Saturday 27 October 2018 06:28 PM IST

സാലറി ചലഞ്ചിനോട് ‘നോ’ പറഞ്ഞു, ചെയ്യാത്ത എഫ്ബി പോസ്റ്റിന്റെ പേരിൽ പൊലീസുകാരന് സസ്പെൻഷൻ!

Priyadharsini Priya

Senior Content Editor, Vanitha Online

anilkumar-police56

സോഷ്യൽ മീ‍ഡിയയിൽ ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരേ ഇടാത്ത ഫെയ്സ്ബുക് പോസ്റ്റിന്റെ പേരിൽ സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ. ഇടപ്പള്ളി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ കോതമംഗലം സ്വദേശി അനിൽ കുമാറിനെതിരേയാണ് വിചിത്രമായ നടപടി. അതേസമയം സാലറി ചലഞ്ചിനോട് വിസമ്മതം അറിയിച്ചതിനാണ് ഈ നടപടിയെന്നും ആരോപണമുണ്ട്. കഴിഞ്ഞ 23 നാണ് കമ്മിഷണർ ഒപ്പിട്ട സസ്‌പെഷൻ ഓർഡർ അനിൽ കുമാറിന് ലഭിച്ചത്. അതേസമയം സസ്‌പെൻഷനുള്ള കാരണം ഓർഡറിൽ വ്യക്തമാക്കിയിട്ടില്ല. ഇത്തരമൊരു സസ്പെൻഷൻ വിചിത്രമാണെന്നാണ് പൊലീസുകാരുടെ അഭിപ്രായം. പ്രാഥമിക അന്വേഷണം പോലും ഇല്ലാതെ സസ്പെൻഡ് ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും പറയപ്പെടുന്നു. എത്രകാലത്തേക്കാണ് സസ്‌പെൻഷൻ എന്നുപോലും ഓർഡറിൽ വ്യക്തമല്ല. സ്റ്റേഷൻ ഇൻ ചാർജ് ഉള്ള ഉദ്യോഗസ്ഥനു പോലും കൂടെ ജോലി ചെയ്യുന്ന ഓഫിസറെ സസ്‌പെൻഡ് ചെയ്യാനുള്ള കാരണത്തെ കുറിച്ച് വ്യക്തതയില്ല.

സമൂഹ മാധ്യമങ്ങളിൽ തുടർച്ചയായി സർക്കാർവിരുദ്ധ പ്രചാരണം നടത്തിയതിനാണ് അനിൽ കുമാറിനെ പുറത്താക്കിയതെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. നിരന്തരം ഇയാൾ മുഖ്യമന്ത്രിയ്‌ക്കെതിരെ അപകീർത്തികരമായും സംഘപരിവാർ അനുകൂലമായും ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടു എന്നാണ് മറ്റൊരു ആരോപണം. എന്നാൽ ഇത്തരത്തിൽ ഒരു പോസ്റ്റ് അനിൽ കുമാറിന്റെ പ്രൊഫൈലിൽ ഉണ്ടായിരുന്നില്ല എന്നും ആരോ പൊലീസ് ഡിപ്പാർട്ട്മെന്റിനെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ വിരോധം തീർത്തതാണെന്നും പറയപ്പെടുന്നു. ശബരിമല വിഷയത്തിൽ വിശ്വാസിയായ ഒരാൾ പ്രകടിപ്പിക്കുന്ന അഭിപ്രായം മാത്രമാണ് അനിൽ കുമാറും പ്രകടിപ്പിച്ചതെന്നും കമ്യൂണിസ്റ്റ് വിരുദ്ധ പോസ്റ്റിന്റെ പേരിലാണ് സസ്‌പെൻഷൻ എന്നും സുഹൃത്തുക്കൾ പറയുന്നു.

ഇടപ്പള്ളി പൊലീസ് സ്റ്റേഷനിൽ സാലറി ചലഞ്ചിനെതിരേ ആദ്യം രംഗത്തുവന്നയാളാണ് അനിൽ കുമാർ. നെറ്റ് സാലറി കൊടുക്കാൻ തയാറായിരുന്നുവെന്നും എന്നാൽ ഗ്രോസ് സാലറി ഉൾപ്പെടെ മുഴുവൻ തുകയാണ് സർക്കാർ ആവശ്യപ്പെട്ടതെന്നും പറയപ്പെടുന്നു. കുടുംബവും പ്രാരാബ്ദവുമുള്ള ഭുരിഭാഗം പേർക്കും ഇതിനോട് എതിർപ്പുണ്ടായിരുന്നുവെന്നും പലരെയും സമ്മർദ്ദം ചെലുത്തി സമ്മതിപ്പിക്കുകയായിരുന്നുവെന്നും പറയുന്നു. ഇത്തരത്തിൽ എതിർപ്പ് പറഞ്ഞ ഒമ്പതോളം പേർ ഇടപ്പള്ളി സ്റ്റേഷനിൽ ജോലി ചെയ്യുന്നുണ്ട്. ഇവർക്കെതിരെ സ്ഥലം മാറ്റൽ ഭീഷണി വരെ പ്രയോഗിച്ചിരുന്നതായും ആരോപണമുണ്ട്. അനിലിനെതിരേയും സ്ഥലംമാറ്റ ഭീഷണി ഉണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം പെട്ടെന്നുള്ള സസ്പെൻഷനെന്നും, അല്ലാതെ വെറുമൊരു ഫെയ്സ്ബുക് പോസ്റ്റിന്റെ പേരിൽ ഇത്തരമൊരു നടപടി വിശ്വസിക്കാനാകുന്നില്ല എന്നുമാണ് സുഹൃത്തുക്കൾ അഭിപ്രായപ്പെടുന്നത്. കാര്യങ്ങൾ ഈ രീതിയിലാണെങ്കിൽ സാലറി ചലഞ്ചിൽ പങ്കെടുക്കാത്ത മറ്റു പൊലീസുകാർക്കെതിരെയും നടപടി വരാൻ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.

അനിൽ കുമാറിന്റെ ഭാര്യ മഞ്ജുവിന് ജോലിയില്ല. സ്കൂളിൽ പഠിക്കുന്ന രണ്ടു കുട്ടികളുണ്ട്. എട്ടിൽ പഠിക്കുന്ന നിരഞ്ജനയും നാലാം ക്ലാസ് വിദ്യാർഥിയായ കിഷനും. കുടുംബ ചെലവ്, കുട്ടികളുടെ ഫീസ് എന്നിവയെല്ലാം കഷ്ടിച്ച് നടന്നുപോകുന്നത് ഈ ജോലി മുഖേനയാണ്. പ്രളയത്തെ തുടർന്നുണ്ടായ രക്ഷാപ്രവർത്തനങ്ങളിൽ  പെരുമ്പാവൂരിൽ സജീവ പങ്കാളിയായിരുന്നു അനിൽകുമാർ. കഴിഞ്ഞ വർഷം കന്നിക്കിരീടം തേടി ഐഎസ്എൽ പടയ്ക്കിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിനു പിന്തുണ നൽകി ‘സ്വാഗതം കൊച്ചി’ എന്നു പേരിൽ ഒരു വിഡിയോ ആൽബം ഇറങ്ങിയിരുന്നു. ഈ ആൽബത്തിനായി വരികളെഴുതിയതും അനിൽകുമാറാണ്. മറ്റൊരു സംസ്ഥാനത്ത് അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതിന്റെ പേരിൽ എഴുത്തുകാർ അവാർഡ് വരെ നിഷേധിച്ച നാട്ടിലാണ് സോഷ്യൽ മീഡിയയിൽ വിശ്വാസത്തെ മുറുകെപ്പിടിച്ചതിന്റെ േപരിൽ ഇല്ലാത്ത കുറ്റത്തിന് കലാകാരൻ കൂടിയായ പൊലീസുകാരൻ നടപടി നേരിടുന്നത്.

anilkumar-police2

അനിൽ കുമാറിന്റെ സസ്പെൻഷന് കാരണമായി പറയപ്പെടുന്ന വിവാദ ഫെയ്സ്ബുക് പോസ്റ്റ്