Monday 07 January 2019 05:50 PM IST : By സ്വന്തം ലേഖകൻ

അച്ഛന്റെ സിനിമയിലെ പാരമ്പര്യം ഒരുപാടൊന്നും ഗുണം ചെയ്തിട്ടില്ല, എല്ലാം കഠിനാധ്വാനത്തിന്റെ ഫലം: ദുല്‍ഖര്‍

dq-778 ഫോട്ടോ: ആർ.എസ്. ഗോപൻ, മനോരമ

മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന ലേബലിലാണ് ദുൽഖർ സിനിമയിൽ പച്ചപിടിച്ചതെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് തെറ്റാണ്. പറയുന്നത് മറ്റാരുമല്ല ദുൽഖർ തന്നെയാണ്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

"എന്റെ അച്ഛന്റെ സിനിമയിലെ പാരമ്പര്യം എനിക്ക് ഒരുപാടൊന്നും ഗുണം ചെയ്തിട്ടുണ്ടെന്ന് കരുതുന്നില്ല. അച്ഛന്റെ പ്രശസ്തിയുടെ വെളിച്ചമെത്താത്ത അത്ര അകലെയാണ് ഞാനും സഹോദരിയും വളര്‍ന്നുവന്നത്. എങ്കിലും എനിക്ക് സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ അച്ഛന്റെ ബന്ധം സഹായിച്ചിട്ടുണ്ടാവണം. അതിനുശേഷമുള്ളതെല്ലാം എന്റെ കഠിനാധ്വാനത്തിന്റെ ഫലം തന്നെയാണ്. മലയാള സിനിമയില്‍ രണ്ടാംതലമുറയിലെ അധികം പേരൊന്നും ഇങ്ങനെ കരിയറില്‍ വിജയിച്ചിട്ടില്ല.’’ ദുല്‍ഖര്‍ പറയുന്നു.

ആകാശ് ഖുരാനയുടെ ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് ദുല്‍ഖര്‍. സിനിമയെക്കുറിച്ച് ചോദിച്ചപ്പോൾ, ബോളിവുഡിൽ ഒരു മലയാളി ഹിന്ദിക്കാരനാവില്ലെന്നും, പ്രാദേശിക അതിര്‍വരമ്പുകളില്ലാത്ത വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും ദുല്‍ഖര്‍ പറഞ്ഞു. അതിന് ആദ്യം വേണ്ടത് ഹിന്ദിയിലുള്ള പരിജ്ഞാനം മെച്ചപ്പെടുത്തുകയാണെന്നും, ബോളിവുഡിലെ തന്റെ ഭാവി അതിനെ ആശ്രയിച്ചാണെന്നും ദുല്‍ഖര്‍ കൂട്ടിച്ചേർത്തു.