Thursday 20 August 2020 04:37 PM IST

ഒന്ന് സൂക്ഷിച്ചു നോക്കിക്കേ... ഓണപ്പൂക്കളം തന്നെ ആണോന്ന്! കേക്കിൽ എംബ്രോയിഡറി വർക്ക് കണ്ടുപിടിച്ച മിടുക്കി ഇതാ...

Lakshmi Premkumar

Sub Editor

anna334tgcgvf

ഓണം ഇങ്ങ് എത്തിയപ്പോഴേക്കും ഓണപ്പൂക്കളമായോ? അതും ജമന്തിയും പിച്ചകവും റോസും മുല്ലയും എല്ലാം ചേർന്ന് മനോഹരമായ പൂക്കളം. ഒന്നുകൂടി സൂക്ഷിച്ചു നോക്കിക്കേ. ഒന്ന് തൊട്ട് നാവിൽവച്ചു നോക്കിക്കേ പൂക്കളത്തിനു എന്താ മധുരം. സംഭവം കേക്ക് ആണ് കേക്ക്. ഓണപൂക്കളത്തിനു പിന്നിൽ പ്രവർത്തിച്ച കൈകൾ ഇരുപത്തിമൂന്നുകാരി അന്ന എലിസബത്ത് ജോർജ് എന്ന മിടുക്കിയുടേതാണ്. പൂക്കളം ജസ്റ്റ്‌ ഒരു സാമ്പിൾ മാത്രം. ഇനിയിപ്പോൾ നമ്മളിടുന്ന ഡ്രസ്സിലെ ഡിസൈൻ വേണോ, എംബ്രോയിഡറി വേണോ, എന്തും കട്ട്‌ കോപ്പി പേസ്റ്റ് പോലെ അന്നയുടെ കിച്ചണിൽ റെഡി. ജേക്കബ്‌സ് ബേക്സ് എന്നാണ് അന്നയുടെ ബേക്കിംഗ് പേജിന്റെ പേര്. ആ പേരിന്റെ പിന്നിലും ഒരു കഥയുണ്ട് അന്നക്ക് പറയാൻ. 

"എന്റെ അമ്മയുടെ അച്ഛന്റെ പേരാണ് തോമസ് ടി ജേക്കബ്. അദ്ദേഹത്തിന്റെ വലിയൊരു ആഗ്രഹമായിരുന്നു ഒരു ബേക്കിംഗ് യൂണിറ്റ് തുടങ്ങണമെന്ന്. ഗ്രാൻഡ് പ്പായുടെ സഹോദരിമാരും എന്റെ അമ്മയുടെ അമ്മയും എല്ലാം നന്നായി കേക്ക് ഉണ്ടാക്കുന്നവരാണ്. മൂന്ന് ജനറേഷൻ ആയിട്ട് കേക്ക് പുലികൾ ആണ്. എന്റെ ഗ്രാൻഡ് പ്പായ്ക്ക് രണ്ടു പെൺമക്കൾ ആയിരുന്നു. അമ്മയും അമ്മയുടെ ചേച്ചി ആശ അന്നമ്മ ജേക്കബും. 

32 വർഷം മുന്നത്തെ പെരുമൺ ട്രെയിൻ ദുരന്തത്തിൽ ഗ്രാൻഡ്പ്പായും അമ്മയുടെ ചേച്ചിയും മരിച്ചുപോയി. അന്ന് അമ്മയുടെ ചേച്ചി കോട്ടയത്തെ കോളജിൽ പഠിക്കുവായിരുന്നു. ആന്റിയുടെ കല്യാണം കഴിഞ്ഞിട്ട് രണ്ട് ആഴ്ച മാത്രേ ആയിട്ടുള്ളു. കോളജിൽ നിന്നും വീട്ടിലേക്ക് കൂട്ടാൻ പോയതാണ് ഗ്രാൻഡ് പ്പാ. തിരിച്ചുവരുമ്പോൾ അവർ എപ്പോഴും വരുന്ന ട്രെയിനിൽ കയറാതെ ഐലൻഡ് എക്സ്പ്രസിൽ കയറി. ആ യാത്ര മരണത്തിലേക്ക് ആയിരുന്നു. ആന്റിയുടെ ഓർമ്മയ്ക്കായിട്ടാണ് എനിക്ക് അന്ന എന്നു പേരിട്ടത്. 

ഗ്രാൻഡ് പ്പായുടെ ആഗ്രഹ സഫലീകരണം ആയിട്ടാണ് ഞാനും എന്റെ അനിയത്തിയും കൂടി ഓൺലൈൻ ബേക്കിംഗ് കമ്പനി തുടങ്ങിയത്. 2012 മുതൽ ഞങ്ങൾ ബേക്കിംഗ് ചെയ്യും. ആദ്യമൊക്കെ കൂട്ടുകാർക്കും അടുത്ത ബന്ധുക്കൾക്കും മാത്രമേ കൊടുത്തിട്ടുള്ളു. കൂട്ടുകാർ തന്ന പ്രോത്സാഹനത്തിൽ നിന്നാണ് പബ്ലിക്കിലേക്ക് ഇറങ്ങിയത്. 

ഞാൻ ശരിക്കും തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസേർച്ചിൽ അഞ്ചാം വർഷ ബി എസ് എം എസ് സ്റ്റുഡന്റ് ആണ്. അനിയത്തി തമിഴ്നാട്ടിൽ ബിഎസ്‌സി അഗ്രികൾച്ചറും. ഞങ്ങൾ രണ്ടു പേരും ബേക്കിംഗ് ചെയ്യുമെങ്കിലും 2019 ലാണ് ലോഗോയോട് കൂടി ഇതൊരു ബിസ്സിനെസ്സ് ആക്കി മാറ്റിയത്. ബേക്കിങ്ങിനു ഒപ്പം തന്നെ ഡിസൈനിങ് ചെയ്യാറുണ്ട്, അത്യാവശ്യം പാട്ടും പാടാറുണ്ട്. പക്ഷെ ആദ്യത്തെ പാഷൻ എപ്പോളും കേക്കുകൾ തന്നെ. 

കേരളത്തിൽ അധികം പ്രചാരമില്ലാത്തതാണ് കേക്കിൽ എംബ്രോയിഡറി വർക്ക്. അതു എന്റെയും അനിയത്തി അനിയൻ സൂസൻ ജോർജിന്റെയും ഐഡിയ ആയിരുന്നു. പിന്നെ ബേക്കിംഗ് സീക്രെട് ഞങ്ങൾ തലമുറകളായി കൈ മാറി വന്നതാണ്. അമ്മ നന്നായി ബേക്ക് ചെയ്യുമെങ്കിലും അമ്മയ്ക്ക് ഐസിങ് അത്ര അറിയില്ല. ഞങ്ങൾ രണ്ടുപേരുമാണ് ഐസിങ്ങിൽ പരീക്ഷണം നടത്തുന്നവർ. 

ഒരു ഓർഡർ തന്നവർ തന്നെ പലവട്ടം ഓർഡർ തരുമ്പോഴാണ് നമുക്ക് ആത്മവിശ്വാസം കൂടുന്നത്. അമ്മ എപ്പോഴും പറയും എന്റെ ആന്റി നന്നായി ഭക്ഷണം ഒരുക്കുമായിരുന്നു എന്ന്. അതിന്റെ ചെറിയൊരു കൈപുണ്യമാണ് എനിക്കും കിട്ടിയിരിക്കുന്നതെന്ന്. ഞങ്ങൾ കൊല്ലംകാരാണ് എന്റെ പപ്പ ജോർജ് തോമസ്, എന്റെ അമ്മ പ്രിയ സൂസൻ ജേക്കബ്, ഇവരുടെ പൂർണ പിന്തുണയാണ് എല്ലാത്തിന്റെയും ആധാരം. പിന്നെ എനിക്ക് ഉറപ്പുണ്ട് കാണാത്ത ലോകത്തിരുന്ന് എന്റെ ഗ്രാൻഡ് പ്പായും എന്നെ അനുഗ്രഹിക്കുന്നുണ്ടെന്ന്‌. അതാണ് ജേക്കബ് ബേക്സിന്റെ ശക്തി."- അന്ന പറയുന്നു. 

Tags:
  • Spotlight