Thursday 08 February 2018 02:46 PM IST : By അജയ് ബെൻ

യാഥാർഥ്യമായി ’ദംഗൽ’ സ്റ്റോറി!! തോറ്റുമടുത്തപ്പോൾ സൈന തിരിച്ചറിഞ്ഞു, ഗോപീചന്ദ് പഴഞ്ചനല്ലെന്ന്

saina-gopichand

പരിശീലനരീതി പഴഞ്ചനായെന്നു പരിഹസിച്ചാണു മൂന്നുവർഷം മുൻപു സൈന നെഹ്‌വാൾ ഗോപിചന്ദിന്റെ അക്കാദമി വിട്ടത്. ഒരേസമയം ഒൻപതുപേരെ പരിശീലിപ്പിക്കുന്ന പരിശീലകനെ തനിക്കുവേണ്ടെന്നു തുറന്നടിച്ച സൈനയോടു പുല്ലേല ഗോപിചന്ദും പിന്നീടങ്ങോട്ടു നല്ല ബന്ധത്തിലായിരുന്നില്ല. ലോകവേദികളിൽ നേരിൽക്കണ്ടാലും ഇരുവരും മിണ്ടാതായി. പരിഭവങ്ങൾ മറന്നും പറഞ്ഞതെല്ലാം വിഴുങ്ങിയും ഇരുവരും വീണ്ടും ഒന്നിക്കുന്നതാണു കായികലോകത്തെ ചൂടേറിയ വാർത്ത. വിമൽകുമാറിനെ വിട്ട് വീണ്ടും പഴയ പരിശീലകനിലേക്ക് എത്താൻ സൈനയെ പ്രേരിപ്പിച്ചത് എന്തൊക്കെയാകും?

സിന്ധുവെന്ന എതിരാളി

പരസ്പരം മൽസരിച്ചുള്ള പരിശീലനമാണു ഗോപിചന്ദ് അക്കാദമിയുടെ രീതി. കഴിഞ്ഞ മൂന്നുവർഷം സൈനയ്ക്കു നഷ്ടപ്പെട്ടതും തനിക്കൊത്ത എതിരാളികളോടു മൽസരിച്ചു വളരാനുള്ള ഈ അവസരമാണ്. സിന്ധുവുമൊത്തുള്ള പരിശീലന മൽസരങ്ങൾ മികവുയർത്താൻ സഹായകരമാണെന്ന തിരിച്ചറിവ് സൈനയെ മാറി ചിന്തിപ്പിക്കുന്നു. ഇന്തൊനീഷ്യൻ പരിശീലകരെ ഉൾപ്പെടുത്തി അടുത്തിടെ ഗോപിചന്ദ് അക്കാദമി വിപുലീകരിച്ചിരുന്നു. ഇന്ത്യയിലെ മികച്ച പരിശീലന വേദിയിലേക്കു സൈനയെ തിരിച്ചെത്തിക്കുന്നതിനു ലോക ചാംപ്യൻഷിപ്പിലെ പോരാട്ടങ്ങളും കാരണമായി. ‌മാരത്തൺ മൽസരങ്ങളിൽ‌ സൈന പാടുപെട്ടു വിജയിച്ചപ്പോൾ അനായാസ ജയം നേടിയ സിന്ധുവിന്റെ ശാരീരിക ക്ഷമത ചർച്ചയായി.

pv-sindhu-gopi

സൈന മാത്രമല്ല ഗോപിചന്ദ്

സൈനയെ ചുറ്റിപ്പറന്ന ഗോപിചന്ദ് അക്കാദമിയിലേക്കു യുവതാരങ്ങൾ കൂടുതൽ ലോകനേട്ടങ്ങൾ എത്തിച്ചതോടെ ഗോപിചന്ദിന്റെ പരിശീലന രീതികളെ ലോകം വാഴ്ത്തിത്തുടങ്ങി. ഗോപിയെ വെല്ലുവിളിച്ച് ഇറങ്ങിപ്പോയ സൈനയ്ക്ക് അതോടെ വിമർശകരുമേറി. അക്കാദമിയിൽ സൈനയുടെ പിൻഗാമിയായി വളർന്ന സിന്ധു സൈനയെ തോൽപിക്കുന്നതു പതിവായി. സൈനയുടെ പ്രാക്ടീസ് പ്ലെയറായി തുടങ്ങിയ കിഡംബി ശ്രീകാന്ത് ലോകത്തെ മികച്ച പുരുഷ താരങ്ങളിലൊന്നായി. പരുക്കിനുശേഷം ഫോം കണ്ടെത്താതെ സൈന വല​ഞ്ഞപ്പോഴാണു പരുക്കിനുശേഷമുള്ള തിരിച്ചുവരവിൽ ശ്രീകാന്ത് തുടർച്ചയായ രണ്ടു സൂപ്പർസീരീസ് കിരീടങ്ങളെന്ന അപൂർ‌വനേട്ടം സ്വന്തമാക്കിയത്.

ലോകവേദികളിലെ ഒറ്റപ്പെടൽ


ലോക ചാംപ്യൻഷിപ്പുകളിൽ പങ്കെടുക്കുന്ന ഇന്ത്യൻ‍ സംഘത്തിൽ സൈനയൊഴികെ മറ്റെല്ലാവരും ഗോപിചന്ദ് അക്കാദമിയിൽനിന്നുള്ളവരാണ്. ഒരേ അക്കാദമിയിൽ ഒന്നിച്ചു പരിശീലിച്ചെത്തുന്നവർ തമ്മിലുള്ള മാനസിക ഐക്യം വിദേശ വേദികളിൽ ഗോപിചന്ദിന്റെ താരങ്ങൾക്കു തുണയാകുന്നു. സൈന ഒറ്റപ്പെടുകയും ചെയ്തു. സൈന കിതയ്ക്കുന്നിടത്തെല്ലാം ഗോപിചന്ദിന്റെ ശിഷ്യർ കുതിച്ചുകയറുന്നതു ഹൈദരാബാദുകാരിയുടെ മാനസിക സമ്മർദം ഇരട്ടിയാക്കി.

OLY-BADM-BDWSIN/(BDW001102)

നാട്ടുകാരുടെ എതിർപ്പ്

‘ഗോപിചന്ദ് അക്കാദമി വിട്ടതിന്റെ ഫലം’–ഫോം മങ്ങിയ കാലഘട്ടത്തിൽ ഹൈദരാബാദിലെ വീട്ടിലെത്തുന്ന സൈനയെ കാത്തിരുന്നതു നാട്ടുകാരുടെ ഇത്തരം വിമർശനങ്ങളാണ്. ഹൈദരാബാദുകാരുടെ സ്വകാര്യ അഹങ്കാരമാണു പുല്ലേല ഗോപിചന്ദും അദ്ദേഹത്തിന്റെ അക്കാദമിയും. ബാല്യകാല പരിശീലകനെ തള്ളിപ്പറഞ്ഞു ബെംഗളൂരുവിലേക്കു കളംമാറ്റിയതോടെ സൈന നാട്ടുകാരുടെ കണ്ണിലെ കരടായി. സൈനയെ ചുറ്റിത്തിരിഞ്ഞ താരപരിവേഷമാണു ഹൈദരാബാദുകാർ സിന്ധുവിനു ചാർത്തിനൽകിയത്. ഇതു കളത്തിനു പുറത്ത് ബ്രാൻഡിങ്ങിലും സ്പോൺസർഷിപ്പിലും സൈനയ്ക്കു തിരിച്ചടിയായി.

കൂടുതൽ വായനയ്ക്ക്