Saturday 13 June 2020 04:28 PM IST

ടീച്ചർ ജോലിയിൽ നിന്ന് അഞ്ചു പൈസ സമ്പാദ്യമില്ല, സ്വന്തം ചെലവുകൾക്ക് ആശ്രയിച്ചിരുന്നത് ഭർത്താവിനെ! ബിസിനസ്സിൽ മാത്രമല്ല സാമൂഹികപ്രവർത്തനങ്ങളിലും സുഷമ ‘ലയൺ’

Priyadharsini Priya

Sub Editor

sushama-nandu1

നെറ്റിയിൽ വട്ടപ്പൊട്ടും മനസ്സ് നിറയ്ക്കുന്ന ചിരിയുമായി വരുന്നയാളെ കണ്ടാൽ കേരളത്തിലെ അറിയപ്പെടുന്ന ബിസിനസ് ഐക്കൺ ആണെന്ന് പറയുകയേ ഇല്ല. മുഖത്ത് ബിസിനസുകാരിയുടെ പതിവു കാർക്കശ്യമില്ല, സൗമ്യമായ പെരുമാറ്റവും ലളിതമായ സംസാരരീതിയും. എന്തേ ഇങ്ങനെയെന്ന് ചോദിച്ചാൽ ഉടൻ ഉത്തരം എത്തും– "25 വർഷം സർക്കാർ സ്‌കൂളിൽ അധ്യാപികയായിരുന്നു. പഠിച്ചതും സർക്കാർ സ്‌കൂളിൽ. സാധാരണക്കാരുടെ പ്രശ്നങ്ങൾ അടുത്തറിഞ്ഞാണ് വളർന്നത്. അതുകൊണ്ട് സാമൂഹിക പ്രവർത്തങ്ങൾ എനിക്ക് പുതിയ കാര്യമല്ല. കൂടുതൽ ഇഷ്ടത്തോടെ ചെയ്യുന്ന ഒരു പ്രവൃത്തി മാത്രം." 

ലയൺ ഡിസ്ട്രിക്റ്റ് 318 ഡി-യുടെ സെക്കന്‍ഡ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് മണപ്പുറം ഗോൾഡ് എംഡി സുഷമ നന്ദകുമാർ. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിൽ നടന്ന വാശിയേറിയ മത്സരത്തിലാണ് സുഷമ നന്ദകുമാറിനെ തിരഞ്ഞെടുത്തത്. സാമൂഹിക രംഗത്ത് കാഴ്ചവച്ച മികച്ച പ്രവർത്തനങ്ങളാണ് സുഷമയ്ക്ക് തുണയായത്. മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ വി പി നന്ദകുമാറിന്റെ ഭാര്യയാണ് സുഷമ. നന്ദകുമാർ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവും ഡിസ്ട്രിക്റ്റ് 318 ഡി-യുടെ മുന്‍ ഗവര്‍ണറുമാണ്. 25 വർഷത്തെ അധ്യാപന ജീവിതത്തിൽ നിന്നും വിരമിച്ച ശേഷം 2011 ലാണ് മണപ്പുറം റിതി ജ്വല്ലേഴ്‌സിന്റെ സാരഥിയായി സുഷമ ചുമതലയേറ്റത്. പുതിയ ചുമതലയെക്കുറിച്ചും ബിസിനസിനെക്കുറിച്ചുമെല്ലാം വ്യക്തമായ കാഴ്ചപ്പാടുണ്ട് അവർക്ക്. വളരെ അടുത്തറിയാവുന്ന ഒരാളോടെന്ന പോലെ സുഷമ നന്ദകുമാർ ‘വനിത ഓൺലൈനു’മായി സംസാരിച്ചതിലേറെയും ജീവിതം നൽകിയ പാഠങ്ങളെക്കുറിച്ചായിരുന്നു.  

sushama-nandu3

വീടെത്തുമ്പോൾ 'ഓട്ടകാലണ' 

ജനിച്ചുവളർന്നത് വലപ്പാട് ബീച്ച് ഏരിയയിലാണ്. അവിടെ സാധാരണ സർക്കാർ സ്‌കൂളിലാണ് പഠിച്ചത്. അതുകൊണ്ടുതന്നെ ഒരുപാട് ജീവിതങ്ങൾ കാണാൻ ഇടയായിട്ടുണ്ട്. പഠിപ്പിക്കുന്ന കാലത്തും മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ കണ്ടിട്ടുള്ള വ്യക്തിയാണ്. അക്കാലത്ത് വിദ്യാർത്ഥികളിൽ പലരും മൂന്നുനേരം ഭക്ഷണം കഴിക്കാൻ പോലും സാഹചര്യം ഇല്ലാതെ, വീട്ടിൽ പോകാൻ ഇഷ്ടമില്ലാതെ ഇരിക്കുന്നത് കണ്ടിട്ടുണ്ട്. അതുപോലെ വീടുകളിൽ സ്നേഹവും സംരക്ഷണവും ഒന്നും കിട്ടാത്ത കുട്ടികളും ഉണ്ട്. പലപ്പോഴും ഇങ്ങനെയുള്ള പ്രശ്നങ്ങൾ നമ്മൾ മനസ്സിലാക്കുന്നത് അവരുടെ ബാക്ഗ്രൗണ്ട് അന്വേഷിച്ചു വീടുകളിലേക്ക് ചെല്ലുമ്പോഴായിരിക്കും. ചിലരുടെ അച്ഛനും അമ്മയും രണ്ടു വഴിക്കു പോയിട്ടുണ്ടാകും. മുത്തശ്ശന്റെയോ മുത്തശ്ശിയുടെയോ സംരക്ഷണയിൽ ആയിരിക്കും അവരുടെ ജീവിതം. 

ഇത്തരം സാഹചര്യങ്ങളിൽ നിന്ന് വരുന്ന കുട്ടികൾക്ക് പഠനത്തിൽ താല്പര്യം കുറവായിരിക്കും. വല്ലാത്ത അരക്ഷിതാവസ്ഥയിൽ കഴിയുന്ന അവരെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ട് വരുക പ്രയാസകരമാണ്. എങ്കിലും എന്നെക്കൊണ്ട് പറ്റുന്ന രീതിയിൽ അവരെ സഹായിക്കാൻ ശ്രമിച്ചിരുന്നു. പുസ്തകങ്ങൾ, ആഹാരം ഒക്കെ എത്തിച്ചു നല്കിയിരുന്നു. ഹെഡ് മിസ്ട്രസ് ആയിരുന്ന കാലത്ത് സർക്കാർ സൗജന്യ ഭക്ഷണം നിർബന്ധമാക്കിയിരുന്നു. പക്ഷെ, അതിനു അനുവദിച്ചിരുന്ന ഗ്രാന്റുകൾ കുറവായിരുന്നു. അരി മാത്രമായിരിക്കും ചിലപ്പോൾ ലഭിക്കുക. പിന്നെ കറി വയ്ക്കാനുള്ള സാധനങ്ങൾ വാങ്ങിക്കുക, വിറക് വാങ്ങിക്കുക അതിനൊക്കെ സ്വന്തം കയ്യിൽ നിന്ന് എടുത്തു പണം ചിലവാക്കുമായിരുന്നു. അതുകൊണ്ടു മിക്കവാറും എനിക്ക് കിട്ടുന്ന സാലറി തിരിച്ചുകൊണ്ടുവരാൻ സാധിക്കാറില്ല. 

ഭർത്താവിന്റെ പൂർണ്ണ പിന്തുണ ഉണ്ടായിരുന്നു. ഞാൻ വീട്ടിൽ വെറുതെ ഇരിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല. അദ്ദേഹത്തിന്റെ നല്ലൊരു മനഃസ്ഥിതി കാരണമാണ് കിട്ടുന്ന ശമ്പളം മുഴുവൻ എന്റെ ഇഷ്ടം പോലെ ചിലവഴിക്കാൻ പറ്റിയിരുന്നത്. ഞാൻ 25 വർഷം ജോലി ചെയ്തിട്ടും സമ്പാദിച്ചിട്ടൊന്നും ഇല്ല. പോകുന്നതും വരുന്നതുമെല്ലാം സ്വന്തം വാഹനത്തിൽ ആയിരുന്നു. ചിലവ് കൂടുതൽ ആയിരുന്നു. റിട്ടയർമെന്റ് കാലത്ത് ആകെ കിട്ടിയത് 25000 രൂപയാണ്. അന്നൊന്നും അധ്യാപകർക്ക് ഇന്നത്തെ പോലെ ഉയർന്ന സാലറി ഒന്നുമില്ല. എന്റെ ആവശ്യങ്ങൾക്ക് ഉള്ള പണം പോലും അദ്ദേഹത്തോടായിരുന്നു ചോദിച്ചിരുന്നത്. അദ്ദേഹത്തിന് അതിലൊരു വിഷമവും ഉണ്ടായിട്ടില്ല. സ്‌കൂളിലേക്ക് എന്തെങ്കിലും സഹായം വേണമെന്ന് ആവശ്യപ്പെട്ടാലും ഉടൻതന്നെ അദ്ദേഹം അത് ചെയ്തുതരും. 

sushama-nandu5

അഭിമാനം അധ്യാപനം 

ഞങ്ങളുടെത് ഒരു അധ്യാപക കുടുംബമായിരുന്നു. അച്ഛൻ ശങ്കരനാരായണൻ തൃശ്ശൂർ ജില്ലയിലെ പള്ളിപ്രം വിദ്യാവിലാസം യുപി സ്‌കൂൾ നടത്തിയിരുന്നു. അവിടുത്തെ പ്രധാന അധ്യാപകനുമായിരുന്നു അദ്ദേഹം. അച്ഛന്റെ മരണശേഷം ഇപ്പോൾ ഞങ്ങളാണ് സ്‌കൂൾ നോക്കി നടത്തുന്നത്. ഗവ. ഫിഷറീസ് ഹയർസെക്കന്ററി സ്‌കൂൾ നാട്ടിക, ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂൾ തളിക്കുളം, ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂൾ വലപ്പാട് എന്നീ സ്‌കൂളുകളിലായിട്ടായിരുന്നു എന്റെ 25 വർഷത്തെ അധ്യാപന ജീവിതം.

നാട്ടിക സ്‌കൂളിൽ ഹെഡ്മിസ്ട്രസ്സായി പ്രവർത്തിച്ച ശേഷമായിരുന്നു റിട്ടയർമെന്റ്. സ്‌കൂളിലായിരുന്നപ്പോൾ നിശ്ചിത സമയം മാത്രമായിരുന്നു ജോലിയെങ്കിൽ ഇപ്പോൾ കൂടുതൽ സമയവും തിരക്കാണ്. അന്നൊക്കെ ഒമ്പതരയ്ക്ക് പോയി നാലരയാകുമ്പോൾ തിരിച്ചുവരുമായിരുന്നു. ഇന്ന് ഏഴും എട്ടും ഒക്കെ കഴിയും ജോലി കഴിഞ്ഞു വീടെത്താൻ. ദീർഘനേരം നീളുന്ന മീറ്റിങ്ങുകൾ, ജീവനക്കാരുടെ പ്രശ്നങ്ങൾ തുടങ്ങി ബിസിനസിൽ കൂടുതൽ കാര്യങ്ങൾ ശ്രദ്ധിക്കണം. 

sushama-nandu9

ലയണ്‍സ് ക്ലബിന്റെ അമരത്ത് 

ലയണ്‍സ് ക്ലബ് ഇന്റര്‍നാഷലിന്റെ തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ ലയൺസ്‌ ക്ലബുകള്‍ ഉള്‍പ്പെടുന്ന ലയൺ ഡിസ്ട്രിക്റ്റ് 318 ഡി-യുടെ സെക്കന്‍ഡ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണറായാണ് ഞാൻ തിരഞ്ഞെടുക്കപ്പെട്ടത്. വാശിയേറിയ മത്സരം ആയിരുന്നു നടന്നത്. അംഗങ്ങൾ നൽകിയ പിന്തുണയിൽ വളരെയധികം സന്തോഷമുണ്ട്. ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഒട്ടേറെ ലീഡർഷിപ്പ് പ്രോഗ്രാമുകൾ ഞാൻ ചെയ്തിരുന്നു. അത്തരം പ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പിൽ എന്നെ സഹായിച്ചു എന്ന് പറയാം. 

വൈദ്യുതി എത്താത്ത സ്ഥലങ്ങളിലെ വിദ്യാർത്ഥികളുടെ പഠനസൗകര്യത്തിനായി സോളാർ പാനലുകൾ വിതരണം ചെയ്തിരുന്നു. പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ ഉൾപ്രദേശങ്ങളിലാണ് ബൾബുകൾ വിതരണം ചെയ്തത്. ഓരോ വീടിനും മൂന്ന് ബൾബുകൾ വീതം നൽകി. തുടർച്ചയായി നാല് മണിക്കൂറുകളോളം ഈ ബൾബുകൾ കത്തും. കുട്ടികൾക്ക് അതൊരു അനുഗ്രഹമായി. 

അതിരപ്പിള്ളി- വാഴച്ചാൽ ഭാഗത്ത് ടോയ്‌ലറ്റ് കോംപ്‌ളക്‌സ് നിർമ്മിച്ച് നൽകിയിരുന്നു. കോവിഡ് കാലത്ത് ധാരാളം ഭക്ഷണകിറ്റുകൾ വിതരണം ചെയ്തു. ഇതുകൂടാതെ ഏഴു പഞ്ചായത്തുകളിൽ കമ്മ്യൂണിറ്റി കിച്ചൻ ആരംഭിച്ചിരുന്നു. അതത് പഞ്ചായത്തുകളുമായി ചേർന്നാണ് ഞങ്ങൾ പ്രവർത്തിച്ചത്. ഒരു ലക്ഷത്തിൽ അധികം പേർക്ക് കഴുകി ഉപയോഗിക്കാൻ പറ്റുന്ന മാസ്‌ക്കുകളും ഗ്ലൗസുകളും ഇവിടെ വിതരണം ചെയ്തു. ആവശ്യത്തിന് സാനിറ്റൈസറുകളും എത്തിച്ചുനല്‍കി. പൊലീസുകാർക്ക് ഐസൊലേഷന് വേണ്ടിയുള്ള സൗകര്യവും ഒരുക്കി നൽകിയിരുന്നു. കോവിഡ് കാലത്ത് ഞങ്ങളെ കൊണ്ട് പറ്റുന്ന രീതിയിൽ കുറച്ചു കാര്യങ്ങൾ ചെയ്യാൻ സാധിച്ചു.

ഞാനിപ്പോൾ മണപ്പുറം ജ്വല്ലേഴ്‌സ് ലിമിറ്റഡിന്റെ എംഡി ആണ്. സഹപ്രവർത്തകരാണ് എന്റെ ശക്തി. അവരുടെ സഹായം കൊണ്ട് ബിസിനസിനൊപ്പം സാമൂഹിക പ്രവർത്തനവും വലിയ കുഴപ്പം ഇല്ലാതെ മുന്നോട്ട് കൊണ്ടുപോകാനായി. 

sushama-nandu8

‘91.7’പരിശുദ്ധി 

സ്ത്രീകൾ ആകുമ്പോൾ ഗോൾഡ് ഇഷ്ടപ്പെടാതിരിക്കില്ലല്ലോ. എനിക്ക് ആഭരണങ്ങളുടെ ഡിസൈനും കാര്യങ്ങളും ഒക്കെ ഇഷ്ടമായിരുന്നു. അദ്ദേഹം മണപ്പുറം ഗോൾഡിന്റെ ചുമതല വച്ചുനീട്ടിയപ്പോൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ഇപ്പോൾ ഒമ്പതു വർഷമായിട്ടു ജ്വല്ലറി ബിസിനസിൽ തന്നെയാണ്. രാജ്യത്തിനകത്തും പുറത്തും നടക്കുന്ന എല്ലാ എക്സിബിഷനുകളിലും ഞാൻ പങ്കെടുക്കാറുണ്ട്. പുതിയ ഡിസൈനുകൾ ഉപഭോക്താക്കൾക്ക് നൽകാനുള്ള പ്രയത്നത്തിന്റെ ഭാഗമായാണ് യാത്രകൾ ചെയ്യുന്നത്. 

ഭർത്താവ് വി പി നന്ദകുമാർ മണപ്പുറം ഗ്രൂപ്പിന്റെ ചെയർമാനാണ്. ഞങ്ങൾക്ക് മൂന്നുമക്കൾ. മൂന്നുപേരും വിവാഹിതരാണ്. മൂത്തമകൾ സുമിതയും ഭർത്താവ് ജയശങ്കറും ഗൈനക്കോളജിസ്റ്റാണ്. അവർക്ക് രണ്ട് കുട്ടികൾ. മൂത്ത മകൻ സുഹാസ് യുകെയിലാണ്. ഭാര്യ നിനി. രണ്ടാമത്തെ മകൻ സൂരജ്. മണപ്പുറം ഫിനാൻസിൽ അച്ഛനൊപ്പം ജോലി ചെയ്യുന്നു. ഭാര്യ ശ്രുതി. അവർക്കും രണ്ട് കുട്ടികൾ ഉണ്ട്.

sushama-nandha2
Tags:
  • Spotlight
  • Vanitha Exclusive