Tuesday 10 July 2018 11:47 AM IST

ചിരിപ്പിക്കാനുള്ള എന്തും ഞങ്ങൾക്ക് ‘സംഭവ’മാണ്; യൂട്യൂബിലെ ‘ഹിറ്റ് മലയാളി കപ്പിൾ’ ചിഞ്ചുവും സൂരജും പറയുന്നു

Shyama

Sub Editor

chinju-sooraj1

ടെൻഷനടിച്ച് കലിപ്പായി നിൽക്കുന്ന നേരത്ത് ചുമ്മാ യുട്യുബിലെ ‘വി ആർ എ സംഭവം’ എന്ന ചാനലിലോട്ട് നോക്ക്. കുറച്ച് നേരം ചിരിച്ചു കഴിയുമ്പോൾ കലിപ്പൊക്കെയങ്ങ് മാറും. മനസ്സ് കൂൾ കൂൾ ആകും. സിംഗപ്പൂർ താവളമാക്കി പ്രവർത്തിക്കുന്ന ‘മലയാളി കപ്പിൾസ്’ ആണ് ഈ ചാനലിന്റെ പ്രൊപ്രൈറ്റേഴ്സ്. തിരുവനന്തപുരംകാരൻ സൂരജും  കൊച്ചിക്കാരി  ചിഞ്ചുവും. ആൻ എന്നാണ് ചിഞ്ചുവിന്റെ യഥാർഥ പേര്.  പക്ഷേ, പ്രോഗ്രാം ഹിറ്റായതോടെ ഇപ്പോൾ ചിഞ്ചു എന്ന് പറഞ്ഞാലേ നാലാൾ അറിയൂ.

‘വി ആർ എ സംഭവം’ എന്ന സിറ്റ്കോം തുടങ്ങിയിട്ട് വർഷം മൂന്നായി. സമൂഹത്തിൽ ലൈവായി നിൽക്കുന്ന വിഷയങ്ങൾ മുതൽ ആകാശത്തിനു താഴെയുള്ള ഏത് സംഭവവും  ‘വി ആർ എ സംഭവം’ ടീം ചിരി വിഡിയോയ്ക്കുള്ള സബ്ജക്ടാക്കി കളയും. സോഷ്യൽ മീഡിയ മുഴുവൻ ഫെമിനിസവും ടെററിസവും മറ്റ് പല ഇസ’ങ്ങളും കൊണ്ട് ചൂടു പിടിക്കുമ്പോൾ ലോകത്തുള്ള മലയാളികളെ കടുംപിടുത്തത്തിൽ നിന്നു ചിരിയിലേക്ക് നയിക്കുന്ന ഇവരെ പോലെയാകണം എന്നാണ് പല യങ്ജൻ പിള്ളേരും മനസ്സിൽ  സൂക്ഷിക്കുന്ന ‘കപ്പിൾ ഗോൾ’. വാലിനറ്റത്ത് തീപിടിച്ചോടുന്ന നേരത്തും ചിരിക്കാനും ചിരിപ്പിക്കാനും കഴിയുന്നത് ചെറിയ കാര്യമല്ലല്ലോ.. ല്ലേ? ഉവ്വോ? ങേ? ദേ, ചിഞ്ചൂം  സൂരജും ലൈനിൽ ലൈവായി വന്നിട്ടുണ്ട്. അവരുടെ വിശേഷങ്ങൾ നേരിട്ട് അറിഞ്ഞോളു.

ലൈവ് ഫ്രം സിംഗപ്പൂർ

ചിഞ്ചു: സൂരജേട്ടാ ഒരു കാര്യം പറയാനുണ്ട്,  ഇന്ന് നേരത്തെ വീട്ടിലേക്ക് വരണേ...
സൂരജ്: നീ കാര്യം പറ ചിഞ്ചൂൂൂ...
ചിഞ്ചു: ഫോണിൽ കൂടി അതങ്ങനെ പറയാൻ പ റ്റില്ല, സീക്രട്ടാ... നിങ്ങളു വാ മനുഷ്യാ...!
സൂരജ്: (ദൈവമേ... ‘ഒഎംകെവി’ കണ്ടിട്ട് ആരേലും ക്വട്ടേഷൻ തന്നാ) ഓ, വരാം.
സൂരജ്: ചിഞ്ചൂ.. ഡീ, എന്താ കാര്യം?
ചിഞ്ചു: ‘വനിത’ നമ്മുടെ ഇന്റർവ്യൂ എടുക്കാൻ പോണു സൂര ജേട്ടാ, അവരെന്നെ വിളിച്ചിരുന്നു.
സൂരജ്: വൗ! ദാറ്റ് ഇസ് എ ഗ്രെയ്റ്റ് ന്യൂസ്! അല്ല എന്നിട്ട് നിന്റെ ഇൻസ്റ്റഗ്രാം സ്റ്റാറ്റസിലൊന്നും ഈ കാര്യം കണ്ടില്ലല്ലോ.
ചിഞ്ചു: അവരു പറഞ്ഞു ഇപ്പോ ഇടരുതെന്ന്.
സൂരജ്: അത് പറ, വെറുതേയല്ല!

സംഭവത്തിന്റെ തുടക്കം ഇങ്ങനെ

സൂരജ്: ഞാൻ കോളജിൽ പഠിക്കുന്ന സമയത്ത് ഒരു ബ്ലോഗ് തുടങ്ങിയിരുന്നു ‘ഐ ആം എ സംഭവം.’ സിംഗപ്പൂരിൽ ജോലി തേടി എത്തിയപ്പോ ‘സിംഗപ്പൂരം’ എന്ന പേരിൽ ഇവിടത്തെ കാര്യങ്ങൾ പറയാൻ തുടങ്ങി. ചിഞ്ചൂനെ കല്യാണം കഴിച്ച ശേഷമാണ് ഐ മാറി ‘വി’  ആയത്. പിന്നെ, ‘വി  ആർ എ സംഭവം’ എന്നു പേരു മാറ്റി
എഴുത്തിനേക്കാൾ  കൂടുതൽ ആളുകളിലേക്ക് എത്താൻ വിഡിയോസ് ആണ് നല്ലത്  എന്ന് തോന്നി. അങ്ങനെ ‘വി ആർ എ സംഭവം’ എന്ന യുട്യൂബ് ചാനലിലൂടെ വിഡിയോസ് പോസ്റ്റ് ചെയ്തു തുടങ്ങി. ആൾക്കാരുടെ പ്രതികരണം  കണ്ടപ്പോൾ എല്ലാ വീക്കെൻഡിലും വിഡിയോ ചെയ്തിടാൻ തുടങ്ങി. ബ്രേക്ക് തന്ന വിഡിയോ ആയിരുന്നു ‘പ്രേമം ഹാങ്‌ഓ വർ’. (ഇതു വരെ കണ്ടിട്ടില്ലേൽ അതൊന്നു യൂട്യൂബിൽ ക യറി നോക്കിക്കേ... ബാക്കി വായിക്കാനൊരു ത്രില്ലുണ്ടാകും.)

തിരുവനന്തപുരവും കൊച്ചിയും തമ്മിൽ

ചിഞ്ചു: ആദ്യമൊക്കെ പറയാനുള്ള കഥയുടെ ത്രെഡ് ആന്വേഷിച്ച്  ഒരുപാട് തലപുകയ്ക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോ, ഞങ്ങ ൾ തമ്മിൽ സംസാരിക്കുന്നതു പോലും ഇതേക്കുറിച്ചാണ്. ഈ യടുത്തിറക്കിയ ‘ഒഎംകെവി’ അങ്ങനെ ചെയ്തതാണ്. സൂരജേട്ടൻ ബ്രേക്ക് ടൈമിൽ എന്നെ വിളിച്ചു പറഞ്ഞു ഒരു സബ്ജക്റ്റ് കിട്ടി ചിഞ്ചു, നമുക്കിന്നു തന്നെ ചെയ്യാമെന്ന്. വീട്ടിൽ വന്നുകയറി ചായ പോലും കുടിക്കാതെ ചെയ്ത എപ്പിസോഡാണ് ‘ഒഎംകെവി’യുടേത്.

സൂരജ്:  ചാനലിൽ  ‘ഐ ആം എ മുട്ടൻ മലയാളി’ എന്ന പ്രോഗ്രാമിലേക്ക് ഞങ്ങൾ വിഡിയോസ് ചെയ്തിരുന്നു. എല്ലാ ശനിയാഴ്ചയും വിഡിയോ കൊടുക്കണം. അതൊരിച്ചിരി പണിയായിരുന്നു. ഈയിടെ ഹിറ്റായ ‘ട്രിവാൻട്രം vs കൊച്ചി’ ടെൻഷന്റെ അങ്ങേയറ്റത്തിരുന്നു ഷൂട്ട് ചെയ്തതാണ്. ശനിയാഴ്ച ഉച്ചയായിട്ടും  എന്താണ്  ചെയ്യേണ്ടതെന്ന്  ഒരു ഊഹവുമില്ല. രാത്രി പത്ത് മണിക്കാണ് അയയ്ക്കേണ്ട സമയം. ഒടുവിൽ എട്ടു മണിക്കാണ് ഐഡിയയുടെ ലഡ്ഡു പൊട്ടിയത്. പിന്നെ, സ്വദേശം തന്നെ സബ്ജക്ടാക്കി. എന്റെ തിരുവനന്തപുരവും ചിഞ്ചൂന്റെ കൊച്ചിയും തമ്മിലൊരു ഏറ്റുമുട്ടൽ. ഞങ്ങളുടെ  കാര്യങ്ങൾ  പൊടിപ്പും  തൊങ്ങലും  ചേർത്തു പറഞ്ഞായിരുന്നു വിഡിയൊ. അതങ്ങ് വൈറലായി കണ്ടപ്പോ സമാധാനമായി..

ചിഞ്ചു: കുട്ടിഫാൻസ് ധാരാളമുണ്ട് ഞങ്ങളുടെ ചാനലിന്. ഒരിക്കൽ എന്റെ സുഹൃത്തു പറഞ്ഞതാണ്. അവളുടെ മോൾ ഭക്ഷണം കഴിക്കാൻ വാശിപിടിച്ച് പറയും ‘ചിഞ്ചുമോൾടെ വിഡിയോ കാണണം’ എന്ന്.

സൂരജ്: എന്തൊക്കെ പറഞ്ഞാലും എനിക്കാണ് കൂടുതൽ ഫാൻസ് എന്നു മറക്കണ്ട ചിഞ്ചൂൂൂ....

ചിഞ്ചു: ആയിക്കോട്ടെ മിഷ്ടർ എസ്.ജെ.

കായലിലെ മീനും യൂറോപ്പും

സൂരജ്: പല നാട്ടിൽ നിന്നുള്ള വിഷ്വൽസ് ഒരു എപ്പിസോഡിൽ കാണിക്കാറുണ്ട്. ചിഞ്ചുന്റെ അനിയൻ യൂറോപ്പിലെ കാഴ്ചകൾ കാണിക്കുന്നതും കേരളത്തിലെ കായലിൽ മീൻ പിടിക്കുന്ന ഷോട്ടും  ഒക്കെ സുഹൃത്തുക്കൾ വഴി പറഞ്ഞ് എടുപ്പിച്ച് അയ യ്ക്കും. അതും  എഡിറ്റ് ചെയ്ത് ചേർക്കാറുണ്ട്. ടെക്നോളജി വളർന്നു പന്തലിക്കുകയല്ലേ... നമ്മളെ കൊണ്ട് ആകുന്ന രീതിയിൽ മാക്സിമം ഉപയോഗിക്കുക.അത്രേയുള്ളൂ.

ചിഞ്ചു: ഞങ്ങൾ തമ്മിൽ അടുക്കുന്നതും ഈ  ടെക്നോളജി കാരണമാണ്. ഫെയ്സ്‌ബുക്ക് വഴി. സൂരജേട്ടൻ പഠനം കഴിഞ്ഞ് സിംഗപ്പൂരിൽ ജോലിക്കു വന്നതാണ്. ഇപ്പോ കക്ഷി തിരുവനന്തപുരത്തുള്ള  പെർഫോമാറ്റിക്സ് ടീമിന്റെ  ഇവിടത്തെ ഡയറക്ടറാണ്. പഠനത്തിനായാണ് കൊച്ചിയിൽ നിന്ന്  ഞാൻ സിംഗപ്പൂരിൽ എത്തിയത്. ഇപ്പോൾ ഇവിടെ ഇലക്ട്രോണിക്സ് എൻജിനീയറാണ്. ‘സിംഗിൾ റെഡി ടു മിംഗിൾ’ എന്നൊരു സ്റ്റാറ്റസുമായി ചാറ്റിനു വന്നതാണ് സൂരജേട്ടൻ..

സൂരജ്: ആദ്യം ഇവൾ മിണ്ടിയില്ല. എനിക്കറിയാത്തൊരാളോട് ഞാനെന്തിനാ മിണ്ടുന്നേ, എന്ന ലൈനായിരുന്നു ആദ്യം. അപ്പോൾ ഞാൻ ചോദിച്ചു മിണ്ടിയാലല്ലേ അറിയൂ. അങ്ങനെ കോഫി ഷോപ്പിൽ കണ്ടു. എന്നെ പോലെ കിളി പറന്നു പോയ വേറൊരു ‘ഞാൻ’ ഇതാ പെണ്ണായി മുന്നിൽ. പിന്നെ, ഒരുപാട് ചിന്തിക്കാനൊന്നും നിന്നില്ല, ഞങ്ങളങ്ങ് കെട്ടിയെന്ന് പറഞ്ഞാൽ മതിയല്ലോ. ഞങ്ങൾ തമ്മിൽ പല വ്യത്യാസങ്ങളുമുണ്ട്. പക്ഷേ, ഈ  പ്രോഗ്രാം  കാരണം വഴക്കു വരെ കുറഞ്ഞു. ഇതുചെയ്യണേൽ അധികനേരം മിണ്ടാതിരിക്കാൻ പറ്റില്ലല്ലോ. ഇപ്പോ ഞങ്ങളാണ് ചിലരുടെ ‘കപ്പിൾ ഗോൾ’. ഞങ്ങളെ പോലെ ജോളിയായി നടക്കണം എന്നു പറഞ്ഞുള്ള മെസേജുകൾ കിട്ടാറുണ്ട്.   

ചിഞ്ചു: ചില ദിവസം ഞാൻ ഓഫിസിൽ നിന്നു ക്ഷീണിച്ചായിരിക്കും വരിക. അപ്പോ ഷൂട്ട് ചെയ്യാമെന്നു പറഞ്ഞ് സൂരജേട്ടൻ റെഡിയായി നിൽക്കും. ‘ഇങ്ങേർക്ക് എന്നെ മനസ്സിലാവണില്ലേ ഈശ്വരാ’ എന്നൊക്കെ ചിന്തിച്ചു പോകും. എന്നാലും ചെയ്യും, അതു അപ്‌ലോഡ് ചെയ്തു കഴിഞ്ഞ് ആളുകളിൽ നിന്നു കിട്ടുന്ന സ്നേഹം കാണുമ്പോൾ ക്ഷീണം  മാറും. ഇത്രയൊക്കെ  പറഞ്ഞാ പോരെ, സൂരജേട്ടാ ഞാന്‍ ഓവറാക്കീല്ലല്ലോ, ...ല്ലേ? ചിഞ്ചു: ഹേയ്, ഇല്ല, ചിഞ്ചു സൂപ്പറാാാ

യുട്യൂബ് ഞങ്ങളുടെ ഐശ്വര്യം

‘‘അവൈലബിൾ പോളിറ്റ് ബ്യൂറോ എന്നൊക്കെ പറയുന്നതു പോലെ അപ്പോൾ ഉള്ളവരെ വച്ച് വിഡിയോ ചെയ്യുന്നതാണ് ഞങ്ങളുടെ രീതി. ഞങ്ങൾക്ക് എപ്പോഴും അവൈലബിൾ ആയിട്ടുള്ളത് ഞങ്ങളാണ്. അതുകൊണ്ട് ഞങ്ങൾ തന്നെയാണ് എപ്പോഴും ഹീറോയും ഹീറോയിനും. പിന്നെ, എന്റെ അനുജൻ, ഞങ്ങളുടെ സുഹൃത്തുക്കൾ ഒക്കെ ഇടയ്ക്ക് വന്നു പോകും.

സൂരജേട്ടൻ തന്നെയാണ്  ഇതിന്റെ എഡിറ്റിങ്ങും മറ്റു കാര്യങ്ങളും ചെയ്യുന്നത്. എല്ലാം യുട്യൂബ് നോക്കി പഠിച്ചതാണ്. ചുരുക്കിപ്പറഞ്ഞാൽ യുട്യൂബാണ് ഈ പ്രോഗ്രാമിന്റെയും ഞങ്ങളുടെയും ഐശ്വര്യം.’’ പഞ്ച് ഡയലോഗോടെ ചിഞ്ചു.