Friday 03 September 2021 05:49 PM IST

‘രണ്ടുവട്ടം അബോർഷൻ, മെലിഞ്ഞതിന്റെ പേരിൽ ബോഡിഷെയ്മിങ്’: അധിക്ഷേപിക്കും മുമ്പ് അവളുടെ കഥയറിയണം: വൈറൽ

Binsha Muhammed

arya-main-cover

പ്രകൃതിയും മാതൃത്വത്തിന്റെ സൗന്ദര്യവും ഒന്നായി അലിഞ്ഞു ചേർന്ന നിമിഷം. കുഞ്ഞോളങ്ങളുടെ പരിലാളനമേറ്റ്, പച്ചപ്പു നിറച്ച ഫ്രെയിമുകൾക്കു നടുവിൽ മാതൃത്വത്തിന്റെ നിറസൗന്ദര്യവുമായി അവളെത്തിയ നിമിഷത്തെ അങ്ങനെ വിശേഷിപ്പിക്കണം. നെറ്റിയിൽ സിന്ദൂരം, അഴകുവിടർത്തി ആടയാഭരണങ്ങൾ, എല്ലാത്തിനുമപ്പുറം അമ്മയാകുന്നതിലെ സന്തോഷച്ചിരി മുഖത്ത്. പശ്ചാത്തലമൊരുക്കിയ പ്രകൃതിപോലും ആ മനോഹര ഫ്രെയിമിനു മുന്നിൽ ഒന്നുമല്ലാതായ നിമിഷം.

നിറവയറിന്റെ നിറചന്തവുമായി എത്തി ഒരമ്മയാണ് ഹൃദയം കവരുന്നത്. മാതൃത്വത്തിന്റെ പൂർണതയും കാത്തിരിപ്പും ഒരുപോലെ ഫ്രെയിമിലാക്കിയ ആ ചിത്രങ്ങളെ സോഷ്യൽ മീഡിയ ലൈക്കിലേറ്റിയത് അതിവേഗം. മാതൃത്വത്തിന്റെ അഴക് വിളിച്ചോതുന്ന ആ ചിത്രങ്ങൾക്കു പിന്നിലും പെൺമനമറിയുന്നൊരു ഫൊട്ടോഗ്രഫറായിരുന്നു. ആര്യയെന്ന പെൺകുട്ടിയുടെ കൺമണിക്കായുള്ള കാത്തിരിപ്പിനെ മിഴിവോടെയും അഴകോടെയും പകർത്തിയത് രേഷ്മ മോഹനെന്ന വൈറല്‍ ഫൊട്ടോഗ്രാഫറാണ്.

ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടതോടെ പതിവും തല്ലലും തലോടലുമായി സോഷ്യൽ മീഡിയയും രംഗത്തെത്തിയിട്ടുണ്ട്. ഒരുവശത്ത് മനോഹരമായ ഫ്രെയിമുകളെ വാഴ്ത്തുമ്പോൾ മറുവശത്ത് സംസ്കാരശൂന്യമെന്ന് വിധിയെഴുതാനും സോഷ്യൽ മീഡിയ മറന്നിട്ടില്ല. പക്ഷേ രേഷ്മയ്ക്കു പറയാനുള്ളതാകട്ടെ തന്റെ ക്യാമറക്കണ്ണുകളിൽ പിറവികൊണ്ട മനോഹര ചിത്രത്തിനു പിന്നിലെ കാത്തിരിപ്പിന്റേയും കഷ്ടപ്പാടിന്റേയും വേദനകളുടേയും കഥയാണ്. ചിത്രങ്ങളെ ‘ചിത്രവധം’ ചെയ്യുന്നവരോടും ഏറ്റെടുത്തവരോടും രേഷ്മ തന്നെ മറുപടി പറയുന്നു, ‘വനിത ഓൺലൈനിലൂടെ.’

arya-4

ഫ്രെയിമിൽ നിറഞ്ഞ് മാതൃത്വം

രണ്ട് അബോർഷന്റെ വേദനയറിഞ്ഞവൾ, ബോഡി ഷെയ്മിങ്ങിന്റെ പേരിൽ പരിഹസിക്കപ്പെട്ടവൾ. അവളുടെ മുഖത്ത് പുഞ്ചിരി വിതറിയ സന്തോഷമാണ് ആ ചിത്രങ്ങൾ. ആ ചിത്രത്തെ അധിക്ഷേപിക്കും മുമ്പ്, അവളുടെ കഥയറിയണം. അതുപോലെ തന്നെ ആ ചിത്രങ്ങളെ കണ്ണുകൊണ്ട് കാണാതെ മനസു കൊണ്ടു കൂടി കാണണം– രേഷ്മ ആദ്യമേ നിലപാട് വ്യക്തമാക്കുകയാണ്.

ആര്യയെന്നാണ് ആ കുട്ടിയുടെ പേര്. തിരുവനന്തപുരം വെള്ളറട സ്വദേശി വിനീതിന്റെ ഭാര്യ. കുഞ്ഞിനു വേണ്ടിയുള്ള അവളുടെ കാത്തിരിപ്പിനും കണ്ണീരിനും ഇടയിലുള്ള അവളുടെ ജീവിതത്തിൽ രണ്ടുവട്ടമാണ് പരീക്ഷണമെത്തിയത്. ആദ്യത്തെ രണ്ട് ഗർഭവും അബോർഷനായി. മൂന്നാമത്തെവട്ടമാണ് ദൈവം അവളുടെ പ്രാർത്ഥന കേട്ടത്. അതുകൊണ്ടു തന്നെ ഈ കൺമണി വരവറിയിച്ച നിമിഷം ശരിക്കും സ്പെഷ്യലായിരുന്നു

സ്വതവേ മെലിഞ്ഞ പ്രകൃതമാണ് ആര്യയുടേത്. ഗർഭധാരണത്തിന്റെ ആദ്യമാസങ്ങളിൽ തീരേ ചെറിയ വയറായിരുന്നു. അതിന്റെ പേരിൽ ഒത്തിരി ബോഡിഷെയ്മിങ്ങും ആ പാവം കേട്ടിട്ടുണ്ട്. ഗർഭിണിയാണെന്ന് കണ്ടാൽ പറയില്ലല്ലോ, നിനക്ക് വയറില്ലല്ലോ എന്നൊക്കെ പറഞ്ഞ് പലരും പരിഹസിച്ചിട്ടുണ്ട്. അന്നുകേട്ട പരിഹാസങ്ങൾക്കും കളിയാക്കലുകൾക്കുമുള്ള മറുപടിയാണ് അവളുടെ മുഖത്ത് കാണുന്ന ഈ ആത്മവിശ്വാസത്തിന്റെ ചിരി.

arya-3

സുന്ദരിയായി അവൾ

ഫെയ്സ്ബുക്കിലൂടെയാണ് ഞാനും ആര്യയും ചങ്ങാതിമാരാകുന്നത്. നേരിടേണ്ടി വന്ന അബോർഷനെ കുറിച്ചും കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിനെകുറിച്ചും ഫെയ്സ്ബുക്കിൽ ആര്യ മുമ്പ് പങ്കുവച്ചിട്ടുണ്ട്. പക്ഷേ ആ വേദനകളെ കുറിച്ച് വിശദമായി അറിഞ്ഞത് ഞങ്ങളുടെ ഫെയ്സ്ബുക്ക് സൗഹൃദ‌ത്തിലൂടെയാണ്.

ഗർഭകാലത്ത് അവൾ നേരിട്ട മുനവച്ച പരിഹാസങ്ങൾ, അധിക്ഷേപങ്ങൾ, ബോഡി ഷെയ്മിങ്ങ് എല്ലാത്തിനും മനോഹരമായി മറുപടി പറയുക. അതായിരുന്നു മനസിൽ. ഫൊട്ടോഗ്രാഫറായ എന്റെ മനസിലെ ആശയം പങ്കുവച്ചപ്പോള്‍ പുള്ളിക്കാരി ഹാപ്പി. ഭർത്താവും കട്ട സപ്പോർട്ട്. സോഷ്യൽ മീ‍ഡിയ ഏറ്റെടുത്ത ആ മനോഹര ചിത്രങ്ങൾ പിറവിയെടുക്കുന്നത് അങ്ങനെയാണ്.

arya-5

മഞ്ഞ ഗൗണിൽ അതിസുന്ദരിയായി അവളെ ഒരുക്കിയാണ് ആദ്യത്തെ ഫൊട്ടോഷൂട്ട് പ്ലാൻ ചെയ്തത്. മനോഹരമായ ചിത്രങ്ങൾ ലഭിച്ചെങ്കിലും വയറിന്റെ വലുപ്പം അറിയുന്നില്ല എന്ന ആര്യയുടെ സങ്കടം ബാക്കി നിന്നു. രണ്ടാമത്തെ ഘട്ടം ഫൊട്ടോഷൂട്ട് അറേഞ്ച് ചെയ്തത് അമ്പൂരിയിലെ എന്റെ വീടിനടുത്തുള്ള കടവിലാണ്. പച്ചപ്പു നിറഞ്ഞ പശ്ചാത്തലത്തിൽ തെളിനീരൊഴുകുന്ന നദിക്കരികിൽ. സാരി പാവാടപോലെ ചുറ്റി മാച്ചിങ് ബ്ലൗസ് അണിയിച്ച് നെറ്റി നിറയെ സിന്ദൂരം ചാർത്തി ട്രഡീഷണൽ ആഭരണമൊക്കെ നൽകിയാണ് അവളെ ഒരുക്കിയത്. ഈ നാടൻ ചന്തം ഫൊട്ടോയിലും പ്രതിഫലിച്ചു. അത്രയും കെയര്‍ നൽകിയാണ് അവളെ ഫൊട്ടോഷൂട്ടിന് ഒരുക്കിയത്. വള്ളത്തിലിരുത്തി ഷൂട്ട് ചെയ്ത നേരത്തും, വെള്ളത്തിലേക്കിറങ്ങിയ നേരത്തും അത്രയേറെ ശ്രദ്ധിച്ചു. എന്റെ അമ്മ ടീച്ചർ ഉഷാകുമാരിയും ആര്യയെ മകളെപ്പോലെ കെയർ ചെയ്ത് ഒപ്പമുണ്ടായിരുന്നു. ഞങ്ങൾ അന്നെടുത്ത ആ എഫർടിന്റെ ഫലമാണ് മനോഹര ചിത്രങ്ങളായി പിറവിയെടുത്തത്. നിസയാണ് ചമയം.

arya-mid

ലൈക്കിലേറി മാതൃത്വം

ചിത്രങ്ങൾ സോഷ്യൽ മീഡിയ ഇരുകയ്യും നീട്ടി സ്വീകരിച്ചു എന്നറിഞ്ഞതിൽ വലിയ സന്തോഷം. അമ്മയാകാൻ കൊതിക്കുന്ന ഒരുപാട്പേർ ഇതുപോലുള്ള മനോഹര നിമിഷങ്ങൾ കൊതിക്കുന്നു എന്നു പറഞ്ഞപ്പോൾ വലിയ സന്തോഷം തോന്നി. അവർക്കും ഇതുപോലെ അണിഞ്ഞൊരുങ്ങണമെന്നും, ഫൊട്ടോയ്ക്ക് പോസ് ചെയ്യണമെന്നും പറഞ്ഞത് വലിയ അംഗീകാരമായി. പക്ഷേ ഇതിനിടയിലും പരിഹാസ കമന്റുകളും അധിക്ഷേപങ്ങളും വന്നു. എന്തിനേറെ ഭീഷണി പോലുമെത്തി. ഇതൊന്നും നമ്മുടെ സംസ്കാരത്തിന് യോജിച്ചതല്ലെന്നും അശ്ലീലമെന്നും വരെ പലരും വിധിയെഴുതി. സദാചാരക്കാരുടെ സ്ഥാനത്തെയും അസ്ഥാനത്തേയും ഉപദേശങ്ങളും വേറെ. ഫൊട്ടോ ഡിലീറ്റ് ചെയ്യണമെന്നായിരുന്നു സദാചാരക്കാരില്‍ ഭൂരിഭാഗം പേരുടേയും ആവശ്യം. ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വെള്ളിയാഴ്ച രാവിലെ എനിക്കൊരു ഭീഷണി കോളും വന്നു. ഫൊട്ടോ സംസ്കാര ശൂന്യമാണെന്നും ഡിലീറ്റ് ചെയ്യണമെന്നുമായിരുന്നു വിളിച്ച കക്ഷിയുടെ ആവശ്യം. ഡിലീറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്ന് കൃത്യം മറുപടി കൊടുത്തിട്ടുണ്ട്. വിദേശികളെ പോലെ ഗൗണൊക്കെ അണിഞ്ഞ് മോഡേൺ ആയി വരുമ്പോൾ ആർക്കും പ്രശ്നമില്ല എന്നാണോ? ദയവു ചെയ്ത് തലച്ചോർ കൊണ്ട് കാണാതെ മനസു കൊണ്ടുകൂടി ആ ചിത്രത്തെ കാണാൻ ശ്രമിക്കൂ.

ഈ ചിത്രം പുറത്തിറങ്ങുമ്പോൾ ആര്യ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയിട്ടുണ്ട്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. തത്കാലം ഈ പരിഹാസങ്ങളെ മൈൻഡ് ചെയ്യാൻ അമ്മയായ അവർക്ക് താത്പര്യമില്ല. ആ ചിത്രം സന്തോഷമല്ലാതെ മറ്റൊന്നും അവർക്കും അതു നൽകിയിട്ടില്ല. ഫൊട്ടോഗ്രാഫർ എന്ന നിലയിൽ എനിക്കും അതുമതി. അതു പോരേ...രേഷ്മ ചിരിയോടെ നിർത്തി.

arya-61