Wednesday 26 August 2020 04:56 PM IST

‘ഇനി ഇങ്ങനെയൊരു സ്വപ്നം കാണരുതേ..’; അഞ്ജു സുരേന്ദ്രനു പറയാനുള്ളത്, കണ്ണു നിറയാതെ കേട്ടിരിക്കാൻ കഴിയാത്ത കഥ

Lakshmi Premkumar

Sub Editor

anju-ssedcgv

ചില സ്വപ്‌നങ്ങൾ കാണുമ്പോൾ നമ്മൾ കരുതും, ഇതു തീർന്നു പോവാതിരുന്നെങ്കിൽ എന്ന്. മറ്റു ചിലപ്പോളാകട്ടെ തൊണ്ടയിൽ ഉമിനീര് വറ്റി, കണ്ണുകളിലൂടെ കണ്ണീർ ചാലുകൾ കവിഞ്ഞൊഴുകും. പെട്ടന്നൊരു നിമിഷത്തിൽ സ്വപ്നത്തിൽ നിന്ന് ഉണർന്നു പോവുമ്പോൾ നമ്മൾ മനസ്സിൽ മന്ത്രിക്കും, ഇനി ഇങ്ങനെയൊരു സ്വപ്നം കാണരുതേ എന്ന്. 

ചിലപ്പോൾ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ നാം പണ്ടേപ്പഴോ കണ്ടുമറന്ന സ്വപ്നത്തിലേതാവാം. സ്വപ്നത്തിന്റെ വ്യാഖ്യാനങ്ങൾ ഇതുവരെ നിർവചിച്ചു കഴിഞ്ഞിട്ടില്ല. പഠനങ്ങളും പ്രവചനങ്ങളും മുന്നേറുമ്പോൾ തന്റെ ഒരു ദുഃസ്വപ്നം അതുപോലെ തന്നെ ജീവിതത്തിൽ സംഭവിച്ച കഥയാണ് അഞ്ജു സുരേന്ദ്രനു പറയാനുള്ളത്. കണ്ണ് നിറയാതെ കേട്ടിരിക്കാൻ കഴിയാത്ത കഥ. 

"കല്യാണത്തിന് കൃത്യം രണ്ടു മാസം മുൻപാണ്. ഏട്ടൻ (കല്യാണം നിശ്ചയിച്ച ആൾ) മരിക്കുന്നതും അദ്ദേഹത്തിന്റെ ശരീരം വീട്ടിലേക്ക് കൊണ്ടുവരുന്നതും കണ്ടു ഉറക്കത്തിൽ നിന്നും ഞാൻ ഞെട്ടി എഴുന്നേറ്റു. അദ്ദേഹം വിദേശത്താണ്. എന്തെങ്കിലും അപകടം പറ്റിയോ, കണ്ണുകൾ ഒഴുകികൊണ്ടിരുന്നു. നിയന്ത്രണം വിട്ടു ഞാൻ പൊട്ടിക്കരഞ്ഞു. ഏട്ടനെ വിളിക്കാൻ ഫോൺ എടുത്തപ്പോൾ ഫോൺ നിറയെ ഏട്ടന്റെ മെസ്സേജുകൾ ചറപറ കിടക്കുന്നു. പുള്ളി മരിച്ചുകിടക്കുമ്പോൾ ഞാൻ അടുത്തിരുന്നു കരയുന്നത് കണ്ടു ഏട്ടൻ ഞെട്ടി എഴുന്നേറ്റത്രേ. അന്ന് രാത്രി ഞങ്ങൾ ഒരുപാട് നേരം സംസാരിച്ചിരുന്നു, നേരം പുലരും വരെ. 

anjufddf76543

പിറ്റേന്ന് കോളജിൽ പോയി കൂട്ടുകാരോട് പറഞ്ഞപ്പോൾ അവരൊക്കെ ആശ്വസിപ്പിച്ചു. സ്വപ്നമല്ലേ അങ്ങനെയൊന്നും നടക്കില്ലെന്നു പറഞ്ഞു സമാധാനിപ്പിച്ചു. പിന്നെ പതിയെ എല്ലാവരും അതൊക്കെ മറന്നു. രണ്ടുമാസത്തിനു ശേഷം ഏട്ടന്റെ പിറന്നാളിന്റെ ദിവസം, കല്യാണത്തിനു ദിവസങ്ങൾ ബാക്കി നിൽക്കെ എന്നെ വിട്ടുപോയി. പൊള്ളലേറ്റ് മരണപ്പെട്ടു എന്നാണ് അവിടെ നിന്നറിയിച്ചത്. ആത്മഹത്യ എന്നു പോസ്റ്റ്മോർട്ടം റിസൾട്ടും വന്നു. ഈ വരുന്ന നവംബർ 10 നു ഒരു വർഷം തികയും, കാണാതെയും മിണ്ടാതെയുമായിട്ട്. ആ സ്വപ്നം കണ്ടപ്പോൾ അനുഭവപ്പെട്ട അതേ വിറയൽ ഇപ്പോഴും തോന്നുന്നു. 

പിന്നീട് എഴുതിയ കവിതകളിലൂടെ, എന്നിലൂടെ ഇപ്പോഴും അദ്ദേഹം ജീവിക്കുന്നു. ഞാൻ ഇപ്പോൾ പി ജി കഴിഞ്ഞു ബി എഡ് ചെയ്യുകയാണ്. ഇപ്പോൾ പതുക്കെ മനസ് അദ്ദേഹം ഇല്ല എന്ന യഥാർഥ്യവുമായി പൊരുത്തപെട്ടു. സന്തോഷം നമ്മൾ സ്വയം കണ്ടെത്തണം എന്ന് പഠിച്ചു. ഇപ്പോൾ എന്റെ മനസ്സിൽ നിറയെ കവിതകളാണ്. നിറയെ എഴുതണം. എന്നെക്കൊണ്ട് ആവും വിധം എല്ലാവരെയും സഹായിക്കണം. 'ഇല പറഞ്ഞത്'- എന്നൊരു കവിതാ പുസ്തകം ഇറക്കിയിട്ടുണ്ട്. 

വീട്ടിൽ അച്ഛനും അമ്മയും സഹോദരിമാരും ഉണ്ട്. ആരും എന്നെ ഒന്നിനും നിർബന്ധിക്കാറില്ല. എനിക്കറിയാം എനിക്ക് പുതിയൊരു ജീവിതത്തെ കുറിച്ച് അവർ തീർച്ചയായും ആശങ്കയുണ്ടാകും. എന്നാലും കുറച്ചുസമയം ഞാൻ ചോദിച്ചിട്ടുണ്ട്. അദ്ദേഹമില്ലാത്ത ഈ ലോകത്ത് എനിക്കൊന്നു ജീവിച്ചു പഠിക്കണം."- അഞ്ജു സുരേന്ദ്രൻ പറയുന്നു.

Tags:
  • Spotlight