Tuesday 14 September 2021 12:16 PM IST : By സ്വന്തം ലേഖകൻ

‘മാഡം എന്തിനാണ് ഇങ്ങനെ മേക്കപ്പ് ഇടുന്നത്, വല്ല കാര്യവുമുണ്ടോ?’: ഉശിരന്‍ മറുപടി: കുറിപ്പ്

rani-n-makeup

ആത്മവിശ്വാസത്താടെ അണിഞ്ഞൊരുങ്ങുന്ന പെണ്ണുങ്ങളെ കാണുമ്പോൾ അസ്വസ്ഥരാകുന്ന ചിലരുണ്ട്. പരിഹാസവും പരിധിവിട്ട പ്രയോഗങ്ങളും പെണ്ണിനു നേരെ തൊടുത്തു വിടുന്നവർ. സെലിബ്രിറ്റികൾ തുടങ്ങി സാധാരണക്കാർ വരെയുള്ളവരുടെ പിന്നാലെ കൂടുന്ന ഇക്കൂട്ടർ നിത്യജീവിതത്തിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും രംഗപ്രവേശം ചെയ്യാറുണ്ട്. അത്തരക്കാർക്ക് കുറിക്കു കൊള്ളുന്ന മറുപടി നൽകുന്നവർ അപൂർവമാണെന്നു മാത്രം.

തന്റെ മേക്കപ്പ് കണ്ട് അസ്വസ്ഥനായ വ്യക്തിക്ക് സാമൂഹ്യപ്രവർത്തകയും വീട്ടമ്മയുമായ റാണി നൗഷാദ് നൽകിയ മറുപടിയാണ് ശ്രദ്ധേയം. മേക്കപ്പിന്റെയൊക്കെ വല്ല കാര്യവുമുണ്ടോ എന്നു ചോദിച്ച വ്യക്തിക്കാണ് റാണിയുടെ ഹൃദ്യമായ മറുപടി. വ്യക്തി ശുചിത്വം എന്നാൽ പല്ലു തേയ്‌ക്കുകയും കുളിക്കുകയും ചെയ്യുന്നതോടെ കഴിയുന്ന ഒന്നല്ല എന്ന ആമുഖത്തോടെയാണ് റാണി മറുപടി കുറിപ്പ്. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് നിരവധി പേരാണ് ഏറ്റെടുത്തിരിക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

കുറച്ചു ദിവസങ്ങൾക്കു മുൻപ് ഒന്നോ രണ്ടോ തവണ മാത്രം കാണുകയും വളരെ കുറച്ചു മാത്രം സംസാരിക്കുകയും ചെയ്തിട്ടുള്ള ഒരു വ്യക്തിയെ ഞാൻ പ്രവർത്തിക്കുന്ന ഒരു സംഘടനയുടെ ആവശ്യവുമായി ബന്ധപ്പെട്ട് ഫോണിൽ വിളിക്കേണ്ടി വന്നു. ഞങ്ങൾ നടത്താൻ ഉദ്ദേശിക്കുന്ന പ്രോഗ്രാമിന്റെ സമയവും, ഡേറ്റും പറഞ്ഞ് അയാളെ വിളിച്ചതിനൊടുവിൽ,വളരെ പെട്ടെന്ന് അയാൾ എന്നോട് പറഞ്ഞു...

മാഡം നിങ്ങൾ എന്തിനാണ് മുഖത്തു മേക്കപ്പ് ഇടുന്നത്. ഇങ്ങനെ ഒന്നും ചെയ്യരുത് കേട്ടോ...!!

നാളെ നിങ്ങൾ ഇതിനൊക്കെ സമാധാനം പറയേണ്ടി വരുമെന്ന്....

അയാൾക്കുള്ള മറുപടി ഞാൻ അപ്പോൾ തന്നെ നൽകിയിട്ടുണ്ടായിരുന്നു...

എങ്കിലും പലപ്പോഴായി പറയണം എന്നു കരുതിയ ഒരു വിഷയം തന്നെയായിരുന്നു ഇതും.....

വ്യക്തി ശുചിത്വം എന്നാൽ പല്ലു തേയ്‌ക്കുകയും കുളിക്കുകയും ചെയ്യുന്നതോടെ കഴിയുന്ന ഒന്നല്ല മിസ്റ്റർ....

സ്കിൻ കേറിങ് എന്ന് നമ്മൾ പലയിടങ്ങളിൽ നിന്നും പലപ്പോഴായി കേട്ടിട്ടുള്ള വിപുലമായ ഒരു വാക്കുണ്ട്...

മുഖക്കുരു വരാതെ, സൂര്യ താപം കൊണ്ട് ഇരുണ്ടുപോകാതെ, പുകയും പൊടിയും കയറി മുഖത്തെ ചെറിയ സുഷിരങ്ങൾ അടഞ്ഞു പോകാതെ,കറുപ്പും വെളുപ്പും നിറങ്ങളിൽ ഉമിക്കരി വിതറിയ പോലെ മൂക്കിന്റെ വശങ്ങളിലും മുകളിലുമൊക്കെയായി ഉണ്ടാകുന്ന കാര പോലുള്ള പ്രശ്നങ്ങൾ വരാതെ നോക്കാനുമൊക്കെയായിട്ടാണ് നാം ചർമ്മ സംരക്ഷണം ചെയ്യുന്നത്.

എന്നാൽ എന്താണ് സ്കിൻ കേറിങ് എന്ന് പലർക്കും അറിയുകയുമില്ല..

മുഖം സോപ്പ് ഉപയോഗിച്ച് തേച്ചുരച്ച് കുളിക്കുമ്പോൾ കഴുകുന്നതിനെ അല്ല സ്കിൻ കേറിങ് എന്ന് പറയുന്നത്. മുഖത്തു സോപ്പ് ഉപയോഗിക്കാൻ പാടില്ല എന്ന് പോലും എത്ര പേർക്ക് അറിയാം...?

ശരീരത്തിന്റെ കൂടുതൽ ഭാഗവും നമ്മൾ വസ്ത്രം കൊണ്ട് മറച്ചു വക്കുമ്പോൾ മുഖം മാത്രം ഒരു പരിരക്ഷയും കൂടാതെ തുറന്നു വച്ചിട്ടുണ്ട്.

മുഖത്തിന്റെ പി എച്ച് അസിഡിക്ക് നേച്ചർ ആക്കിക്കൊണ്ട് പ്രകൃതി തന്നെ നമുക്കായി ഒരു സുരക്ഷിത കവചം ഒരുക്കിയിരിക്കുന്നു.

സോപ്പ് ഉപയോഗിച്ച് മുഖം കഴുകുമ്പോൾ സോപ്പിലുള്ള ആൽക്കലൈൻ മുഖത്തെ പി എച്ച് ലെവലിൽ മാറ്റം വരുത്തുന്നു....

സോപ്പ് ഫ്രീ ആയിട്ടുള്ള ഫേസ് വാഷോ, ക്‌ളെൻസറോ ഉപയോഗിച്ച് മുഖം രാവിലെയും വൈകുന്നേരവും വൃത്തിയായി കഴുകുക. അങ്ങനെ കഴുകുന്ന സമയത്ത് മുഖത്തെ ചെറിയ സുഷിരങ്ങൾ (pores)തുറക്കുകയും, അതിലൂടെ എണ്ണമയമുള്ള ചർമക്കാരിൽ അമിതമായി ഓയിൽ സെക്രീയേഷൻ നടക്കുകയും, തുറന്നിരിക്കുന്ന സുഷിരങ്ങളിലൂടെ പൊടിപടലങ്ങളും അഴുക്കും അകത്തേക്ക് കടന്ന് മുഖക്കുരു, ആക്നെ പോലുള്ള ചർമ്മ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.

അങ്ങനെ സംഭവിക്കാതിരിക്കാൻ മുഖം ക്‌ളെൻസർ, ഫേസ് വാഷ് ഇവയിൽ ഏതെങ്കിലും ഉപയോഗിച്ച് കഴുകിക്കഴിഞ്ഞാൽ ഉടൻ തന്നെ ടോണർ ഉപയോഗിക്കേണ്ടതാണ്. ടോണർ ആയി ഐസ് ക്യൂബോ, റോസ് വാട്ടറോ, ഏതെങ്കിലും നല്ല കമ്പനിയുടെ ടോണർ തന്നെയുമോ ഉപയോഗിക്കാം. മൂന്നാമതായി മുഖത്ത് മൊയ്‌സ്ച്ചറൈസർ പുരട്ടേണ്ടതാണ്. ഇത് ദിവസവും രണ്ടുനേരം ശുചിത്വത്തിന്റെ ഭാഗമായി തന്നെയാണ് ഉപയോഗിക്കേണ്ടത്. കൂടാതെ സൂര്യനിൽ നിന്നുള്ള അൾട്രാ വയലറ്റ് രശ്മികളിൽ നിന്നും രക്ഷനേടാൻ നല്ലൊരു സൺ പ്രൊട്ടക്ഷൻ ക്രീമും ഉപയോഗിക്കേണ്ടതാണ്....!

ഇതിനെ നിങ്ങൾ മേക്കപ്പ് എന്നോ മേക്കോവർ എന്നോ എന്തു വേണമെങ്കിലും വിളിച്ചോളൂ...

ഇത് പെണ്ണിന് മാത്രമല്ല ആണിനും ആവശ്യമുള്ളതാണ് എന്നു മറക്കണ്ട....

ഇതിന്റെ പേരിൽ ഒരു ദൈവവും കോപിക്കില്ല....

കാരണം വൃത്തിയുള്ള ഇടത്തിലാണല്ലോ ദൈവമിരിക്കുന്നത്...

നബി : ഇനി പണ്ട് കാലത്ത് അമ്മയും അമ്മൂമ്മയുമൊന്നും ഇത് ഉപയോഗിച്ചിരുന്നില്ല എന്നു പറയുന്ന ആളുകളോട്,,,

പണ്ട് മെൻസസ് വരുമ്പോൾ പെണ്ണുങ്ങൾ തുണിയാണ് ഉപയോഗിച്ചിരുന്നത്, ഇന്ന് നിങ്ങൾ നിങ്ങളുടെ ഭാര്യക്കും മക്കൾക്കും പാഡ് വാങ്ങിക്കാതെ തുണിയാണ് ഉടുപ്പിക്കുന്നതെങ്കിൽ അങ്ങനെ ഉള്ളവർ ഈ പോസ്റ്റ്‌ വായിച്ച് അഭിപ്രായം പറയരുത് പ്ലീസ്....

റാണിനൗഷാദ്