Thursday 08 February 2018 12:33 PM IST : By സ്വന്തം ലേഖകൻ

കേരളത്തിന് കിട്ടിയ എട്ടാമത്തെ ദേശീയ അവാർഡ് ഇതാണ്; നിങ്ങളറിയും ‘സൗ’ എന്ന ഈ മിടുക്കിയെ

sou2

സൗമ്യ സദാനന്ദനെ അറിയുമോ? സൗ എന്നാകും ഈ മിടുക്കിയെ നിങ്ങളറിയുക. സൗ എന്നാണ് സൗമ്യ അറിയപ്പെടുന്നത്. അഭിനേത്രിയായും അവതാരകയുമായി തിളങ്ങുന്ന സൗമ്യയാണ് ദേശീയ ഫിലിം അവാർഡ് ജേതാക്കളിലെ എട്ടാമത്തെ മലയാളി. നോൺ ഫീച്ചർ ഫിലിം കാറ്റഗറിയിൽ ചെമ്പൈ എന്ന ഡോക്യുമെന്ററിയിലൂടെയാണ് സൗമ്യ ദേശീയ അവാർഡ് പട്ടികയിൽ ഇടം നേടിയത്. ചെമ്പൈ ഏകാദശി മ്യൂസിക് ഫെസ്റ്റിവലിലെ കെ.ജെ യേശുദാസിന്റെ കച്ചേരി കേൾക്കാൻ 2014 ൽ പോയ സൗമ്യ അവിചാരിതമായി ചെമ്പൈ ഭാഗവതരുടെ കഥ ഡോക്യുമെന്ററി ആക്കുകയായിരുന്നു.

ആശയം  പങ്കുവച്ച സുഹൃത്തുക്കളും സൗമ്യയും ചേർന്ന് ഇതുവരെ കണ്ടിട്ടില്ലാത്ത ദൃശ്യമികവിലൂടെ ഒരു സംഗീതജ്ഞന്റെ ജീവിതം ഒപ്പിയെടുക്കുകയായിരുന്നു. ഡേവിഡ് ആൻറ് ഗോലിയാത്ത് എന്ന ചിത്രത്തിൽ ജയസൂര്യയുടെ നായികയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച സൗമ്യയ്ക്ക് സംവിധാനമായിരുന്നു പണ്ടേ മോഹം.  ഷീ ടാക്സി, ഓർമയുണ്ടോ ഈ മുഖം തുടങ്ങിയ ചില സിനിമകളിൽ അഭിനയിച്ച സൗമ്യ പ്രമുഖ ചാനലിലെ അവതാരകയുമാണ്. സൈറാ ബാനു സിനിമയുടെ ഭാഗമായിരുന്ന സൗ ആണ് പ്രശസ്ത നടി അമല അക്കിനേനിയെ മലയാളം പഠിപ്പിച്ചത്.

sou3
sou4