Monday 10 May 2021 04:34 PM IST

കൂട്ടുകാരന്റെ ബുക്ക് വാങ്ങി പഠിച്ചു, വാടക വീട്ടിലിരുന്ന് തേപ്പുകാരന്റെ മകന്‍ കണ്ട സ്വപ്‌നത്തിന് 1.5 കോടിയുടെ സ്‌കോളര്‍ഷിപ്പ് തിളക്കം

Binsha Muhammed

amarnath

ഇരിങ്ങാലക്കുട എകെപി ജംക്ഷനിലെ ഒരു കുഞ്ഞ് വാടക വീട്. ആ വീടിന്റെ ഉള്ളില്‍ ജീവിതം സ്വപ്‌നങ്ങള്‍ തേച്ചുമിനുക്കുന്ന ഒരച്ഛനും മകനുമുണ്ട്. ഇല്ലായ്മകളില്‍ ജീവിക്കുന്നവന് സ്വപ്‌നം കാണാന്‍ അവകാശമില്ലെ് അടക്കംപറച്ചിലുകളെ തിരുത്തിയ ആ പതിനെട്ടുകാരന്‍ പയ്യന്‍ ഇന്നെത്തി നില്‍ക്കുന്നത് ആരും കൊതിക്കുന്ന, അസൂയപ്പെടുത്തുന്ന നേട്ടത്തില്‍. യുഎസ് വെര്‍മോണ്ടിലെ നോറിച്ച് സര്‍വകലാശാലയില്‍ നാല് വര്‍ഷത്തെ ഇലക്ട്രിക്കല്‍ ആന്‍ഡ് കംപ്യൂട്ടര്‍ എഞ്ചിനീയറിംഗ് പഠനമെന്ന നേട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ അതിനു പിന്നില്‍ ഇല്ലായ്മകളെ തോല്‍പ്പിച്ചവന്റെ കഥയുണ്ട്. സ്വപ്‌നങ്ങള്‍ കയ്യെത്തിപ്പിടിച്ചവന്റെ അതിജീവനമുണ്ട്. വെറുമൊരു തേപ്പുപെട്ടിയില്‍ ജീവിതം കരുപ്പിടിപ്പിച്ചവന്റെ മകന്‍ 1.5 കോടിയുടെ സ്‌കോളര്‍ഷിപ്പ് നേടിയ വിജയഗാഥയുടെ കഥ ഇതാ ഇവിടെ ഇതള്‍ വിരിയുന്നു. അമര്‍നാഥ് എന്ന മിടുക്കന്‍ മനസുതുറക്കുകയാണ് വനിത ഓണ്‍ലൈനോട്.

ജീവിതം തേച്ചുമിനുക്കി

ജീവിതത്തിന്റെ ബാലന്‍ഷീറ്റില്‍ ഒരു കൂര പോലും ബാക്കിയില്ല. ആകെയുള്ള ആശ്രയം അച്ഛന്‍ മുരുകേശ് ഇസ്തിരിയിട്ടു കിട്ടുന്ന നിസാര വരുമാനം. നന്നായി പഠിക്കുമായിരുന്നു എന്നതായിരുന്നു ആകെയുള്ള ബോണസ്. ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അച്ഛന്റെ സ്വദേശമായ തേനിയില്‍ നിന്നും ദൈവത്തിന്റെ നാട്ടിലേക്ക് പറിച്ചുനടപ്പെട്ടത്.- അമര്‍നാഥ് പറഞ്ഞു തുടങ്ങുകയാണ്. 

പന്ത്രണ്ടാം ക്ലാസുവരെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ചതു കൊണ്ട് കാര്യങ്ങള്‍ അല്ലലില്ലാതെ പോയി. ഇതിനും എത്രയോ മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 9-ാം ക്ലാസില്‍ വച്ചാണ് വിദേശത്ത് പോയി സ്‌കോളര്‍ഷിപ്പോടെ പഠിക്കണമെന്ന് സ്വപ്‌നം കണ്ടത്. അതിനു വഴികാട്ടിയായത് കൂട്ടുകാരന്‍ ജോര്‍ജ്. ജോര്‍ജിന്റെ  അമ്മ അവനെ അതിനു വേണ്ടി നല്ലതു പോലെ പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. അന്നതു കണ്ട് ഞാനും വല്ലാതെ ആശിച്ചു പോയതാണ്. ഇടയ്ക്ക് ജീവിത പ്രാരാബ്ദങ്ങള്‍ പിന്നോട്ടു വലിച്ചു. പക്ഷേ പാറപോലെ ചങ്കില്‍ ആസ്വപ്‌നം ഉറച്ചിരുന്നു.  വിദേശ പഠനത്തിന് യോഗ്യത നേടാനുള്ള പ്രവേശന പരീക്ഷയായ എസ്എടിക്കു വേണ്ടി ജോര്‍ജ് തയ്യാറെടുക്കുന്നുണ്ടായിരുന്നു. അവനെന്നെയും വല്ലാതെ പ്രോത്സാഹിപ്പിച്ചു എന്നതാണ് സത്യം. അവന്റെ ബുക്‌സും നോട്ട്‌സും വാങ്ങി ഞാനും പഠിച്ചു കൊണ്ടേയിരുന്നു. പ്ലസ്ടു കാലത്താണ് ജീവിതത്തിന്റെ ഗതിമാറ്റിയ ട്വിസ്്റ്റ്. പ്ലസ്ടു 83 ശതമാനം മാര്‍ക്കോടെ പാസായ ശേഷം എസ്എടി പരീക്ഷ അറ്റന്‍ഡ് ചെയ്തു. കണക്കും ഇംഗ്ലീഷുമാണ് പരീക്ഷയുടെ പ്രധാന സിലബസ്. മൊത്തം മൂന്ന് പ്രാവശ്യം അറ്റന്‍ഡ് ചെയ്തു. പക്ഷേ ആദ്യത്തെ തവണ തന്നെ ടോപ് ഗ്രേഡ് കിട്ടി. ഇന്ത്യയിലെ തന്നെ ടോപ് പെര്‍ഫോമര്‍മാരില്‍ ഒരാള്‍ ഞാനായി എന്നത് കഠിനാദ്ധ്വാനത്തിന്റെ ഫലമാണ്. പഠിക്കുന്ന കാലത്ത് തേപ്പുകാരന്‍റെ മകനെ എന്ന് പറഞ്ഞ് ഒരുപാട് പേര്‍ കളിയാക്കി. ഇന്ന് അതേ തേപ്പുകാരന്‍റെ തണലില്‍ നിന്ന് എനിക്കീ നേട്ടം സ്വന്തമാക്കാന്‍ കഴിഞ്ഞു എന്നതും അഭിമാനം. 

പരീക്ഷയെഴുതി രണ്ടാഴ്ച കഴിഞ്ഞ് കിട്ടിയ ഫലം  യുഎസ് വെര്‍മോണ്ടിലെ നോര്‍വിച്ച് സര്‍വകലാശാലയിലേക്ക് അയച്ചു കൊടുത്തു. ഇതോടൊപ്പം മറ്റു പല സെന്ററുകളിലേക്കും അയച്ചു. പക്ഷേ ഏറ്റവും മികച്ച സ്‌കോളര്‍ഷിപ്പ് കിട്ടിയത് നോര്‍വിച്ച് സര്‍വകലാശാലയില്‍ നിന്നാണ്. സാമൂഹ്യ സേവനം നടത്തുന്ന റോബിന്‍ഹുഡ് ആര്‍മി ആന്‍ഡ് അക്കാദമിയിലെ പ്രവര്‍ത്തനവും അഡ്മിഷന്‍ കിട്ടാന്‍ തുണയായി. ജോര്‍ജിനും സ്‌കോളര്‍ഷിപ്പ് കിട്ടി. അത് യുഎസിലെ കൊളറാഡോയില്‍ ആണെന്നു മാത്രം. 

ഒന്നരക്കോടിയിലേറെ രൂപയാണ് സ്‌കോളര്‍ഷിപ്പായി ലഭിച്ചിരിക്കുന്നത്. നാല് വര്‍ഷത്തെ പഠനത്തിനാണ് ഈ സ്‌കോളര്‍ഷിപ്പ് തുക. പക്ഷേ മുന്നിലുള്ള കടമ്പയെന്തെന്നാല്‍ വിദേശത്തേക്ക് പോകാനുള്ള വിസ, യാത്രാ ചെലവ് എന്നിവയെല്ലാം എനിക്ക്താങ്ങുന്നതല്ല. ആദ്യത്തെ രണ്ട് വര്‍ഷത്തെ കോഴ്‌സ് തുകയായ 10 ലക്ഷത്തോളം രൂപയും സ്വരുക്കൂട്ടണം. അതിന്റെ പേരില്‍ ഈ സ്വപ്‌നം പാതിവഴിയിലാകുമോ എന്ന് ഭയമുണ്ട്. ഇതിനായി ലോണ്‍ സംഘടിപ്പിക്കാന്‍ പല ബാങ്കുകളുടെ മുന്നിലും ചെന്നു നിരാശയായിരുന്നു ഫലം. എന്തായാലും എന്റെ അവസ്ഥ അറിയുന്ന ഉദ്യോഗസ്ഥരും സുമനസുകളും സഹായിക്കുമെന്നാണ് പ്രതീക്ഷ.- അമര്‍നാഥ് പറഞ്ഞുനിര്‍ത്തി.