Wednesday 25 May 2022 12:33 PM IST : By സ്വന്തം ലേഖകൻ

‘അടിയും, ഇടിയും സഹിച്ച് അവസാനം ഒരു കവിൾ ഫ്യൂരിഡാനിൽ ജീവിതം ഹോമിച്ച അമ്മച്ചി’: മകളുടെ കുറിപ്പ്

ani-anu-facebook-post

ആ കണ്ണുനീരും പൊലിഞ്ഞുവീണ ജീവനും ആദ്യത്തേതെന്നു കരുതിയോ? സ്ത്രീധനത്തിന്റേയും ഭർതൃവീട്ടിലെ പീഡനത്തിന്റേയും പേരിൽ പൊലിഞ്ഞു പോയ ജീവനുകളുടെ എണ്ണമെടുത്താൽ കണക്കുപുസ്തകങ്ങൾ തികയാതെ വരും. വിസ്മയയുടെ മരണവും തുടർന്നുണ്ടായ കോടതി വിധിയും കേരള മനസാക്ഷി ഏറ്റെടുക്കുമ്പോൾ ശ്രദ്ധേയമായൊരു കുറിപ്പ് പങ്കുവയ്ക്കുകയാണ് അനി അനു. വിസ്മയ മരണപ്പെട്ട വാർത്തകളിലൂടെ കണ്ണോടിക്കുമ്പോൾ, നിറഞ്ഞൊഴുകുന്ന തന്റെ കണ്ണുകളിൽ ഓർമ്മകൾ മിന്നിമറയുകയായിരുന്നുവെന്ന് അനി കുറിക്കുന്നു. അടിയും, ഇടിയും ഒക്കെ സഹിച്ചവസാനം ഒരു കവിൾ ഫ്യൂരിഡാനിൽ ജീവിതം ഹോമിച്ച അമ്മച്ചിയെക്കുറിച്ചാണ് അനുവിന്റെ കുറിപ്പ്. ഭാര്യമാർ ആത്മഹത്യ ചെയ്തിട്ടുണ്ടെങ്കിൽ അതിനുത്തരവാദികൾ അവരുടെ അച്ഛനും, അമ്മയും കുടുംബക്കാരും കൂടി അടങ്ങുന്നതാവണം ഇനിയുള്ള നിയമങ്ങളെന്ന് ഓർമിപ്പിച്ചു കൊണ്ടാണ് അനി അനുവിന്റെ കുറിപ്പ്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

വിസ്മയ മരണപ്പെട്ട വാർത്തകളിലൂടെ കണ്ണോടിക്കുമ്പോൾ,നിറഞ്ഞൊഴുകുന്ന എന്റെ കണ്ണുകളിൽ ഓർമ്മകൾ മിന്നിമറിയുന്നു.. രാവിലെ മുതൽ തുടങ്ങിയ കരച്ചിൽ ആണ് ഞാൻ...

അടിയും, ഇടിയും ഒക്കെ സഹിച്ചവസാനം ഒരു കവിൾ ഫ്യൂരിഡാനിൽ ജീവിതം ഹോമിച്ചു 35 ആം വയസ്സിൽ അമ്മച്ചി കടന്നു പോയത്, അത്രയേറെ ആ പാവം മടുത്തിട്ടായിരുന്നു...ഭർതൃവീട്ടിലോ, മാറി താമസിക്കുന്ന വീട്ടിലോ ഭാര്യമാർ ആത്മഹത്യ ചെയ്തിട്ടുണ്ടെങ്കിൽ അതിനുത്തരവാദികൾ അവരുടെ അച്ഛനും, അമ്മയും കുടുംബക്കാരും കൂടി അടങ്ങുന്നതാവണം ഇനിയുള്ള നിയമങ്ങൾ...

പകലന്തിയോളവും കൂലിപ്പണിയെടുത്തു നേരം സന്ധ്യക്ക് വീട്ടിൽ കയറി വരുന്ന അമ്മച്ചി എന്നും കണ്ടിരുന്നത് സ്വന്തം ഭർത്താവ് കള്ളു കുടിച്ചു കിടന്നുറങ്ങുന്ന കാഴ്ച്ചയാണ്. എല്ലാ ദിവസവും പണിക്കു പോയാൽ മാത്രമേ വീട്ടിലെ കാര്യങ്ങൾ നടക്കുമായിരുന്നുള്ളൂ. ജന്മനാ അസുഖമുള്ള എനിക്ക് മരുന്നു വാങ്ങാനും, കുടുംബം നോക്കാനും രാവിലെ തൊട്ട് വൈകിട്ട് വരെ പണിയെടുത്താൽ കൂലി കിട്ടിയിരുന്നത് പത്തു രൂപയും..തണ്ടും തടിയും ആരോഗ്യമുള്ളവരും റോഡ് ടാറിങ്ങിനും, മരം വെട്ടി ചുമക്കുന്നതിനും ഒക്കെ പോയി പൈസ കൂടുതൽ കിട്ടുന്ന കാര്യം പണിസ്ഥലത്തു പറയുമ്പോൾ, അതിനു പോകാൻ എനിക്ക് പാങ്ങില്ലല്ലോ എന്ന് വീട്ടിൽ തിരിച്ചു വരുമ്പോൾ പതം പറയുമായിരുന്നു. പകരം അടുത്ത വീടുകളിലെ അടുക്കള പണികളും, നെല്ലു കുത്തി കൊടുക്കലും ഒക്കെ ചെയ്തു പത്തു പൈസ കൂടുതൽ കിട്ടുമ്പോൾ, ആ പാവത്തിന് കൊതിയായിരുന്നു ഒരു ഇരുപതു രൂപയും കൊണ്ട് കൂത്താട്ടുകുളം ചന്തയ്ക്കു ഒന്ന് പോകണമെന്ന്..

എംസി റോഡിൽ ടാറിങ് നടക്കുമ്പോൾ ചുട്ടു പൊള്ളുന്ന ചൂടിൽ റോളറിനു മുകളിൽ നനഞ്ഞ തുണിയിട്ടു ഒപ്പം നടക്കാനും , ആയിടയ്ക്ക് പ്രചാരത്തിൽ വന്നു തുടങ്ങിയ വാർക്ക വീടുകളിൽ വാർക്ക പണിയ്ക്കു പോയി താഴെ നിന്നും എറിഞ്ഞിട്ടു കൊടുക്കുന്ന മെറ്റൽ ചട്ടി രണ്ടു കൈ കൊണ്ടും താഴെ വീഴാതെ മേടിക്കാൻ പ്രാക്ടീസ് ചെയ്യാൻ ആ പാവം ഒത്തിരി കഷ്ട്ടപ്പെട്ടിരുന്നു...ഒരിക്കൽ വടക്കൻ പാലക്കുഴയിൽ മറ്റുള്ളവരുടെ ഒപ്പം റബറു വെട്ടിയത് ചുമക്കാൻ പോയപ്പോൾ ലോഡിങ് ചെയ്തു കൊണ്ടിരിക്കുന്ന ലോറിയുടെ മുമ്പിലിട്ട് ചാച്ചൻ അമ്മച്ചിയെ "നീ ആണുങ്ങളുടെ കൂടെ പണിക്കു പോകുമോ" എന്നും ചോദിച്ചു തല്ലിച്ചതച്ചത്. ശ്രീധരൻ ചേട്ടന്റെ ചേച്ചി ഓടിച്ചെന്നു പിടിച്ചു മാറ്റിയിട്ടും, വീട്ടിൽ വന്നതിനു ശേഷവും ആ പാവത്തിനെ തല്ലിച്ചതച്ചതും, നെഞ്ചത്തു കേറിയിരുന്നു കരിങ്കല്ലു കൊണ്ട് ഇടിച്ചതും, ഇനി ഞങ്ങളുടെ അമ്മച്ചിയെ തൊട്ടു പോകരുതെന്നും പറഞ്ഞു ഞങ്ങൾ കുട്ടികൾ ചാച്ചനെ തള്ളിമാറ്റിയപ്പോൾ ഞങ്ങളേയും തല്ലിയതും...

പിറ്റേന്ന് അമ്മച്ചി അമ്മവീട്ടിൽ പോയി അച്ഛനോടും, കുഞ്ഞമ്മാവനോടും നിങ്ങൾ ഒന്ന് വന്നു സംസാരിക്കൂ എന്ന് പറഞ്ഞപ്പോൾ, കുഞ്ഞമ്മാവൻ പറഞ്ഞു ചാച്ചീ ഞാൻ തന്നെ വന്ന് എന്ത് പറയാനാ, ഞാൻ പാപ്പയെ (വല്യമ്മാവൻ) കൂട്ടി വരാം, വെല്യേച്ചിയോടും (ചാച്ചിയമ്മ)വരാൻ പറയാം ...എന്റെ അമ്മച്ചിയുടെ ചെറുപ്പത്തിൽ തന്നെ അവരുടെ അമ്മയും മരിച്ചു പോയതായിരുന്നു...കുഞ്ഞമ്മാവന് ഒന്നര വയസ്സുള്ളപ്പോൾ ..അമ്മയില്ലാത്ത ആ മൂന്നു കൂടപ്പിറപ്പുകൾ വന്നു ചാച്ചനെ കുറെ ഗുണദോഷിച്ചിട്ടു പോകുമ്പോൾ, അമ്മച്ചിയുടെ അച്ഛൻ പറഞ്ഞു അവനെ ഞാനൊന്നും ചെയ്യാത്തത് ഇനി അതും പറഞ്ഞു നിന്നോട് വഴക്കു കൂടണ്ടല്ലോ എന്നോർത്താ..നീയെന്തായാലും ഇച്ചിരെ ക്ഷമിച്ചു കണ്ടില്ല കേട്ടില്ല എന്ന് കഴിയൂ ..അല്ലാതിപ്പോ എന്തു ചെയ്യാനാ..ഒന്നൂല്ലേലും മൂന്നു പിള്ളേരില്ലേ...

അവർ വന്നിട്ട് പോയി കഴിഞ്ഞു വെല്യ കുഴപ്പം ഒന്നുമില്ലാതെ കുറച്ചു നാൾ കഴിഞ്ഞു...താലിമാല വരെ വിറ്റു തുലച്ചപ്പോൾ , സ്വർണ്ണത്തിന്റെ താലിമാലയിടാൻ കൊതിയായി അമ്മച്ചി സ്വരുക്കൂട്ടി വെച്ച പൈസയും അമ്മച്ചിയുടെ അച്ഛൻ കൊടുത്ത പൈസയും കൊണ്ട് ഒരു പവന്റെ താലിമാല അമ്മച്ചി പിന്നീട് വാങ്ങിയിരുന്നു...അത് കടുകു പാത്രത്തിലും, അരി പാത്രത്തിലും ഒക്കെ വെച്ചിട്ടായിരുന്നു പണിക്കു പോയിരുന്നത്...ഒരിക്കൽ അമ്മച്ചി പണിക്കു പോയി തിരിച്ചു വരുമ്പോൾ വെച്ചിട്ടു പോയ പാത്രത്തിൽ മാലയില്ലായിരുന്നു..നിങ്ങൾ എങ്ങാനും എടുത്തോ എന്ന് ഞങ്ങൾ കുട്ടികളോട് ചോദിച്ചപ്പോൾ ഞങ്ങൾ കണ്ടിട്ടേയില്ലെന്നു മറുപടി പറഞ്ഞതും ..അതിയാൻ അതും കൊണ്ടു പോയി വിറ്റ് തുലച്ചു കാണുമല്ലോ എന്നും പറഞ്ഞു നെഞ്ചത്തടിച്ചു കരഞ്ഞു കൊണ്ട് ഒരൊറ്റ വീഴ്ചയായിരുന്നു...പെട്ടെന്ന് തന്നെ എഴുന്നേറ്റ് സെറ്റ് മുണ്ട് ഉടുത്തപ്പോൾ അനിയൻ കൊച്ചു ചെന്ന് ചോദിച്ചു അമ്മച്ചി എവിടെ പോകുവാ..ഞാനിന്ന് ഇവിടെ നിന്നാൽ വഴക്ക് ഉണ്ടാകും...നിങ്ങൾ കിടന്നോ ഞാൻ മണ്ണത്തൂർക്ക് (അമ്മ വീട് ) ഒന്ന് പോകുവാ..രാവിലെ വന്നേക്കാം

എന്നും പറഞ്ഞു അയല്പക്കത്തെ പാറു ചേച്ചിയുടെ വീട്ടിൽ പോയി കിടന്നിട്ട് പിറ്റേന്നു രാവിലെ വീട്ടിൽ തിരിച്ചു വന്ന അമ്മച്ചി പണിക്കു പോകാതെ എന്നേയും കൊച്ചിനേം ഒരുക്കിയിട്ട് പറഞ്ഞു "കൊച്ചിനെ ഉപ്പുകണ്ടം വരെ കൊണ്ടു പോയി വിട്ടിട്ടേ നീ നിന്റെ സ്കൂളിൽ പോകാവൂ ...മഴ നനഞ്ഞു പനി പിടിക്കാതെ പോയിട്ട് വാ...അന്ന് 1989 ജൂൺ രണ്ടാം തീയതി ആയിരുന്നു..സ്കൂൾ തുറന്ന ദിവസം...ഉപ്പുകണ്ടം സ്കൂളിൽ അഞ്ചാം ക്ലാസ്സിലേക്ക് കൊച്ചും, പാലക്കുഴ സ്കൂളിൽ ഒൻപതാം ക്ലാസ്സിലേക്ക് ഞാനും..പ്രീ ഡിഗ്രി ഫസ്റ്റ് ക്ലാസ്സോടെ പാസായ ചേച്ചിയും...ഞങ്ങളെ സ്കൂളിൽ വിട്ടിട്ട് ചേച്ചിയെ ഫോട്ടോയെടുക്കാൻ വിട്ടു TTC യ്ക്ക് അപ്ലൈ ചെയ്യാൻ...അതിനും ശേഷം അമ്മച്ചിയും കൂത്താട്ടുകുളം വരെ പോയി വന്നു...അപ്പോൾ ഞങ്ങൾ ആരും വീട്ടിൽ ഇല്ല...ചാച്ചൻ അപ്പുറത്തെ മുറിയിൽ കിടന്നുറങ്ങുന്നുണ്ടായിരുന്നു ...കൂത്താട്ടുകുളത്തിനു പോയിട്ടു വന്ന അമ്മച്ചി കൈയ്യിൽ വിഷക്കുപ്പി കരുതിയിരുന്നു...അതും കുടിച്ചു ഇപ്പുറത്തെ മുറിയിൽ കിടന്നു ഞരങ്ങുകയും മൂളുകയും ചെയ്യുന്ന അമ്മച്ചിയെ ചാച്ചൻ തിരിഞ്ഞു പോലും നോക്കിയില്ല ...പുറത്തു പോയിട്ടു വന്ന ചേച്ചിയാണ് അമ്മച്ചി അവശയായി കിടക്കുന്നതു കാണുന്നതും ആൾക്കാരെ വിളിച്ചു കൂട്ടിയതും...

സ്കൂൾ വിട്ടു ഞങ്ങൾ വരുമ്പോൾ റബർ തോട്ടത്തിലെ ആൾക്കൂട്ടം കണ്ടു ആരാ പോലും, എന്നാ പറ്റിയോ എന്നും പറഞ്ഞു ഓടിച്ചെല്ലുമ്പോൾ വിറങ്ങലിച്ചു കിടക്കുന്ന അമ്മച്ചിയും, അമ്മച്ചിയുടെ തല മടിയിൽ വെച്ച് കെട്ടിപ്പിടിച്ചു കരയുന്ന ചേച്ചിയേയും ആണ് കാണുന്നത് ...കൂത്താട്ടുകുളം ഗവണ്മെന്റ് ഹോസ്പിറ്റലിൽ അന്നൊന്നും ഇത്തരം കേസുകൾ എടുക്കില്ലാത്തതു കൊണ്ട് കോട്ടയം മെഡിക്കൽ കോളേജിലേക്കു ചെല്ലുമ്പോഴേയ്ക്കും ചേച്ചിയുടെ മടിയിൽ കിടന്നു അമ്മച്ചി മരിച്ചിരുന്നു...ഇതൊന്നും അറിയിക്കാതെ അമ്മച്ചി വീണതാ, ആശുപത്രിയിൽ പോയിട്ട് നാളെ ഇങ്ങു വരുമെന്നും പറഞ്ഞു എന്നേം, കൊച്ചിനേം കുഞ്ഞമ്മാവൻ അമ്മ വീട്ടിലേയ്ക്കു കൊണ്ട് പോയി....പിറ്റേന്നു വൈകുന്നേരം ചാച്ചി ആശുപത്രിയിൽ നിന്നും വന്നു നമുക്ക് പോയി കാണാം എന്നും പറഞ്ഞു കൂട്ടി കൊണ്ട് പോയി കാണിച്ചു തന്നത് ഈ മരിച്ചു കിടക്കുന്ന അമ്മച്ചിയെയായിരുന്നു...

എല്ലാവരും പറഞ്ഞു ഭവാനി മരിക്കില്ല...അവൾ മനസ്സിനു കട്ടിയുള്ളവൾ ആയിരുന്നു അതല്ലേ അവന്റെ തല്ലും ഇടിയും എല്ലാം സഹിച്ചു ഇത്ര നാൾ കഴിഞ്ഞത് ...പണിയെടുത്തു വന്നാലും അതിനെ സമാധാനത്തോടെ കഞ്ഞി കുടിപ്പിച്ചിട്ടില്ല..അവൾക്കു ചിലവിനു കൊടുത്തിട്ടില്ല... ഇത് അവൻ വെല്ലോം ചെയ്തതായിരിക്കും ...ഇതൊക്കെ കേട്ട് പോലീസുകാർ അമ്മച്ചിയുടെ അച്ഛനോടും അമ്മാവന്മാരോടും ചോദിച്ചു നിങ്ങൾക്ക് പരാതി വല്ലോം ഉണ്ടോന്ന് ...ഞങ്ങടെ കൊച്ചു പോയി ..ഇനി പരാതി കൊടുത്തു ഇവനെ ജയിലിലിട്ടാൽ ഈ കുഞ്ഞുങ്ങൾക്ക് ആരാ ഉള്ളത് എന്നും പറഞ്ഞു പടിയിറങ്ങി പോയവർ പിന്നെയൊരിക്കലും അമ്മച്ചിയില്ലാത്ത ഞങ്ങളുടെ വീട്ടിൽ വന്നിട്ടില്ല... അമ്മച്ചി മരിക്കുമ്പോൾ ചേച്ചിയ്ക്ക് 18 വയസ്സും എനിക്ക് 14 വയസ്സും, അനിയന് 10 വയസ്സും ആയിരുന്നു പ്രായം... പണ്ടൊക്കെ ഞങ്ങൾ കുട്ടികൾ പറഞ്ഞാൽ കേട്ടില്ലെങ്കിൽ അമ്മച്ചി വഴക്കു പറയുമ്പോൾ പറയുമായിരുന്നു ഞാനെങ്ങാനും മരിച്ചു പോയാൽ പതിനാറു തികയുന്നേനു മുമ്പേ നിങ്ങളുടെ അപ്പൻ വേറെ കെട്ടും എന്ന് ...ഞങ്ങൾക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചൻ, പക്ഷേ 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു...