Friday 02 December 2022 11:15 AM IST : By സ്വന്തം ലേഖകൻ

പുരുഷനീക്കങ്ങൾ സ്റ്റെഫാനിയുടെ വിസിൽ വട്ടത്തിൽ: പിറന്നത് പുതിയ ചരിത്രം

stephane

2022ഡിസംബര്‍ 1 ഇനി ലോകഫുട്ബോൾ ചരിത്രത്തിലെ സുപ്രധാന ദിനമാണ്. ഖത്തര്‍ ലോകകപ്പിലെ 44 ആം മത്സരത്തിൽ, ജർമനിയും കോസ്റ്ററിക്കയും കളത്തിലിറങ്ങിയപ്പോൾ ഒരു പുതുചരിത്രം കൂടിയാണ് പിറന്നത്. കാരണം, അല്‍ബെയ്ത്ത് സ്റ്റേഡിയത്തില്‍ മത്സരം നിയന്ത്രിച്ചതൊരു വനിതയാണ് – സ്റ്റെഫാനി ഫ്രാപ്പാര്‍ട്ട്!

പുരുഷ ലോകകപ്പില്‍ ആദ്യമായാണ് ഒരു വനിത മത്സരം നിയന്ത്രിക്കുന്നത്. സ്റ്റെഫാനിയോടൊപ്പം സഹ റഫറിമാരായി രണ്ട് വനിതകൾ കൂടിയുണ്ടായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത – മെക്‌സിക്കോയില്‍ നിന്നുള്ള കാരെന്‍ ഡയസ് മെദീന, ബ്രസീലില്‍ നിന്നുള്ള ന്യൂസ ഐനസ് ബാക് എന്നിവർ.

1993 ല്‍ പത്ത് വയസ്സില്‍ ഫുട്‌ബോള്‍ കളിക്കാന്‍ കളത്തിലിറങ്ങിയ സ്‌റ്റെഫാനി, 13 ആം വയസ്സില്‍ യൂത്ത് ഗെയിംസ് മത്സരങ്ങള്‍ നിയന്ത്രിച്ച് റഫറി കരിയറിന് തുടക്കമിട്ടു. 2009 ല്‍, ഫിഫയുടെ അന്താരാഷ്ട്ര റഫറി പട്ടികയില്‍ ഇടം നേടിയ സ്റ്റഫാനി, 2015 ല്‍ കാനഡയില്‍ നടന്ന ഫിഫാ വനിതാ ലോകകപ്പിലും റഫറിയായി. 2019 ല്‍ ഫ്രാന്‍സിലെ ലീഗ് വണ്‍ നിയന്ത്രിച്ചു. 2020 ല്‍ യുവന്റസും ഡൈനാമോ കീവും തമ്മിലുള്ള ചാമ്പ്യന്‍സ് ലീഗ് മത്സരം, 2021 ലെ പുരുഷ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ തുടങ്ങിയവയിലും ആദ്യ വനിതാ റഫറിയായി.