Tuesday 15 January 2019 12:43 PM IST : By സ്വന്തം ലേഖകൻ

പ്രണയനിർഭരമായ 'ഗുണ ഗുഹ' സഞ്ചാരികൾക്കായി തുറന്നുകൊടുക്കുന്നു; നടപടി 10 വർഷങ്ങൾക്കുശേഷം!

guna-cave1

കൊടൈക്കനാലിലെ പ്രശസ്തമായ ‘ഗുണ ഗുഹ’ 10 വർഷങ്ങൾക്കുശേഷം വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുക്കുന്നു. വിനോദ സഞ്ചാരികളുടെ ദീർഘ നാളത്തെ ആവശ്യത്തെത്തുടർന്നാണ് വനം വകുപ്പിന്റെ നടപടി. കൊടൈക്കനാലിൽനിന്നും 12 കിലോമീറ്റർ അകലെയായാണ് ‘ഗുണ ഗുഹ.’ 1991 ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ‘ഗുണ’യുടെ ഷൂട്ടിങ് ഇവിടെ വച്ചായിരുന്നു. തുടർന്നാണ് ഇവിടം ‘ഗുണ ഗുഹ’ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത്.

സിനിമയിൽ കമലാഹാസനും നായികയും തകർത്തഭിനയിച്ച ‘കൺമണി അൻപോട് കാതലൻ’ എന്ന ഗാനവും ക്ളൈമാക്സ് രംഗങ്ങളും  ചിത്രീകരിച്ചത് ഇവിടവച്ചാണ്. സിനിമ വൻ വിജയമായതോടെ നിരവധി കമിതാക്കൾ ഇവിടെയെത്താൻ തുടങ്ങി. ചിലർ സിനിമയിലെ പോലെ ആത്മഹത്യ ചെയ്തു. ഇതോടെയാണ് വനംവകുപ്പ് അധികൃതർ വിനോദ സഞ്ചാരികളെ നിരോധിച്ചത്.

guna2

ഉപാധികളോടെയാണ് സന്ദർശനം അനുവദിക്കുക. ഗുഹയ്ക്കുളളിലേക്ക് വിനോദ സഞ്ചാരികൾക്ക് പ്രവേശനം നൽകില്ല. പുറത്തുനിന്നു കാണാനേ സാധിക്കൂ. ഗുഹയുടെ ചില ഭാഗങ്ങളിൽ വെളിച്ചം ഇല്ലാത്തതിനാൽ അപകട സാധ്യത കൂടുതലാണ്. മുൻപ് ഗുഹയ്ക്കുളളിൽ വച്ച് 16 പേരെ കാണാതായിരുന്നു. ഇവരെക്കുറിച്ച് ഇതുവരെ ഒരു വിവരവും ലഭ്യമായിട്ടില്ല.