Thursday 24 December 2020 04:04 PM IST

‘ലൊക്കേഷനിൽ വച്ച് വെയിലു കൊള്ളാതെ തലയിൽ തുണി ഇട്ടപ്പോൾ കിട്ടിയ പേര് എന്താണെന്നോ?’; ‘പിള്ളാസ് ഫാം ഫ്രഷ്’ വിശേഷങ്ങളുമായി മഞ്ജു പിള്ള

Roopa Thayabji

Sub Editor

manjuffsfghhh556
വര: അരുൺ ഗോപി

‘പിള്ളാസ് ഫാം ഫ്രഷി’ലൂടെ പോത്തു വ്യാപാരത്തിന് ഇറങ്ങിയ മഞ്ജു പിള്ള സംസാരിക്കുന്നു...

അപ്പൂപ്പന്റെ മൃഗസ്നേഹമാണോ കൊച്ചുമോൾക്ക് കിട്ടിയത് ?

അപ്പൂപ്പൻ എസ്.പി. പിള്ള മാത്രമല്ല വീട്ടിലെല്ലാവരും മൃഗസ്നേഹികളാണ്. തറവാട്ടിൽ 10- 12 പട്ടികളും പശുക്കളും ഒക്കെ ഉണ്ടായിരുന്നു. മൃഗസ്നേഹം മൂത്ത് ഒരു ദിവസം ആനയെ വാങ്ങി തറവാട്ടിലേക്ക് വന്ന അപ്പൂപ്പനെ അമ്മൂമ്മ മനംമാറ്റി തിരിച്ചുവിട്ട കഥയൊക്കെ കേട്ടാണ് വളർന്നത്. എന്റെ മോൾക്കും പട്ടികളോട് വലിയ ഇഷ്ടമാണ്.

വൈ ദിസ് ‘പോത്തു വ്യാപാരം’ ?

ബുട്ടീക് ആയിരുന്നു പ്ലാൻ. പക്ഷേ, അതു നടന്നില്ല. കഴിഞ്ഞ നവംബറിലാണ് ആറ്റിങ്ങൽ അവനവൻ ചേരിയിൽ ഏഴര ഏക്കർ സ്ഥലം ലീസിനെടുത്തത്. ‘പിള്ളാസ് ഫാം ഫ്രഷ്’ എന്ന പേരിൽ ഫാമും തുടങ്ങി. എല്ലാം നടത്തിക്കൊള്ളാം എന്ന് ഏറ്റിരുന്ന ആൾ ഒരു ദിവസം പിന്മാറി. അപ്പോൾ ഭർത്താവ് സുജിത് പറഞ്ഞു, ‘ഇനിയൊന്നും നോക്കാനില്ല, നമുക്ക് ഇറങ്ങാം.’ പിന്നെ, നിലത്തു നിന്നിട്ടില്ല.

നിലത്തു നിന്നില്ലെന്ന് വച്ചാൽ ?

പുഴയുടെ തീരത്തുള്ള ഫാമിലെ കാടു വെട്ടിത്തെളിച്ച് പണി തുടങ്ങിയപ്പോഴേക്കും ലോക്ഡൗൺ ആയി. അഞ്ചു പോത്തുകളെയും നാല് ആടുകളെയും 250 കോഴികളെയുമൊക്കെ വാങ്ങിയിരുന്നു. മീൻ കൃഷിക്കുള്ള പണിയും തുടങ്ങി. പിന്നെ, ഞങ്ങ ൾ തന്നെ പോത്തിനെ കുളിപ്പിച്ചു, തൊഴുത്ത് കഴുകി, പുല്ല് ചെത്തി, തീറ്റ നൽകി. ആടിനെ വരെ കറന്നു.

പോത്തിനെ ഡീൽ ചെയ്യാൻ പാടല്ലേ ?

മുറ ബ്രീഡിൽ പെട്ട പോത്തുകളാണ് ഫാമിലുള്ളത്. അവ ഉപദ്രവിക്കില്ലെന്നു മാത്രമല്ല വലിയ സ്നേഹവുമാണ്. എന്തോരം മനുഷ്യരെ ഡീൽ ചെയ്ത നമുക്ക്  ഈ പോത്ത് ഒക്കെ ‘നിസ്സാരം...’

ഫാം ഫ്രഷിൽ എന്തൊക്കെ കിട്ടും ?

‘ക്വയ്‌ലോൺ മുറ ഫാമു’മായി ചേർന്നാണ് പോത്ത് കച്ചവടം. ഹരിയാനയിൽ നിന്ന് പോത്തിനെ കൊണ്ടുവന്നു മറിച്ചു വിൽക്കുന്നതാണ് ഡീൽ. ആദ്യം വന്ന ലോഡ് നാലു ദിവസം കൊണ്ട് വിറ്റു പോയപ്പോഴാണ് ധൈര്യമായത്. നാലു ലോഡ് ഇതുവരെ ഇറക്കി. കൃഷ്ണഗിരിയിൽ നിന്നു പശുക്കളെയും വരുത്തി വിൽക്കുന്നുണ്ട്. ആടു കൃഷിയും മീൻ വളർത്തലും പച്ചക്കറി കൃഷിയുമൊക്കെ സജീവമാകുന്നു.

ഇതിനൊക്കെ ഉള്ള പണമോ ?

പലരും പറയുന്നതു കാശുള്ളവർക്ക് എന്തും ആകാമല്ലോ എന്നാണ്. അതു കേൾക്കുമ്പോൾ ചിരി വരും. മകളെ പഠിപ്പിക്കാൻ വേണ്ടി വച്ച പണമാണ് ഫാമിന് വേണ്ടി മുടക്കിയത്.

പോത്തിനെ പേടിയില്ല. പിന്നെ എന്തിനെയാ പേടി ?

ഉയരമുള്ള കെട്ടിടത്തിനു മുകളിൽ കയറിയാൽ പാദത്തിനടിയിൽ നിന്ന് ഒരു തരിപ്പു മുകളിലേക്ക് കയറി വരും. പേടിച്ചിട്ടു താഴേക്കു ചാടാൻ വരെ തോന്നും.

ചിലരെ ‘പോത്തേ’ എന്നു വിളിക്കുന്നതു കേൾക്കുമ്പോൾ ?

സ്വഭാവം വച്ചിട്ട് ആണ് അങ്ങനെ വിളിക്കുന്നതെങ്കിൽ പോത്തിനു മനുഷ്യന്റെ പേര് ഇടുന്നതാകും നല്ലത്.

പോത്തിനെ കൊണ്ടു പൊറുതിമുട്ടിയത് ?

എവിടെ പോയാലും ആളുകൾ പോത്തു മഞ്ജു, ബെല്ലാരി മഞ്ജു എന്നൊക്കെ വിളിക്കും. അതൊക്കെ പോട്ടെ, ലൊക്കേഷനിൽ വച്ച് വെയിലു കൊള്ളാതെ തലയിൽ തുണി ഇട്ടപ്പോൾ കിട്ടിയ പേര് എന്താണെന്നോ, ‘പോത്തുമ്മ.’

അഭിനയിക്കാൻ തുടങ്ങിയിട്ട് വർഷം 25 കഴിഞ്ഞു എന്ന് ആലോചിക്കാറുണ്ടോ ?

എനിക്കു പ്രായം കൂടിയതായി ഫീൽ ചെയ്യിക്കാൻ ഇഷ്ടമില്ലാത്തതുകൊണ്ട് അങ്ങനെ ആലോചിക്കാറേയില്ല.

അടൂർ സിനിമയിലെ വേഷമെന്ന ഭാഗ്യവും കിട്ടി ?

നൂറു പടങ്ങൾ ചെയ്യുന്നതിനേക്കാൾ വലുതായിട്ടാണ് അടൂർ സാറിന്റെ സിനിമ ചെയ്തത്. ‘നാലു പെണ്ണുങ്ങളി’ലെ ഒരു പെണ്ണായി അഭിനയിക്കുമ്പോൾ പേടിയേക്കാൾ ആകാംക്ഷയായിരുന്നു. പ്രോംപ്റ്റിങ് ഇല്ലാതെ ഡയലോഗ് നേരിട്ട് പറയാൻ പഠിച്ചത് ആ സെറ്റിൽ വച്ചാണ്.

ഭാവിയിലെ കെപിഎസി ലളിത എന്നു വിളിച്ചത് ആരാണ് ?

വർഷങ്ങൾക്ക് മുൻപ് ശ്രീകുമാരൻ തമ്പി സാർ ആണ് അങ്ങനെ വിളിച്ചത്. ‘ഒരിക്കലും സിനിമയിൽ നീ നായികയാകാൻ നിൽക്കരുത്. അങ്ങനെയായാൽ ലൈഫ് പെട്ടെന്ന് തീർന്നു പോകും. കെപിഎസി ലളിതയാകാൻ തീരുമാനിച്ചാൽ മരിക്കും വരെ അഭിനയിക്കാൻ പറ്റും’ എന്നൊരു ഉപദേശവും തന്നു.

മഞ്ജുവും സുജിത്തും വീട്ടിൽ മോഹനവല്ലിയും അർജുനനുമാണോ ?

ജോലിയെടുക്കാൻ ഒട്ടും മടി ഇല്ലാത്ത രണ്ടുപേരാണ് ഞാനും സുജിത്തും. ‘തട്ടീംമുട്ടീ’മിലെ മോഹനവല്ലിയും അർജുനനുമായി ഞങ്ങൾക്ക് ഒരു ബന്ധവുമില്ല.

വീട്ടിൽ ഫെമിനിസ്റ്റാണോ ?

10 ആളുകളുടെ മുൻപിൽ വച്ച് മൈക്കിലൂടെ ആണുങ്ങളെ തെറി പറയുന്നതാണോ ഫെമിനിസം. അങ്ങനെ ആണെങ്കിൽ ഞാൻ ഫെമിനിസ്റ്റല്ല. ‘നോ’ പറയേണ്ടിടത്ത് ‘നോ’യും ‘യെസ്’ പറയേണ്ടിടത്ത് ‘യെസ്സും’ പറയുന്നതാണ് ഫെമിനിസം എങ്കിൽ ഞാനും ഫെമിനിസ്റ്റാണ്.

ഭർത്താവ് സംവിധാനം ചെയ്ത സിനിമയിൽ അഭിനയിച്ച അനുഭവം ?

സുജിത്തിന് പെട്ടെന്ന് ദേഷ്യം വരും. ആര് കൂടെ നിൽക്കുന്നു എന്നൊന്നും നോക്കാതെ ചീത്ത പറയും. ‘ജെയിംസ് ആൻഡ് ആലീസി’ൽ അഭിനയിക്കാൻ പോകും മുൻപ് വീട്ടിൽ വച്ച് ഞാൻ ഭീഷണിപ്പെടുത്തി, ‘ലൊക്കേഷനിൽ വച്ചെങ്ങാനും ചീത്ത പറഞ്ഞാൽ ഡിവോഴ്‌സ് ചെയ്തു കളയും...’

സംവിധായകനും ക്യാമറാമാനുമായ ഭർത്താവ് മഞ്ജുവിലെ അഭിനേത്രിക്ക് നൽകുന്ന മാർക്ക് എത്രയാണ് ?

വീട്ടുകാര്യങ്ങളിൽ സുജിത് എനിക്ക് 100 ശതമാനം മാർക്ക് തരും, സംശയമില്ല. അഭിനയത്തിൽ എത്ര ഉണ്ടെന്ന് അറിയില്ല. സിനിമയിലും ജീവിതത്തിലും നല്ലതെന്നു തോന്നുന്നതു ചെയ്യാം. പക്ഷേ, ചെയ്തു കഴിഞ്ഞിട്ടു ദുഃഖിക്കരുത് എന്നാണ് സുജിത് പറഞ്ഞിട്ടുള്ളത്. ആ സ്വാതന്ത്ര്യം ഉണ്ട്.

രാഷ്ട്രീയത്തിൽ ഇറങ്ങുമോ ?

സിപിഐയും സിപിഎമ്മും തമ്മിൽ രണ്ട് അക്ഷരങ്ങളുടെ വ്യത്യാസം മാത്രമേ ഉള്ളൂ എന്നാണ് എന്റെ അറിവ്. സംയുക്തയും ലോകായുക്തയും ബന്ധുക്കളാണ് എന്നും ‘അറിയാം.’ എന്നോട് രാഷ്ട്രീയം സംസാരിച്ചാൽ നിങ്ങൾ തോറ്റു പോകുകയുള്ളൂ.

കൃഷിയിലേക്കും ബിസിനസ്സിലേക്കും ഇറങ്ങുന്നവർക്ക് നൽകുന്ന ഉപദേശം ?

ഏതു ബിസിനസ് തുടങ്ങാനും വേണ്ടത് അതിനെ കുറിച്ചുള്ള അറിവാണ്. അതാണ് 50 ശതമാനം. ബാക്കി ഒക്കെ ചങ്കൂറ്റം കൊണ്ട് നടത്തിയെടുക്കാവുന്നതേ ഉള്ളൂ.

വണ്ണം കുറച്ച ശേഷമുള്ള ഫോട്ടോ വൈറലായി ?

64 കിലോ വരെ ആയി എന്നു പറഞ്ഞാൽ വിശ്വസിക്കുമോ. ഫാമിലെ പണി കഴിഞ്ഞു വീട്ടിൽ വന്നപ്പോഴായിരുന്നു അത്. പക്ഷേ, മുഖമൊക്കെ ആകെ കരുവാളിച്ചു. പിന്നീട് ഷൂട്ടിങ് സെറ്റിൽ വച്ച് എടുത്ത ഫോട്ടോ ആണ് വൈറൽ ആയത്.

മകൾ ദിയക്കു അഭിനയമോ സംവിധാനമോ കൂടുതൽ ഇഷ്ടം ?

പ്ലസ് ടു കഴിഞ്ഞു. മുംബൈയിൽ ഫാഷൻ കമ്യൂണിക്കേഷൻ ആൻഡ് സ്റ്റൈലിങ് ഡിഗ്രിക്ക് ചേർന്നിരിക്കുകയാണ് ദിയ. മോൾക്ക് അഭിനയത്തിൽ അത്ര താൽപര്യം ഇല്ല. അച്ഛന്റെ മേഖലയാണ് അവൾക്ക് ഇഷ്ടം.

Tags:
  • Celebrity Interview
  • Movies