Saturday 20 July 2019 04:14 PM IST

കൊന്നു കളയുമോ അമ്മ? വീട്ടിനകത്തും പുറത്തും ബാല്യങ്ങൾ കരയാൻ പോലും ഭയക്കുന്നുണ്ടോ? വനിത അന്വേഷണത്തിൽ കണ്ടെത്തിയത്!

Vijeesh Gopinath

Senior Sub Editor

kid23

കുഞ്ഞുതെന്നലിൽ തലയാട്ടുന്ന ജമന്തിപ്പൂക്കളെ പോലെ ചിരിച്ചു നിൽക്കേണ്ട കുഞ്ഞുങ്ങളാണ്. കുസ‍ൃതിച്ചിറകിൽ മുറ്റത്തും അകത്തളങ്ങളിലും പാറിക്കളിക്കേണ്ടവർ. ഉറക്കത്തിൽ, കൂട്ടുകാരായ കരടിക്കുട്ടന്മാരും മുയൽക്കുഞ്ഞുങ്ങളുമൊക്കെ ഇക്കിളിയിടുമ്പോൾ ചുണ്ടിലൊരു സ്വപ്നച്ചിരിയുടെ തൂവൽ വിരിയുന്നുണ്ടാകും. തൊടുപുഴയിലെ ആ ഏഴു വയസ്സുകാരനും ഇങ്ങനെ കളിക്കാനും അമ്മക്കരുതലിൽ ഉറങ്ങാനും  ആഗ്രഹിച്ചിരിക്കും. ക ഥകൾ കേട്ടുകേട്ട് ഉറക്കത്തിന്റെ വിരൽ കുടിച്ചു കുടിച്ച്...

പക്ഷേ, ഉറക്കത്തിൽ വേട്ടനായ്ക്കൾ കുരച്ചുകൊണ്ടെത്തിയപ്പോൾ പേടിക്കേണ്ടെന്നു പറഞ്ഞു കെട്ടിപ്പിടിക്കാൻ ഒരമ്മത്തണൽ പോലും ഉണ്ടായില്ല. ഒരുപാടു രാത്രികളിൽ വിശപ്പ് പൊള്ളിപ്പിടിച്ചിരിക്കും. കനലിൽ ചവിട്ടി നിന്ന പ്രാണവേദനകളെക്കുറിച്ച് അവൻ പറഞ്ഞിരിക്കില്ല. അതൊന്നും ആരും കണ്ടിട്ടുമുണ്ടാകില്ല. തൊടുപുഴ കുമാരമംഗലത്തെ ആ വീടിന്റെ താഴത്തെ നിലയിലെ ഇടതു വശത്തെ ചുമരിൽ അവന്റെ ചോര ചിതറി വീണിട്ടുണ്ടായിരുന്നു.

അമ്മയുടെ സുഹൃത്ത് എടുത്തെറിഞ്ഞതാണ്. ഉറക്കത്തിലായിട്ടും അവനു വേദനിച്ചിരിക്കും. എന്നിട്ടും മതിയാകാതെ ത ല്ലിയും ചവിട്ടിയും ജീവൻ പിടഞ്ഞു പിടഞ്ഞ്... അപ്പോഴും അരുതെന്നു പറയാൻ ആരും എത്തിയതുമില്ല

ഒടുവിൽ തലയോട്ടി പിളർന്ന് തലച്ചോറിൽ രക്തം കട്ടപിടിച്ചിരുന്നു. വലതു വാരിയെല്ല് ഒടിഞ്ഞു തൂങ്ങി. ഏഴു വയസ്സുകാരന്റെ കുഞ്ഞു ശരീരത്തിൽ മുപ്പതിലേറെ ഭാഗത്ത് പരുക്കേറ്റിരുന്നു. ആ അമ്മ അതെല്ലാം കണ്ട് നിശബ്ദയായി നിന്നോ? ഒരമ്മയ്ക്ക് അങ്ങനെ പറ്റുമോ? ചോദ്യങ്ങൾക്കു പോലുമുണ്ട് കനൽച്ചൂട്.

അവന്റെ ജീവനുവേണ്ടി യുദ്ധം ചെയ്ത കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലെ ന്യൂറോ സര‍്‍ജൻ ഡോ.  ശ്രീകുമാർ ഒാർമിക്കുന്നു ‘‘സർജറി സമയത്ത് കുഞ്ഞല്ലേ, വേദനിച്ചിരിക്കില്ലേ എന്നൊക്കെയുള്ള വൈകാരിക ചിന്തകളൊന്നും ഉണ്ടാകില്ല. ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു.

പക്ഷേ, അതുകഴിയുമ്പോൾ ഒരു കുഞ്ഞല്ലേ എന്ന ഒാർമവരും. ഞാനും ഒരച്ഛനാണ്. എനിക്കുമുണ്ട് രണ്ട് ആൺമക്കൾ. ആ കുഞ്ഞിന്റെ ശരീരം മുഴുവനും മർദനമേറ്റ പാടുകളുണ്ടായിരുന്നു. അതിൽ പഴയതും പുതിയതുമായ പരുക്കുകൾ. ആ കുഞ്ഞ് എത്ര സഹിച്ചിരിക്കും. അവൻെറ നാലു വയസ്സുള്ള അനുജനും എന്റെ ഒപിയിൽ ഉണ്ടായിരുന്നു. ഒന്നും അറിയാതെ നടക്കുന്ന ആ കുട്ടിയെ കാണുമ്പോഴായിരുന്നു കൂടുതല്‍ സങ്കടം.’’

കുട്ടികളോടുള്ള ക്രൂരതകളുടെ എണ്ണം കേരളത്തെ ഞെട്ടിച്ചുകൊണ്ട് കുതിച്ചുയരുകയാണ്. തെരുവിലെ ആരുമില്ലായ്മയിൽ മാത്രമല്ല, സ്വന്തം വീടിനകത്തു വച്ച് അമ്മമാരിൽ നിന്നു പോലും ക്രൂരമായ പീഡനങ്ങൾക്ക് ഇരയാകുന്നു. സാംസ്കാരികമായി ഉയർന്നവരെന്നു കരുതുമ്പോഴും കേട്ടാൽ ഞെട്ടുന്ന രീതിയില്‍ വീടുകൾ മാറുന്നു.

കൊന്നു കളയുമോ അമ്മ?

ചേർത്തല പട്ടണക്കാട് പഞ്ചായത്തിലെ ഷാരോണിന്റെയും ആതിരയുടെയും ഒന്നേകാൽ വയസ്സുള്ള മകൾ. ഏപ്രിൽ മാസത്തിലെ അവസാന ശനിയാഴ്ച ഉച്ചയ്ക്ക് ഉറങ്ങാൻ കിടന്നതാണ്. പിന്നെ, ഉണർന്നില്ല. അസ്വാഭാവികത തോന്നിയ ഡോക്ടർമാർ പൊലീസിൽ വിവരം അറിയിച്ചു.  

ഉറക്കാൻ കിടത്തിയെങ്കിലും  കുഞ്ഞ് ഉറങ്ങാതെ കരഞ്ഞ തിനാൽ അടിച്ചിരുന്നെന്ന് ആതിര ആദ്യം പറഞ്ഞു. പിന്നെ, മരവിച്ചുപോവുന്ന സത്യം ഒാരോന്നായി പറഞ്ഞു തുടങ്ങി. വാശിക്കരച്ചിലിൽ ഏങ്ങലിടിക്കുന്ന കുഞ്ഞിന്റെ വായ് വലതു കൈകൊണ്ട് പൊത്തിപ്പിടിച്ചു. പിന്നെ, മൂക്കും പൊത്തി. ‘അമ്മേ എനിക്ക് ശ്വാസം മുട്ടുന്നുവെന്ന്’ പറയാൻ പോലും അറിയാ ത്ത പതിനഞ്ചു മാസമുള്ള പെണ‍്‍കുരുന്ന് ഞെട്ടറ്റ പൂപോലെ കിടക്കയില്‍ വീണിരിക്കാം.

കൊല്ലുക തന്നെയാണ് ആതിരയുടെ ലക്ഷ്യമെന്നും കുഞ്ഞിന്റെ ചലനം നിലച്ച ശേഷമാണ് പുറത്തേക്കിറങ്ങിയതെന്നും മരണം ഉറപ്പിച്ച ശേഷമാണ് ആശുപത്രിയിലേക്കെത്തിച്ചതെന്നും പൊലീസ് വിലയിരുത്തുന്നു. കുഞ്ഞ് രാത്രി ഉണരുമ്പോൾ ആതിരയുടെ ഉറക്കം നഷ്ടമാകുന്നതുൾപ്പടെ സ്വൈര്യജീവിതത്തിനു തടസ്സമാണെന്ന വിശ്വാസത്തിൽ കുഞ്ഞിനോടു ദേഷ്യമുണ്ടായിരുന്നെന്നും പൊലീസ് കണ്ടെത്തി.

 ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമെന്ന് ആശ്വസിക്കാനാകില്ല. കേരളത്തിൽ കു‍ട്ടികളോടുള്ള ക്രൂരതകളുടെ അറിയാക്കഥകൾ ഏറെയുണ്ട്. അച്ഛനും അമ്മയും ബന്ധുക്കളുമാണ് പലപ്പോഴും പ്രതികൾ.   

‘‘മൂന്നു മാസത്തിനുള്ളിൽ കുട്ടികളെ ആക്രമിക്കുന്ന ഇരുപത്തഞ്ചിൽ അധികം കേസുകൾ വന്നിട്ടുണ്ട്. പലതിലും അടുത്ത ബന്ധുക്കളാണ് പ്രതികൾ. സാംസ്കാരികമായി ഉയർന്നു നിൽക്കുന്നവർ എന്നഭിമാനിക്കുമ്പോഴും കേരളത്തിൽ കുട്ടികളോടുള്ള പെരുമാറ്റത്തിൽ വലിയ മാറ്റങ്ങൾ വന്നു. കുഞ്ഞുങ്ങ ൾ എന്ന കരുതൽ ഇപ്പോൾ കുറഞ്ഞു വരികയാണ്. ചെറിയ കാര്യങ്ങൾക്കു പോലും  ശാരീരികവും മാനസികവുമായി വേദനിപ്പിക്കാൻ മടിക്കുന്നില്ല.

പലപ്പോഴും മാസങ്ങൾ നീണ്ട പീഡനങ്ങൾക്കൊടുവിലാണ് പൊലീസും മറ്റ് അധികൃതരും ഇതെല്ലാം അറിയുന്നത്. അ പ്പോഴേക്കും കുഞ്ഞ് സഹിക്കാവുന്നതിനപ്പുറം അനുഭവിച്ചു കഴി‍ഞ്ഞിരിക്കും. തൊടുപുഴയിലെ കേസ് ഉദാഹരണം. കുട്ടികൾക്കെതിരെ അതിക്രമങ്ങൾ ആവർത്തിക്കാനുള്ള സാധ്യത ഇല്ലാതാക്കുന്നതിനു പുറമേ തുടക്കത്തിലേ അതു കണ്ടെത്താനുള്ള നടപടികളും സ്വീകരിക്കേണം.’’ ബാലാവകാശ കമ്മിഷൻ പിആർഒ ആർ. വേണുഗോപാൽ പറയുന്നു.  

ഒന്നാം പ്രതി–വൈകാരിക അടിമത്തം

ഏഴു വയസ്സുകാരന്റെ വേദന മായും മുൻപേ തൊടുപുഴയിൽ നിന്ന് അടുത്ത വാർത്തയെത്തി. പതിനാലു വയസ്സുള്ള കുട്ടിയുടെ വയറിൽ ഇടിക്കുകയും മുതുകില‍്‍ ഇടിച്ച് ഫ്രിജിനുള്ളിലേക്ക് തള്ളിക്കയറ്റി  വാതിൽ അടയ്ക്കുകയും ചെയ്തു. അമ്മയുടെ ബന്ധു ആയിരുന്നു പ്രതി. ഇയാൾ ഒരു വർഷത്തോളമായി അതേ വീട്ടിൽ തന്നെയായിരുന്നു താമസം. ഇതിനു മുൻ        പും ആക്രമണങ്ങളുണ്ടായെന്ന് സംശയിക്കപ്പെടുന്നു.

സ്വന്തം കുഞ്ഞിനെ ഉപദ്രവിക്കുന്ന വിവരം അമ്മമാർ മറച്ചു വയ്ക്കുന്നത് എന്തുകൊണ്ടാണ്? ചില അമ്മമാർ വൈകാരികമായി അടിമത്തം അനുഭവിക്കുന്നവരാണെന്ന് ഡോ. സി.ജെ ജോണ്‍ ചൂണ്ടിക്കാണിക്കുന്നു.

‘‘ സ്ത്രീകളുടെ വിദ്യാഭ്യാസവും സാമൂഹികാവസ്ഥയും ഉയർന്നെന്ന് അഭിമാനിക്കുമ്പോഴും മാനസിക പിരിമുറുക്കത്തിലേക്ക് തള്ളിയിടുന്ന സാഹചര്യങ്ങൾ കൂടിയിട്ടേയുള്ളൂ. വീട്ടിലും ഒാഫിസിലും പൊതുസ്ഥലത്തും സോഷ്യൽ മീഡിയയിലും എല്ലാം ഇത് പ്രകടമാണ്.

വീടിനുള്ളിലേക്കും ഈ പിരിമുറുക്കം എത്തിപ്പെടുന്നു. ചിലർ അത് കുട്ടികൾക്കു മേൽ തീർക്കുന്നു.  വൈകാരിക അരക്ഷിതാവസ്ഥ മറ്റു ചിലരെ വിവാഹേതര ബന്ധങ്ങളിൽ ആശ്വാ   സം  കണ്ടെത്താൻ പ്രേരിപ്പിക്കുന്നു.

അമ്മയുടെ വിവാഹേതര ബന്ധം കുഞ്ഞുങ്ങളെ അവഗണിക്കുന്നതിനും ഉപദ്രവിക്കുന്നതിനും കാരണമാകുന്ന സംഭവങ്ങൾ കൂടിവരികയാണ്. ഇത്തരം ബന്ധങ്ങളിൽ സ്ത്രീകൾക്ക് വിധേയത്വം കൂടുതലാണ്.  അതുകൊണ്ടാണ് സ്വന്തം കുട്ടിയെ തല്ലിയാൽ പോലും  ഈ ബന്ധം നഷ്ടപ്പെടുമോ എന്നു ഭയന്ന് പല സ്ത്രീകളും പ്രതികരിക്കാനാകാതെ നിശബ്ദരാകും.  

അതുപോലെ വിവാേഹതര ബന്ധം കുട്ടി തിരിച്ചറിഞ്ഞാൽ ആ കുട്ടിയോട് വെറുപ്പുണ്ടായേക്കാം. പുറത്തറിയുമോ എന്ന പേടി കുട്ടിയുടെ മേൽ ആക്രമണമായി മാറുന്ന പ്രവണതയും കാണുന്നുണ്ട്്. ആ ഒരവസ്ഥയിലേക്കും അമ്മമാർ പോയിത്തുടങ്ങിയെന്നു പറയുമ്പോൾ മാതൃത്വം ഇല്ലാതായെന്നോ അമ്മമാരുടെ മാത്രം കുഴപ്പമാണെന്നോ ചിന്തിക്കേണ്ട ആവശ്യമില്ല. ഈ മാറ്റത്തെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടക്കേണ്ടതുണ്ട്’’

kids9990

പഠിക്കണം മാതാപിതാക്കളാകാൻ

വിവാഹം കഴിക്കാനുള്ള ഒരുക്കങ്ങൾ സമൂഹത്തിലുണ്ട്. പക്ഷേ, മാതാപിതാക്കളായിക്കഴിഞ്ഞുള്ള ആശങ്കകളും സംശയങ്ങളും പ്രതിസന്ധികളുമെല്ലാം തരണം ചെയ്യേണ്ടതതെങ്ങനെയെന്ന കാര്യത്തിൽ ഒരു പരിശീലനവും ലഭിക്കുന്നില്ല. ജീവിതരീതികൾ മാറിയതുകൊണ്ടു തന്നെ ഇത്തരം പരിശീലനങ്ങൾ അനിവാര്യമാണ്.

പുതിയ കാലത്ത് കുഞ്ഞിനെ നോക്കേണ്ട ചുമതല അമ്മയ്ക്കു മാത്രമല്ല. പ്രസവശേഷമുള്ള വേദനകളും ഉറക്കമില്ലായ്മയും എല്ലാം  മാനസിക സംഘർഷത്തിലേക്ക് നയിച്ചേക്കാം.  എല്ലാം ചെയ്യാൻ ഒറ്റയ്ക്കേ ഉള്ളൂവെന്ന തോന്നലും നിരാശയിലേക്ക് വഴിയൊരുക്കും.

കുഞ്ഞിനോടുള്ള പെരുമാറ്റത്തിലെ വ്യത്യാസങ്ങള്‍‌ ശ്രദ്ധയിൽപെട്ടാലും പങ്കാളിയോടു ദേഷ്യപ്പെടാനോ നിസ്സാരവൽക്കരിക്കാനോ പാടില്ല. മാനസ്സികാരോഗ്യ തകർച്ച മാത്രമായിരിക്കില്ല കാരണം. ഇത്തരം സാഹചര്യത്തിൽ  സൈക്കോളജിസ്റ്റിന്റെ സേവനം തേടാവുന്നതാണ്.

പണ്ടും കുടുംബത്തിനകത്ത് പ്രശ്നമുണ്ടാകുമ്പോള്‍ അ തു ബാധിക്കുന്നത് കുട്ടികളെ തന്നെയായിരുന്നു. കുഞ്ഞുങ്ങ ൾക്ക് ശ്രദ്ധയും സ്നേഹവും കിട്ടാതെ പോകുന്നതിനും അരക്ഷിതാവസ്ഥയ്ക്കുമെല്ലാം അത് കാരണമായിരുന്നു. അന്ന്  മാനസികമായ വേദനിപ്പിക്കലായിരുന്നെങ്കിൽ ഇന്നത് ശാരീരികപീഡനമായി മാറിയെന്നും  ഇത്തരം കുട്ടികളെ കണ്ടെത്താനുള്ള ശ്രമം സ്കൂളുകളിൽ നിന്നു തുടങ്ങേണമെന്നും ചൈൽഡ് ലൈൻ കോർഡിനേറ്റർ രശ്മി മാമ്പള്ളി പറയുന്നു.

‘‘വീട് കഴിഞ്ഞാൽ ഒരു കുട്ടി കൂടുതൽ സമയം സ്കൂളിലാണുള്ളത്. ആക്രമണമേൽക്കുന്ന കുട്ടികളെ കണ്ടെത്താൻ അധ്യാപകർക്ക് കുറച്ചു കൂടി എളുപ്പമാണ്. ശരീരത്തിലെ ക്ഷതമേറ്റ പാടുകൾ, കുട്ടികളുടെ പെരുമാറ്റത്തിലെ മാറ്റങ്ങൾ, തുടർച്ചയായ അവധികൾ, ഇടയ്ക്കിടെ സ്കൂളുകൾ മാറുന്നതുമൊക്കെ അധ്യാപകർ ശ്രദ്ധിക്കണം.

പ്രശ്നമുണ്ടെന്നു സംശയിക്കുന്ന കുട്ടികളുടെ വീടുകൾ സ ന്ദർശിക്കാനും അവസരങ്ങളുണ്ടാക്കണം. സമൂഹത്തിന്റെ കൂട്ടായ പരിശ്രമം ഇക്കാര്യത്തിൽ ആവശ്യമാണ്. പഞ്ചായത്തും അംഗൻവാടികളും കുടുംബശ്രീ യൂണിറ്റുകളും ആരാധനാലയങ്ങളുമെല്ലാം കൈകോർത്താലേ ഒന്നുമറിയാത്ത കുഞ്ഞുങ്ങൾ ക്രൂരതകളിൽ നിന്നു രക്ഷപ്പെടൂ’’

മാറേണ്ടത് കുട്ടികളല്ല, രക്ഷിതാക്കളും  നിയമവുമാണ്. ബാലശാപങ്ങൾക്ക് ഏതു കോടതിയിലാണു ജാമ്യം കിട്ടുക?

അമ്മയും അച്ഛനും മാറുന്നു...  

വളരും തോറും മക്കളുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വരുന്നതു പോലെ കുഞ്ഞുങ്ങളുണ്ടായിക്കഴിഞ്ഞ് സ്വഭാവം മാ              റുന്ന മാതാപിതാക്കളും ഇന്ന് വീട്ടിനുള്ളിലുണ്ട്. കുഞ്ഞുങ്ങൾ പിറക്കുമ്പോഴുള്ള കൗതുകം ഭാരമായി മാറുന്നത് എ പ്പോഴാണ്? ഇത്തരം കേസുകളിൽ നാലു തരത്തിലുള്ള കാ രണങ്ങൾ  കണ്ടെത്താമെന്ന്  എറണാകുളം  മെഡിക്കൽ സെന്റർ ആശുപത്രിയിലെ ചീഫ് സൈക്യാട്രിസ്റ്റ് ഡോ. സി. ജെ ജോണ്‍ പറയുന്നു.

1. ശിക്ഷിച്ചു മിടുക്കനാക്കുക

‘‘സ്വന്തം കുഞ്ഞിനെ ശിക്ഷിച്ചും ശാസിച്ചും വളർത്തണം എ ന്ന തോന്നൽ മാതാപിതാക്കളിൽ പണ്ടു മുതൽക്കേ ഉണ്ട്. തെറ്റു ചെയ്താൽ വേദനിപ്പിക്കണം. എങ്കിലേ പിന്നീട് വേദന ഒാർമയിലേക്കു വരികയും തെറ്റു ചെയ്യാതിരിക്കുകയുമുള്ളൂ എന്നു പലരും വിശ്വസിക്കുന്നു. അബദ്ധവും അപകടകരവുമായ ധാരണയാണ്. ഇത് കുട്ടികളുടെ മനസ്സിനെ നോവി ക്കുകയേയുള്ളൂ. തല്ലി പഠിപ്പിക്കുമ്പോൾ മാതാപിതാക്കളുെട ദേഷ്യമാണ് പ്രകടമാകുന്നത്. കുട്ടിയെ തിരുത്താനുള്ള മാ ർഗം ശാരീരിക പീഡനമല്ല.

കൊച്ചിയിൽ നടന്ന ഒരു സംഭവത്തിൽ അമ്മ പറഞ്ഞത്, ‘ശിക്ഷിച്ചു നന്നാക്കാൻ ശ്രമിച്ചതാണ് കുട്ടി അപകടത്തിലാകുമെന്നു കരുതിയില്ല’ എന്നാണ്. ആ അമ്മ മനസ്സ് അത്ര മികച്ചതല്ല. അമ്മ ദേഷ്യം തീർക്കാൻ കുട്ടിയെ ഉപകരണമാ ക്കി മാറ്റുകയായിരുന്നു.

2. കുട്ടിയോടു ദേഷ്യമുണ്ടാകുക

മൂന്നു വർഷം മുൻപ് അടിമാലിയിൽ ഒരു കുട്ടിയെ രണ്ടാനമ്മ ക്രൂരമായി ആക്രമിച്ചു പരുക്കേൽപ്പിച്ച സംഭവം വലിയ വാർത്തയായി. ‘ബാറ്റേർഡ് ചൈൽഡ് സിൻഡ്രോം’ എന്ന അവസ്ഥയായിരുന്നു ആ അമ്മയ്ക്ക്. കുട്ടിയോടുള്ള അവഗണനയും വെറുപ്പും പ്രകടമാക്കുമ്പോൾ‌ പീഡനമായി മാറുന്നു.

താൽപര്യമില്ലാതെ പിറന്ന കുട്ടിയെ നിരന്തരം ഉപദ്രവിക്കുകയും ഭക്ഷണം കൊടുക്കാതിരിക്കുകയും ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. അവരുടെ ഇഷ്ടത്തിനപ്പുറത്തായി       രിക്കും ഈ കുട്ടികൾ. അതു കൊണ്ടു തന്നെ അവരെ ഉപദ്രവിക്കാനും അതിൽ നിന്ന് ആനന്ദിക്കാനും ശ്രമിക്കും.    

3. നിരാശയും േദഷ്യവും കുഞ്ഞുങ്ങളിൽ തീർക്കുക

മദ്യപാനിയായ ഭർത്താവ്. അയാളുടെ നിരന്തര പീഡനം അ നുഭവിക്കേണ്ടി വരുന്ന ഭാര്യ. കുട്ടി  കുസൃതി കാണിക്കുമ്പോഴേക്കും ആ ദേഷ്യം മുഴുവനായും കുട്ടികളുടെ മേൽ തീർക്കുന്നു. സ്വന്തം ഇച്ഛാഭംഗം തീർക്കാനുള്ള ഇരയായി കുട്ടികൾ മാറുന്നു.

ജോലിസ്ഥലത്തെ സമ്മർദങ്ങളും വ്യക്തിപരമായ നിരാശകളും തീർക്കുന്നതിന് മനഃപൂർവമല്ലെങ്കില്‍ കൂടിയും കുട്ടികൾ ഇരയായി മാറുന്നുണ്ട്.

4. മാനസികാരോഗ്യ തകർച്ചയുടെ പശ്ചാത്തലം.

വൈകാരിക നിയന്ത്രണങ്ങളില്ലാതാകുക, പെട്ടെന്നു വരുന്ന േദഷ്യം  അങ്ങനെ ഒരുപാടു പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന അമ്മമാരുണ്ട്. ഈ രോഗാവസ്ഥ തിരിച്ചറിഞ്ഞ് ചികിത്സിച്ചു ഭേദമാക്കാൻ പങ്കാളികളാണ് ശ്രമിക്കേണ്ടത്.  ഇങ്ങനെയുള്ള അവസ്ഥകളിലും ദേഷ്യം തീർക്കാനായി കുട്ടികളെ ഉപയോഗിക്കുന്നു.

അത് മാനസിക രോഗമാണോ?

കുട്ടികളെ അമ്മമാർ ക്രൂരമായി മർദിക്കുന്നതും അതിനു കൂട്ടു നിൽക്കുന്നതും പ്രസവ ശേഷമുണ്ടാകുന്ന മാനസിക പിരിമുറുക്കം കൊണ്ടാണെന്ന വാദമുണ്ട്. ഇപ്പോൾ കേൾക്കുന്ന കേസുകളെ ഇതുമായി ചേർത്തു വായിക്കരുതെന്ന്  കോട്ടയം മെഡിക്കൽ കോളജ് മനോരോഗ വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. ഗംഗ.ജി കൈമൾ പറയുന്നു. ‘‘മിക്ക സ്ത്രീകളിലും പ്രസവശേഷം ആറു മാസത്തിനുള്ളിലാണ്  പോസ്റ്റ്പാർട്ടം ഡിസോർഡർ അഥവാ പ്രസവാനന്തര മാനസിക സംഘർഷം കണ്ടു വരുന്നത്. അതും പത്തും ശതമാനം പേരിൽ മാത്രം. അതിൽ തന്നെ ഒരു ശതമാനമേ തീവ്രമായ വിഷാദത്തിലേക്ക് എത്താറുള്ളൂ. അമ്മയും കുഞ്ഞും ഒരുമിച്ച് ഇല്ലാതാകാനുള്ള ശ്ര മങ്ങളാണ് അതിൽ തന്നെ അധികവും.

കുട്ടികളെ ആക്രമിക്കുന്ന, പീഡിപ്പിക്കുന്ന എല്ലാ കേസുകളും  മാനസികരോഗം  കൊണ്ടാണെന്ന് തെറ്റായ ധാരണ പരക്കുന്നുണ്ട്. അതാണ് പ്രധാന കാരണം  എന്നു പറയാനാകില്ല. അതൊരുപക്ഷേ യഥാർഥ പ്രതികളെ രക്ഷപ്പെടുത്താനേ സഹായിക്കൂ.’’    

Tags:
  • Spotlight
  • Vanitha Exclusive