിഷ് ആണ്. സോഫകൾ ഒഴിച്ച് ബാക്കിയുള്ള ഫർണിച്ചർ മുഴുവൻ ആശാരിമാരെ നിർത്തി പണിയിപ്പിച്ചെടുത്തു. ഡൈനിങ്ങിനും ഫാമിലി ലിവിങ്ങിനും ഇടയിലുള്ള പാർട്ടീഷൻ ഭിത്തിയിലും ഗോവണിയുടെ കൈവരിയിലും സിഎൻസി കട്ടിങ്ങിന്റെ ചിത്രപ്പണികൾ കാണാം. വാഡ്രോബുകൾക്ക് മറൈൻ പ്ലൈ ആണ് ഉപയോഗിച്ചത്.
നാല് കിടപ്പുമുറികളിൽ രണ്ടെണ്ണം താഴെയും രണ്ടെണ്ണം മുകളിലുമാണ്. ഡൈനിങ്ങിൽ നിന്ന് ഗോവണി കയറി മുകളിലെത്താം. ഗോവണിയുടെ താഴെ ചെറിയൊരു കോർട്‌യാർഡും ഇരിപ്പിടവും കൃത്രിമപ്പുല്ലുമൊക്കെയുണ്ട്. ഡൈനിങ്ങിൽ നിന്ന് പുറത്തേക്കിറങ്ങാൻ പാഷ്യോയും ഉണ്ട്.
പ്രവാസി കാണാൻ കൊതിക്കുന്ന പച്ചപ്പിനെ വീടിനു ചുറ്റിലും കൊണ്ടുവരാൻ പ്രവാസികളായ ആർക്കിടെക്ട് ദമ്പതികൾക്കും വീട്ടുകാർക്കും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. പകൽ സമയത്ത് സ്വിച് ബോർഡിലേക്ക് കൈ നീട്ടേണ്ടി വരുന്നില്ലെന്ന് വീട്ടുകാർ സന്തോഷത്തോടെ പറയുമ്പോൾ അതിൽ പങ്കാളികളാകാൻ സാധിച്ച വെളിച്ചമാണ് ആർക്കിടെക്ടുമാരുടെ മുഖത്ത്.
ഡിസൈൻ:ആർ എൻ ഡിസൈൻ കമ്പനി, തൃശൂർ, ഫോൺ നമ്പർ: 8138880022, www.rndesigners.com