നിലവിലുള്ള വീടുകളിലെ ചൂട് കുറയ്ക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ഉള്ളിലെ ചുമരുകൾക്ക് ഇളംനിറം നൽകാം. കടുംനിറത്തിലുള്ള പെയിന്റ് ചൂട് ആഗിരണം ചെയ്യുകയാണ് പതിവ്. ഇളംപച്ച, നീല തുടങ്ങി കൂൾ നിറങ്ങളോ വെള്ളയോ നൽകുന്നതാണ് ചൂടുകുറയ്ക്കാൻ നല്ലത്.
വേനൽക്കാലത്ത് കട്ടികൂടിയ കർട്ടൻ ഒഴിവാക്കാം. ജനാലകൾ കഴിവതും തുറന്നിടാം.
ബെഡ്ഷീറ്റ്, കുഷൻ കവറുകൾ തുടങ്ങിയവ കോട്ടൻ തുണിയുടേതാക്കാം. കനം കുറഞ്ഞതും ഇളംനിറങ്ങളിലുള്ളതുമായ കോട്ടൻ തുണിയാണ് വേനൽക്കാലത്തിന് അനുയോജ്യം.
ഇൻകാൻഡസന്റ് ബൾബുകൾ കൂടുതൽ നേരം പ്രകാശിപ്പിക്കുന്നത് ചൂടു കൂട്ടും. എൽഇഡി ബൾബുകൾ ഉപയോഗിക്കാം.
ഉള്ളിൽ ഇന്റീരിയർ പ്ലാന്റ്സ് വയ്ക്കാം. അന്തരീക്ഷം തണുപ്പിക്കാൻ ചെടികൾക്കു കഴിയും.
ഓപൻ ടെറസിൽ ഗ്ലേസ്ഡ് ഫിനിഷിലുള്ള ടൈൽ ഒട്ടിക്കുന്നത് വീടിനുള്ളിലേക്ക് ചൂട് കടക്കുന്നത് കുറയ്ക്കും. ഇതിനായുള്ള ‘കൂൾ റൂഫ് ടൈൽ’ വിപണിയിൽ ലഭ്യമാണ്. ചൂട് കടത്തിവിടാതെ പ്രതിഫലിപ്പിക്കുമെന്നതാണ് ഇവയുടെ പ്രത്യേകത. 8 – 10 എംഎം കനമായിരിക്കും ഇത്തരം ടൈലിനുണ്ടാകുക. ചതുരശ്രയടിക്ക് 60–70 രൂപയാണ് വില. ഓപൻ ടെറസിൽ ടൈൽ ഒട്ടിക്കണം എന്ന് തമിഴ്നാട്ടിൽ നിയമമുണ്ട്.
ടെറസിൽ അടിക്കാനുള്ള ഹീറ്റ് റിഫ്ലക്ടീവ് പെയിന്റുകൾ വിപണിയിൽ ലഭ്യമാണ്. ഇത് ചൂട് പ്രതിഫലിപ്പിക്കുകയും ചൂട് കുറയ്ക്കുകയും ചെയ്യും. ഇതു വീട്ടുകാർക്കു തന്നെ അടിക്കാം.
വേനൽക്കാലം തുടങ്ങുന്നതിനു മുൻപ് ടെറസ് കഴുകി വൃത്തിയാക്കി പായലും ചെളിയുമെല്ലാം മാറ്റിയ ശേഷം വൈറ്റ് സിമന്റ് അടിക്കുന്നതും ചൂട് കുറയ്ക്കും. ചൂല് ഉപയോഗിച്ച് എളുപ്പത്തിൽ വൈറ്റ് സിമന്റ് തേച്ചുപിടിപ്പിക്കാം.
ചൂട് ഉള്ളിലേക്കു കടത്തിവിടുന്നത് തടയുന്ന, പലതരം തെർമൽ കോട്ടിങ്ങുകളും വിപണിയിൽ ലഭ്യമാണ്. ബിറ്റുമിൻ, ലാറ്റക്സ് എന്നിവയുടെയൊക്കെ കോട്ടിങ് ലഭ്യമാണ്.
ടെറസ് ഗാർഡൻ വീടിനുള്ളിലേക്ക് ചൂട് കടക്കുന്നത് തടയും. ശരിയായ രീതിയിൽ വാട്ടർപ്രൂഫിങ് സംവിധാനങ്ങൾ ഒരുക്കി ജിയോ ബ്ലാങ്കറ്റ് വിരിച്ച ശേഷം വേണം ടെറസിൽ മണ്ണ് നിറയ്ക്കാനും ചെടികളും പച്ചക്കറികളും നടാനും. ഇതിന് വിദഗ്ധരുടെ സഹായം തേടാം. അല്ലെങ്കിൽ ചോർച്ച ഉണ്ടാകാം.
വേനൽക്കാലത്ത് ടെറസിൽ നേരിട്ട് വെയിലടിക്കാതിരിക്കാൻ തെങ്ങോല, വൈക്കോൽ, പുല്ല് തുടങ്ങിയവ നിരത്താം.

ടെറസിൽ ടാർപോളിൻ ഷീറ്റ് വിരിച്ച ശേഷം വെള്ളം കെട്ടിനിർത്തുന്നത് പലരും പരീക്ഷിച്ചു വിജയം കണ്ടിട്ടുള്ള മാർഗമാണ്.
വേനൽക്കാലത്ത് ജനലിന്റെ മുകൾഭാഗത്ത് എക്സ്ഹോസ്റ്റ് ഫാൻ പിടിപ്പിച്ച് വൈകുന്നേരങ്ങളിൽ ഇതു പ്രവർത്തിപ്പിച്ചാൽ ചൂടുവായു പുറത്തുപോകും. രാത്രിയിൽ തണുപ്പുണ്ടാകും.
മേൽക്കൂരയിലും ചുമരിലും നേരിട്ട് വെയിലടിക്കുന്നത് തടയുന്നതുപോലെ മരങ്ങൾ വളർത്തുകയാണ് ചൂട് കുറയ്ക്കാനുള്ള ഏറ്റവും ഫലപ്രദമാർഗങ്ങളിലൊന്ന്. തെക്കുപടിഞ്ഞാറുഭാഗത്ത് ഇടതൂർന്ന ഇലകളുള്ള ചെടികളും മരങ്ങളും വളർത്താം.