Thursday 23 September 2021 12:14 PM IST : By സ്വന്തം ലേഖകൻ

അകാലത്തില്‍ പൊലിഞ്ഞ സുഹൃത്തിന് ആദരം; 12 വയസുള്ള മകനെ സാക്ഷിയാക്കി അച്ഛന്റെ ത്രീഡി ചിത്രം വരച്ച് ഡാവിഞ്ചി സുരേഷ്

davinnnvvv44555fgyggf

അകാലത്തില്‍ പൊലിഞ്ഞ കളമെഴുത്ത് പാട്ട് കലാകാരനായിരുന്ന അജീഷ് പുത്തൂരിന്റെ സ്മരണയ്ക്ക് 20 അടി വലുപ്പത്തില്‍ അജീഷിന്റെ   ത്രിമാന ചിത്രം വരച്ച് ഡാവിഞ്ചി സുരേഷ്.  കൊടുങ്ങല്ലൂര്‍ മേത്തല പറമ്പികുളങ്ങര NSSV സഭാഹാളിലാണ് നവതേജസ്‌ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബിന്റെ സംഘാടനത്തില്‍ 12 മണിക്കൂര്‍ സമയം ചിലവഴിച്ച്  ത്രീഡി ചിത്രം തയാറാക്കിയത്.

കളമെഴുത്ത് പാട്ട് കലാരംഗത്ത് അസാധാരണമായ പ്രതിഭകൊണ്ട് ശ്രദ്ധേയമായ കഴിവുകള്‍ പ്രകടിപ്പിച്ചിരുന്ന അജീഷ് പുത്തൂരിന്റെ   അപ്രതീക്ഷിതമായ വിയോഗത്തിനു ശേഷം 12 വയസു മാത്രം പ്രായമുള്ള അജീഷിന്റെ മകന്‍ അജ്വൽറാം അച്ഛന്‍റെ പാത പിന്തുടര്‍ന്ന് കൊണ്ട് കളമെഴുത്ത് പാട്ട് രംഗത്തേയ്ക്ക് വന്നിരിക്കയാണ്. 

അജീഷിന്റെ ശിഷ്യന്മാരായ ഷൈന്‍ മോന്‍, ദിബിന്‍, സഹോദരീപുത്രന്‍ ജിത്തു തുടങ്ങിയ നവതേജസിലെ കൂട്ടുകാരും ഡാവിഞ്ചി സുരേഷിന്റെ എഴുപത്തിയേഴാമത്തെ മീഡിയമായ കളര്‍ പൗഡര്‍ ചിത്രരചനയ്ക്ക് സഹായികളായി കൂടെയുണ്ടായിരുന്നു. കളര്‍ പൗഡര്‍ ഉപയോഗിച്ച് ചിത്രം 25 വര്‍ഷം മുൻപ് ചെയ്തിട്ടുണ്ടെങ്കിലും ചിത്രം കയ്യിലില്ലാത്തത് കൊണ്ട് സുരേഷിന്റെ നൂറു മീഡിയം യാത്രയില്‍ കളര്‍ പൗഡര്‍ കയറിയിരുന്നില്ല.

കളമെഴുത്ത് കളറുകള്‍ ഉപയോഗിച്ച് ഒരു ചിത്രം ചെയ്യണമെന്നു തീരുമാനിച്ചപ്പോള്‍ ഒട്ടും ആലോചിക്കേണ്ടി വന്നില്ല സുഹൃത്ത്‌ കൂടി ആയിരുന്ന അജീഷിനെ തിരഞ്ഞെടുക്കാൻ. അന്‍പതോളം നിറങ്ങളാണ് അരിപ്പൊടിയിലും വാകപച്ചയിലും ഉമിക്കരിയിലുമായി മിക്സ് ചെയ്തെടുത്തത്.  

ചിത്രരചനയിലെ വ്യത്യസ്തമായ ത്രിമാനചിത്ര രചനാ രീതിയാണ് അജീഷിനെ വരക്കാന്‍ സുരേഷ് തിരഞ്ഞെടുത്തത്. തുടക്കം മുതല്‍ അജീഷിന്റെ മകന്‍  അജ്വൽറാം സാക്ഷിയായിരുന്നു ചിത്രം വരയ്ക്ക്. പ്രജീഷ് ട്രാന്‍സ് മാജിക് ചിത്രങ്ങള്‍ പകര്‍ത്തി. വിഡിയോ കാണാം; https://youtu.be/US0dZlwXxFk

Tags:
  • Spotlight
  • Social Media Viral