Saturday 14 May 2022 02:31 PM IST : By സ്വന്തം ലേഖകൻ

‘അവളുടെ കണ്ണീർ ആദ്യമേ കാണണം... അല്ലെങ്കിൽ പല ഖബറുകളും വീണ്ടും തുറക്കേണ്ടി വരും’: കണ്ണുതുറപ്പിക്കും കുറിപ്പ്

ramseen-fb

നിലവിളികൾ പോലും പുറത്തു കേൾക്കാതെ നാലു ചുമരുകൾക്കുള്ളിൽ നിസഹായയായി കൊഴിഞ്ഞു വീഴുന്ന പെൺമനസുകൾ നമുക്ക് വെറും നാലു കോളം വാർത്തയാണ്. അവർ അനുഭവിക്കുന്ന പീഡനങ്ങളെ കുറിച്ച് ഘോരഘോരം പ്രസംഗിക്കും. പക്ഷേ അവരുടെ വേദനകളും വീർപ്പുമുട്ടലുകളും എത്രപേർ തിരിച്ചറിയുന്നു എന്ന ചോദ്യം ബാക്കി. കോഴിക്കോട് ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഷഹാനയെന്ന യുവതി മനസുകളിൽ വേദന പടർത്തുമ്പോൾ ചില കാര്യങ്ങൾ ഓർമിപ്പിക്കുകയാണ് സൈക്കോളജിസ്റ്റ് കൂടിയായ റംസീൻ. സ്വന്തം മക്കളെ പൈസയും പണവും കൊടുത്തു ഭാരം ഒഴിവാക്കി വിടുന്ന വീട്ടുകാരോടാണ് റംസീന്റെ ഓർമപ്പെടുത്തൽ.

നിനക്ക് അവിടെ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഇങ്ങു പോന്നേക്കണം എന്ന ധൈര്യം കൊടുത്താൽ ഒരു പെണ്ണും ആത്മഹത്യ ചെയ്യില്ല. മറിച്ചു ബന്ധുക്കളെയും, കാർന്നോന്മാരെയും വിളിച്ചു സഭ കൂട്ടി വീണ്ടുമവളെ ഓരോ മുട്ട് ന്യായങ്ങൾ പറഞ്ഞു നരകത്തിലേക്ക് തള്ളി വിടുമ്പോൾ പിന്നീട് ഉണ്ടാവുന്ന ഓരോ കാര്യങ്ങൾക്കും ഉത്തരവാദി മാതാപിതാക്കൾ മാത്രം ആകുമെന്നും റംസീന്‍ കുറിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

എന്തിനാ കുരുതി കൊടുക്കാനായിട്ട് സ്വന്തം മക്കളെ പൈസയും പണവും കൊടുത്തു ഭാരം ഒഴിവാക്കി വിടുന്നത്.. ഏതൊരു പെൺകുട്ടിക്കും ചോദിക്കാൻ തന്റെ വീട്ടുകാർ വിളിപ്പാടകലെയുണ്ടെങ്കിൽ ഒരു ഭർത്താവും, ഭർതൃ വീട്ടുകാരും അവളെ ഒന്നും ചെയ്യില്ല.. നിനക്ക് അവിടെ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഇങ്ങു പോന്നേക്കണം എന്ന ധൈര്യം കൊടുത്താൽ ഒരു പെണ്ണും ആത്മഹത്യയും ചെയ്യില്ല.. മറിച്ചു ബന്ധുക്കളെയും, കാർന്നോന്മാരെയും വിളിച്ചു സഭ കൂട്ടി വീണ്ടുമവളെ ഓരോ മുട്ട് ന്യായങ്ങൾ പറഞ്ഞു നരകത്തിലേക്ക് തള്ളി വിടുമ്പോൾ പിന്നീട് ഉണ്ടാവുന്ന ഓരോ കാര്യങ്ങൾക്കും ഉത്തരവാദി മാതാപിതാക്കൾ മാത്രം ആവും.. നഷ്ടവും നിങ്ങൾക്ക് മാത്രം ആയിരിക്കും..

ഏത് സമൂഹത്തിനെ /ബന്ധുക്കളെ കൂട്ടിയിരുത്തി എന്തൊക്കെയോ നാണക്കേടിന്റെ പേരിൽ നിങ്ങൾ എടുത്ത തീരുമാനം തീരാ വേദനയായി നിങ്ങൾക്ക് മുകളിൽ കിടന്നാടുമ്പോൾ ഇതേ സമൂഹവും ബന്ധുക്കളും നിങ്ങളെ കുറ്റപ്പെടുത്താൻ മുൻപന്തിയിൽ ഉണ്ടാവും എന്നതും വാസ്തവമാണ്.. നിങ്ങളുടെ മക്കൾ നിങ്ങളുടെ മാത്രം ഉത്തരവാദിത്തമാണ്.. അവൾക്ക് പേരിട്ടപ്പോൾ, അവളെ സ്കൂളിൽ ചേർത്തപ്പോൾ, അവൾക്കു ഇഷ്ട്ടപ്പെട്ട വസ്ത്രവും, ഭക്ഷണവും, മറ്റെല്ലാതും വാങ്ങിക്കുമ്പോളും ഇതേ ബന്ധുക്കളും സമൂഹവും കൂടിയിരുന്നു ആലോചിച്ചാണോ ചെയ്തിരുന്നത്?? പിന്നെന്തിനാണ് അവൾക്കൊരു ബുദ്ധിമുട്ട് വരുമ്പോ മാത്രം ഇവരെയൊക്കെ ചേർത്ത് തീരുമാനം എടുക്കാൻ കാത്തു നിക്കുന്നത്??

നിങ്ങളുടെ മകൾ വിഷമിക്കുന്നെങ്കിൽ നിങ്ങൾ ആ സ്പോട്ടിൽ പോയി തീരുമാനിക്കണം.. ആ വിഷമത്തിന് പരിഹാരം കണ്ടെത്തണം.. അല്ലെങ്കിൽ പല ഖബറുകളും വീണ്ടും തുറക്കേണ്ടി വരും.. അവൾ കരഞ്ഞു കരഞ്ഞു മരിച്ചു കഴിഞ്ഞല്ലാ അവൾക്ക് വേണ്ടി നിങ്ങൾ കരയേണ്ടത്.. ജീവനോടെ ഉള്ളപ്പോൾ അവളുടെ കണ്ണീരിനു പരിഹാരം കണ്ടു അവൾക്കൊപ്പം നിക്കുന്നവരാവുക.. അവൾക്കു നഷ്ടപ്പെടുന്നത് ചിലപ്പോൾ ഒരു ഭർത്താവ് മാത്രം ആയിരിക്കും.. എന്നാലും അവളെ നിങ്ങൾക്ക് ജീവനോടെ കാണാം.. അതല്ലാ ഭർത്താവിനെ വിട്ട് പോരുന്നത് അവളുടെ ജീവൻ പോവുന്നതിനേക്കാൾ നാണക്കേട് ആയി തോന്നുന്നുവെങ്കിൽ താഴെ കൊടുത്ത ലിസ്റ്റിലെ ഫോട്ടോയിൽ അടുത്തത് നിങ്ങൾക്ക് മകളെയും കാത്തിരിക്കാം... റംസീൻ സൈക്കോളജിസ്റ്റ്