Saturday 30 May 2020 02:40 PM IST : By Shyama

വേണമെങ്കിൽ പച്ചക്കറി ‘മണലിലും’ കായ്ക്കും; ദുബായിലെ മണലാരണ്യത്തിൽ പച്ചക്കറി വിളയിച്ച പ്രവീണിന്റെ കഥ!

dubai-3

പ്രവീൺ വീട്ടിലുണ്ടാക്കിയ പച്ചക്കറി എന്ന് പറഞ്ഞു ചിത്രങ്ങൾ ഇടുമ്പോൾ നമ്മൾ ഞെട്ടില്ല, നോക്കി അങ്ങ് വിട്ടുകളയും. പക്ഷേ, അപ്പറഞ്ഞ വീട് അങ്ങ് ദുബായിലാണെന്ന് കേൾക്കുമ്പോ തിരികെ പടങ്ങളിൽ നോക്കി നോക്കി പിന്നെയും പിന്നെയും ഞെട്ടും. മണലാരണ്യത്തിൽ വിളയുന്ന തക്കാളിയും കോവക്കയും മത്തങ്ങയും... ഇതൊന്നും പോരാഞ്ഞിട്ട് ഒപ്പം വളർത്തുന്ന കോഴികളും മുയലുകളും മീനുകളും വേറെ.... !

"ഞാൻ തൃശ്ശൂർ മാളയിലെ ഒരു കർഷക കുടുംബത്തിലാണ് ജനിച്ചത്. അച്ഛനൊരു കർഷകനാണെന്ന് പണ്ട് സ്കൂളിൽ പഠിക്കുമ്പോ പറയാൻ നാണക്കേടുണ്ടായിരുന്ന ഒരു കാലഘട്ടത്തിൽ നിന്ന് ദേ, ഞാൻ ഇപ്പോ കർഷകനായി അറിയപ്പെടുന്നു" പ്രവീൺ വാചാലനായി. "പണ്ട് അച്ഛൻ പച്ചക്കറി നനയ്ക്കാനൊക്കെ പറയുമ്പോ കളിക്കാനുള്ള സമയം അത്രേം പോകുമെന്നോർത്ത് അതിനോടൊക്കെ വെറുപ്പായിരുന്നു. ആ ചെടികളും മരങ്ങളും ഒക്കെ ഒറ്റയടിക്ക് ഉണങ്ങിപ്പോവാൻ വരെ പ്രാർത്ഥിച്ചിരുന്നു. ആ കാലമൊക്കെ കഴിഞ്ഞ് കൃഷിയെ സ്നേഹിച്ചു തുടങ്ങിയെ സമയത്തോ... പ്രവാസിയാകേണ്ടിയും വന്നു. ഇരുപത്തിയഞ്ചാം വയസിൽ വന്നതാണ് ഇങ്ങോട്ട്.

dubai--1

അഞ്ചു വർഷം ആദ്യം ഖത്തറിൽ ആയിരുന്നു. പിന്നെയാണ് ദുബായ്ക്ക് വരുന്നത്. ആദ്യ മൂന്ന് നാല് വർഷം ഫ്ലാറ്റിൽ, അന്നേ ഫ്ളാറ്റിലെ ബാൽക്കണിയിൽ ചെറിയ രീതിക്ക് കൃഷി ചെയ്തിരുന്നു. വില്ലയിലേക്ക് മാറിയിട്ട് രണ്ട് വർഷമാകുന്നു. അന്ന് തൊട്ട് കൃഷി ഉണ്ട്. കൃഷിയെ പറ്റിയുള്ള ചർച്ചകളിലും അതേക്കുറിച്ചു പഠിക്കാനും എപ്പോഴും താല്പര്യമാണ്. അതൊക്ക ഇപ്പൊ ഉപകാരപ്പെടുന്നുണ്ട്. ഇന്നിപ്പോ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാനുള്ളത്ര കോൺഫിഡൻസ് വന്നിട്ടുണ്ട്. പ്രതേകിച്ച് ഈ കൊറോണ കാലത്ത് പലർക്കും കൃഷി വളരെയധികം ഉപകാരപ്പെട്ടിട്ടുമുണ്ട്.

ഏകദേശം 10 സെന്റിൽ ഇപ്പൊ കൃഷിയുണ്ട്. 12തരം ചീരകൾ, തുളസി, തഴുതാമ, മല്ലിയില, ബ്രഹ്മി, അസോള, കാബേജ്, കോളിഫ്ലവർ, വഴുതന, അഞ്ചു തരം തക്കാളി, ചെറുനാരങ്ങ, കരിമ്പ്, വാഴ, അലോവേര, കോവക്ക, മുരിങ്ങക്ക, പാവയ്ക്ക, കുമ്പളം, മത്തങ്ങാ, തണ്ണിമത്തൻ, സ്വീറ്റ്മെലൺ, പടവലങ്ങ, ആടലോടകം, മാതളനാരങ്ങ, ബീൻസ്, മൂന്ന് തരം പയർ, കിഴങ്ങ്, കൂർക്ക, പനിക്കൂർക്ക, വേപ്പ്, ആര്യവേപ്പ് ഇങ്ങനെ പലതും ഈ ഫാമിൽ ഉണ്ട്...

dubai-2

ഇവിടെ 35ഓളം കോഴികളും ആറു മുയലുമുണ്ട്, അതിന്റെയൊക്കെ കാഷ്ഠവും വളമാക്കും. അത് കൂടാതെ ഉണങ്ങിയതും പച്ചയുമായ ഇലകൾ, അടുക്കളയിൽ നിന്നുള്ള മാലിന്യവും (പുളി രസമുള്ളത് ഒഴിവാക്കും) ഒക്കെ ചേർത്ത് കമ്പോസ്റ്റ് ഉണ്ടാക്കും. ബയോകമ്പോസ്റ്റ് ഉണ്ടാക്കുന്ന ഓർഗാനിക് ബാക്ടീരിയാണ് ഇത് ചെയ്യുന്നത്. ശർക്കരയും തൈരും വെച്ചുള്ള ഒരു പ്രയോഗമാണത്. 45ദിവസം കൊണ്ട് കമ്പോസ്റ്റ് ആകും. ഇതിൽ നിന്ന് തന്നെ ചെടികൾക്ക് വേണ്ട പോഷകങ്ങൾ കിട്ടും. കൂടാതെ ഇവിടടുത്തൊരു ക്യാറ്റിൽ മാർക്കറ്റ് ഉണ്ട് അവിടെ നിന്ന് ചാണകവും ആട്ടിൻ കാഷ്ഠവും വാങ്ങി ഉണക്കി പൊടിച്ച് അതും ഇടാറുണ്ട്. നേരിട്ട് ഒരു തരത്തിലും ഇടാതെ ഉണക്കി ഇടുന്നതുകൊണ്ട് പ്രാണികൾ വരുന്നതും കുറവാണ്.ഇടയ്ക് സ്റ്റിക്കർ പോലുള്ള മഞ്ഞ കെണികൾ വെച്ചിട്ടുണ്ട്.

എല്ലാ ദിവസവും ചെടികളുടെ അടുത്ത് ചെല്ലുന്നു, അതുകൊണ്ട് എന്തെങ്കിലും വ്യത്യാസം കണ്ട് തുടങ്ങുമ്പോഴേ നമ്മൾ ആ പ്രശ്നം പരിഹരിക്കും.വെള്ളീച്ച ഒക്കെ ഈ നാട്ടിലുമുണ്ട് പക്ഷേ, എന്റെ സ്ഥലത്ത് ബാധിച്ചിട്ടില്ല. അതിന്റെ തുടക്കം കാണുമ്പോഴേ ആ ചെടിയോ അതിന്റെ ഭാഗമോ പറിച്ചെടുത്തു കത്തിച്ചു കളയും. പിന്നെ അങ്ങനെ പടരില്ല. ഒരു തരത്തിലും ഉള്ള കെമിക്കൽ പ്രയോഗങ്ങളും ചെയ്യാറില്ല. ശുദ്ധമായത് കഴിക്കാനാണല്ലോ നമ്മളിത്ര കഷ്ടപ്പെടുന്നത്...കോയി കാർപ്പുകളും ഗപ്പികളുടെ പല വെറൈറ്റിയും മീൻ ഇനത്തിൽ വളർത്തുന്നുണ്ട്. അതിന്റെ വിസർജ്യമുള്ള വെള്ളം ചെടികൾ വളരാൻ വളരെയേറെ നല്ലതാണ്. ഇവിടെ ഉള്ള ഒരു ജീവികളെയും ഞങ്ങൾ കഴിക്കില്ല, മുട്ട ഒഴികെ. അവരെ ഒക്കെ നമ്മൾ മക്കളെ പോലെ നോക്കി വളർത്തുന്നതാണ്...

dubai-4

എന്റെ മക്കൾ രണ്ടും രാവിലെ എഴുന്നേറ്റാൽ ആദ്യമേ ഫാമിലേക്കും മൃഗങ്ങളുടെ അടുത്തേക്കുമാണ് പോകാറ്. അവർക്ക് നോക്കാനും കളിക്കാനും രസിക്കാനും ഒക്കെയുള്ള കുറേ കാര്യങ്ങൾ കൃഷിയിലുണ്ട്. മുയലും തത്തമ്മയും ഒക്കെയുമായി അവർ നല്ല കൂട്ടാണ്. ബുർജ് ഖലീഫയ്ക്കൊക്കെ അരികിലായിട്ടാണ് എന്റെ ഈ വില്ല. വലിയ കെട്ടിടങ്ങൾക്കിടയിൽ ഇത്രയും പച്ചപ്പുള്ളൊരിടം ഇവിടെയാകും. അൻപതോളം തത്തമ്മകൾ വരുമെന്ന് പറഞ്ഞാൽ നിങ്ങളൊരുപക്ഷേ വിശ്വസിക്കില്ല. കുടുക്കപ്പുള്ളി എന്നൊരു മരം ഇവിടുണ്ട്. അത് ഞാൻ വെച്ചതല്ല, അതുള്ളിടത്തേക്ക് ഈ തത്തമ്മകൾ കുറേ എത്തും. അതുപോലെ ഞങ്ങൾ ഇടയിക്കിടയ്ക്കായിട്ട് കിളികൾക്ക് വെള്ളം വെച്ചിട്ടുണ്ട്, അതിൽ കുളിക്കാനും കുടിക്കാനും ഒക്കെ നിറയെ കിളികൾ വരും. ആദ്യം ഫ്ലാറ്റിൽ താമസിച്ചിരുന്നത്കൊണ്ട് ഇപ്പോൾ ഈ കാഴ്ചകൾ ഒക്കെ കുട്ടികൾ ശരിക്കും ആസ്വദിക്കുന്നുണ്ട്, ഈ നാട്ടിൽ ഇങ്ങനെയുള്ള കാഴ്ചകൾ കുറവാണല്ലോ... ചെടിക്ക് വെള്ളം നനയ്ക്കാനും ഒക്കെ കുട്ടികൾക്ക് ഇഷ്ടമാണ്. വെള്ളം നനയ്ക്കുമ്പോൾ ചെടികൾ തലയാട്ടി ചിരിക്കും എന്നൊക്ക ഞാൻ അവരോട് പറയാറുണ്ട്, ഇപ്പൊ വെള്ളമൊഴിച്ചിട്ട് അവർ പറയും 'പപ്പാ, ദേ എന്നോട് ചെടി ചിരിച്ചു' എന്ന്, കേൾക്കുമ്പോ ഒരു സന്തോഷം. എനിക്ക് അഥവാ ഓഫിസ് ആവശ്യങ്ങൾക്കായി എവിടെയെങ്കിലും പോകേണ്ടി വന്നാലും മക്കളും ഭാര്യയും കൃഷി നോക്കും, അവർക്കൊക്കെ ഇത് നല്ല ഇഷ്ടമാണ്. ഞങ്ങൾ ഒരിക്കലും അമ്യൂസ്‌റ്റ്മെന്റ് പാർക്കിലോ മാളിലോ ഒന്നും അധികം പോകാറില്ല, ഇവിടെ ഊഞ്ഞാലുണ്ട്, മരത്തിൽ കയറാം... അവർക്ക് വേണ്ട നേരനുഭവങ്ങൾ വീട്ടിൽ തന്നെ കൊടുക്കാനാണ് നോക്കുന്നത്. കൊറോണ വന്നപ്പോൾ അതുകൊണ്ട് എന്റെ മക്കൾ അങ്ങനെ പുറത്ത് പോകാൻ വാശി പിടിച്ചിട്ടില്ല.

dubai-5

പിവിസി പൈപ്പിൽ തുളയിട്ടിട്ട് മിന്റ്, ചീര, ഇലക്കറികൾ നാലുമണിപ്പൂവ് ഒക്കെ വളർത്താൻ പറ്റും...ഒരു ചെറിയ ബാൽക്കണിയിൽ പോലും ദിവസവും 15മിനിറ്റ് ചിലവഴിച്ചാൽ ചെറിയൊരു കുടുംബത്തിന് വേണ്ട അത്യാവശ്യം പച്ചക്കറി വെക്കാം...ഞാൻ ചെയ്തത് കൊണ്ടാണ് പറയുന്നത്. നമ്മൾ തുനിഞ്ഞിറങ്ങിയാൽ കാലാവസ്ഥയിക്കും കൊറോണയിക്കും ഒന്നും നമ്മൾ തോൽപ്പിക്കാൻ പറ്റില്ല, വേണ്ടത് ശ്രദ്ധയും ക്ഷമയും മാത്രമാണ്. ഞാൻ ഉപയോഗിക്കുന്ന മാർഗങ്ങൾ പറഞ്ഞു കൊടുക്കാനും ഞാൻ ശ്രമിക്കാറുണ്ട്."പ്രവീൺ ലണ്ടൻ അമേരിക്കൻ സിറ്റി കോളേജിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ആണ്. ഭാര്യ പ്രീനി ശിവൻ ഒപ്‌റ്റോമെട്രിസ്റ് ആയി ജോലി നോക്കുന്നു. മക്കൾ എട്ട് വയസുകാരൻ ആയാൻവിരാജ്, നാല് വയസുകാരി മിഥുന.

Tags:
  • Spotlight