Monday 10 August 2020 11:43 AM IST : By സ്വന്തം ലേഖകൻ

മഹാനന്മയ്ക്ക്, മാനവികതയ്ക്ക് നന്ദി മലപ്പുറത്തുകാരേ... നമിച്ച് എയര്‍ ഇന്ത്യയുടെ കുറിപ്പ്

air-india

മലപ്പുറത്തിന്റെ കരുതലിനെ വാനോളം പുകഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ. കോവിഡ് ഭീതി മാറ്റിവച്ച് ദുരന്തമുഖത്ത് താങ്ങും തണലുമായി ഓടിയെത്തിയ കൊണ്ടോട്ടിക്കാരന്റെ സഹജീവി സ്‌നേഹത്തെ മഹാനന്മയെന്നാണ് നാട് വാഴ്ത്തുന്നത്. മരണത്തിന്റെ തീരത്തു നിന്നും ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയ മലപ്പുറത്തിന്റെ കരുതലിന് എയര്‍ ഇന്ത്യയും സല്യൂട്ട് നല്‍കുകയാണ്. 

സ്വന്തം സുരക്ഷ പോലും മാറ്റിവച്ച് ദുരന്തമുഖത്ത് കൈമെയ് മറന്ന് പ്രവര്‍ത്തിച്ച മലപ്പുറത്തെ ജനങ്ങളോട് തങ്ങള്‍ എന്നും കടപ്പെട്ടിരിക്കുന്നുവെന്ന് എയര്‍ ഇന്ത്യ എക്പ്രസ് തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിക്കുന്നു. കേവലം ധൈര്യം മാത്രമല്ല, മാനവികതയുടേയും സഹജീവി സ്‌നേഹത്തിന്റെയും ഉത്തമ ഉദാഹരണമാണ് കരിപ്പൂരില്‍ കണ്ടത്. മലപ്പുറം കാട്ടിയ ആ സ്‌നേഹത്തിനു മുന്നില്‍ തങ്ങള്‍ശിരസു നമിക്കുന്നുവെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിക്കുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം;

ഒരു ജീവന്‍ രക്ഷിക്കാന്‍ വെറും ധൈര്യം മാത്രം പോര, അതിനൊപ്പം മനുഷ്യത്വം കൂടി വേണം. സ്വജീവന്‍ പണയപ്പെടുത്തിയും മറ്റുള്ളവരെ രക്ഷിക്കാന്‍ മലപ്പുറത്തെ ജനങ്ങള്‍ കാണിച്ച വലിയ മനസിനെ എയര്‍ ഇന്ത്യ നമിക്കുന്നു. നന്ദി.ഞങ്ങള്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു.'

വെള്ളിയാഴ്ച വൈകുന്നേരം 7.30നാണ് രാജ്യത്തെ നടുക്കിയ മഹാദുരന്തം സംഭവിക്കുന്നത്.  ദുബായില്‍ നിന്ന് കരിപ്പൂരിലേക്ക് എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പൈലറ്റും സഹ പൈലറ്റുമുള്‍പ്പടെ 18 പേര്‍ കൊല്ലപ്പെട്ടു. 171 യാത്രക്കാര്‍ പരുക്കുകളോടെ ചികില്‍സയിലാണ്. കോവിഡ് ഭീതിയും പേമാരിയും വകവയ്ക്കാതെയാണ് കൊണ്ടോട്ടിയിലെ നാട്ടുകാര്‍ അപകടത്തില്‍പ്പെട്ടവരെ മണിക്കൂറുകള്‍ക്കുള്ളില്‍ ആശുപത്രികളിലെത്തിച്ചത്.  ചികില്‍സയ്ക്ക് വേണ്ട രക്തം ദാനം നല്‍കിയും ഉദാത്ത മാതൃക തീര്‍ത്തു.