Friday 22 November 2019 05:40 PM IST

അച്ഛനമ്മമാർ അവരോട് ചെയ്യുന്ന ചതി എന്തെന്നറിയുമോ? കൊഞ്ചിച്ചു നിങ്ങൾ പന്താടുന്നത് അവരുടെ ജീവിതമാണ്! ഡോ. സി.ജെ. ജോൺ പറയുന്നത്

Binsha Muhammed

sui

ഇന്നുവരെ അരുതെന്ന് ഞാൻ അവനോട് പറഞ്ഞിട്ടില്ല. ഒരു പുൽക്കൊടി കൊണ്ടു പോലും ഞാനവനെ തല്ലിയിട്ടില്ല. ആറ്റുനോറ്റ് നേർച്ചയിരുന്ന് കിട്ടിയ മോനാണ്. അവന്റെ മനസു വിഷമിക്കുന്നത് എന്നെ കൊല്ലുന്നതിന് സമമാണ് ഡോക്ടർ...’

കൗൺസലിംഗ് റൂമിൽ ഒരച്ഛൻ അഭിമാനത്തോടെ പറഞ്ഞ വാക്കുകളാണിത്. പക്ഷേ പരന്നൊഴുകിയ സ്നേഹവായ്പിനൊടുവിൽ മകന്‍ പിടിവിട്ട് മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടപ്പോഴാണ് ആ സ്നേഹം ശാപമായി മാറിയെന്ന തിരിച്ചറിവുണ്ടായത്. ആഗ്രഹിച്ചതു നടന്നില്ലെങ്കിൽ എന്തും ചെയ്യാൻ മുതിരുന്ന ‘ക്രിമിനൽ മകനെ’ തിരിച്ചറിയാതെ പോയതിനു പിന്നിലും ഇതേ സ്നേഹ വായ്പായിരുന്നു എന്ന് തിരിച്ചറിയാൻ സൈക്കോളജിസ്റ്റിനും ഞൊടിയിട മതിയായിരുന്നു.

അവൻ ആഗ്രഹിക്കുന്നതെല്ലാം സാധിച്ചു കൊടുത്തില്ലെങ്കിൽ ഞാനൊരു അച്ഛനാണെന്ന് പറഞ്ഞ് മീശയും വച്ച് നടക്കുന്നതെന്തിനാ...എന്ന് ഗീർവാണം മുഴക്കുന്ന സ്നേഹനിധികളായ അച്ഛന്‍മാരെ നമുക്ക് കാണാം. എ പ്ലസ് വാങ്ങുമ്പോഴൊക്കെ മുന്തിയ മൊബൈൽ ഫോൺ സർപ്രൈസാക്കി നൽകുന്ന അമ്മമാരേയും നമുക്കറിയാം. പക്ഷേ നിരാകരിക്കപ്പെടാത്ത ആവശ്യങ്ങളും, നിറവേറ്റാൻ വെമ്പി നിൽക്കുന്ന മാതാപിതാക്കളും നമ്മുടെ മക്കളെ എവിടെയെത്തിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? മക്കളുടെ സകല ആവശ്യങ്ങള്‍ക്കു മുന്നിൽ ക്രെഡിറ്റ് കാർഡ് കണക്കേ തലയുയർത്തി നിൽക്കുന്ന അച്ഛനമ്മമാർ അവരോട് ചെയ്യുന്ന ചതിയെന്തെന്നറിയുമോ? സംശയിക്കേണ്ട ഇത്തരം കൊഞ്ചിച്ചു വഷളാക്കലുകളിലൂടെ നിങ്ങൾ പന്താടുന്നത് അവരുടെ ജീവിതം വച്ചാണ്.

റോയല്‍ എൻഫീൽഡ് ബുള്ളറ്റുൾപ്പെടെ ആറു ബൈക്കുകൾ, മുന്തിയ കാറൊരെണ്ണം. ഇതൊന്നും പോരാഞ്ഞ് 14 ലക്ഷം വിലമതിക്കുന്ന സൂപ്പർബൈക്ക് കിട്ടിയില്ലെന്ന കാരണത്താൽ മനംനൊന്ത് മരിച്ച അഖിലേഷിന്റെ മരണം കേട്ട് പകച്ചു നിൽക്കുകയാണ് മലയാളികൾ. ആവശ്യങ്ങൾ നിറവേറ്റപ്പെട്ടില്ലെങ്കിൽ ഒരു മുഴം കയറിൽ ഒടുങ്ങാൻ മാത്രം നമ്മുടെ മക്കൾ വളർന്നോ എന്നാണ് അച്ഛനമ്മമാരുടെ ചോദ്യം. അപ്പോഴും അറിഞ്ഞും അറിയാതേയും അവരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന തങ്ങളുടെ വാത്സല്യക്കടലിനെ കുറിച്ച് അവർ ബോധവാൻമാരാകുന്നില്ല. ഒന്നും നടന്നില്ലെങ്കില്‍ ഒരു മുഴം കയറിൽ എല്ലാം ഒടുക്കുന്ന പുതുതലമുറയ്ക്ക് സംഭവിക്കുന്നതെന്താണ്...അവരുടെ മരണത്തിന് ഉത്തരവാദികൾ ആരാണ്. മാനിസകരോഗ വിദഗ്ധൻ ഡോക്ടർ സിജെ ജോൺ ‘വനിത ഓൺലൈനിലൂടെ’ കേരളീയ പൊതുസമൂഹത്തിന് നൽകുന്ന ഉത്തരം ഇതാണ്.

suicide

നിരാകരിക്കലാണ് സ്നേഹം

കാര്യമായ ധനശേഷി ഇല്ലെങ്കിൽ കടം മേടിച്ച് മക്കളെ സ്വപ്നലോകത്ത് ജീവിക്കാൻ വിടുന്ന മാതാപിതാക്കളുണ്ട്. തിരുവവന്തപുരത്ത് ആത്മഹത്യ ചെയ്ത അഖിലേഷിന്റെ മരണത്തിനു പിന്നിലും ഇതൊക്കെയാണോ സംഭവിച്ചത് എന്ന് സംശയിക്കണം. ആഅച്ഛനും അമ്മയും അനുഭവിക്കുന്ന വേദനയുടെ ആഴം അറിഞ്ഞു കൊണ്ടു തന്നെ പറയട്ടേ. 19 വയസിനുള്ളിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ആറ് ബൈക്ക്. കാറൊരെണ്ണം വേറെ. ഇതൊന്നു പോരാഞ്ഞിട്ടാണ് 14 ലക്ഷം രൂപയുടെ ഹാർലി ഡേവിഡ്സൺ ബൈക്ക് വേണമെന്ന് ആ മകൻ വാശി പിടിച്ചത്. ചിന്തിച്ചാൽ മനസിലാകും, ഇവിടെ ആ മാതാപിതാക്കൾ മകനോടുള്ള സ്നേഹവാത്സല്യം സ്ഥാപിക്കാൻ വേണ്ടി അവന്റെ ആഗ്രഹങ്ങളെല്ലാം കണ്ണുംപൂട്ടി സാധിച്ചു കൊടുക്കുകയായിരുന്നു. പച്ചമലയാളത്തിൽ ഇതിനെ വളർത്തുദോഷം എന്നു തന്നെ പറയേണ്ടി വരും. എല്ലാം നിറവേറ്റപ്പെട്ടില്ലെങ്കിൽ സംഭവിക്കുന്ന മോഹഭംഗങ്ങളോട് പൊരുത്തപ്പെടാൻ നമ്മുടെ മക്കൾക്ക് സാധിക്കാൻ ആകാത്തതും അച്ഛനമ്മമാരുടെ ഇത്തരം അമിത സ്നേഹ പ്രകടനങ്ങളാണ്. ആ മോഹഭംഗങ്ങൾ നൈരാശ്യത്തിലേക്കും നൈരാശ്യം കൊലക്കയറുകളിലേക്കും നമ്മുടെ മക്കളെ നയിക്കുന്നു. മാതാപിതാക്കള്‍ ഒന്നു മനസിലാക്കൂ, അമ്പിളി അമ്മാവനെ പോലും പിടിച്ചു കൈവെള്ളയിൽ വച്ചു കൊടുക്കുന്നതാണ് സ്നേഹ പ്രകടനമെന്ന് നിങ്ങൾ കരുതിയോ? മക്കളുടെ ഭാവിയും സ്വഭാവ ശുദ്ധിയും കരുതി അവരുടെ അമിത ആഗ്രഹങ്ങള്‍ നിരാകരിക്കുന്നതും സ്നേഹപ്രകടനം തന്നെയാണ്.

suicide

ആഗ്രഹങ്ങൾ...അവഗണനകൾ

അച്ഛനും അമ്മയും ഇതുവരെയുള്ള എന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു. ഇതു മാത്രം സാധിച്ചു തന്നില്ല. അവർ എന്നെ അവഗണിക്കുകയാണോ? അവർക്ക് എന്നോടുള്ള സ്നേഹം കുറഞ്ഞോ എന്നെല്ലാം മക്കൾ ചിന്തിക്കുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദികൾ മാതാപിതാക്കൾ തന്നെയാണ്. പലപ്പോഴും കാശില്ലാഞ്ഞിട്ടോ, സാഹചര്യങ്ങൾ മോശമായിട്ടോ ഒക്കെ ആകും ചില ആഗ്രങ്ങൾ അച്ഛനമ്മമാർ നിരാകരിക്കുന്നത്. പക്ഷേ മക്കൾ വിചാരിക്കുന്നതോ, അച്ഛന് നമ്മളോട് പഴയപോലെ കാര്യമായി സ്നേഹമില്ല എന്നായിരിക്കും. തങ്ങളെ അവഗമിച്ചു എന്ന പാഴ്ചിന്ത നശീകരണ സ്വഭാവത്തിലേക്കായിരിക്കും അവരെ നയിക്കുന്നത്. സ്വയം നശിക്കാനും ഇത്തരം മോഹഭംഗങ്ങൾ ധാരാളം. മറ്റൊരു വശം എന്തെന്നാൽ തിരസ്കരിക്കപ്പെടുമ്പോൾ..കമിതാക്കളുടെ ഭാഷയിൽ പറഞ്ഞാൽ ബ്രേക്കപ്പ് ആകുമ്പോൾ പച്ചയ്ക്ക് കൊളുത്തുന്നതും സമാന സ്വഭാവമുള്ളവരാണ്.

കഷ്ടപ്പാട് അവരും അറിയണം

ചില അച്ഛൻമാർ വലിയ വായിൽ ഗീർവാണം മുഴക്കുന്നത് കേൾക്കാം. ‘കഷ്ടപ്പാട് അറിയാതെയാണ് അവനെ/അവളെ വളർത്തിയതെന്ന്.’ നിങ്ങളുടെ കഷ്ടപ്പാട് അവരെ അറിയിച്ച് തന്നെ വളർത്തണം. ജീവിത സാഹചര്യം എന്തെന്നും അച്ഛന്റേയും അമ്മയുടേയും അവസ്ഥ എന്തെന്നും അവർ മനസിലാക്കണം, കൗമാരത്തിലല്ല, ബാല്യത്തിലേ അവർക്ക് ജീവിത ചുറ്റുപാടുകളെ കുറിച്ച് ബോധ്യമുണ്ടാകണം. നിങ്ങൾ അരുതെന്ന് പറയുന്നത് അവർക്ക് അവസാന വാക്ക് തന്നെയായിരിക്കണം. അഞ്ചു വയസുകാരന്റെ വാശിക്കു വഴങ്ങി നിങ്ങൾ അവന് വില കൂടിയ റിമോട്ട് കൺട്രോൾ കാർ വാങ്ങിക്കൊടുക്കും. അവൻ കൗമാരത്തിലേക്ക് പിച്ചവയ്ക്കുമ്പോൾ നിങ്ങളോട് ചോദിക്കുന്നത് അഖിലേഷ് ചോദിച്ച മാതിരി ഹാർലി ഡേവിഡ്സൺ ബൈക്കാണെങ്കിൽ അതിനുത്തരവാദി ആരെന്ന് മനസാക്ഷിയോട് ചോദിച്ചു നോക്കൂ. അടുത്തമാസം...അല്ലെങ്കിൽ അടുത്ത പരീക്ഷ കഴിയുമ്പോൾ വാങ്ങിത്തരാമെന്ന് പറഞ്ഞ് പൂതികയറ്റി വയ്ക്കുന്നതു പോലും നല്ല രീതിയല്ല. ആശകളും ആഗ്രഹങ്ങളും അടക്കാൻ പഠിപ്പിക്കൽ കുടിയാണ് സ്നേഹം. ആഗ്രഹിച്ച് കിട്ടാതാകുന്നത് മക്കളുടെ സ്നേഹശൂന്യതയുമല്ല.

suicide-doctor54
Tags:
  • Relationship