Friday 13 April 2018 02:10 PM IST : By സന്തോഷ് ശിശുപാല്‍

ഓർക്കുക ഇത് അമ്മയല്ല, അമ്മത്തൊട്ടിൽ; അനാഥരാകില്ല...ആശ്രയമുണ്ട്

amma_thottil1

വാതിൽ തനിയെ തുറക്കുമ്പോൾ വെളുത്ത ടവൽ വിരിച്ച തൊട്ടിൽ തനിയേ ആടും. അപ്പോൾ അകത്ത് മണിമുഴങ്ങും–അമ്മത്തൊട്ടിലിൽ ഒരു അതിഥികൂടി.

ടാറിട്ട റോഡിനരുകിലെ നീണ്ടുയർന്ന മതിൽക്കെട്ടിന്റെ അറ്റത്ത് ചെറിയ േഗറ്റ്. േഗറ്റു കടന്നാൽ പടിക്കെട്ട്. ചോരയുടെ നിറമുള്ള ഏഴെട്ടു പടികൾ. അത് എത്തുന്നത് ഒരു അമ്മയുടെ മടിത്തട്ടിലേക്കാണ്. ഒരുപാടു കുഞ്ഞുങ്ങളെ ഏറ്റുവാങ്ങിയ അമ്മത്തൊട്ടിൽ. കുഞ്ഞിനെ സുരക്ഷിതമായി ഉപേക്ഷിക്കാൻ ഒരിടം...

ചോരക്കുഞ്ഞിനെ നെഞ്ചോട് ചേർത്തു പിടിച്ചിരിക്കുന്ന ഒരു അമ്മയുടെ ചിത്രമുണ്ട് അമ്മത്തൊട്ടിലെ ചില്ലുവാതിലിൽ. കുഞ്ഞുമായി പടികടന്ന് എത്തുന്ന ആളുടെ മുന്നിൽ ഈ വാതിൽ തനിയെ തുറക്കുന്നു... മുന്നിൽ െവളുത്ത നിറത്തിൽ ടവൽ വിരിച്ച തൊട്ടിൽ. വാതിൽ തുറന്നുടൻ അശരീരി കേൾക്കാം, ഇത് അമ്മത്തൊട്ടിലാണെന്നും കഴിയുമെങ്കിൽ അനാഥബാല്യത്തിലേക്ക് കുഞ്ഞിനെ വിട്ടുകൊടുക്കരുതെന്നും. അതു മുഴുവൻ കേൾക്കുന്ന ഒരമ്മയ്ക്കും കുഞ്ഞിനെ അവിടെ കിടത്തി കടന്നുപോകാൻ അത്ര എളുപ്പമല്ല. അങ്ങനെ തിരിച്ചുപോകുന്നവരുമുണ്ട്. എന്നാൽ പലപ്പോഴും കുഞ്ഞുമായി വരുന്നത് അമ്മമാരാകില്ല. തീരുമാനിച്ചുറപ്പിച്ചു വരുന്നവർ റിക്കോഡഡ് ശബ്ദം കേട്ടുനിൽക്കാൻ മിനക്കെടാതെ, വാതിൽ തുറന്ന ഉടനെ കുഞ്ഞിനെ തൊട്ടിലിൽ കിടത്തി പിൻതിരിയും. നിമിഷങ്ങൾക്കകം വാതിലടയും. ഒപ്പം കുഞ്ഞിന് ആശ്വാസം പകർന്ന് ആ ഇലക്ട്രോണിക്സ് തൊട്ടിൽ തനിയെ ആടി തുടങ്ങുന്നു. ഇതേ സമയം തന്നെ അമ്മത്തൊട്ടിലിലെ പുതിയ അതിഥിയുടെ വരവറിയിച്ചുകൊണ്ടു ശിശുക്ഷേമസമിതി കെട്ടിടത്തിനുള്ളിൽ മണി മുഴങ്ങും. അതുകേട്ട് അമ്മത്തൊട്ടിലിലേക്ക് ഒാടിയെത്തുന്ന ആയമാർ പിൻവാതിൽ തുറന്നു കുഞ്ഞിനെ ഏറ്റുവാങ്ങുന്നു. അമ്മത്തൊട്ടിലിൽ ഒരു കുഞ്ഞു കൂടിയായി.

നൂറ്റി അമ്പതു കുട്ടികൾ

തിരുവനന്തപുരത്തെ ശിശുക്ഷേമസമിതിയോടു ചേർന്ന് ആരംഭിച്ച കേരളത്തിലെ ആദ്യ അമ്മത്തൊട്ടിലിനു 15 വയസ്സായി.ഇന്നു കോഴിക്കോടൊഴികെ മറ്റെല്ലാ ജില്ലകളിലും അമ്മത്തൊട്ടിലുകളുണ്ട്. തിരുവനന്തപുരത്തു സമിതി ആസ്ഥാനത്തിനു പുറമേ നെയ്യാറ്റിൻകരയിലും അമ്മത്തൊട്ടിലുണ്ട്. ഇതുവരെ 150 കുട്ടികളാണ് അമ്മത്തൊട്ടിലുകളിലൂടെ ശിശുക്ഷേമസമിതിയിലെത്തിയത്. 2002–ൽ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിലെത്തിയ ആദ്യ കുഞ്ഞായിരുന്നു നിത്യ. 100–ാമത്തെ കുട്ടിക്ക് സമിതിയിലെ അമ്മമാരിട്ട പേര് ശതശ്രീ എന്നായിരുന്നു. ഒടുവിൽ കിട്ടിയത് െെമഥിലി.

പേരുകൾ പോലെതന്നെ അമ്മത്തൊട്ടിലിലെത്തുന്നതിലധികവും പെൺകുഞ്ഞുങ്ങൾ തന്നെ. 150–ൽ 91–ഉം പെൺകുട്ടികൾ.അമ്മത്തൊട്ടിലിലൂടെ കിട്ടുന്ന കുട്ടികൾ മാത്രമല്ല സമിതിയിലുള്ളത്. വഴിയരികിൽ ഉപേക്ഷിക്കപ്പെട്ടവർ, അച്ഛനമ്മമാരുടെ മരണത്താൽ അനാഥമാക്കപ്പെട്ടവർ, കുട്ടിയെ നോക്കാൻ നിവൃത്തിയില്ലാതെ വളർത്താനായി ഏൽപിക്കുന്നവർ. അങ്ങനെ പല രീതിയിൽ കുട്ടികൾ ഇവിടെ എത്തിച്ചേരുന്നു.

മൂന്നു വർഷം മുമ്പ്, അന്ന് വേണിക്ക് ഒന്നര വയസ്സും അനുജത്തി റാണിക്ക് എട്ടു മാസവുമായിരുന്നു പ്രായം. വേർപിരിഞ്ഞ ഭർത്താവ് ചെലവിനു നൽകുന്നില്ലെന്നു പറഞ്ഞു കുട്ടികളെ, കിടപ്പിലായ അമ്മൂമ്മയ്ക്കരുകിൽ ഉപേക്ഷിച്ചു പോവുകയായിരുന്നു അമ്മ. രണ്ടു ദിവസം ഭക്ഷണവും വെള്ളവും കിട്ടാതെ കരഞ്ഞ് അവശരായ കുട്ടികളെക്കുറിച്ചു നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. സമിതിയിൽ മിടുക്കികളായി വളരുകയാണ് വേണിയും റാണിയും. സഹോദരങ്ങളെ വേർപിരിക്കേണ്ടെന്നു തീരുമാനിച്ചതിനാൽ അവരെ ഒരുമിച്ച് ഏറ്റെടുക്കാൻ തയാറുള്ളവർക്കേ ദത്തുനൽകൂ എന്നായിരുന്നു സമിതിയുടെ തീരുമാനം. ആ ആഗ്രഹം സഫലമാവുകയാണ്. പുതിയ അച്ഛനമ്മമാരുടെ അരികിലെത്താനുള്ള ഒരുക്കങ്ങളിലാണ് വേണിയും റാണിയും.

പെൺകുട്ടികളോട് താൽപര്യം

ആറു വയസ്സുവരെ മാത്രമാണ് കുഞ്ഞുങ്ങളെ സമിതിയിൽ പാർപ്പിക്കാനാകുന്നത്. അതു കഴിഞ്ഞാൽ ജുവ െെനൽ ഹോമിലോ, ശ്രീചിത്ര പുവർഹോം പോലുള്ള കേന്ദ്രങ്ങളിലേക്കോ കുഞ്ഞുങ്ങളെ മാറ്റണം. എന്നാൽ അമ്മത്തൊട്ടിലിലൂടെ കിട്ടിയ കുഞ്ഞുങ്ങളിൽ നല്ലൊരു പങ്കിനും പുതിയ അച്ഛനമ്മമാരെ കിട്ടിക്കഴിഞ്ഞു.

കിട്ടുന്ന കുട്ടികളിൽ മൂന്നിൽ രണ്ടും പെൺകുട്ടികളാണെങ്കിലും ദത്തെടുക്കാൻ ആഗ്രഹിച്ചുവരുന്ന കേരളത്തിലെ അച്ഛനമ്മമാർക്ക് പ്രിയം െപൺകുട്ടികളോടുതന്നെ. തമിഴ്നാട്ടിൽ നിന്നുള്ള അപേക്ഷകർ കൂടുതലും ആൺകുട്ടികൾക്കാണ്. അമ്മത്തൊട്ടിലിലൂടെ അല്ലാതെയെത്തുന്ന കുട്ടികളുടെ കാര്യം കുറച്ചു സങ്കടകരമാണ്. ഇവരിൽ പലരുടെയും അച്ഛനമ്മമാരെ അറിയാം. നേരിട്ട് അവർ തന്നെ എത്തിച്ചതുമുണ്ട്. മാസത്തിലൊരിക്കലൊക്കെ കാണാൻ വരുന്നവരുമുണ്ട്. എന്നാൽ ഒരിക്കൽ പോലും തിരിഞ്ഞുനോക്കാത്ത അച്ഛനമ്മമാരാണെങ്കിലും ആ കുട്ടികളെ ദത്തെടുക്കാൻ കഴിയുകയില്ല എന്ന പരിമിതിയുമുണ്ട്.

amma_thottil2

അമ്മത്തൊട്ടിലിലെ അമ്മമാർ

പിറന്നുവീണ ഉടൻ ഉപേക്ഷിക്കുന്ന കുഞ്ഞുങ്ങൾക്ക് അമ്മമാറിന്റെ ചൂടു മാത്രമല്ല സ്നേഹവും പകരുന്ന ഒരു കൂട്ടം അമ്മമാരുണ്ടിവിടെ. അവർ വളരുമ്പോൾ ‘അമ്മ’യെന്നു വിളിച്ചു പിന്നാലെ നടക്കുമ്പോൾ വിളികേൾക്കുന്ന അമ്മമാർ. സമിതിയിലെത്തിയ ആദ്യ കുഞ്ഞിന് ഇപ്പോൾ 38 വയസ്സായി. താര എന്നായിരുന്നു കുഞ്ഞിനിട്ട പേര്. സ്വീഡനിലേക്കാണ് ദത്തു നൽകിയത്. പ്രസവിച്ചു രണ്ടു നാൾ മാത്രം പ്രായമുള്ള ആ ചോരക്കുഞ്ഞിനെ 38 വർഷം മുമ്പ് ഏറ്റു വാങ്ങിയ ജയകുമാരിയെ കാണാൻ സ്വീഡനിൽ നിന്നും ഇന്നും ആ മകൾ വരും– െെകനിറയെ സമ്മാനങ്ങളുമായി.

ബാലസേവിക കോഴ്സ് പഠിക്കാൻ സമിതിയിലെത്തിയ ജയകുമാരി, തന്റെ 17–ാം വയസ്സിലാണ് താരയെന്ന െെകക്കുഞ്ഞിനെ ഏറ്റുവാങ്ങി വളർത്തിയത്. പിന്നാലെ നാലു പേർ കൂടിയെത്തി. പ്രീതി, സീമ, അജയ്, വിജയ്. മക്കളുടെ പേരുകളൊന്നും ജയകുമാരി മറന്നിട്ടില്ല. ‘‘രാത്രിയിൽ തറയിൽ മെത്ത വിരിച്ച് അതിൽ കിടക്കും. ചുറ്റാകെ അഞ്ചു പിഞ്ചു കുഞ്ഞുങ്ങൾ. ഒാേരാ കുഞ്ഞും വിരലുറുഞ്ചി ഉറങ്ങുമ്പോഴും ഒരു െെക എന്റെ സാരിയുടെ ഏതെങ്കിലും ഒരറ്റത്തു പിടിച്ചിരിക്കും. പേടിയാണവർക്ക്..’’ ജയകുമാരി പറയുന്നു.

പിന്നീട് സാഹചര്യങ്ങളും സൗകര്യങ്ങളുമായി. പഴയ ട്രാൻസിറ്റ് സെന്റർ, ശിശുക്ഷേമ സമിതിയായി. ക്രഷും ഡേകെയറും ഇപ്പോൾ േമാണ്ടിസോറി സ്കൂളും ഒക്കെയായി സമിതിയിൽ. ഡ്യൂട്ടി െെടം വച്ചു ആയമാർ കുഞ്ഞുങ്ങളെ പരിപാലിക്കുന്നു. എങ്കിലും ഇന്നും കുഞ്ഞുങ്ങൾ ദത്തുപോകുന്ന ദിവസം മനസ്സിന്റെ ഒരു പകുതിയിൽ സന്തോഷമാണെങ്കിലും മക്കളെ വിട്ടുകൊടുക്കുന്ന വേദനയുണ്ട് സമിതിയിലെ അമ്മമാർക്ക്. ചിലർക്ക് ദിവസങ്ങളോളം ഭക്ഷണം പോലും കഴിക്കാനാകില്ല.

അതിജീവനത്തിന്റെ ഭാരം

അമ്മയുടെ ഗർഭപാത്രത്തിൽ വച്ചുതന്നെ പല തവണ നശിപ്പിക്കപ്പെടാൻ ശ്രമിച്ചിട്ടും അതിജീവിച്ചവരാകും ഈ കുഞ്ഞുങ്ങളിൽ പലരും.. അതിനാൽ ചില കുഞ്ഞുങ്ങളിലെങ്കിലും ഗുരുതരരോഗങ്ങളോ െെവകല്യങ്ങളോ വന്നുചേരാറുണ്ട്. അവരുടെ ചികിത്സയും പരിപാലനവും സങ്കീർണമാണ്. സമിതി പലപ്പോഴും അക്കാര്യത്തിൽ പ്രതിസന്ധികൾ അനുഭവിക്കുന്നുമുണ്ട്. സ്വകാര്യ ആശുപത്രികളിലെ മികച്ച ചികിത്സാസൗകര്യങ്ങൾ അവർക്കു പലപ്പോഴും അന്യമാകുന്നതിനാൽ മെഡിക്കൽ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്ന് സംസ്ഥാന ശിശുക്ഷേമസമിതിയുടെ പുതിയ ജനറൽ സെക്രട്ടറി അഡ്വ. ദീപക് എസ്.പി. പറയുന്നു.

ഇപ്പോൾ അമ്മത്തൊട്ടിൽ ഇല്ലാത്ത കോഴിക്കോട് ജില്ലയിൽ കൂടി െെവകാതെ അതു നടപ്പിലാക്കാനുള്ള തീരുമാനവും എടുത്തുകഴിഞ്ഞു. മറ്റു പല ജില്ലകളിലെയും അമ്മത്തൊട്ടിലിൽ കിട്ടുന്ന കുട്ടികളെ സമിതിയിലെത്താതെ സ്വകാര്യ ഏജൻസികൾക്കു നൽകുന്ന പ്രവണതയുണ്ടെന്നും അതിനെതിരെ വേണ്ട നിയമനടപടികൾ സ്വീകരിക്കുമെന്നും അഡ്വ. ദീപക് പറയുന്നു.

ഉപേക്ഷിക്കരുതേ...

വഴിയരികിലും ചവറ്റുകുട്ടയിലും ഉപേക്ഷിക്കപ്പെടുന്ന അനാഥക്കുഞ്ഞുങ്ങളെ ഉറുമ്പരിച്ചതും പട്ടി കടിച്ചുകീറുന്നതുമായ വാർത്ത ഒരുകാലത്തു പത്രത്താളുകളിൽ സാധാരണമായിരുന്നു. അമ്മത്തൊട്ടിലുകൾ നടപ്പിലായതോടെ ഉറപ്പായത് അത്തരം കുഞ്ഞുങ്ങളുടെ സുരക്ഷയാണ്. രാത്രികാലങ്ങളിലായിരുന്നു പണ്ട് അമ്മത്തൊട്ടിലിലെ വാതിൽ തുറന്നടഞ്ഞിരുന്നതെങ്കിൽ പട്ടാപ്പകൽ കുഞ്ഞിനെ ഉപേക്ഷിച്ചു മടങ്ങുന്നവരാണിന്ന്.

കുഞ്ഞിനൊപ്പം കുഞ്ഞിന്റെ ജനനത്തീയതിയും ബ്ലഡ്ഗ്രൂപ്പും വാക്സിൻ എടുത്ത ചാർട്ടും അമ്മത്തൊട്ടിലിൽ വയ്ക്കുന്നവരുമുണ്ട്. കുഞ്ഞിനെ ഉപേക്ഷിക്കേണ്ടിവരുന്ന ഒരമ്മയും 10 മാസം ചുമന്ന വയറിന്റെ നോവ് ഒരു കാലവും മറക്കില്ല. അച്ഛനോ...? പാപത്തിന്റെ കണിക വിതയ്ക്കും മുമ്പ് ഒാർമിക്കുക, ഉപേക്ഷിക്കപ്പെടാൻ ഒരു കുഞ്ഞുകൂടിയാകരുതെന്ന്.

 

ദത്തെടുക്കാൻ

കുട്ടികളെദത്തെടുക്കാൻ

ആഗ്രഹിക്കുന്നവർ cara.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

കൂടുതൽ വിവരങ്ങൾക്ക്: അഡോപ്ഷൻ സെന്റർ,

ശിശുക്ഷേമ സമിതി, തൈക്കാട്, തിരുവനന്തപുരം–14

ഫോൺ: 0471: 232 4 939,

0471 232 4 932

Email: cwk@gmail.com