Tuesday 26 April 2022 02:13 PM IST : By സ്വന്തം ലേഖകൻ

ഗവൺമെന്റ് ഡിപ്പോയിൽ നിന്ന് തടി വാങ്ങാം...ഇതാണ് ലാഭകരം

wood 1

തടി വാങ്ങി അറപ്പിച്ചെടുത്ത് വാതിലും ജനലും നിർമിക്കുന്നതുകൊണ്ട് രണ്ടാണ് പ്രയോജനം. മൂപ്പെത്തിയതും കേടില്ലാത്തതുമായ നല്ല തടി തന്നെ തിരഞ്ഞെടുക്കാം. കൂടാതെ നല്ലൊരു തുക ലാഭിക്കുകയും ചെയ്യാം.

വീടുപണിയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി ഗവൺമെന്റ് ഡിപ്പോകളിൽ നിന്ന് നേരിട്ട് തടി വാങ്ങാനാകും. മുൻപത്തേതിനെക്കാൾ ലളിതമായ നടപടിക്രമങ്ങളാണ് ഇപ്പോഴുള്ളത്. റീടെയ്ൽ സെയിൽ, ഓൺലൈൻ ലേലം എന്നിങ്ങനെ രണ്ടു രീതിയിൽ തടി വാങ്ങാം.

വനംവകുപ്പിന്റെ കീഴിലുള്ള തടി ഡിപ്പോകളിൽ നേരിട്ടെത്തി തടി വാങ്ങാനുള്ള സൗകര്യമാണ് ‘റീടെയ്‌ൽ സെയിൽ’ വഴി ലഭിക്കുക. ഒരു തടി മാത്രമായി വേണമെങ്കിലും വാങ്ങാം എന്നതാണ് പ്രത്യേകത. ബിൽഡിങ് പെർമിറ്റ്, പ്ലാൻ, തിരിച്ചറിയൽ കാർഡ്, പാൻകാർഡ് എന്നിവയുമായി തടി ഡിപ്പോയിൽ എത്തണം. തേക്കാണ് പ്രധാനമായും ലഭിക്കുക. രണ്ട്, മൂന്ന്, നാല് ക്ലാസ് വിഭാഗത്തിലെ തടികളാണ് ഇങ്ങനെ വാങ്ങാൻ ലഭിക്കുക. റീടെയ്‌ൽ സെയിൽ വഴി ഒരാൾക്ക് 175 ക്യുബിക് അടി തടി വരെ വാങ്ങാം.

ഓൺലൈൻ ലേലം വഴി തടി വാങ്ങാൻ വനംവകുപ്പിന്റെ വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണം. ഇതിനായി www.forest.kerala.gov.in എന്ന വെബ്സൈറ്റിൽ E - AUCTION എന്നതിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകണം. 590 രൂപയാണ് റജിസ്ട്രേഷൻ ഫീസ്. മാസത്തിൽ ഒന്നോ രണ്ടോ തവണ ലേലം ഉണ്ടായിരിക്കും. ഇതിലൂടെ ഒരാൾക്ക് 280 ക്യുബിക് അടി തടി വരെ വാങ്ങാം. വണ്ണം അനുസരിച്ച് ഒന്ന്, രണ്ട്, മൂന്ന്, നാല് ഗ്രേഡിലുള്ള തടികൾ പ്രത്യേകമായിട്ടായിരിക്കും ലേലം ചെയ്യുക. വീട്ടിത്തടിക്കും പ്രത്യേക ലേലം ഉണ്ടായിരിക്കും.

കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള MSTC Ltd എന്ന കമ്പനി വഴിയാണ് വനംവകുപ്പ് ഓൺലൈൻ ലേലം നടത്തുന്നത്. കേരളത്തിൽ വനംവകുപ്പിന്റെ കീഴിൽ മുപ്പതോളം തടി ഡിപ്പോകളുണ്ട്. ഇവിടെനിന്നെല്ലാം തടി വാങ്ങാം. 

വിവരങ്ങൾക്കു കടപ്പാട്: എം. ടി. ടോമി, ഡിപ്പോ റേഞ്ച് ഓഫിസർ, ഗവൺമെന്റ് തടി ഡിപ്പോ, പാറമ്പുഴ, കോട്ടയം

Tags:
  • Budget Homes