Friday 05 November 2021 11:06 AM IST : By സ്വന്തം ലേഖകൻ

നവവരനെ ആക്രമിച്ചത് മതം മാറാത്തതിന്; ദുരഭിമാനത്തിന്റെ പേരിൽ മർദിച്ചത് ഡോക്ടറായ ഭാര്യാ സഹോദരൻ, ഗുരുതര പരുക്ക്

chirayinkeezhuuuu77658

വ്യത്യസ്ത മതങ്ങളിൽ നിന്നു പ്രണയവിവാഹിതരായ ദമ്പതിമാരിലെ ഭർത്താവിന് ഡോക്ടറായ ഭാര്യാ സഹോദരനിൽ നിന്നു ക്രൂരമർദനം. ചിറയിൻകീഴ് ആനത്തലവട്ടം എം.എ. നിവാസിൽ മിഥുൻകൃഷ്ണ(29)യ്ക്കാണു ദുരഭിമാനത്തിന്റെ പേരിൽ വധു ദീപ്തി(22)യുടെ സഹോദരൻ ഡോ. ഡാനിഷ് ജോർജിൽ നിന്നു മാരക മർദനം ഏറ്റത്. തലയ്ക്കും കൈകാലുകൾക്കും ഗുരുതരമായി പരുക്കേറ്റു ബോധരഹിതനായി വീണ യുവാവിനെ ആദ്യം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും തലയുടെ പരുക്കു ഗുരുതരമാണെന്നു കണ്ടതോടെ തിരുവനന്തപുരം മെഡിക്കൽകോളജാശുപത്രിയിലേക്കു മാറ്റി.

നട്ടെല്ലിനും തലയ്ക്കും ശസ്ത്രക്രിയ വേണ്ടിവരുമെന്നു ഡോക്ടർമാർ അറിയിച്ചു. ഡാനിഷ് ഒളിവിലാണ്. 31 നു നടന്ന സംഭവത്തിൽ അന്നു തന്നെ പരാതി നൽകിയെങ്കിലും കേസ് റജിസ്റ്റർ ചെയ്യാതെ പൊലീസ് ഉരുണ്ടുകളിച്ച് ഡാനിഷിന് ഒളിവിൽ പോകാൻ വഴിയൊരുക്കിയെന്ന് മിഥുന്റെ ബന്ധുക്കൾ പരാതിപ്പെട്ടു. എന്നാൽ പരാതി ലഭിച്ചയുടൻതന്നെ അന്വേഷണം ആരംഭിച്ചതായി ചിറയിൻകീഴ് എസ്എച്ച്ഒ ജി.ബി.മുകേഷ് അറിയിച്ചു. മെഡിസിൻ പൂർത്തിയാക്കി കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്യുകയാണ് ഡോ. ഡാനിഷ് ജോർജ്

സമീപവാസി ആനത്തലവട്ടം ബീച്ച് റോഡിൽ ദീപ്തി കോട്ടേജിൽ ദീപ്തിയുമായി രണ്ടുവർഷം മുൻപാണു മിഥുൻകൃഷ്ണ പ്രണയത്തിലായത്. 28നു ഇരുവരും ബോണക്കാട്ടുള്ള ക്ഷേത്രത്തിൽ വിവാഹിതരായി.  ഇരുവരെയും കാണാനില്ലെന്നു കാണിച്ചു വധൂവരൻമാരുടെ ബന്ധുക്കൾ ചിറയിൻകീഴ് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നു 29നു മിഥുൻകൃഷ്ണയും ദീപ്തിയും നേരിട്ടു സ്റ്റേഷനിൽ ഹാജരായി തങ്ങൾ വിവാഹിതരായെന്നു പൊലീസിനെ അറിയിച്ചു. ഇതിനിടെയാണു ഡാനിഷ് 31നു ഇരുവരെയും പള്ളിയിലേക്കു വിളിച്ചുവരുത്തി മതാചാരപ്രകാരം വിവാഹം നടത്തിക്കൊടുക്കാമെന്നു വാക്കു നൽകിയത്.

പള്ളിയങ്കണത്തിലെത്തിയ മിഥുൻകൃഷ്ണയോടു മതം മാറുകയോ അല്ലെങ്കിൽ ബന്ധത്തിൽനിന്നു പിന്തിരിയുകയോ വേണമെന്നു ഡാനിഷ് ആവശ്യപ്പെട്ടെങ്കിലും ദമ്പതികൾ എതിർത്തു. ബന്ധം വേർപെടുത്താൻ മിഥുൻകൃഷ്ണയ്ക്കു പണവും വാഗ്ദാനം നൽകിയത്രെ. വഴങ്ങാതെ വന്നതോടെ ദീപ്തിയെ അമ്മയെക്കാണിക്കാൻ എന്ന മട്ടിൽ ഇരുവരെയും വീട്ടിലെത്തിച്ചു മിഥുൻകൃഷ്ണയെ തല്ലിച്ചതക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിൽ കർശന ഇടപെടൽ ആവശ്യപ്പെട്ട് കേരള തണ്ടാർ മഹാസഭ ചിറയിൻകീഴ് താലൂക്ക് യൂണിയൻ ഭാരവാഹികൾ ഉന്നത പൊലീസ് അധികാരികൾക്കു പരാതി നൽകി.

Tags:
  • Spotlight