Saturday 01 January 2022 12:36 PM IST : By സ്വന്തം ലേഖകൻ

‘ആ സംഭവത്തെക്കുറിച്ച് ഇനി ഓർക്കാൻ ഇഷ്ടപ്പെടുന്നില്ല; എല്ലാ നികുതികളും നല്‍കിയാണ് മദ്യം വാങ്ങിയത്, എന്നിട്ടും ക്രിമിനൽ കേസെടുക്കുമെന്ന് പറഞ്ഞു’: ദുരനുഭവം പങ്കിട്ട് സ്റ്റീവന്‍

duchhh545767

എല്ലാ നികുതികളും അടച്ചു വാങ്ങിയ മദ്യം റോഡിൽ ഒഴുക്കി കളയിച്ച് കേരളാ പൊലീസ്. കോവളത്തു വച്ച് ഡച്ച് പൗരനാണ് പൊലീസിൽ നിന്ന് ദുരനുഭവം ഉണ്ടായത്. പൊലീസിന്റെ നടപടിയില്‍ ദുഃഖമുണ്ടെന്ന് ഡച്ച് പൗരന്‍ സ്റ്റീവന്‍ പറഞ്ഞു. എല്ലാ നികുതികളും നല്‍കിയാണ് മദ്യം വാങ്ങിയതെന്നും, ബില്ല് ഇല്ലെങ്കില്‍ ക്രിമിനല്‍ കേസ് എടുക്കുമെന്ന് പൊലീസ് പറഞ്ഞതായും സ്റ്റീവന്‍ പറയുന്നു.

"കഴിഞ്ഞ ദിവസത്തെ സംഭവത്തെക്കുറിച്ച് ഇനി ഓർക്കാൻ ഇഷ്ടപ്പെടുന്നില്ല. ഇപ്പോൾ ആശ്വാസമുണ്ട്. നാലു വർഷമായി ഇവിടെ ഹോം സ്റ്റേ നടത്തുന്നു. എല്ലാം നികുതികളും അടച്ചാണ് ഇതു ചെയ്യുന്നത്. എല്ലാ നികുതികളും അടച്ചു വാങ്ങിയ മദ്യം ഒഴുക്കിക്കളയാൻ പൊലീസ് എന്തുകൊണ്ട് ആവശ്യപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് ഇനി പ്രതികരിക്കാനില്ല."- സ്റ്റീവൻ പറഞ്ഞു.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കോവളത്തു വച്ചാണു ബവ്കോ മദ്യവിൽപന കേന്ദ്രത്തിൽനിന്നു അനുവദനീയ അളവിൽ വാങ്ങിയ മദ്യവുമായി പോയ ഡച്ച് പൗരൻ സ്റ്റീവനെ ബിൽ ചോദിച്ച് പൊലീസ് തടഞ്ഞത്. ബിൽ ഇല്ലാതെ മദ്യം കൊണ്ടുപോകാൻ കഴിയില്ലെന്നു പൊലീസ് പറഞ്ഞതോടെ സ്റ്റീവൻ രണ്ടു കുപ്പി മദ്യം റോഡിൽ ഒഴുക്കി. തിരികെ പോയി ബില്ലുമായി വന്നശേഷമാണു മൂന്നാമത്തെ കുപ്പി കൊണ്ടു പോകാൻ പൊലീസ് അനുവദിച്ചത്. 

റിപ്പോർട്ട് തേടി മുഖ്യമന്ത്രി; ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി റിയാസ്‌

ഡച്ച് പൗരനെക്കൊണ്ട് മദ്യം ഒഴുക്കി കളയിച്ച സംഭവത്തിൽ പൊലീസിനെതിരെ നടപടി. കോവളം പൊലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷാജിയെ സസ്പെൻഡു ചെയ്തു. ഡിജിപി അനില്‍കാന്തിന്റെ നിര്‍ദേശത്തിലാണ് നടപടി. സ്റ്റേഷൻ ഹൗസ് ഓഫിസർക്കു വീഴ്ച പറ്റിയിട്ടുണ്ടോ എന്നും പരിശോധിക്കും. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസിനോട് റിപ്പോർട്ട് തേടിയിരുന്നു.

പൊലീസ് നടപടിയെ വിമർശിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസും രംഗത്തെത്തിയിരുന്നു. സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. വിഷയം വകുപ്പ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പ് അന്വേഷിച്ച് നടപടിയെടുക്കും. പൊലീസ് സംവിധാനത്തില്‍ മാറ്റം വരേണ്ടതുണ്ട്. സര്‍ക്കാരിന് അള്ളുവയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Tags:
  • Spotlight