Thursday 08 February 2018 02:35 PM IST : By സ്വന്തം ലേഖകൻ

ഇനി ഷറഫുദീന്റെ യാത്ര ’കുതിരപ്പുറത്തല്ല’; പുത്തൻ ബിഎംഡബ്ല്യുവിൽ

sharafu-bmw

’പ്രേമം’ സിനിമയിലെ ’ഗിരിരാജന്‍ കോഴി’യായി തിളങ്ങിയ നടനാണ് ഷറഫുദീന്‍. കുതിരപ്പുറത്തു വരുന്ന റാസല്‍ഖൈമയിലെ ആ പാവം രാജകുമാരന്റെ കഥ പ്രേക്ഷകർ ഏറ്റെടുത്തതോടെ നടന്റെ നല്ല കാലവും തെളിഞ്ഞു. പിന്നീടങ്ങോട്ട് ഷറഫുദ്ദീന് കൈനിറയെ ചിത്രങ്ങളായിരുന്നു. ഇപ്പോൾ തന്റെ യാത്ര കൂടുതൽ ആഹ്ലാദകരമാക്കാൻ ഷറഫുദീൻ ഒരു ബിഎംഡബ്ല്യു കാർ സ്വന്തമാക്കി. ഈ സന്തോഷവാർത്ത താരം ഫെയ്‌സ്ബുക്കിലൂടെ ഷെയർ ചെയ്തു.

കൊച്ചിയിലെ ബിഎംഡബ്ല്യു ഡീലര്‍ഷിപ്പായ ഇവിഎം ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് താരം കാർ സ്വന്തമാക്കിയത്. ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ ലക്ഷ്വറി സെഡാനാണ് ത്രീ സീരീസിന്റെ ഗ്രാന്‍ഡ് ടുറിസ്‌മോ എഡിഷനാണ് ഷറഫുദീന്‍ സ്വന്തമാക്കിയിരിക്കുന്നത്. ആഡംബരവും കരുത്തും യാത്രാസുഖവും ഒരുപോലെ ഒത്തിണങ്ങിയ കാറാണ് ത്രീ സീരീസ് ജിടി. ബിഎംഡബ്ല്യുവിന്റെ ചെന്നൈ ഫാക്ടറിയില്‍ നിര്‍മിക്കുന്ന കാറിന്റെ പെട്രോള്‍ ഡീസല്‍ വകഭേദങ്ങള്‍ വിപണിയില്‍ ലഭ്യമാണ്.

സ്‌പോര്‍ട് ലൈന്‍, ലക്ഷ്വറി ലൈന്‍ എന്നീ വകഭേദങ്ങളിലാണ് വാഹനം ലഭ്യമാകുക. രണ്ട് ലീറ്റര്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന പെട്രോള്‍ മോഡലിന് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗതയിലെത്താന്‍ 6.1 സെക്കന്റ് മാത്രം മതി. 252 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കും നല്‍കുന്നുണ്ട് ഈ എന്‍ജിന്‍. ഡീസല്‍ വകഭേദത്തിലും രണ്ടു ലീറ്റര്‍ എന്‍ജിന്‍ തന്നെയാണ് ഉപയോഗിക്കുന്നത്. 190 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കുമുള്ള ഡീസല്‍ എന്‍ജിന്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 7.7 സെക്കന്റ് മാത്രം മതി. ഡീസല്‍ മോഡലിന് വില 42.50 മുതല്‍ 45,80 ലക്ഷം രൂപ വരെയും പെട്രോള്‍ മോഡലിന് 46.70 ലക്ഷം രൂപ വരെയുമാണ് ഡല്‍ഹി എക്‌സ് ഷോറൂം വില.

കൂടുതൽ വാഹന വിശേഷങ്ങൾ അറിയാം