Saturday 20 November 2021 11:22 AM IST : By സ്വന്തം ലേഖകൻ

എംപ്ലോയ്മെന്റ് ഓഫിസറായി വിരമിച്ചു, ഇപ്പോൾ ഫാഷൻ ഡിസൈനിങ് വിദ്യാർഥിനി; 77ൽ അമ്മിണിയമ്മയ്ക്ക് സ്വപ്ന സാക്ഷാൽക്കാരം

kottayam-pambady-amminitamma-at-fasion-disigning.jpg.image.845.440

പാമ്പാടി വെള്ളൂർ ഗവ. ടെക്നിക്കൽ എച്ച്എസ്എസിൽ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ്സ് ടെക്നോളജി കോഴ്സിലെ 2–ാം വർഷ ക്ലാസിൽ ഒരു അമ്മയാണു താരം. കോട്ടയം തിരുവാതുക്കൽ പുത്തൻപുരയ്ക്കൽ കൃഷ്ണാഞ്ജലി വീട്ടിൽ അമ്മിണിയമ്മ എന്ന എഴുപത്തേഴുകാരി യൂണിഫോം ധരിച്ച്, ആദ്യത്തെ ബെല്ലടിക്കുമ്പോൾ തന്നെ ആദ്യ ബെഞ്ചിൽ ഹാജരാകും. കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് ഓഫിസറായി വിരമിച്ചയാളാണ് അമ്മിണിയമ്മ. ചെറുപ്പത്തിൽ ഫാഷൻ ടെക്നോളജിയോട് താൽപര്യമുണ്ടായിരുന്നെങ്കിലും പഠിക്കാനായില്ല. കുറച്ചു നാൾ സ്വകാര്യ സ്കൂളിൽ അധ്യാപികയായി. പിന്നീട് സർക്കാർ സർവീസിൽ പ്രവേശിച്ചു.

അപ്പോഴും മനസ്സിലെ ഫാഷൻ ഡിസൈനിങ് സ്വപ്നങ്ങൾ മായാതെ കിടന്നു. 2001ൽ കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് ഓഫിസർ തസ്തികയിൽ നിന്നു വിരമിച്ചു. വിശ്രമ ജീവിതകാലം വസ്ത്രങ്ങളിലെ വൈവിധ്യങ്ങൾ പഠിക്കാനായി ചെലവഴിച്ചു. വെള്ളൂർ ടെക്നിക്കൽ സ്കൂളിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഫാഷൻ ഡിസൈനിങ് കോഴ്സിൽ ചേരാൻ പ്രായപരിധി ഇല്ലെന്ന ഇളവാണ് അമ്മിണിയമ്മയുടെ സ്വപ്നസാക്ഷാൽക്കാരത്തിന് നിമിത്തമായത്. 2 വർഷത്തെ കോഴ്സിൽ കഴിഞ്ഞ വർഷം ചേർന്നു. കോവിഡ് കാലത്ത് ആദ്യ വർഷത്തെ പഠനം ഓൺലൈനിൽ ആയിരുന്നു.

സൂപ്രണ്ട് എ.പി. അനീഷ്, അധ്യാപകരായ സബീന, ഫാബി എന്നിവർ ഈ വിദ്യാർഥിനിക്കു ‘മുതിർന്ന’ പരിഗണന നൽകുന്നു. കോഴ്സ് പൂർത്തീകരിച്ച ശേഷം സ്വന്തം ഡിസൈനിലുള്ള വസ്ത്രങ്ങളുടെ ശേഖരവുമായി ഒരു സ്ഥാപനം തുടങ്ങുകയാണ് അമ്മിണിയമ്മയുടെ ലക്ഷ്യം. മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് ഓഫിസറായിരുന്ന പരേതനായ വിജയകൃഷ്ണൻ നായരാണ്  ഭർത്താവ്. അനുപമയും (ടെക്നോപാർക്ക്) ജയമോഹനുമാണ് (യുഎസ്) മക്കൾ.

Tags:
  • Spotlight
  • Inspirational Story