Saturday 14 August 2021 04:02 PM IST

‘മക്കളുടെ കൈ കൊണ്ട് മരിക്കാനാണോ ഞങ്ങളുടെ വിധി’: മദ്യപിച്ച് ലക്കുകെട്ട മകൻ ചെയ്തു കൂട്ടിയത്: ഉള്ളുപിടഞ്ഞ് ചാക്കോയും റോസമ്മയും

Binsha Muhammed

chacko

‘മക്കളുടെ ചെലവിൽ ജീവിച്ച് ആയുസ് തീർക്കാം എന്ന അതിമോഹമൊന്നുമില്ല സാറേ... എനിക്കും അവൾക്കും സ്വസ്ഥമായി കിടന്നുറങ്ങാൻ കഴിഞ്ഞാമതി. അവന്റെ അശ്ലീലം കേൾക്കാതെ. ദേഹോപദ്രവം ഏൽക്കാതെ.’

ഷീറ്റുവലിച്ചു കെട്ടിയ കുടിലിനെ തുളച്ച് മഴപെയതിറങ്ങുകയാണ്. എന്നാൽ അതിലും എത്രയോ തീവ്രമായ കണ്ണീർമഴയിലാണ് ചാക്കോ ചേട്ടനും റോസമ്മ ചേച്ചിയും നനഞ്ഞ‌ു നിൽക്കുന്നത്. ദാരിദ്ര്യവും പട്ടിണിയും ദുസഹമായ ജീവിത ചുറ്റുപാടുകളും ഇവർക്ക് പരിചിതമാണ്. ചാക്കോ ചേട്ടന്റെ ഭാഷയിൽ പറഞ്ഞാൽ അതെല്ലാം ക്ഷമിക്കാനും സഹിക്കാനുമുള്ള കരുത്ത് ദൈവം തരും. പക്ഷേ പെറ്റുപോറ്റിയ മക്കളുടെ ക്രൂരമായ ചെയ്തികളുടെ പേരിൽ കൊണ്ട് ഈ വൃദ്ധ ദമ്പതികൾ അനുഭവിക്കുന്ന വേദന എന്തിന്റെ പേരിലാണ് ക്ഷമിക്കേണ്ടത്. എഴുപതാം വയസിലും അധ്വാനിച്ച് ജീവിക്കുന്ന ആ മനുഷ്യനെ അച്ഛനാണെന്നു പോലും നോക്കാതെ ക്രൂരമായി മർദ്ദിച്ചു. ജന്മം നൽകിയ അമ്മയുടെ കൈ തല്ലിയൊടിച്ചു. സ്വന്തം അച്ഛനും അമ്മയുമെന്ന സാമാന്യ ബോധം പോലുമില്ലാതെ പറയുന്ന അശ്ലീലവും ചീത്തയും വേറെ. മദ്യം വിതയ്ക്കുന്ന കൊടിയ വിപത്തിന്റെ നേർചിത്രം കൂടിയാണിത്. നെടുങ്കണ്ടം കരുണാപുരം തണ്ണിപ്പാറ കൈരളിപുരത്തെ പുറമ്പോക്കിലെ ചാക്കുപുരയിലിരുന്ന് ആ വേദനയുടെ കെട്ടഴിക്കുമ്പോൾ ചാക്കോ ചേട്ടന് ഒരു പ്രാർഥനയേ ഉണ്ടായിരുന്നുള്ളൂ.

‘ഞങ്ങളെപ്പോലെ ഭാഗ്യംകെട്ട അച്ഛനമ്മമാർ ഇനി ഉണ്ടാകരുത്’

‘വനിത ഓൺലൈൻ’ ആ കണ്ണീരിന് കാതോർക്കുകയാണ്.

വയസായാൽ വീട്ടിലൊതുങ്ങാം, മക്കളുടെ കരുണയിൽ കഞ്ഞികുടിച്ച് കിടക്കാം എന്നൊക്കെയാണ് പല അച്ഛനമ്മമാരും ആഗ്രഹിക്കുന്നത്. പ്രാർത്ഥിക്കുന്നത്. പക്ഷേ ഞങ്ങളുടെ പ്രാർത്ഥന അതല്ല. അവരുടെ കൈ കൊണ്ട് ഞങ്ങൾ ഇല്ലാണ്ടാകുന്ന അവസ്ഥ വരരുതേ എന്നാണ് ദൈവത്തോട് തേടുന്നത്. അത്രയ്ക്കുണ്ട് ഞാനും എന്റെ ഭാര്യയും അനുഭവിച്ച ക്രൂരത– കണ്ണീർ തുടച്ച് ചാക്കോ പറഞ്ഞു തുടങ്ങുകയാണ്.

ജന്മം നൽകിയവരാണ് മറക്കരുത്

കൂലിപ്പണി ചെയ്തും സർക്കാർ കനിഞ്ഞും കിട്ടിയ ഒരു കുഞ്ഞു വീട്. അവിടെയാണ് ഞങ്ങൾ താമസിച്ചു പോന്നിരുന്നത്. ഞങ്ങൾക്ക് രണ്ട് ആണ്‍ പിള്ളേരാ... ബിനുവും ബിജുവും. ഇല്ലായ്മയിലും അവരെ നല്ലവണ്ണമാണ് ഞങ്ങൾ വളർത്തിയത്. പക്ഷേ ഏതോ ഒരു ഘട്ടത്തില്‍ അവൻമാർ പിടിവിട്ടു പോയി. രണ്ടു പേരും മദ്യത്തിനടിമകളായി. വീട്ടിൽ ചെലവിനു തരുന്നില്ല എന്നത് പോട്ടെ. എനിക്ക് ആവതുള്ള കാലത്തോളം കൂലിപ്പണി ചെയ്തും മുണ്ടുമുറുക്കിയിടുത്തും ഞങ്ങൾ ജീവിച്ചോളാം. പക്ഷേ മദ്യപിച്ച് ലക്കുകെട്ട് അവർ അഴിച്ചുവിടുന്ന അക്രമം ഞങ്ങൾ എങ്ങനെ സഹിക്കും.

ഡെയിലി വീട്ടിൽ വരും എന്നെയും അവളെയും ഉപദ്രവിക്കും. വീട്ടിലെ സാധനങ്ങൾ നശിപ്പിക്കും. ഞങ്ങളുടെ പ്രായമോ അച്ഛനോ അമ്മയോ എന്ന പരിഗണനയോ ഇല്ലാതെ കേട്ടാലറയ്ക്കുന്ന ചീത്ത വിളിക്കും. ബിനുവിന്റെ ആക്രമണം ഭയന്ന് 8 മാസത്തോളം വാടകയ്ക്ക് വീടെടുത്തു താമസിച്ചു ഞാനും റോസമ്മയും. എനിക്ക് 74 വയസായി. അവൾക്ക് 70ഉം. ഈ പ്രായത്തിലെ അവശതയിലും വീട്ടിൽ അടുപ്പെരിയാൻ വേണ്ടി ഞാന്‍ എന്നാലാകും വിധം അധ്വാനിക്കും. ആരോഗ്യം നോക്കാതെ വിറകു കീറാൻ വരെ പോകും. എല്ലാം എന്തിനു വേണ്ടിയാ... അവരുടെ ഉപദ്രവം സഹിക്ക വയ്യാണ്ട്. പിന്നെ അവരുടെ കയ്യിൽ നിന്ന് 5 പൈസ കിട്ടി കഞ്ഞി കുടിച്ചു കിടക്കാം എന്ന പ്രതീക്ഷ ഇല്ലാഞ്ഞിട്ടും. പക്ഷേ കോവിഡ് കാലത്ത് ജോലി ഇല്ലാതായതോടെ താമസിക്കുന്ന വാടക വീട് പോയിക്കിട്ടി. അവിടുന്ന് കണ്ണീരോടെ ഇറങ്ങേണ്ടി വന്നു.

എനിക്കുള്ള ഇത്തിരി ഭൂമിയിൽ പടുത വലിച്ചുകെട്ടി താമസിക്കേണ്ടി വന്നത് അങ്ങനെയാണ്. പ്ലാസ്റ്റിക് വള്ളിയും കമ്പും കൂട്ടിക്കെട്ടിയ വെറുമൊരു ഷെഡ്. അത്ര ഉറപ്പേ അതിനുള്ളൂ. നിലത്തു ചാക്ക് വിരിച്ചാണ് കിടക്കുന്നത്. ശുചിമുറി സൗകര്യമില്ല. രാത്രിയിൽ കഴിയുന്നത് മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ. അര കിലോമീറ്റർ അകലെനിന്നാണ് വെള്ളം ചുമന്ന് എത്തിക്കുന്നത്. ഒരു വശത്ത് തമിഴ്നാട് വനത്തിലെ വന്യജീവികളുടെ ഭീഷണി. കാറ്റും മഴയും കനത്താൽ ഷെഡ് ചോർന്നൊലിക്കും. ഉയിരും കയ്യിൽ പിടിച്ചാ ഞങ്ങളവിടെ കിടന്നിരുന്നത്. പക്ഷേ അവിടെയും ഞങ്ങളെ സമാധാനം കെടുത്തി ഉപദ്രവവുമായി ബിനുവെത്തി. ദേ... ഈ ഷെഡിന്റെ മുന്നിലിട്ടാണ് അവന്റെ അമ്മയുടെ കൈ ബിനു തല്ലിയൊടിച്ചത്. കാലുകൊണ്ട് എന്റെ നടുവിനിട്ടും തൊഴിച്ചു.

അച്ഛനാണെന്നതു പോട്ടേ... ജോലിയെടുത്ത് ജീവിക്കുന്ന കിഴവനാണെന്ന പരിഗണന പോലും നൽകിയില്ല. ഞങ്ങളുടെ കാര്യമോ പോട്ടെ. ബിനുവിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. അവരുടെ കാര്യംപോലും തിരക്കാറില്ല. ഭക്ഷണം ലഭിക്കാതെ വന്നപ്പോൾ അവന്റെ ഇളയ കുട്ടി ഞങ്ങളോട് ചോദിച്ചത് ഇപ്പോഴും ഉള്ളിലിരുന്നേ വേവുന്നുണ്ട്. ‘വിശക്കാതിരിക്കാനുള്ള മരുന്ന് തരാമോ അമ്മച്ചീ’ എന്നാണ് ആ കുഞ്ഞ് പറഞ്ഞത്.

ബിനുവിന്റെ മദ്യപാനവും ഉപദ്രവവും കാരണം മകന്റെ 3 മക്കളെയും ചൈൽഡ് ലൈൻ ഏറ്റെടുത്തിട്ടുണ്ട്. ഞങ്ങൾ പ്രദേശത്തെ പഞ്ചായത്ത് മെമ്പറുടെ സംരക്ഷണയിലാണ് ഇപ്പോഴുള്ളത്. സഹികെട്ടും നിവൃത്തികെട്ടും പറ്റാവുന്ന വാതിലിലെല്ലാം ഞങ്ങൾ മുട്ടിയിട്ടുണ്ട്. നെടുങ്കണ്ടം ഗ്രാം ന്യായാലയിൽ ഹർജി നൽകിയിരുന്നു. കയ്യിൽ പണമില്ലാത്തതിനാൽ 10 കിലോമീറ്റർ നടന്നെത്തിയാണ് അഭിഭാഷകനായ കനിയപ്പൻ സാറിനെ കണ്ടത്. സംസ്ഥാനന്തര അതിർത്തിയിൽനിന്ന് നെടുങ്കണ്ടം വരെ നടന്നെത്തിയാണ് ഒരോ കാര്യങ്ങളും ചെയ്യുന്നത്. കോടതിയിൽ നൽകിയ ഹർജിയിൽ മക്കളിൽനിന്ന് സംരക്ഷണം ഉറപ്പാക്കണമെന്ന് കമ്പംമെട്ട് പൊലീസിനു ഗ്രാം ന്യായാലയ കർശന നിർദേശം നൽകിയിരുന്നു. എന്നാൽ ഉത്തരവ് നടപ്പാക്കാൻ പൊലീസ് തയാറായിട്ടില്ല. ഓരോ തവണ ചെല്ലുമ്പോഴും മധ്യസ്ഥതയും ഒത്തുതീർപ്പും മാത്രം. ഇപ്പോഴത്തെ ഈ ആക്രമണത്തിന്റെ പേരിൽ ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. റിമാൻഡിലുള്ള അവന്‍ ജയിലിൽനിന്ന് ഇറങ്ങിയാൽ കൊലപ്പെടുത്തുമെന്നാണ് ഭീഷണി. ഇനിയും ഏത് വാതിലാണ് ഞങ്ങൾ മുട്ടേണ്ടത്. മക്കളുടെ കൈകൊണ്ട് ജീവിതം ഒടുങ്ങാനാണോ ഞങ്ങളുടെ വിധി– കണ്ണീരോടെ ചാക്കോയുടെ വാക്കുകൾ.