Tuesday 25 June 2019 05:22 PM IST

ആദ്യം കിട്ടിയ പ്രതിഫലം 8000 രൂപ, ഇന്ന് യൂട്യൂബിൽ നിന്ന് വരുമാനം ലക്ഷങ്ങൾ! ചോറും കറിയും വയ്ക്കാൻ അറിയാത്ത ഫിറോസ് വ്ലോഗർ ആയത് മനോരമ വായിച്ച്

Priyadharsini Priya

Sub Editor

firozchuttipara1

പാചകം എന്താ പെണ്ണുങ്ങളുടെ കുത്തകയാണോ? യൂട്യൂബിലും ഫെയ്സ്ബുക്കിലുമൊക്കെ പാചകം നാലാള് കാണണമെങ്കിൽ നല്ല മൊഞ്ചത്തിയാകണമെന്ന് ആരാണ് പറഞ്ഞത്. ചോദ്യം ഫിറോസ് ചുട്ടിപ്പാറയോടാണെങ്കിൽ ഉത്തരം ഉടൻ വരും.. ഓർഡിനറിയിലെ ബിജു മേനോൻ സ്‌റ്റൈലില്‍... ‘ആര് പറഞ്ഞൂ അങ്ങനെ വേണമെന്ന്... ഞാൻ പെണ്ണല്ലല്ലോ.. എന്നിട്ടും എനിക്ക് തോനെ വ്യൂവേഴ്സ് ഉണ്ടല്ലോ...’– കലിപ്പാണെന്ന് കേട്ടാൽ തോന്നുമെങ്കിലും അങ്ങനെയല്ല. തനി പാലക്കാടൻ സ്ലാങിൽ, സ്നേഹം കൃത്യമായ അളവിൽ ചാലിച്ചുള്ള മറുപടിയാണ്. സംഗതി സത്യവുമാണ്. സമൂഹ മാധ്യമങ്ങളിൽ ക്രാഫ്റ്റ്സ് മീഡിയയുടെ രുചിക്കാഴ്ചകൾ കാണാൻ എത്തുന്നവരുടെ എണ്ണം മില്യണുകളാണ്.

firozchuttipara6

ഫിറോസിനെ വ്യത്യസ്തനാക്കുന്നത് ചട്ടിയും കലവുമേറ്റിയുള്ള കാട് കയറലാണ്. പ്രേക്ഷകർക്ക് മുന്നിൽ തനത് ഗ്രാമീണ രുചിക്കൂട്ട് ഒരുക്കി കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് ഫിറോസ് സോഷ്യൽ മീഡിയയിൽ താരമായത്. പാലക്കാടൻ ഗ്രാമത്തിന്റെ തനിമ ഏറെയുള്ള എലപ്പുള്ളി ചുട്ടിപ്പാറയാണ് ഫിറോസിന്റെ സ്വദേശം. വീടിനോട് ചേർന്നുള്ള സ്വന്തം തോപ്പാണ് കാട് അഥവാ ഷൂട്ടിങ് ഏരിയ. അവിടെ മൂന്ന് ഇഷ്ടിക കൂട്ടിയ അടുപ്പിൽ വലിയ കറിച്ചട്ടിയിൽ കോഴിയും മട്ടനുമൊക്കെ തിളച്ചുവേവുമ്പോൾ പ്രദേശം മുഴുവൻ കൊതിപ്പിക്കുന്ന മണം പരക്കും. ഇതോടെ പറമ്പിൽ കളിയിൽ രസം പിടിച്ചിരിക്കുന്ന കുട്ടിപ്പട്ടാളം എല്ലാം മതിയാക്കി ഓടിയെത്തും. പിന്നെ ഫിറോസിന്റെ കൈപ്പുണ്യം വയറു നിറയെ അനുഭവിച്ചറിഞ്ഞേ അവർ മടങ്ങൂ... സൈബർ ലോകത്തെ കിടിലൻ പാചക വ്ലോഗറായ ഫിറോസ് രുചിയുടെ ബാലപാഠങ്ങൾ പോലും പഠിക്കാത്ത ഒരു മുൻ പ്രവാസി ആണെന്ന് പലർക്കും അറിയില്ല. ആ കഥ ഫിറോസ് തന്നെ ‘വനിത ഓൺലൈൻ ’വായനക്കാരോടു പറയട്ടെ...

firozchuttipara8

‘ഹായ്... ഞാൻ അല്ലി, നിന്റെ പേരെന്താ...’! മകളുടെ ചിത്രം പങ്കുവച്ച് സുപ്രിയ, ഞങ്ങൾ അസൂയപ്പെടുകയൊന്നുമില്ല എന്ന് ആരാധകർ

രണ്ടാഴ്ച കൊണ്ട് കുറച്ചത് 13 കിലോ; 99ൽ നിന്ന് 71ലേക്ക് കൊണ്ടെത്തിച്ച എൽസിഎച്ച്എഫ് ഡയറ്റ്; അനുഭവസ്ഥൻ പറയുന്നു

firozchuttipara4

കല്യാണം കഴിക്കാതെങ്ങനെയാ?, മക്കളൊന്നും വേണ്ടേ...; കുത്തുവാക്കുകളിൽ തളർന്നില്ല, ഒരു കുഞ്ഞിനെ ദത്തെടുത്തു; അമിതയുടെ കഥ

firozchuttipara5

‘പാറ’യിലെത്തിയ യൂട്യൂബ് ചാനൽ

ഗൾഫിൽ വെൽഡർ ആയി ജോലി ചെയ്യുമ്പോഴാണ് നാട്ടിലേക്ക് മടങ്ങണമെന്നു തോന്നിയത്. അങ്ങനെ 2012 ൽ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് വിമാനം കയറി. ആദ്യം തുടങ്ങിയത് ഒരു ഫോട്ടോസ്റ്റാറ്റ് സ്ഥാപനം. അന്ന് ഫെയ്സ്ബുക്കിൽ ഒക്കെ ആക്ടീവ് ആണ്. പക്ഷെ, യൂട്യൂബ് ചാനൽ മലയാളികൾക്ക് അത്ര സുപരിചിതമായിരുന്നില്ല. ആയിടയ്ക്കാണ് മലയാള മനോരമ പത്രത്തിൽ ഒരു ആർട്ടിക്കിൾ കണ്ടത്. യൂട്യൂബ് ചാനലിലൂടെ വരുമാനം നേടാം എന്നായിരുന്നു വാർത്ത. ആ വാർത്ത എന്നെ ആകർഷിച്ചു. അങ്ങനെ ‘പാറയിൽ മീഡിയ’ എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ തുടങ്ങി. ഒരു ദിവസം രണ്ടും കൽപ്പിച്ച് മാമന്റെ പൊറോട്ട കടയിൽ പോയി ഒരു വിഡിയോ ചെയ്തു യൂട്യൂബിൽ ഇട്ടു. അത് ഹിറ്റായതോടെ പിന്നെ ചറപറാ വിഡിയോ ഇട്ടു തുടങ്ങി.

ഹെൽത്ത് ടിപ്സുകളായിരുന്നു കൂടുതലും കൊടുത്തിരുന്നത്. മറ്റു സ്ഥലത്ത് വന്നതോ, കോപ്പി റൈറ്റുള്ളതോ ആയ വിഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്യാൻ പാടില്ല എന്നൊന്നും എനിക്ക് ആദ്യം അറിയില്ലായിരുന്നു. ഫെയ്‌സ്ബുക്കിൽ നിന്ന് കിട്ടുന്ന നല്ല വിഡിയോസ് ഞാൻ ചാനലിൽ അപ്ലോഡ് ചെയ്യും. ഒരു ദിവസം അത് ടെർമിനേറ്റഡ് ആയി. കോപ്പിറൈറ്റ് വയലേഷനെ തുടർന്ന് യൂട്യൂബ് തന്നെ ചാനൽ റദ്ദാക്കുകയായിരുന്നു. അപ്പോഴാണ് എനിക്കതിന്റെ ട്രിക് പിടികിട്ടിയത്. ട്രാവൽ മാസ്റ്റർ എന്ന പേരിൽ മറ്റൊരു യൂട്യൂബ് ചാനൽ തുടങ്ങി. അതിനു നാലു ലക്ഷത്തോളം സബ്സ്ക്രൈബേഴ്‌സിനെ കിട്ടി. ആറാം മാസമാണ് ആദ്യ പ്രതിഫലം ലഭിക്കുന്നത്. 8000 രൂപയാണ് അന്നു ലഭിച്ചത്. പിന്നീടത് 40000 രൂപയായി ഉയർന്നു. ഇപ്പോഴത് ലക്ഷങ്ങളാണ്. കൃത്യമായി പറയാൻ യൂട്യൂബിന്റെ പോളിസി അനുവദിക്കുന്നില്ല.

firozchuttipara3

ഒന്നര വർഷം മുൻപാണ് ‘ക്രാഫ്റ്റ്‌സ് മീഡിയ’ എന്ന പേരിൽ ഇപ്പോഴുള്ള ഈ ഫൂഡ് വ്ലോഗ് തുടങ്ങുന്നത്. അടുത്ത കാലത്ത് അതിന്റെ പേര് മാറ്റി ‘വില്ലേജ് ഫൂഡ്’ എന്നാക്കിയിട്ടുണ്ട്. ഫെയ്‌സ്ബുക്കിൽ ക്രാഫ്റ്റ്‌സ് മീഡിയ എന്നു തന്നെയാണ് പേര്. അവിടെ പേരുമാറ്റം ഇത്തിരി പാടാണ്. ഫെയ്‌സ്ബുക്കിന്റെ ഓഫിസ് വരെ പോയി വേണം പേര് മാറ്റാൻ. ‘ക്രാഫ്റ്റ്‌സ് മീഡിയ’യ്ക്ക് ആളുകളിൽ നിന്ന് നല്ല പ്രതികരണമാണ് കിട്ടുന്നത്. ദിവസവും കുറെ മെസ്സേജുകളും മെയിലുകളുമൊക്കെ കിട്ടാറുണ്ട്. എല്ലാവർക്കും മറുപടി കൊടുക്കാൻ ശ്രമിക്കാറുണ്ട്.

വെൽഡിങ്ങിൽ നിന്ന് പാചകത്തിലേക്ക്

firozchuttipara7

ഞാൻ ഗൾഫിൽ ജോലി ചെയ്യുന്ന കാലത്താണ് കമ്പനിയിൽ ഡ്രൈവറായി അഷറഫ് എന്നയാൾ എത്തിയത്. ഞങ്ങൾ ഒരുമിച്ചായിരുന്നു താമസം. അന്നെനിക്ക് ഭക്ഷണം ഉണ്ടാക്കാനൊന്നും അറിയില്ല. എന്തെങ്കിലുമൊക്കെ ചെയ്യും. ഞാൻ ഭക്ഷണം ഉണ്ടാകുമ്പോൾ പുള്ളി അതിൽ കയറി ഇടപെടും. ഞാൻ ചെയ്യാം എന്നുപറഞ്ഞ് നല്ല സ്വാദുള്ള വിഭവം ഉണ്ടാക്കും. പിന്നീടാണ് അറിഞ്ഞത് യഥാർത്ഥത്തിൽ അഷറഫ് ഒരു കുക്ക് ആണെന്ന്. മുൻപ് ഹോട്ടലിൽ ജോലി ചെയ്തിട്ടുള്ളയാളാണ് അഷറഫ്. അദ്ദേഹമാണ് പാചകത്തിലെ എന്റെ ഗുരു. പിന്നെ ഗൂഗിളും.

നമ്മളെ സ്വന്തം അച്ഛനും അമ്മയെക്കാളും മനസ്സിലാക്കുന്ന ഒരാൾ ഗൂഗിളാണെന്ന് ഞാൻ പറയും. എന്ത് സംശയത്തിനും ഗൂഗിളിന് മറുപടിയുണ്ട്. പുതിയ റെസിപ്പികൾ ഒക്കെ ഗൂഗിളിൽ നോക്കി പഠിച്ചാണ് ഞാൻ പരിചയപ്പെടുത്തുന്നത്. ദൈവം സഹായിച്ച് അതെല്ലാം നന്നായി വരാറുണ്ട്. പിന്നെ എല്ലാ വിഷയത്തെപ്പറ്റിയും നന്നായി പഠിച്ചു മാത്രമേ ഞാൻ ചെയ്യാറുള്ളൂ. ചിലപ്പോൾ ചെറിയ ടേസ്റ്റ് വ്യത്യാസം ഉണ്ടാകാറുണ്ട്. എന്നാലും അത്ര മോശമാകാറില്ല.

ആഴ്ചയിൽ ഒരു വിഡിയോ വീതമാണ് അപ്ലോഡ് ചെയ്യാറ്. വലിയ അളവിൽ തന്നെ ആഹാരം ഉണ്ടാക്കും. ആളുകൾക്ക് അതു കാണാനാണ് ഇഷ്ടം. വൃത്തി എനിക്ക് പ്രധാനമാണ്. പാചകത്തിന് നല്ല പാത്രങ്ങളാണ് ഉപയോഗിക്കുക. സവാള അരിയാനും കറി ഇളക്കാനും അങ്ങനെ എല്ലാ സഹായത്തിനും ലക്ഷ്മണനും സജിത്തുമൊക്കെ കൂടെയുണ്ടാകും. എന്റെ വിഡിയോകളിലൂടെ അവരിപ്പോൾ എല്ലാവർക്കും സുപരിചതരാണ്. ക്യാമറ കാണുമ്പോൾ ഇരുവർക്കും നാണം വരും. എനിക്കും ആദ്യമൊക്കെ അവരെ പോലെ ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ ചമ്മലായിരുന്നു. പോകെപ്പോകെ അത് മാറി, ക്യാമറയെ ഒരു സുഹൃത്താക്കി മാറ്റി. ഫെയ്‌സ്ബുക്കിലൊക്കെ വിഡിയോ കണ്ട് ലക്ഷ്മണൻ എവിടെ, സജിത്ത് എവിടേന്ന് ചോദിക്കുന്നവരാണ് കൂടുതലും. എന്റെ സുഹൃത്ത് അരുണാണ് ക്യാമറ ചെയ്യുന്നത്. എഡിറ്റിങ് ഞാനും അവനും കൂടെ ചെയ്യും. എല്ലാം സ്വന്തമായി പഠിച്ചതാണ്, അനുഭവം ഗുരു.

പുറത്ത് ഷോപ്പുകളിൽ പോയി വിഡിയോ ചെയ്തതൊക്കെ ഞാൻ ഇഷ്ടപ്പെട്ട് ചെയ്തതാണ്. പണം കൊടുത്താണ് ഭക്ഷണം കഴിച്ചിട്ടുള്ളത്. ഇപ്പോൾ ചില സ്‌പോൺസർമാർ ഒക്കെ സമീപിക്കാറുണ്ട്. പക്ഷെ, സത്യസന്ധമല്ലാത്തതൊന്നും ഞാൻ ഷെയർ ചെയ്യില്ല. ഇടയ്ക്ക് ഒറ്റപ്പാലത്തുള്ള പോളി ഗാർഡൻ ഓർഫനേജിനു വേണ്ടി ഭക്ഷണം തയാറാക്കി നൽകാറുണ്ട്. അവരത് രുചിയോടെ കഴിക്കുന്നത് കണ്ടുനിൽക്കുമ്പോൾ കണ്ണു നിറയും. ജീവിതത്തിൽ കിട്ടുന്ന വലിയ സന്തോഷം ഇതൊക്കെയാണ്. 

പാലക്കാടിന്റെ ഫിറോസിക്കാ

വീട്ടില് ഉമ്മയും ഭാര്യയും രണ്ടു മക്കളുമുണ്ട്. ജോലി വേണ്ടെന്ന് വച്ച് യൂട്യൂബ് ചാനൽ തുടങ്ങിയപ്പോൾ അതിൽനിന്ന് വരുമാനം കിട്ടുമോ എന്നൊന്നും വീട്ടുകാർക്ക് അറിയില്ലായിരുന്നു. വരുമാനത്തിന്റെ കാര്യത്തിൽ ഭാര്യയ്ക്ക് ആദ്യമൊക്കെ പേടിയുണ്ടായിരുന്നു. വെറും മൂന്ന് മാസം കൊണ്ട് ഞാനത് മാറ്റിക്കൊടുത്തു. ഇപ്പോൾ എല്ലാവർക്കും സന്തോഷം. സോഷ്യൽ മീഡിയയിൽ ചാനൽ ഹിറ്റായതോടെ പുറത്തു പോകുമ്പോൾ ആളുകൾ തിരിച്ചറിഞ്ഞ് ഫിറോസിക്കാ എന്ന് വിളിച്ച് അടുത്തുവരാറുണ്ട്. അതൊക്കെ കാണുമ്പോൾ ഇനിയും മുന്നോട്ടു പോകാൻ പ്രചോദനമാകാറുണ്ട്.