Thursday 08 February 2018 12:40 PM IST : By സ്വന്തം ലേഖകൻ

ക്രിക്കറ്റ് ദൈവവും പാട്ടിന്റെ ദൈവവും ചേർന്നപ്പോൾ; സച്ചിന്റെ എആർ റഹ്മാൻ പാട്ട് സൂപ്പർഹിറ്റ്

sachin_anthem

എ.ആർ.റഹ്മാൻ ഈണമിട്ട പാട്ടു കേൾക്കാൻ അല്ലെങ്കിലേ വലിയ ആവേശത്തോടെയാണു നമ്മൾ കാത്തിരിക്കാറ്. യുവാക്കളെ സംബന്ധിച്ചിടത്തോളം പാട്ടിന്റെ ദൈവങ്ങളിലൊരാളാണ് എആർആർ. ഇന്ത്യയെ സംഗീതം കൊണ്ടു കീഴടക്കിയ ഈ വ്യക്തി ക്രിക്കറ്റ് മൈതാനങ്ങളിലൂടെ ഇന്ത്യയെ ഹരം കൊള്ളിച്ച ക്രിക്കറ്റ് ദൈവം സച്ചിൻ ടെൻഡുൽക്കറെ കുറിച്ചുള്ള ചിത്രത്തിനു സംഗീതമൊരുക്കുമ്പോൾ അതിനായുള്ള കാത്തിരിപ്പുകൾക്ക് ഇരട്ടിമധുരമായിരിക്കുമല്ലോ. അതുകൊണ്ടു തന്നെ പാട്ടുകൾ പുറത്തിറങ്ങി മണിക്കൂറുകൾ പിന്നീടുമ്പോഴേ യുട്യൂബിൽ തരംഗമായി. ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ സച്ചിന്‍, സച്ചിന്‍ ഒറ്റ രാത്രി കൊണ്ട് 10 ലക്ഷത്തിലധികം പ്രാവശ്യമാണു ആളുകൾ കണ്ടത്.

ദശാബ്ദങ്ങളോളും സ്റ്റേഡിയങ്ങളിൽ താളത്തിൽ മുഴങ്ങിക്കേട്ട ‘സച്ചിൻ സച്ചിൻ’ എന്ന ഉറക്കെയുള്ള വിളിയെ അതേപടി അവതരിപ്പിച്ചാണു പാട്ടു തുടങ്ങുന്നത്. പാട്ടിലുടനീളം ആ ആരവവുമുണ്ട്. സച്ചിന്റെ ക്രിക്കറ്റ് ജീവിതവും അത് ഇന്ത്യയിലെ കോടാനുകോടി മനുഷ്യരുടെ മനസിൽ തീർത്ത ആവേശവും സ്നേഹവുമാണ് പാട്ടിന്റെ ദൃശ്യങ്ങളിൽ. ഇതു രണ്ടും കൊണ്ടു തന്നെയാണു പാട്ട് ഇത്ര വേഗത്തിൽ എല്ലാവർക്കും പ്രിയപ്പെട്ടതായതിനു കാരണവും.

ഇംഗ്ലിഷും ഹിന്ദിയും ചേർത്തുവച്ച് ഇർഷാദ് കാമിലാണ് ഈ പാട്ടിനു വരികളെഴുതിയത്. സുഖ്‍വിന്ദർ സിങും കാലിയും ചേർന്നാണു പാടിയത്. സച്ചിന്‍, എ ബില്യൺ ഡ്രീംസ് എന്നാണു ചിത്രത്തിന്റെ പേര്. ജെയിംസ് എസ്കിനെയാണു സംവിധാനം. രവി ഭഗ്ചന്ദ്കയും കാർണിവൽ മോഷൻ പിക്ചേഴ്സും ചേർന്നാണു സംവിധാനം ചെയ്യുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ക്ക്