Thursday 08 February 2018 02:11 PM IST : By നിതിൻ ജോസഫ്

പ്രേമത്തിന്റെയും കല്യാണത്തിന്റെയും കടുംകെട്ട് വേണ്ടെന്ന് വച്ച് മനസ്സ് പറയുന്ന വഴിയേ പറക്കുന്ന ‘സിംഗിൾ’ പക്ഷികൾ

being_single

ക്ലാസ്ടെസ്റ്റിന്റേം ഇംപോസിഷന്റേം സപ്ലീടേം സസ്പെൻഷന്റേം ഇടയിൽ നട്ടംതിരിഞ്ഞ് വട്ടംകറങ്ങി സ്കൂളിലേയും കോളേജിലെയും സ്വാതന്ത്ര്യം ഡാർക്ക് സീനാകുമ്പോ പിന്നുള്ള ലാസ്റ്റ് ഹോപ്പാണ് യൂത്ത് ലൈഫ് . പക്ഷേ, ഭാവിയെക്കുറിച്ച് ഒടുക്കത്തെ ടെൻഷനടിച്ച് അതും ശോകമാകാറാണ് പതിവ്. പിന്നങ്ങോട്ട് വേല, കൂലി, പെണ്ണ്, പെടക്കോഴീന്നൊക്കെ പറഞ്ഞ് എല്ലാരേംപോലെയങ്ങ് ഒട്ടിച്ചേരും. ബാംഗ്ലൂർ ഡേയ്സിൽ ദുൽഖർ സൽമാൻ പറയണമാതിരി ലൈഫ് പ്രഷർകുക്കറിൽ പുഴുങ്ങിയെടുക്കുന്ന ടൈപ്പ് ഹൊറിബിൾ അവസ്ഥ. ഇതാണ് സ്ഥിരം സീൻ. എന്നാൽ ഇത്തരം അഡ്ജസ്റ്റ്മെന്റ് പരിപാടീസിലൊന്നും താൽപര്യപ്പെടാത്ത കുറെ വെറൈറ്റി മച്ചാൻമാരുണ്ട്..

റിലേഷൻഷിപ്സിനെ പടിയടച്ച് പിണ്ഡം വച്ച് സിംഗിൾലൈഫിനോട് കമിറ്റഡായവർ. പ്രീപ്ലാൻഡ് സ്ക്രിപ്റ്റിനൊത്ത് കലണ്ടറിനോടും ക്ലോക്കിനോടും അങ്കോംവെട്ടി റോബോട്ട് പോലെ ജീവിക്കാൻ തയാറാകാത്തവർ. നാളെയെക്കുറിച്ച് ആകുലതകളില്ലാതെ ഇന്നിൽ ജീവിക്കുന്നവർ. ഒരാൾക്കു ചുറ്റും ജീവിതം കെട്ടിയിടാൻ നിന്നുകെടുക്കാതെ, കല്യാണമെന്ന കലാപരിപാടിയുടെ റിസ്കുകൾ മുപ്പതുകളിലേക്ക് മാറ്റിവച്ചവർ. സ്വപ്നങ്ങളെ വെട്ടിപ്പിടിക്കാൻ ക്വട്ടേഷനെടുത്തവർ.

റിലേഷൻഷിപ്പ് സ്റ്റാറ്റസ്– സിംഗിൾ

‘‘സിംഗിൾ ലൈഫെന്നത് ഒരു അവസ്ഥയല്ല ഭായ്, അതൊരു ആറ്റിറ്റ്യൂഡാണ്. ഒരു സിംഗിൾ സീറ്റഡ് ബുള്ളറ്റിൽ തുടങ്ങുന്ന ആറ്റിറ്റ്യൂഡ് ’’. എന്തോ, ജീവിതത്തെ സ്വന്തം ബുള്ളറ്റിനോട് ഉപമിക്കാനാണ് ഇക്കൂട്ടത്തിൽ പലർക്കുമിഷ്ടം. ഒരു ബുള്ളറ്റിൽ ര ണ്ടുപേർ ലോങ്ട്രിപ്പ് പോവുന്ന അവസ്ഥയാണ് സങ്കൽപിക്കേണ്ട രംഗം.

ഒരാൾക്ക് വണ്ടി നിർത്തി ചായകുടിച്ച് ഷോർട്ട് കൊമേഴ്സ്യൽ ബ്രേക്കെടുക്കാൻ തോന്നുമ്പോ മ റ്റേ ആൾക്ക് ചോദിച്ചു ചോദിച്ചു പൊയ്ക്കൊണ്ടിരിക്കാനാകും തോന്നുക. അതുമല്ലെങ്കിൽ ഒരാൾക്ക് ഡെസ്റ്റിനേഷൻ മാറ്റിപ്പിടിക്കാൻ തോന്നിയാൽ സ ഹസഞ്ചാരിക്ക് അതത്ര രസിച്ചൂന്ന് വരില്ല. അങ്ങനെയാണെങ്കിൽ ആ പുറകിലെ സീറ്റങ്ങ് എടുത്തുകളഞ്ഞിട്ട് ഒറ്റയ്ക്കു കിക്കറടിക്കുന്നതല്ലേ ബ്രോ, നല്ലത്?” ചോദിക്കുന്നത് ജോമറ്റ് മാത്യുവെന്ന സഞ്ചാരപ്രേമി.

ഇതുതന്നെയാണ് ലൈഫിന്റെയും ഫോർമുല. മറ്റൊരാൾക്കുവേണ്ടിയോ, അയാളുടെ താൽര്യങ്ങള്‍ക്കു വേണ്ടിയോ കാത്തുനിൽക്കാതെ സ്വന്തം ജീവിതം കെട്ടുപാടുകളില്ലാതെ സ്വയം ജീവിച്ചുതീർക്കുന്ന ടെക്നിക്കാണ് ബീയിങ് സിംഗിൾ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്നത്. ഇപ്പോൾ ടെക്നിക്ക് പിടികിട്ടിയോ? ഇനി ഇതൊന്നും കേട്ട് ഞങ്ങളെയാരെയും സ്ത്രീവിരോധികളെന്ന് തെറ്റിദ്ധരിക്കരുതേ. അത്തരത്തിലുള്ള യാതൊരു കലിപ്പും ഞങ്ങൾക്ക് സ്ത്രീകളോടില്ല. മാത്രമല്ല, പെൺകുട്ടികളുമായി നല്ല പവർഫുൾ ഫ്രണ്ട്‍ഷിപ്പ് സൂക്ഷിക്കാനും അറിയാം. പക്ഷേ, ഫ്രണ്ട്ഷിപ്പിനപ്പുറമുള്ള പ്രണയത്തെയും കമ്മിറ്റ്മെന്റുകളെയുമാണ് ഇ പ്പോൾ നാടു കടത്തുന്നത്”.

ഇതിലിപ്പോൾ എന്തു ലോജിക്കാണുള്ളതെന്ന് ചോദിച്ച് നെറ്റിയിൽ ഭൂമധ്യരേഖ വരയ്ക്കാൻ വരട്ടെ ഡൂഡ്. സംഗതിയിൽ അൽപം കാര്യമുണ്ട്. എന്തുകൊണ്ടാണ് ഒരു പെണ്‍തുണ വേണ്ടെന്ന് ഇവർക്ക് തോന്നുന്നത്?

ആക്ടിവിറ്റി ലോഗ്– നോൺസ്റ്റോപ്പ് സവാരി ഗിരി ഗിരി– Jomet Mathew In a Relationship with Travel

കുതിച്ചുപായുന്ന സൂപ്പർബൈക്കിനെ പിടിച്ചുകെട്ടി സ്പീഡ് ഗവർണർ ഫിറ്റ് ചെയ്താൽ എങ്ങനിരിക്കും? ഇതാണ് പ്രണയംപോലുള്ള സീരിയസ് റിലേഷൻഷിപ്സിനു ചില സിംഗിൾ ചേട്ടൻമാർ നൽകുന്ന നിർവചനം. ജോലിസ്ഥലത്തോടു ചേർന്നൊരു ലോഡ്ജിൽ റൂമെടുത്ത് സെൽഫ് കുക്കിങ്ങും സെൽഫ് സർവീസുമൊക്കെയായി ഒതുങ്ങിക്കൂടുന്ന പഴഞ്ചൻ യുവത്വത്തിന്റെ ടൈമൊക്കെ തൊണ്ണൂറുകളിൽത്തന്നെ അവസാനിച്ചു.

ഇന്നുള്ളത് നൂലുപൊട്ടിയ പട്ടംകണക്കെ ജീവിതം ആഘോഷമാക്കാൻ നൂറു വഴികൾ തിരയുന്ന എക്സ്ട്രാ ഒാർഡിനറി യൂത്തൻമാരാണ്. മൂന്നാറും വയനാടും കൂർഗും കശ്മീരുമെല്ലാം അവർക്ക് ഒരേപോലെയാണ്. യാത്രകളോടുള്ള ഹരം മൂത്ത് ഹാലിളകിയ അവസ്ഥ. കാസിയുടെയും ചാർലിയുടെയും വാക്കുകേട്ട് തവാങ്ങിലും മീശപ്പുലിമലയിലുമൊക്കെ മഞ്ഞ് പെയ്യുന്നതു കാണാൻ മനസ്സ് വെമ്പി ബാഗ് പാക്ക് ചെയ്യുന്ന നേരത്ത് ഹാർട്ടിന്റെ ഗിയർ എങ്ങനെ ഡൗൺ ചെയ്യും?

കന്യാകുമാരിയിൽ ആരംഭിച്ച് കശ്മീരിലോ ലഡാക്കിലോ അ വസാനിക്കുന്ന ബുള്ളറ്റ് യാത്രയെന്ന സ്ഥിരം കലാപരിപാടിയല്ല ജോമറ്റ് മാത്യുവിന്റെ ടേസ്റ്റ്. സ്ഥിരം ക്ലിഷേ റൂട്ടുകൾ മാറ്റിനിർത്തി, അധികമാർക്കുമുന്നിലും തോറ്റുകൊടുക്കാത്ത ല ക്ഷ്യങ്ങള്‍ തേടിപ്പിടിച്ച് കീഴടക്കുന്നതിലാണ് മൂപ്പർക്ക് ഹരം. ഹോട്ടൽ മാനേജ്മെന്റും ബിസിനസ് മാനേജ്മെന്റും കഴിഞ്ഞ് ഒടുക്കം ജോലിയും തട്ടിത്തെറിപ്പിച്ച് പോകാനുള്ള കോൺഫിഡൻസ് നൽകിയതും ഈ ഹരമാണ്. എന്നുവച്ച് സ്വന്തം ചെലവിന് അപ്പന്റെ പോക്കറ്റിൽ കയ്യിടുന്ന ചീപ്പ് ട്രിക്സൊന്നും ഇവിടില്ല. ഓൺലൈൻ ജോലി ചെയ്ത് കിട്ടുന്ന അന്തസ്സുള്ള കാശുണ്ട് യാത്രകൾക്ക്.

ഫോറസ്റ്റ് ട്രക്കിങ്ങും മൗണ്ടനിയറിങ്ങും സൈക്ലിങ്ങുമെല്ലാം ഹോബിയാക്കിയ ഈ ന്യൂജെൻ സാഹസികന്‍ ഇപ്പോൾ ഭൂഖണ്ഡത്തിന്റെ അതിർത്തികൾക്കപ്പുറത്തേക്ക് പറക്കാൻ ബാഗ് പായ്ക്ക് ചെയ്യുകയാണ്.

ജോമറ്റിന്റെ അഭിപ്രായത്തിൽ യാത്രകളിൽ ആദ്യമൊഴിവാക്കേണ്ടത് മൊബൈൽ ഫോണെന്ന രസംകൊല്ലിയെയാണ്. മൊബൈൽഫോണും പ്രണയവും തമ്മിൽ പുട്ടും തേങ്ങാപ്പീരയും പോലുള്ള അഗാധബന്ധമുണ്ട്. യാത്രകളെ പ്രണയിക്കുന്ന ദേശാടനപ്പക്ഷികൾക്ക് പ്രണയം യാത്രയോട് മാത്രം. മറ്റാരുടെയും കമ്പനിയില്ലാത്ത സോളോ ട്രാവലിനോടാണ് ഇവരി ൽ പലർക്കും താൽപര്യം .

single_jomet Jomet Mathew: In a Relationship with Travel

Comment Box

ചിലപ്പോഴെങ്കിലും പ്രണയവും വിവാഹവും സഞ്ചാരസ്വാതന്ത്ര്യത്തിന് ഫുൾസ്റ്റോപ്പ് വയ്ക്കുന്ന അൺസഹിക്കബിള്‍ സാഹചര്യങ്ങളുണ്ടാക്കാം. മുന്നിൽ ദൂരമിങ്ങനെ ഏറെ കിടക്കുമ്പോൾ കാലിന് പൂട്ട് പിടിപ്പിച്ച അ വസ്ഥ. മൊബൈൽ നെറ്റ്‌വർക്കിനെയും ബാറ്ററിയെയും മറന്നുള്ള യാത്രകള്‍ ചിലപ്പോൾ അപ്രതീക്ഷിതമായി ആരംഭിക്കേണ്ടി വരാം. അതിനിടെ കാമുകിയെയോ ഭാര്യയെയോ ഒക്കെ പറഞ്ഞ് മനസ്സിലാക്കാലൊന്നും നടക്കില്ല. ഇനി മിണ്ടാതെ പോയാൽ പേമാരി പോലെ വരും പരിഭവങ്ങൾ. എന്തിനാ വെറുതെ റിസ്ക് എടുക്കുന്നേന്നാണ് ഈ സിംഗിൾ ഖിലാഡിമാരുടെ ആറ്റിറ്റ്യൂഡ്. യാത്രകളോടും പുതുമയോടുമുള്ള ഭ്രമവും ഭ്രാന്തും അവസാനിക്കാത്തിടത്തോളം ആ ഭ്രാന്തിനെ ചങ്ങലയ്ക്കിടുന്ന യാതൊരു സീരിയസ് റിലേഷൻഷിപ്പിനും ഇ ടം കൊടുക്കില്ല ഈ ഏകാന്തപഥികർ.

സ്വപ്നങ്ങൾക്ക് ഗേറ്റ് വേണ്ട– Anand Bhairav In a Relationship with Cinema

റിലേഷനും കമ്മിറ്റ്മെന്റിനുമിടയിൽ സ്വന്തം സ്വപ്നങ്ങ ൾ കോംപ്രമൈസ് ചെയ്യാൻ താൽപര്യമില്ലാത്തവരാണ് യുവത്വത്തിൽ ഒരു വിഭാഗം. ആദ്യമേ പ്രണയം സെറ്റാക്കിയതിനുശേഷം കഷ്ടപ്പെട്ട് ബുദ്ധിമുട്ടി അതിനനുസരിച്ച് ഭാവിജീവിതം ഭാസുരമാക്കാന്‍ ഇറങ്ങുമ്പോൾ വിട്ടുവീഴ്ചകൾ ഒരുപാട് വേണ്ടിവരുന്നു. അവിടെ ചിലപ്പോൾ നഷ്ടമാകുന്നത് ആകാശം കീഴടക്കാനുള്ള സ്വപ്നങ്ങളായിരിക്കാം. മനസ്സ് പറയുന്നതുമാത്രം കേൾക്കുമ്പോൾ പ്രേമം ചിലപ്പോൾ ചെക്ക്പോസ്റ്റ് പോലെ ആയേക്കാം.

സിനിമയാണ് ആനന്ദിന്റെ ഏകസ്വപ്നം. ആ സ്വപ്നം യാഥാർഥ്യമാക്കാനാണ് അയാൾ റിലേഷൻഷിപ്സിനു മുന്നിൽ മുട്ടൻഗേറ്റ് പണിതത്. എൻജിനീയറിങ് പഠനത്തിനുശേഷം മോഡലിങ്ങിൽ മാമോദീസ മുങ്ങി അഭിനയമോഹവുമായി ഹൈറേഞ്ചിൽനിന്നും വണ്ടി കയറുകയായിരുന്നു മച്ചാൻ. ശരിക്കുമൊരു ഞാണിൻമേൽ കളി. അതും ആസിഫ് അലി അല്ലാതെ അധികമാരും സ്വന്തം നാട്ടിൽ നിന്നിറങ്ങി പയറ്റിത്തെളിയാത്തൊരു ഫീൽഡാണെന്ന് അറിഞ്ഞ് കൊണ്ട് തന്നെ. എന്നാലിന്ന് ആനന്ദിന്റെ യാത്രയുടെ ക്ലൈമാക്സ് ആനന്ദകരമാക്കിക്കൊണ്ടാണ് ‘ടീംഫൈവ്’ എന്ന സിനിമ റിലീസിനൊരുങ്ങുന്നത്.

Comment Box

ലൗ അഫയർ ഉള്ളവർക്ക് ലക്ഷ്യത്തിലെത്താൻ ബുദ്ധിമുട്ടാണെന്നുള്ള ലോജിക്കൊന്നുമില്ല. എന്നാൽ തങ്ങളുടെ ലക്ഷ്യങ്ങൾക്കും സ്വപ്നങ്ങള്‍ക്കുമിടയിൽ പ്രണയത്തിന്റെ ഓവർലോഡ് തലയിലെടുത്തു വയ്ക്കാനോ ലൈഫ് ഷെയർ ചെയ്യാനോ ചിലർക്ക് താൽപര്യം തീരെയില്ലെന്നു മാത്രം.

‘മണിച്ചിത്രത്താഴ്’ സിനിമയിലെ സൈക്യാട്രിസ്റ്റ് സണ്ണിയെപ്പോലെ എല്ലാവരും സഞ്ചരിക്കുന്ന ട്രാക്കിൽനിന്നു മാറി നടക്കാൻ ആഗ്രഹിക്കുമ്പോള്‍ അതിൽ സ ക്സസ് ഗ്യാരണ്ടി ആയിരിക്കണം. അവിടെ പിന്നിലേക്ക് വലിക്കാൻ ഒന്നുമുണ്ടാകരുത്. പ്രേമം ചിലപ്പോഴെങ്കിലും കണ്ടീഷനലാകാം, പൊടിക്ക് പൈങ്കിളിയും. അങ്ങനെ കണ്ടീഷനലാകുമ്പോൾ ഉറപ്പായിട്ടും റിവേഴ്സ്ഗിയർ ഇടേണ്ടിവരും. അപ്പോൾ ഓവർടേക്ക് ചെയ്യാവുന്നസ്വപ്നങ്ങളുടെ സൈസ് സ്മോളാകും. മറ്റൊരാളുടെ മുന്നിൽ അങ്ങനെ കോംപ്രമൈസ് ചെയ്ത് എൻഗേജ്ഡ് എന്ന സ്റ്റാറ്റസ് കഴുത്തിൽ കെട്ടിയിടാൻ താൽപര്യമില്ലാതെ മുന്നോട്ട് പോകാൻ തീരുമാനിക്കുകയാണിവർ.

single_anand Anand Bhairav: In a Relationship with Cinema

മൾട്ടിടാസ്കിങ്ങിന് നേരമില്ല– Suraj Sugathan In a Relationship with Business

ജേക്കബിന്റെ സ്വർഗരാജ്യത്തിലെ നിവിൻപോളിയുടെ റിയൽലൈഫ് വേർഷൻ, അതാണ് കോഴഞ്ചേരിക്കാരൻ സൂരജ് സുഗതന് കൊടുക്കാവുന്ന ബെസ്റ്റ് ഇൻഡ്രോ.

ദുബായിൽനിന്ന് കേരളത്തിലെത്തി സിവിൽ എൻജിനീയറിങ്ങും പഠിച്ച് പരീക്ഷ മാത്രം അടുത്ത വർഷം എഴുതാമെന്ന തീരുമാനത്തിൽ തിരികെ പറക്കുമ്പോൾ സൂരജിനു മുന്നിൽ ഒറ്റ ലക്ഷ്യമാണുണ്ടായിരുന്നത്– ബിസിനസ്.

അച്ഛന്റെ തകർന്നുനിന്ന ബിസിനസിനെ പൊക്കിയെടുക്കുക. ആ ലക്ഷ്യത്തിന്റെ ഫിനിഷിങ് പോയിന്റാണ് ലിമോൻഡ ബിൽഡിങ് മെയിന്റനൻസ് എന്ന പേരിൽ ദുബായിൽ പ്രവർത്തിക്കുന്ന കമ്പനി.

ബിസിനസിൽ പയറ്റാൻ ഇറങ്ങേണ്ടത് തന്റെ ബാധ്യതയോ ഉത്തരവാദിത്തമോ ആയിട്ടല്ല സൂരജ് കണ്ടത്. അതിനായിട്ട് സ്വന്തം ഇഷ്ടങ്ങളൊന്നും സ്കിപ്പ് ചെയ്തിട്ടുമില്ല. മൂപ്പരുടെ ലൈക്കും ലവ്വും ലക്ഷ്യവുമെല്ലാം ബിസിനസായിരുന്നു.

കോളജിൽ പഠിക്കുമ്പോ സൂരജിന്റെ ബിസിനസ് പ്ലാനുകൾ കേട്ട ചങ്ക്ബഡ്ഡീസ് പറഞ്ഞത് ഭ്രാന്താശുപത്രിയിലേക്ക് വിട്ടോളാനാണ്. പക്ഷേ, മുഴുവൻ അധ്വാനവും ബിസിനസിൽ ഇൻവെസ്റ്റ് ചെയ്യാൻ തോന്നിയ ധൈര്യമാണ് അയാളെ മുന്നോട്ട് നയിച്ചത്.

സിനിമയിൽ നായകന് ഭാഗ്യവും തലേവരയും സാഹചര്യങ്ങളും കൂട്ടിനെത്തിയപ്പോൾ സൂരജിന് തുണ ആത്മവിശ്വാസമായിരുന്നു. ജെറിക്ക് കൂട്ടിനൊരു സപ്പോർട്ടിങ് കാമുകി ഉണ്ടായിരുന്നപ്പോൾ സൂരജിനെന്തോ അങ്ങനൊരാളുടെ ആവശ്യം ഫീൽ ചെയ്തിട്ടില്ല. പ്രേമത്തിനും വിവാഹത്തിനും സീരിയസ് റിലേഷനും പറ്റിയൊരു റൊമാന്റിക് സ്റ്റഫല്ല താനെന്നാണ് സൂരജിന്റെ പക്ഷം. തനിക്ക് സന്തോഷം നൽകുന്ന കാര്യം സന്തോഷത്തോടെ ചെയ്യുന്നു, അതാണ് ഡ്യൂഡിന്റെ ട്രേഡ് സീക്രട്ട്.

single_suraj Suraj Sugathan In a Relationship with Business

Comment Box

ബന്ധങ്ങളിൽ വിജയിക്കാൻ വേണ്ടത് നൂറു ശതമാനം ഇൻവോൾവ്മെന്റാണ്. അതേസമയം ബിസിനസിൽ വിജയിക്കാൻ വേണ്ടത് വ്യക്തമായ ഫോക്കസും. ആ ഫോ ക്കസ് നഷ്ടപ്പെട്ടാൽ ഒന്നും എൻജോയ് ചെയ്ത് ചെയ്യാൻ സാധിക്കില്ല. അതുകൊണ്ടാണ് കരിയറും പ്രേമവും കൂടി ഒന്നിപ്പിച്ചുള്ള മൾട്ടി ടാസ്കിങ്ങിൽ കൈപൊള്ളുന്നത്.

സീരിയസ് മോഡിൽ സിംഗിൾ ടാസ്കിൽ ഫോക്കസ്ഡായി മുന്നോട്ടുപോകുന്ന കുറെയേറെപ്പേരുടെ ആ റ്റിറ്റ്യൂഡാണിത്. ഈ കുരുന്നുപ്രായത്തിനിടയ്ക്ക് കിട്ടിയ ഇമ്മിണി ബല്യ എക്സ്പീരിയൻസിന്റെ വെളിച്ചത്തിൽ സൂരജ് സുഗതൻ പറയുന്നു, ‘മൾട്ടിടാസ്കിങ് അല്പം റിസ്കാണ് ’.

സൗഹൃദങ്ങളിൽ സഡൻബ്രേക്ക് വേണ്ട – Philip Luke In a Relationship with Friendship

ന്റേതൊരു കുഞ്ഞു ലോകമാണ് ബ്രോ. പക്ഷേ അതിൽ ഫ്രണ്ട്സിന്റെ ഒരു പട തന്നെയുണ്ട്. അവൻമാരുടെ പ്രെസൻസിൽ ലൈഫ് കംഫർട്ടബിളാണ്. ടോട്ടൽ ഹാപ്പി സീൻ. അതിന്റെ ഓളമൊന്നും ഒരു പ്രേമത്തിലും കിട്ടൂല്ല. നോട്ട് ഒൺലി ബട്ട് ഓള്‍സോ, പെട്ടെന്നൊരു ദിവസം ലൈഫ് ഒരാളെ മാത്രം ചുറ്റിപ്പറ്റി നിൽക്കുന്നത് ഭയങ്കര ബോറാണ്. ഫ്രണ്ട്ഷിപ്പും പ്രേമോം കൂടെ ഒന്നിച്ചു കൊണ്ടുപോകാൻ ശ്രമിച്ചാൽ രണ്ടിലും ബിഗ്സീറോ ആയിരിക്കും റിസൽറ്റ്”.

പറയുന്നത് ഐ. ഐ. ടി ഒറീസയിലെ എംടെക് വിദ്യാർഥി ഫിലിപ്പ് ലൂക്ക്. ഇപ്പറയുന്ന ഡ്യൂഡും സ്ത്രീവിദ്വേഷിയല്ല. പക്ഷേ, പ്രണയമെന്ന് കേട്ടാൽ അപ്പോ സ്തുതിയും സുല്ലും പറഞ്ഞങ്ങ് മുങ്ങുന്ന, ലിമിറ്റ്‌ലെസ് ആറ്റിറ്റ്യൂഡിനുടമ.

മുപ്പതിലോ മുപ്പത്തിയഞ്ചിലോ നാൽപതിലോ ഈ ബീയിങ് സിംഗിൾ സ്റ്റേജ് മാറുമെന്നുള്ള ഡെഡ്‌ലൈനും അവകാശപ്പെടുന്നില്ല. ലൈഫിൽ ഒരു പെണ്ണിനോട് പ്രണയോം അഫക്‌ഷനും തോന്നുമ്പോൾ നമുക്ക് മറ്റുള്ളവരോടുള്ള ആറ്റിറ്റ്യൂഡിൽ മാറ്റം വരും, അങ്ങനെ വരുമ്പോൾ അവർക്ക് തിരിച്ച് ന മ്മളോടുള്ള ആറ്റിറ്റ്യൂഡും മാറുമെന്ന തിയറിയിൽ വിശ്വസിക്കുന്നു ഫിലിപ്പ്. പ്രണയിക്കുമ്പോൾ തീർച്ചയായും അതിനുവേണ്ടി ടൈമൊക്കെ നീക്കി വയ്ക്കേണ്ടിവരും. സൗഹൃദങ്ങളുൾപ്പെടെ മറ്റു പലതിനും നിയന്ത്രണോം ഉണ്ടാകും. അതിൽ ഒബ്ജക്‌ഷനുള്ളതുകൊണ്ടും മാനേജ് ചെയ്യാമെന്നുറപ്പില്ലാത്തതുകൊണ്ടും സമീപഭാവിയിലൊന്നും പെൺതുണ വേണ്ട.

single_philip Philip Luke: In a Relationship with Friendship

Comment Box

ചില പ്രണയകഥകളിൽ രംഗം വഷളാക്കുന്നത് ഗേൾഫ്രണ്ട്സിന്റെ സാന്നിധ്യവുമാവാം. പ്രണയാത്മാക്കളിൽ, പ്രത്യേകിച്ച് പെൺപിള്ളേരിൽ കണ്ടുവരുന്ന രോഗമാണ് പൊസ്സസീവ്നെസ്. അത്തരത്തിലുള്ള സാഹചര്യങ്ങളിൽ ഫ്രണ്ട്സിന്റെ, പ്രത്യേകിച്ച് ഗേൾഫ്രണ്ട്സിന്റെ കാര്യത്തിൽ പരിധികളും അതിർവരമ്പുകളും വരാം. അതാരുടെയും കുറ്റമാണെന്ന് പറയാനാകില്ല. എത്രയൊക്കെ ബ്രോഡ്മൈൻഡഡ് ആണെന്ന് അവകാശപ്പെട്ടാലും ഉള്ളിന്റെയുള്ളിൽ ഒരല്പം പൊസ്സസീവാണ് ഏതൊരു കാമുകനും കാമുകിയുമെന്ന് സമ്മതിച്ചേ മതിയാവൂ. കാലങ്ങളായുള്ള കട്ട ഫ്രണ്ട്ഷിപ്പുകൾ ചിലപ്പോൾ ഇക്കാരണത്താൽ തകരുന്നതും അൺസഹിക്കബിളാണ്. ഇത്രയുമൊക്കെ ത്യാഗം സഹിച്ച്, ബുദ്ധിമുട്ടി, ശ്വാസംമുട്ടി റിലേഷൻ മുന്നോട്ടു കൊണ്ടുപോകുന്നത്ര റിസ്കല്ലല്ലോ ബഡ്ഡീ, ബീയിങ് സിംഗിൾ ആകുമ്പോഴെന്നാണ് സിംഗിൾ യൂത്തരുടെ പക്ഷം.

എന്റെ ശരീരം, എന്റെ സ്വാതന്ത്ര്യം

പ്രിന്റഡ് ഷർട്ടും ബലൂൺഫിറ്റ് ജീൻസുമെല്ലാം കൊച്ചുപിള്ളേർക്ക് ഊരിക്കൊടുത്തിട്ട് യൂത്തൻമാരെല്ലാം കാർഗോസ്– ഡെനിം വസന്തത്തിലേക്ക് ചേക്കേറുന്ന കാലമാണിത്. മച്ചാൻമാർക്ക് പ്രിയം റഫ് ആൻഡ് ടഫ് ലുക്ക്. സിംപിളായി പറഞ്ഞാൽ ഒരൽപം ഹെവി ലുക്ക്. ‘എന്തൊരാറ്റിറ്റ്യൂഡാണ് മച്ചാനേ’ എന്നൊരു കമന്റിനായി എത്ര കഷ്ടപ്പെടാനും തയാറാണ് ടീംസ്. അങ്ങനെയാകുമ്പോൾ മുടി വെട്ടിക്കാനും താടി വടിപ്പിക്കാനുമായി

നിബന്ധനകളുമായി ഒരാൾ പിന്നാലെ നടന്നാൽ സഹിക്കുമോ?

ബീയിങ് സിംഗിൾ എന്നതിലൊരു ഡോണ്ട് കെയർ ആറ്റിറ്റ്യൂഡ് കൂടി ഉണ്ടെന്ന് പറയാം. യാതൊരു തരത്തിലുള്ള നിയന്ത്രണങ്ങളുമില്ലാതെ ജീവിതത്തെ അതിന്റെ കംപ്ലീറ്റ് എസ്സൻസിൽ അനുഭവിക്കുകയെന്നൊരു തത്വം. സഞ്ചാരം, സൗഹൃദം, സ്വാതന്ത്ര്യം, സംഗീതം, ഫാഷൻ, കരിയർ, പഠനം, രാഷ്ട്രീയം, സിനിമ, ഏകാന്തത, അങ്ങനെ എന്തിനോടുമാകാം ഇവർക്ക് ലഹരി. അതിനിടയിൽ തടഞ്ഞുനിർത്താൻ ചെക്പോസ്റ്റുകൾ ഒന്നുമുണ്ടാവരുതെന്നതാണ് ഏക ക ണ്ടീഷൻ. ”വാർധക്യത്തിന് മുൻപ് യൗവനത്തെ ഉപയോഗപ്പെടുത്തുക, രോഗത്തിന് മുൻപ് ആരോഗ്യത്തെ ഉപയോഗപ്പെടുത്തുക, മരണത്തിന് മുൻപ് ജീവിതത്തെ ഉപയോഗപ്പെടുത്തുക”– അത്രേയുള്ളൂ സംഭവം.

പ്രണയിക്കാൻ ധൈര്യമില്ലാഞ്ഞിട്ടോ സ്ത്രീകളോടു വെറുപ്പുണ്ടായിട്ടോ ഉള്ള ഒളിച്ചോട്ടമല്ല ഈ ലൈഫ് സ്റ്റൈൽ. പ്രണയിക്കുമ്പോൾ ചെന്നെത്തുന്ന ആ ചെറിയ സ്പെയ്സിന് തൽക്കാലത്തേക്ക് ഷട്ടറിട്ടുകൊണ്ട് ലോകത്തിനൊപ്പം, സ്വന്തം ഇഷ്ടങ്ങൾക്കൊപ്പം സഞ്ചരിക്കാനുള്ള വെമ്പലാണത്.

ചാർലിക്ക് കൂട്ടിന് ടെസയെ കിട്ടിയതുപോലെ എല്ലാവർക്കും ഒരേ വേവ് ലെങ്തിലുള്ള കൂട്ടുകാരിയെ കിട്ടണമെന്നില്ല. അതുകൊണ്ട് റിസ്കെടുത്ത് രണ്ടു പേരുടെയും ജീവിതം ബ്രേക്ക്ഡൗൺ ആവുന്നതിലും നല്ലത് ഒറ്റയ്ക്ക് ടോപ്ഗിയറിൽ പായുന്നതല്ലേ? എന്നാണ് മച്ചാൻമാരുടെ ചോദ്യം.