Thursday 08 February 2018 12:22 PM IST : By സ്വന്തം ലേഖകൻ

മിന്നും താരം സാക്ഷി മാലിക്കിന്റെ വിശേഷങ്ങൾ

sakshi4.jpg.image.784.410

ലോകത്തിനെതിരേ നീങ്ങിയാൽ ലോകം നമ്മളെ നോക്കി ചിരിച്ചു തുടങ്ങും. നമ്മുടെ നീക്കം എന്തിലേക്കാണ് എന്ന് തിരിച്ചറിയാതെ. അത് തന്നെയായിരുന്നു ആ പെൺകുട്ടിയും നേരിട്ടത്. അവൾ റസ്‌ലിങ്ങിനെ സ്നേഹിച്ചു തടുങ്ങിയപ്പോൾ ചുററുമുള്ളവർ അടക്കം പറഞ്ഞു. ഈ കുട്ടി എന്തിനുള്ള ഭാവമാണ്? അവൾക്ക് മറ്റൊരു കളിയും ഇല്ലേ കളിക്കാൻ? എന്തിനാണ് ഒരു പെൺകുട്ടി ആൺകുട്ടികളുടെ മത്സരത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. ഈ ചോദ്യങ്ങൾക്കെല്ലാം അവൾ മറുപടി പറഞ്ഞത് മെഡലുകൾ കൊണ്ടായിരുന്നു. പല വേദികളിൽ പലവട്ടം...

ഇത് സാക്ഷി മാലിക്. ഫ്രീ സ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യക്കായി ആദ്യ വെങ്കല മെഡൽ നേടിയ പെൺകുട്ടി. റിയോ ഒളിംപിക്സിലെ ഇന്ത്യയുടെ അഭിമാന താരം. അഭിമുഖത്തിനായി രാവിലെ വീട്ടിലെത്തുമ്പോൾ സാക്ഷി പരിശീലനത്തിനായി പോയി വന്നതേയുള്ളു. ‘വേഗം വേണം. ഇതുകൂടെ കഴിഞ്ഞശേഷം എനിക്കൊന്ന് ഉറങ്ങണം’. സാക്ഷി ചിരിയോടെ പറഞ്ഞു.

ഇത് വേണോ കുഞ്ഞേ

ഇതായിരുന്നു സാക്ഷിയുടെ ആഗ്രഹം കേട്ട വീട്ടുകാരുടെ പ്രതികരണം. ‘ഇത് തന്നെ വേണോ കുഞ്ഞേ? ഇഷ്ടമുള്ള മറ്റെന്തെങ്കിലും സ്പോർട്സ് പോരേ നിനക്ക്’. അച്ഛൻ സുഖ്ബീർ മാലിക്കും അമ്മ സുധേഷ് മാലിക്കും സ്നേഹപൂർവ്വം ചോദിച്ചു. ‘പൊടിയിലും മണ്ണിലും കിടന്ന് ഉരുളേണ്ട കളിയാണിത്. ഇടി കൊണ്ട് കാതുകൾ പൊട്ടി രക്തമൊലിക്കും. ഇത് ഞങ്ങൾ എങ്ങനെ സഹിക്കും’ അവർ ചോദിച്ചു. നിന്റെ സഹോദരൻ സച്ചിനായിരുന്നെങ്കിൽ ഇതിനോടകം തന്നെ ഞങ്ങളിത് അനുവദിക്കുമായിരുന്നു. ഇത് പക്ഷേ....

അവളുടെ മറുപടി ഉറച്ചതായിരുന്നു. എന്റെ കാതുകൾ പൊട്ടി രക്തമൊലിക്കുന്ന അവസ്ഥ ഞാനുണ്ടാക്കില്ല. ഏതെങ്കിലും വിധത്തിൽ ഞാനതൊക്കെ തടഞ്ഞോളാം. അതു കൊണ്ട് എന്നെ ദയവായി വിടാമോ അമ്മേ... അവൾ കെഞ്ചി ചോദിച്ചു. അഞ്ചാറു ദിവസത്തെ കഠിന ശ്രമത്തിനു ശേഷം അച്ഛനമ്മമാരുടെ വാത്സല്യം സാക്ഷിക്ക് വഴി തുറന്നു. ശരി, നിന്റെ ഇഷ്ടം പോലെ നടക്കട്ടേ എന്ന് അവർ അനുവാദം നൽകി. ഒപ്പം ഉള്ളിന്റെയുള്ളിൽ അവർ ഓർത്തിരിക്കാം. സാക്ഷിയുടെ മുത്തച്ഛൻ ഗുസ്തിക്കാരനാണ്. ബദ്‌ലു റാം സർപഞ്ച്. ഗോദയിലെ താരമായിരുന്ന അദ്ദേഹത്തിന്റെ പാരമ്പര്യം കിട്ടിയത് ഇവൾക്കാണ്. അത് നിഷേധിച്ചിട്ട് എന്തു കാര്യം. അതു മാത്രമല്ല ഗുസ്തിക്കാരുടെ നാടാണ് സാക്ഷിയുടെ നാടായ ഹരിയാന. സാക്ഷി ഗോദയെ സ്നേഹിച്ചു. അന്നും ഇന്നും സാക്ഷിക്ക് മറിച്ചൊരു ഇഷ്ടമില്ല.  ആദ്യം ഈശ്വർ സിങ് ദഹിയ സാക്ഷിയുടെ ഗുരുവായി. പിന്നീട് മൻദീപ്...

sakshi3.jpg.image.784.410



നാട്ടുകാർക്ക് അപ്പോഴൊക്കെ ചിരിയായിരുന്നു. വിമർശന ങ്ങളും പരിഹാസങ്ങളും പലരും തൊടുത്തുവിട്ടു. പക്ഷേ, സാക്ഷി അതിനൊന്നും ചെവി കൊടുത്തില്ല. ലക്ഷ്യബോധത്തോടെ അവൾ പരിശീലിച്ചു. ഓരോ ദിവസവും വിജയത്തിനായി കാത്തിരുന്നു. ആദ്യ ഡിസ്ട്രിക്റ്റ് മെഡൽ തേടിയെത്തു മ്പോൾ സാക്ഷി കുട്ടിയായിരുന്നു. പക്ഷേ, അതുവരെ പരിഹ സിച്ചവരുടെയും വിമർശിച്ചവരുടെയും വാക്കുകൾ അഭിനന്ദനങ്ങളിലേക്ക് വഴിമാറി. പിന്നീട് സംസ്ഥാന, ദേശീയ റസ്‌ലിങ് മത്സരങ്ങൾ സാക്ഷിയുടെ കൈവെള്ളയിലായി. 2014 ൽ ഗ്ലാസ്ഗോയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ. 2015 ൽ ദോഹയിൽ നടന്ന ഏഷ്യൻ റസ്‌ലിങ് ചാംപ്യൻഷിപ്പിൽ ബ്രോൺസ്. ജൂനിയർ ലെവൽ വേൾഡ് ചാംപ്യൻഷിപ്പിൽ വെങ്കലം നേടുമ്പോൾ സാക്ഷിക്ക് പ്രായം വെറും പതിനെട്ട്. റിയോയിൽ മെഡൽ വാങ്ങുമ്പോൾ സാക്ഷിക്ക് വയസ്സ് ഇരുപത്തിനാല്...

പഠിക്കണോ ഇടിക്കണോ

‘‘രാവിലെ റസ്‌ലിങ് പ്രാക്ടീസ്, അത് കഴിഞ്ഞാൽ സ്കൂൾ, വൈകുന്നേരം ട്യൂഷൻ, വീണ്ടും പ്രാക്ടീസ്, ഏഴ് കിലോമീറ്റർ സൈക്കിൾ ചവിട്ടി വേണം സ്കൂളിലെത്താൻ. ശരിക്കും ഞാൻ ക്ഷീണിച്ചു പോയിരുന്നു. ഉറക്കം മതിയാകാത്ത അവസ്ഥ. പഠനവും ഗുസ്തിയും പ്രധാനമായതു കൊണ്ട് ഒന്നും വിടാൻ വയ്യ. പക്ഷേ, രണ്ടും കൂടി വയ്യ താനും. അങ്ങനെ അത് ഞാൻ പറയാൻ തന്നെ തീരുമാനിച്ചു. ഒന്നുകിൽ ഞാൻ പഠിക്കാം, അല്ലെങ്കിൽ ഗുസ്തി പഠിക്കാം, ഏതാണ് വേണ്ടത്, ഞാൻ അച്ഛനോടും അമ്മയോടും ചോദിച്ചു. മറുപടിക്ക് താമസമൊന്നും ഉണ്ടായില്ല. ‘എന്നാൽ നീ നന്നായി പഠിക്കൂ’  അതോടെ എന്റെ  ക്ഷീണം എങ്ങോട്ടോ പോയി മറഞ്ഞു. ക്ഷീണിക്കാൻ പറ്റില്ല, എനിക്ക് ഗുസ്തി വേണമല്ലോ... ’’ സാക്ഷി സ്കൂൾ ദിനങ്ങളുടെ രസം ഓർത്തെടുത്തു.

‘‘അവളുടെ പോരാട്ടത്തിന്റെ പ്രയാസങ്ങൾ അതേപടി അ റിഞ്ഞ ഒരാൾ ഞാനായിരിക്കും’’ സാക്ഷിയുടെ അമ്മ പറഞ്ഞു. റോത്തക്കിൽ ഡബ്ല്യുസിഡിപിയിലെ സൂപ്പർ വൈസറാണ് സാക്ഷിയുടെ അമ്മ സുധേഷ്. അച്ഛൻ ദൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ കണ്ടക്ടറും.

‘‘അവളോടൊപ്പം ഞാനും എന്നും എഴുന്നേൽക്കും. സ്റ്റേഡിയത്തിലേക്ക് കൊണ്ടു പോകുന്നതും എന്റെ ഉത്തരവാദിത്തമായിരുന്നു. വൈകുന്നേരവും അവളോടൊപ്പം കളിക്കളത്തിലേക്ക് പോകുമായിരുന്നു. ഇതിനിടയിൽ അവൾക്ക് വേണ്ട പ്രത്യേകമായ ഭക്ഷണം, മുളപ്പിച്ച ധാന്യങ്ങളും പഴച്ചാറുകളും ബദാം പരിപ്പും ഒക്കെ തയാറാക്കി വയ്ക്കണം. രാത്രി ഭക്ഷണവും ചിട്ട പ്രകാരം. ഇതൊക്കെ നേരത്തിന് ശരിയാക്കിയെടുക്കുക എളുപ്പമല്ല.  ഞാൻ ജോലിക്ക് പോകുന്ന നേരത്ത് ഇതൊക്കെ സാക്ഷിക്ക് ചെയ്തു കൊടുക്കാൻ ആയയെ ഏൽപിച്ചിട്ടാണ് പോകുക. അവൾക്ക് പുറത്ത് നിന്നുള്ള ഭക്ഷണം പരിശീലകർ അനുവദിച്ചിരുന്നില്ല. ഡയറ്റിലും മറ്റും അവളും വളരെയധികം ശ്രദ്ധ പുലർത്തിയിരുന്നു. എവിടെ പോകുന്നുവെങ്കിലും ആവശ്യമായ ഭക്ഷണവും വെള്ളവും അവൾ കൊണ്ടുപോകും.’’ സുധേഷ് പറയുന്നു.

sakshi2.jpg.image.784.410



സാക്ഷിക്ക് ഒരു ഡയറിയുണ്ട്. പരിശീലനത്തിനായുള്ള ദിവസങ്ങൾ, പരിശീലനത്തിൽ വന്ന കുറവുകൾ ഒക്കെ എഴുതി വയ്ക്കാൻ. ഒരു ദിവസം 90 ശതമാനം പ്രാക്ടീസേ സാധിച്ചുള്ളുവെങ്കിൽ ബാക്കി പത്ത് ശതമാനം നോട്ട് ചെയ്യും. പിറ്റേന്ന് അത് നിർബന്ധമായും പരിഹരിച്ചിരിക്കും. ഗുസ്തിയിൽ മാത്രമല്ല പാചകത്തിലും സാക്ഷി മിടുക്കിയാണെന്നാണ് നാത്തൂൻ മോനിക്കയുടെ അഭിപ്രായം. ‘അവൾ നല്ല അസൽ പുലാവ് ഉണ്ടാക്കും.’ മോനിക്ക പറയുന്നു.

വിദേശ രാജ്യങ്ങളിലുള്ള യാത്രകളെ സാക്ഷി ഇഷ്ടപ്പെടുന്നതിനു കാരണം കായിക ക്ഷമതയിലുള്ള ശ്രദ്ധയാണ്.  ‘‘തെളിഞ്ഞ ആകാശവും അന്തരീക്ഷവും ആണ് എന്നെ ഏറെ സന്തോഷിപ്പിക്കുന്നത്. ഇവിടെ പല ഇടങ്ങളിലും ഓടാൻ പോകുമ്പോൾ പോലും നമുക്ക് ശുദ്ധ വായു ലഭിക്കുക പ്രയാസമാണ്. ശരീരത്തിന് ഉന്മേഷവും ഊർജസ്വലതയും ലഭിക്കണമെങ്കിൽ  ശുദ്ധവായു വേണം.’’

നൽകാനുണ്ട് സ്വപ്നങ്ങൾ

ഞാൻ സ്പോർട്സ് തുടങ്ങിയ കാലത്തു നിന്നു ഏറെ മാറ്റങ്ങൾ ഇന്നുണ്ട്. ഇന്ന് അച്ഛനമ്മമാർ പെൺകുട്ടികളെ മുൻനിരയിലേക്ക് കൊണ്ടു വരാൻ തയാറാണ്. എനിക്ക് ഈ മെഡൽ കിട്ടുന്നതിനു മുൻപേ തന്നെ പെൺകുട്ടികൾക്കായി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. പെൺകുട്ടികൾക്ക് ആവശ്യമായ പോഷണം നൽകാൻ കഴിയാത്ത എത്രയോ മാതാപിതാക്കളുണ്ട്. എനിക്ക് എന്ത് കിട്ടിയാലും അത് സ്പോർട്സ് കിറ്റ്സ് ആയാലും വസ്ത്രങ്ങളായാലും ആവശ്യമായത് എടുത്തിട്ട് ബാക്കി ഞാൻ പ്രയോജനപ്പെടുന്നവർക്ക് നൽകുകയാണ് പതിവ്. പെൺകുട്ടികൾ തുള വീണ വസ്ത്രങ്ങൾ ധരിച്ച് നടക്കുന്നത് എനിക്ക് സഹിക്കാൻ കഴിയാറില്ല. അവർക്ക് വേണ്ടി എന്തു ചെയ്യാം എന്നാണ് ഇപ്പോൾ ആലോചന. കുട്ടികൾക്കായി റസ്‌ലിങ് അക്കാദമിയാണ് മറ്റൊരു സ്വപ്നം. പുതിയ കുട്ടികളെ മികച്ച അന്തരീക്ഷത്തിൽ പരിശീലിപ്പിച്ചെടുക്കുകയാണ് ലക്ഷ്യം. ഗുസ്തിയിൽ അവരെ എന്നെക്കാൾ ഉയരത്തിലെത്തിക്കണം.

നേട്ടങ്ങൾ ഭാഗ്യമാണെന്ന് കരുതുന്നവരുണ്ടാകും. എന്റെ അനുഭവത്തിൽ അത് പരിശ്രമത്തിന്റെ തന്നെ ഫലമാണ്. പരിശ്രമം ഏറെ നേരം ചെയ്യുന്നതിലല്ല കാര്യം. ഗോദയിൽ പരിശീലനത്തിലായിരിക്കുമ്പോൾ പൂർണമായ ശ്രദ്ധ അവിടെ ആയിരിക്കണം. ധ്യാനത്തിലെന്ന പോലെയായിരിക്കണം പരിശീലനം. ഇത്തരത്തിൽ പരിശീലിച്ചാൽ തീർച്ചയായും അതിന്റെ ഫലം ലഭിക്കും.  

sakshi.jpg.image.784.410



ഞാൻ പല സ്ഥാപനങ്ങളുടെയും ബ്രാൻഡ് അംബാസഡർ ആണ്, പല പരിപാടികളിലും റിയാലിറ്റി ഷോകളിലും പങ്കെടുക്കാറുണ്ട്, ആളുകൾ അനുമോദനങ്ങൾ കൊണ്ട് മൂടുമ്പോൾ എനിക്ക് സന്തോഷം തോന്നാറുണ്ട്. പക്ഷേ, അതൊന്നും എന്റെ ഗുസ്തിയെ സ്വാധീനിക്കാറില്ല. ഗുസ്തി എ നിക്ക് തരുന്ന സന്തോഷം അതൊന്ന് വേറെ തന്നെയാണ്. അതിനു വേണ്ടി എന്തു തന്നെയായാലും ഞാൻ പരിശ്രമിക്കും. വിജയരഹസ്യം ചോദിച്ചാൽ ഒന്നേയുള്ളു എനിക്ക് ഉത്തരം. ‘ഗോദ ആണ് എന്റെ ക്ഷേത്രം, ഗുസ്തി ആണ് എന്റെ ആരാധന’.

കരുത്തുള്ള പ്രണയം

ചങ്കുറപ്പു മാത്രമല്ല കരൾ നിറഞ്ഞ പ്രണയവുമുണ്ട് സാക്ഷിക്ക് കരുത്തായി. ഗുസ്തിയോടായിരുന്നു ആദ്യത്തെ പ്രണയം. ആ പ്രണയത്തിന്റെ കൈപിടിച്ച് ഒരു ഗുസ്തിക്കാരന്റെ മനസ്സിലേക്കും ഇടിച്ചു കയറി സാക്ഷി. 2010 യൂത്ത് ഒളിംപിക്സിൽ വെങ്കലം നേടിയ സത്യവർധ് കഡ്യനാണ് സാക്ഷിയുടെ ഭാവിവരൻ.

കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു വിവാഹനിശ്ചയം. സാക്ഷിയെക്കാൾ രണ്ടു വയസ്സിന് ഇളയതാണ് സത്യവർധ് എന്നത് പ്രണയത്തിന് തടസ്സമായില്ല. സത്യവർധിന്റെ പിതാവ് അർജുന അവാർഡ് നേടിയ സത്യവാന്റെ ശിക്ഷണത്തിൽ സാക്ഷി ഗുസ്തി പരിശീലിച്ചിരുന്നു.  വിവാഹം തീരുമാനിക്കപ്പെട്ടതിന്റെ സന്തോഷം മുഖത്തുണ്ടെങ്കിലും 2020 ൽ ടോക്കിയോയിൽ നടക്കുന്ന ഒളിംപിക്സാണ് ലക്ഷ്യമെന്നു സാക്ഷി പറയുന്നു. പിന്തുണയുമായി സത്യവർധ് കൂടെയുള്ളപ്പോൾ സ്വർണവുമായി ടോക്കിയോയിൽ നിന്നു മടങ്ങാമെന്ന പ്രതീക്ഷയിലാണ് സാക്ഷി.