Wednesday 24 October 2018 05:06 PM IST

‘‘ഒരു ഓഡിയോ ഡെമോ കറങ്ങിത്തിരിഞ്ഞ് ഇതുവരെയെത്തി’’; ആദ്യം പാട്ട്, പിന്നെ അഭിനയം; ഹിറ്റ് ചാർട്ടിൽ ആനിന്റെ ‘അലൈകൾ’

V.G. Nakul

Sub- Editor

aan-1

വ്യത്യസ്ത ശൈലികളുള്ള രണ്ട് പാട്ടുകൾ കോർത്ത് ഒരു ഓഡിയോ ഡെമോ തയാറാക്കണം എന്ന ലക്ഷ്യമേ ആൻ ആമിക്കുണ്ടായിരുന്നുള്ളൂ. അതിന് പ്രിയപ്പെട്ട, ചാലഞ്ചിംഗായ രണ്ട് പാട്ടുകൾ തിരഞ്ഞെടുക്കുകയും ചെയ്തു. ഒന്ന് എ. ആർ. റഹ്മാൻ ഈണം പകർന്ന, കടലിലെ ‘അടിയേ...’ എന്നു തുടങ്ങുന്ന ഗാനം. മറ്റൊന്ന് സന്തോഷ് നാരായണൻ സംഗീതം നൽകിയ, കബാലിയിലെ ‘മായാനദി..’ എന്ന ഗാനവും. പ്രണയത്തിന്റെ രണ്ട് ഭാവങ്ങൾ പേറുന്ന, ആലാപനത്തിൽ വെല്ലുവിളിയുയർത്തുന്ന മനോഹരമായ പാട്ടുകൾ. സുമേഷ് പരമേശ്വറിന്റെ ഗിറ്റാറിനൊപ്പം പാട്ടിന്റെ ട്രാക്കൊരുക്കിയ ശേഷം അത് സുഹൃത്തായ റമീസ് മുഹമ്മദിനെ കേൾപ്പിച്ചതോടെ കാര്യങ്ങൾ മറ്റൊരു വഴിക്കായി. കൊറിയോ ഗ്രാഫറായ റമീസിന്റെ മനസ്സിൽ പാട്ടുകൾ കേട്ട മാത്രയിൽ തന്നെ ഒരു കൺസപ്ട് ബെയ്സ് വിഡിയോ ആൽബത്തിനുള്ള സാധ്യത മിന്നി. ആ മിന്നലാണ് ‘അലൈകൾ’ എന്ന സൂപ്പർ ഹിറ്റ് കവർ വിഡിയോയുടെ പിറവിക്ക് പിന്നിൽ. ഇപ്പോൾ ഹിറ്റ് ചാർട്ടുകളിൽ ഒന്നാം നിരയിലാണ് ആൻ ആമിയുടെ ‘അലൈകൾ’

‘‘ചാലഞ്ചിംഗായ രണ്ട് പാട്ടുകൾ ചേർത്ത്, വോക്കലും ഗിറ്റാറും മാത്രമായി ഒരു ഓഡിയോ ഡെമോ എന്ന പേരിൽ തുടങ്ങിയതാണ്. കറങ്ങിത്തിരിഞ്ഞ് ദേ ഇതുവരെയെത്തി’’. അലൈകളുടെ തുടക്കത്തെക്കുറിച്ച് ചോദിച്ചപ്പോൾ ആനിന്റെ മറുപടി ഇങ്ങനെ.

aan-3

‘‘ട്രാക്ക് ഏകദേശം ശരിയായപ്പോൾ റമീസിന് അയച്ചു കൊടുത്തു. പാട്ടുകൾ കേട്ട ഉടൻ തന്നെ നമുക്കിത് ഒരു കൺസപ്ട് ബെയ്സ് വിഡിയോ ആക്കാമെന്നാണ് റെമീസ് പറഞ്ഞത്. സാധാരണ ഇത്തരം കവർ സോംഗുകളിൽ അത് പതിവില്ലാത്തതാണ്. രണ്ട് പാട്ടുകളുടെയും ശൈലി അനുസരിച്ച്, ഒരു ദമ്പതികളുടെ ജീവിതത്തിലെ നല്ല നിമിഷങ്ങളും മോശം നിമിഷങ്ങളും കാണിക്കാം എന്ന ആശയമൊക്കെ അങ്ങനെ വന്നതാണ്. ഈ രണ്ട് പാട്ടുകൾക്കും ധാരാളം കവർ വന്നിട്ടുണ്ടെങ്കിലും ഫീമെയിൽ വേർഷൻ അധികം കേട്ടിട്ടില്ല’’.

ആൻ ആമിയെന്ന പേര് മലയാളികൾക്ക് സുപരിചിതമായത് നീരജ് മാധവ് നായകനായ പൈപ്പിൻ ചുവട്ടിലെ പ്രണയത്തിലെ ‘കായലിറമ്പിലെ..’ എന്ന ഗാനത്തോടെയാണ്. ആനിന്റെ ശബ്ദവും പാട്ടും വളരെ വേഗം ആസ്വാദക ഹൃദയം കീഴടക്കി. കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോയിലെ ‘ഏത് മേഘ മാരി’യാണ് സിനിമയിൽ ആനിന്റെ ആദ്യ ഗാനം. തുടര്‍ന്ന് ‘പുള്ളിക്കാരൻ സ്റ്റാറാ’യിലെ കിളിവാതിലിൻ ചാരെ, അരവിന്ദന്റെ അതിഥികളിലെ ആനന്ദമേ.., കൂടെയിലെ ആരാരോ.. തുടങ്ങി പത്തോളം പാട്ടുകൾ. ലൗ ആക്ഷൻ ഡ്രാമ , ഇളയരാജ, ജനാധിപൻ, തെങ്കാശിക്കാറ്റ് തുടങ്ങിയ പുതിയ ചിത്രങ്ങള്‍ വേറെയും... സിനിമയുടെയും സ്റ്റേജ് പരിപാടികളുടെയും തിരക്കിനിടയിലാണ് അലൈകളുമായി ആൻ സംഗീത പ്രേമികളെ തേടിയെത്തിയത്. എന്തായാലും അത് വെറുതെയായില്ല...

aan-4

സംഗീതാസ്വാദകരുടെ പ്രിയ ഗാനങ്ങളാണ് ‘അടിയെ’യും ‘മായാനദി’യും. രണ്ട് വ്യത്യസ്ത ബീറ്റിലുള്ള ഇവയുടെ ‘ആൻ വേര്‍ഷന്‍സ്’ ചേര്‍ത്ത് വെച്ചാണ് ‘അലൈകൾ’ തയാറാക്കിയിരിക്കുന്നത്. ആനും സംവിധായകൻ റമീസ് മുഹമ്മദുമാണ് അഭിനേതാക്കൾ. അലൈകൾ ഇതിനോടകം ലക്ഷക്കണക്കിന് പേരാണ് കണ്ടത്. അനൂപ് വി. ശൈലജയാണ് ഛായാഗ്രഹകൻ. എഡിറ്റിങ് രാഹുല്‍ രാഘവ്.

‘‘ചിത്രീകരണം രസകരമായിരുന്നു. അടിയേയിലെ ദേഷ്യം വിഷമം ഭാഗങ്ങളൊക്കെ അഭിനയിച്ച് ഫലിപ്പിക്കാനും ആ ഇമോഷൻസ് പ്രകടിപ്പിക്കാനും കുറച്ച് ബുദ്ധിമുട്ടായിരുന്നു. പക്ഷേ മായാ നദിയിലെ സന്തോഷ രംഗങ്ങളൊക്കെ അനായാസമായിരുന്നു താനും. പാടിയപ്പോൾ ‘അടിയേ’യായിരുന്നു എളുപ്പം. മായാനദി പ്രയാസവും...’’.

aan-2

വിഡിയോയുടെ ഔട്ട് ഡോർ കൊച്ചിയിലും ബാക്കി തൃശൂരിൽ ആനിന്റെ വീട്ടിലുമാണ് ചിത്രീകരിച്ചത്. ഇനിയും ഇത്തരം ശ്രമങ്ങൾ പ്രതീക്ഷിക്കാമെന്ന മുഖവുരയോടെ അവർ പറഞ്ഞു നിർത്തിയതിങ്ങനെ: ‘‘സ്വന്തം പാട്ട് ചെയ്യണം എന്നുണ്ട്. എന്ന് എപ്പോൾ എന്നൊന്നും അറിയില്ല...’’