Thursday 02 December 2021 03:00 PM IST

‘ഞാൻ എന്റെ ശരീരം മാറ്റി, അച്ഛൻ വാക്കത്തിയുമായി വെട്ടാനെത്തി’: അവളിലേക്കുള്ള ദൂരം... അവന്തിക പറയുന്നു

Binsha Muhammed

avanthika

കാലഭേദങ്ങളെ ‘ഫ്രീസ്’ ആക്കി നിർത്താനുള്ള കഴിവ് ചിത്രങ്ങൾക്കുണ്ടെന്ന് ആലങ്കാരികമായി പറയാറുണ്ട്. രൂപവും ഭാവവും മാറ്റിമറിക്കുന്ന കാലങ്ങളെ ട്രാൻസ്ഫർമേഷൻ ചലഞ്ചിലൂടെ തിരികെ വിളിക്കുകയാണ് ന്യൂജനറേഷൻ. തടിച്ച ശരീരങ്ങളിൽ നിന്ന് സൈസ് സീറോയിലേക്കും സാധാരണ ചുറ്റുപാടുകളിൽ നിന്ന് മെച്ചപ്പെടലുകളിലേക്കുമുള്ള യാത്രകളെ ട്രാൻസ്ഫർമേഷന്റെ ടാഗിൽ പലരും കോർത്തെടുക്കാറുണ്ട്. പക്ഷേ ആണുടലിൽ നിന്ന് പെണ്ണുടലിലേക്കും സ്വത്വത്തിലേക്കുമുള്ള യാത്രകളെ അമ്പരപ്പിക്കും വിധമുള്ള ചിത്രങ്ങളിലൂടെ അടയാളപ്പെടുത്തുകയാണ് ചിലർ. ജന്മംകൊണ്ട് ആണിന്റെ കുപ്പായമണിയുകയും ഒടുവിൽ മനസിന്റെ വിളികേട്ട് പെണ്ണുടലിലേക്കും മനസിലേക്കും പാറിപ്പറന്ന അവരുടെ ചലഞ്ച് വലിയൊരു വിപ്ലവം കൂടിയാണ്. അവന്തിക വിഷ്ണുവെന്ന സാമൂഹ്യ പ്രവർത്തകയ്ക്കും പറയാനുണ്ട് അങ്ങനെയൊരു കഥ. രണ്ടു ചിത്രങ്ങളുടെ കാലദൈർഘ്യങ്ങൾക്കിടയിൽ അവൾ കണ്ട ജീവിതാനുഭവങ്ങളുടെ കഥയാണിത്. സോഷ്യൽ മീഡിയയെ അമ്പരപ്പിച്ച ട്രാൻസ്ഫർമേഷൻ ചലഞ്ചിന്റെ കഥ, വനിത ഓൺലൈൻ പരമ്പര തുടങ്ങുന്നു,  സ്വത്വം തേടുന്ന ജീവിതങ്ങൾ...

ജീവിതം ഒരു ചലഞ്ച്

‘ഇങ്ങനെ വേഷംകെട്ടി ജീവിക്കാന്‍ ഇവിടെ പറ്റില്ല...’

ഓർമകളുടെ ഫ്രെയിമുകൾ ചികയുമ്പോൾ അച്ഛൻ ലൂക്ക അറുത്തുമുറിച്ചു പറഞ്ഞ ആ വാക്കുകൾ എന്റെ കാതുകളിൽ വന്നലയ്ക്കുന്നുണ്ട്. രണ്ട് ഫ്രെയിമുകളിലായി നിങ്ങൾ കണ്ട എന്റെ ചിത്രങ്ങൾ. എന്റെ ജീവിതത്തിന്റെ രണ്ട് അധ്യായങ്ങളാണ്. ഓർക്കുമ്പോൾ ഇന്നും ഉള്ളിലൊരു വിങ്ങലായി ആ പോയകാലമുണ്ട്– അവന്തിക പറഞ്ഞു തുടങ്ങുകയാണ്.

കോട്ടയം പാലയാണ് എന്റെ സ്വദേശം. ലോട്ടറി വിൽപന ഉപജീവനമാക്കിയ ലൂക്കയുടേയും മോളിയുടേയും മകനായി ജനനം. ജന്മം കൊണ്ട് ആണിന്റെ കുപ്പായമണിഞ്ഞു അത്രമാത്രം. അത് വെറുമൊരു വെളിപാടായിരുന്നില്ല. കാലം എനിക്ക് കാട്ടിത്തന്നു കൊണ്ടേയിരുന്ന. അറിയാവുന്ന പ്രായത്തിലേ പെൺകുട്ടികളായിരുന്നു എന്റെ കൂട്ട്. കൺമഷിയും വളയും ചാന്തും എന്റെ ഇഷ്ടങ്ങളായി. അമ്മയുടെ സാരിയുടുത്ത് കണ്ണാടിക്ക് മുന്നിൽ നിന്ന കാലം ഇന്നും ഓർമയിലുണ്ട്. പക്ഷേ അന്നൊന്നും എന്റെ മനസിലെ വിചാരങ്ങൾ എന്താണെന്നോ ട്രാൻസ് ജെൻഡർ എന്താണെന്നോ തിരിച്ചറിയാതെ പോയി. പ്ലസ്ടു കാലമായിരുന്നു ജീവിതത്തിലെ ടേണിങ് പോയിന്റ്. അന്നും കൂട്ടുകാരൻമാരേക്കാൾ കൂട്ടുകാരികൾ ആയിരുന്നു കൂടുതൽ. ക്ലാസിൽ കൺമഷിയൊക്കെ എഴുതി പോകുന്ന ഞാൻ ടീച്ചർമാരുടെ വരെ പരിഹാസ പാത്രമായി. പെൺകുട്ടികളെ പോലെ ഒരുങ്ങിയതിന് ക്ലാസിൽ നിന്ന് ഗെറ്റ് ഔട്ട് അടിക്കുന്ന സാഹചര്യം വരെ ഉണ്ടായി. പെണ്ണാച്ചി... ചാന്തുപൊട്ട് എന്നിങ്ങനെയുള്ള പരിഹാസപ്പേരുകൾ വേറെയും. അന്ന് ഞാൻ അനുഭവിച്ച വേദനകൾ എനിക്കു മാത്രം സ്വന്തമായിരുന്നു. അല്ലെങ്കിലും അന്നൊക്കെ ഞങ്ങളുടെ വേദനയൊക്കെ ആരറിയാനാണ്.– അവന്തിക ഒരുനിമിഷം മിഴികൾ തുടച്ചു.

avanthika-2

സോഷ്യൽ മീഡിയയുടെ കടന്നു വരവോടെയാണ് എന്നെപ്പോലെ ചിന്തിക്കുന്നവർ ഒരുപാട് പേർ ഈ ഭൂമിയിൽ ഉണ്ടെന്ന് ബോധ്യമായത്. അവരെ ഫെയ്സ്ബുക്കിലൂടെ അടുത്തറിഞ്ഞതോടെ ഉള്ളിലൊരു ആത്മവിശ്വാസമുണ്ടായി. ഒറ്റയ്ക്കല്ല ഞാനെന്ന ബോധ്യമുണ്ടായി. കുറേപേരെ കണ്ടു പരിചയപ്പെട്ടു. എന്റെ ഉള്ളിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന സ്വത്വമാറ്റത്തെയും അതിന്റെ പരിണാമത്തേയും കുറിച്ച് വിശദമായി അറിഞ്ഞു, പഠിച്ചു. പല സമരമുഖങ്ങളിലും വച്ച് ട്രാൻസ് കമ്മ്യൂണിറ്റിയിലുള്ളവരെ കണ്ടു, പരിചയപ്പെട്ടു. അങ്ങനെയാണ് സ്ത്രീയായി മാറാനുള്ള സർജറിയെ കുറിച്ചും ഹോർമോൺ ചികിത്സയെ കുറിച്ചും അറിയുന്നത്. പക്ഷേ വലിയ ഭൂകമ്പങ്ങൾ സംഭവിക്കാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു.

ഒരിക്കൽ കമ്മ്യൂണിറ്റിയുടെ ഒരു പ്രോഗ്രാമിൽ വധുവായി അണിഞ്ഞൊരുങ്ങി. ആ ചിത്രം ഫെയ്സ്ബുക്ക് വഴി നാട്ടിലുള്ള പലരും അച്ഛനെ കാണിച്ചു. അച്ഛനു മുന്നിൽ ഞാന്‍ പൂർണമായും വെറുക്കപ്പെട്ടവളാകുന്നത് അങ്ങനെയാണ്. ഇങ്ങനെ വേഷം കെട്ടി ജീവിക്കാൻ ഇവിടെ പറ്റില്ല, എങ്ങോട്ടെങ്കിലും പൊയ്ക്കോണം എന്ന് അന്ന് പറഞ്ഞു. ആയിടയ്ക്ക് ഹോർമോണ്‍ ചികിത്സയൊക്കെ ഞാൻ ആരംഭിച്ചിരുന്നു. മരുന്നിന്റെ ഫലമായി, സ്തനങ്ങൾ വളർച്ച പ്രാപിച്ചു തുടങ്ങിയത്, അച്ഛന്റെയും അമ്മയുടേയും ശ്രദ്ധയിൽപെട്ടു. ടീ ഷർട്ടൊക്കെ ഇട്ട് നിൽക്കുന്ന എന്നെ കണ്ട് കലിതുള്ളിയെത്തി അച്ഛൻ. വാക്കത്തിയുമായി എന്നെ വെട്ടാനെത്തി. കഷ്ടിച്ചാണ് അന്ന് രക്ഷപ്പെട്ടത്.

avanthika-6

അവന്തിക... അവളിലേക്കുള്ള ദൂരം

വീട്ടിൽ നിൽക്കാൻ കഴിയില്ല എന്ന നിലയിലായപ്പോള്‍ എങ്ങോട്ടെങ്കിലും പോയി ജീവിക്കാന്‍ അമ്മ പറഞ്ഞു. എന്റെ സർട്ടിഫിക്കറ്റും കുറച്ചു തുണികളും പിന്നെയൊരു 500 രൂപയും തന്ന് എന്നെ പറഞ്ഞു വിട്ടു. ലക്ഷ്യമില്ലാതെയുള്ള യാത്ര.... മുന്നിൽ ശരിക്കും ഇരുട്ടായിരുന്നു. കുറേനാൾ സുഹൃത്തുക്കളുടെ വീട്ടിൽ നിന്നു. വീട്ടിൽ നിന്നു പുറത്തായതോടെ പഠനം അന്ന് പാതിയിൽ മുടങ്ങി. സർജറിക്കും ഹോർമോൺ ചികിത്സയ്ക്കുമായുള്ള പണം എന്റെ പല സുഹ‍ൃത്തുക്കളും സ്വരൂപിച്ചിരുന്നത് സെക്സ് വർക്കും മറ്റും ചെയ്തിട്ടാണ്. നിവൃത്തിയില്ലാഞ്ഞിട്ടാണ്. അങ്ങനെയൊരു അവസ്ഥയിലേക്ക് പലരും എത്തിപ്പെട്ടത്. പക്ഷേ ഞാൻ ആ വഴി തിരഞ്ഞെടുക്കില്ലെന്ന് ശരിക്കും ഉറപ്പിച്ചു. അന്ന് ജീവിതവഴിയിൽ ഒറ്റപ്പെട്ടു പോകുമായിരുന്ന എന്നെ അമ്മയെപ്പോലെ ചേർത്തു പിടിച്ചത് കമ്മ്യൂണിറ്റിയിലെ എന്റെ അമ്മ രഞ്ജുമോൾ മോഹനാണ്. അമ്മ സെക്സ് വർക്കിന് പോയാണ് എന്നെ പോലുള്ള ഒരുപാട് പേർക്ക് തണലൊരുക്കിയത്. അതൊന്നും ഒരിക്കലും മറക്കില്ല.

ട്രാൻസ് വുമണായി മാറാനുള്ള സർജറിക്കു വേണ്ടിയുള്ള പണം സംഘടിപ്പിക്കാൻ ഒത്തിരി അലഞ്ഞു. അവിടെയും ദൈവം എന്നെ കൈവെടിഞ്ഞില്ല. സുഹൃത്തുക്കൾ കുറേപേർ എനിക്ക് പണം കടമായി തന്ന് സഹായിച്ചു. അങ്ങനെ കാത്തിരുന്ന ആ നിമിഷമെത്തി. ജീവിതം മുന്നിലേക്കിട്ടു തന്ന എല്ലാ പ്രതിബന്ധങ്ങളേയും താണ്ടി ഞാൻ പെണ്ണായി മാറി. 2020 ഫെബ്രുവരിയിൽ എല്ലാ ചികിത്സ നടപടി ക്രമങ്ങളും പൂർത്തിയായി. ജന്മം കൊണ്ടി എനിക്കു കിട്ടിയ ആണിന്റെ കുപ്പായത്തെ അങ്ങനെ വലിച്ചെറിഞ്ഞു.

avanthika-1

കൂട്ടിന് എന്റെ വിഷ്ണു

ഞാൻ അനുഭവിച്ച എല്ലാ വേദനകൾക്കു പകരമായി ജീവിതം എനിക്കു തന്ന സന്തോഷമായിരുന്നു എന്റെ വിഷ്ണു. ഒരിക്കൽ ബാങ്കിൽ വച്ചാണ് വിഷ്ണുവിനെ ഞാൻ പരിചയപ്പെടുന്നത്. എന്റെ അടുത്തേക്ക് വന്ന പുള്ളിക്കാരൻ, ട്രാൻസ് ജെൻഡർ വ്യക്തികളെ വലിയ താത്പര്യമാണെന്നറിയിച്ചു. അന്ന് അത് വെറുമൊരു സൗഹൃദം മാത്രമായിരുന്നു. വിവാഹം കഴിക്കുകയാണെങ്കിൽ ഒരു ട്രാൻസ് യുവതിയെ വിവാഹം കഴിക്കുമെന്ന് വിഷ്ണു പറഞ്ഞപ്പോൾ അങ്ങനെയൊരാളെ കിട്ടട്ടെ എന്നായിരുന്നു എന്റെ തിരിച്ചുള്ള ആശംസ. പക്ഷേ എന്നെ ഏറെ ഇഷ്ടമാണെന്നും വിവാഹം കഴിക്കണമെന്നും പറഞ്ഞപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. എന്റെ ജീവിതം എന്തെന്നും ഞാൻ ആരെന്നും പറഞ്ഞു മനസിലാക്കാൻ ആവുന്നത് ശ്രമിച്ചു. പക്ഷേ പുള്ളി ശരിക്കും സീരിയസായിരുന്നു. വിഷ്ണുവിന്റെ വീട്ടുകാർ എങ്ങനെ സ്വീകരിക്കും എന്ന് ആശങ്കയുണ്ടായിരുന്നു. പക്ഷേ ആ വിഷ്ണുവിന്റെ അമ്മ ഞങ്ങളുടെ ഒപ്പം നിന്നു. എന്റെ മകൻ ഇഷ്ടപ്പെടുന്നത് ഒരു ട്രാൻസ് യുവതിയെ ആണെങ്കിൽ അതു തന്നെയാണ് എന്റെയും ഇഷ്ടമെന്ന് അമ്മ നിലപാടെടുത്തു. അങ്ങനെയാണ് ഞാൻ വിഷ്ണുവിന്റെ പെണ്ണാകുന്നത്. വിഷ്ണു പെയിന്റിങ് കോൺട്രാക്ട് ജോലികൾ എടുത്ത് ചെയ്തു വരുന്നത്.

ഇന്ന് ഇരുപത്തിയേഴ് വയസിന്റെ പക്വതയിൽ നിൽക്കുമ്പോൾ കുറച്ചു സ്വപ്നങ്ങൾ കൂടി മനസിലുണ്ട്. സിവിൽ സർവീസ് എന്ന വലിയ സ്വപ്നം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയാണ് ഞാനിപ്പോൾ. മറ്റൊരു വലിയ ലക്ഷ്യം കൂടിയുണ്ട്, നാളെ ട്രാൻസ് ജെൻഡറുകളുടെ ശബ്ദമായി മാറുന്ന ഒരു എംപിയോ എംഎൽഎയോ ആകുക. ഇത്രയും അദ്ഭുതങ്ങൾ സംഭവിച്ചില്ലേ... അപ്പോൾ ഇതും നടക്കും.– അവന്തിക പറഞ്ഞു നിർത്തി.

avanthika-4