Thursday 25 June 2020 04:41 PM IST

‘തടി കുറച്ചില്ലായിരുന്നെങ്കിൽ ഞാൻ മരിച്ചു പോയേനെ’; അന്നത്തെ സ്റ്റാർ സിങ്ങര്‍ ഇന്ന് ആരും തിരിച്ചറിയാത്ത ഓട്ടോ ഡ്രൈവർ!

Priyadharsini Priya

Senior Content Editor, Vanitha Online

imran-khan1

ഓട്ടോ സ്റ്റാൻഡിൽ ഇരുന്നു വെറുതെ മൂളിപ്പാട്ട് പാടുന്ന പാട്ടുകാരന്റെ മുഖം എവിടെയോ കണ്ടുമറന്ന പോലെ..! ടിക് ടോക്കിലും യൂട്യൂബിലുമൊക്കെ ഒന്ന് പരതി നോക്കി. പഴയ വിഡിയോകളിലൂടെ കണ്ണോടിച്ചപ്പോൾ ആ മുഖം ഓർമ്മയിൽ നിറഞ്ഞു. 200 കിലോയ്ക്കടുത്ത് ശരീരഭാരവുമായി ഐഡിയ സ്റ്റാർ സിങ്ങർ വേദിയെ ത്രസിപ്പിച്ചിരുന്ന ആ പഴയ ഇമ്രാൻ ഖാൻ തന്നെയാണ് ഓട്ടോ ഡ്രൈവറായ വൈറൽ ഗായകൻ. "വർഷം കുറേയായി എങ്കിലും ആളുകൾ എന്നെ തിരിച്ചറിയുന്നില്ലല്ലോ എന്നോർത്താണ് സങ്കടം"- വർഷങ്ങളുടെ കദനഭാരം ഇമ്രാൻ വനിത ഓൺലൈനിനു മുന്നിൽ തുറന്നുവച്ചു. 

"തടി ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇപ്പോഴും ഈ ഫീൽഡിൽ തന്നെ നിന്നുപോയെന്നേ. ആളുകൾ തിരിച്ചറിയാത്തതിന്റെ വിഷമം ഉണ്ട്. പലരും പറയാറുണ്ട് തടി കുറയ്ക്കാതിരുന്നാൽ മതിയായിരുന്നു എന്ന്. തടി കുറച്ചില്ലായിരുന്നെങ്കിൽ ഞാനിപ്പോൾ മരിച്ചു പോയേന്നേ. അമിതവണ്ണം കാരണം ശ്വാസം വിടാൻ പോലും പറ്റാത്ത അവസ്ഥ ആയിരുന്നു. ആളുകളുടെ കൗതുകത്തിനു വേണ്ടി നമുക്ക് എത്രനാൾ ഇങ്ങനെ ജീവിക്കാൻ പറ്റും. ആ തടി വച്ച് മുന്നോട്ടു പോകണ്ടേ, ജീവിക്കണ്ടേ?"- ഉള്ളുനീറി ഇമ്രാൻ ചോദിക്കുന്നു. 

അതും കൊറോണ കൊണ്ടുപോയി...

2009 ലാണ് ഞാൻ ഐഡിയ സ്റ്റാർ സിങ്ങറിൽ പാടിയത്. അതിനുശേഷം അത്യാവശ്യം പ്രോഗ്രാമുകൾ ഒക്കെ ചെയ്തുകൊണ്ടിരുന്നതാണ്. ആയിടയ്ക്കാണ് ഗൾഫിൽ പോകുന്നത്. ഒരു വർഷം അവിടെ ജോലി ചെയ്തു. ഹൗസ് കീപ്പിങ് ആയിരുന്നു പണി. ഗൾഫിൽ നിന്ന് തിരിച്ചു വന്നശേഷം ഗാനമേളയൊക്കെ കിട്ടുന്നത് കുറവായിരുന്നു. കുറച്ചുനാൾ കഴിഞ്ഞു ഓട്ടോ എടുത്തു. മൂന്നു വർഷമായി ഓട്ടോ ഓടിച്ചാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്.

വല്ലപ്പോഴും ആയിരിക്കും പാടാനൊക്കെ അവസരം കിട്ടുക. ഗാനമേളയ്ക്ക് പോകുമ്പോൾ സ്റ്റാർ സിങ്ങറിൽ പാടിയ ആളാണെന്ന് കരുതി അത്ര കാശൊന്നും കിട്ടില്ല. 2500 രൂപയ്ക്കാണ് ഒരു പ്രോഗ്രാം ചെയ്യുക. ഓട്ടോ രാവിലെ മുതൽ വൈകീട്ട് വരെ ഓടും. പ്രോഗ്രാം ഉണ്ടെങ്കിൽ പാടാൻ പോകും. ഓട്ടോ സ്വന്തമല്ല, വാടകയ്ക്ക് എടുത്താണ് ഓടുന്നത്. ദിവസം 250 രൂപയാണ് വാടക. ഇപ്പോൾ 500 രൂപയ്ക്ക് പോലും ഓട്ടം കിട്ടുന്നില്ല. 150 രൂപയ്ക്ക് ഡീസൽ അടിക്കണം. പിന്നെ വീട്ടിലെ ചിലവ് നടന്നുപോകട്ടെ എന്നുകരുതി കൊണ്ടുനടക്കുന്നു. ഈ സീസണിൽ പ്രോഗ്രാം കിട്ടിയാൽ ഒരു വണ്ടി എടുക്കണം എന്നുകരുതി ഇരുന്നതാണ്. ആ മോഹം കൊറോണയും കൊണ്ടുപോയി. 

imran-khan446tr7t7

വണ്ണം കുറച്ചശേഷം... 

അമിതവണ്ണം ബാരിയാട്രിക് സർജറി ചെയ്തു കുറച്ചതാണ്. 2014 ലായിരുന്നു സർജറി. ഞാൻ നല്ലപോലെ ഭക്ഷണം കഴിക്കുമായിരുന്നു. അങ്ങനെയാണ് ശരീരഭാരം പരിധിയിൽ കൂടുതൽ വർധിച്ചത്. 200 കിലോയ്ക്ക് അടുപ്പിച്ച് വണ്ണം എത്തിയതോടെ നടക്കാനും സ്വന്തമായി കാര്യങ്ങൾ ചെയ്യാനുമൊക്കെ ബുദ്ധിമുട്ടായി. അതോടെയാണ് മലപ്പുറത്ത് മൗലാന ഹോസ്പിറ്റലിൽ വച്ച് ബാരിയാട്രിക് സർജറി ചെയ്യുന്നത്. ഡോക്ടർ ഇസ്മയിൽ ആണ് സർജറി ചെയ്തത്. 

120 കിലോ വരെയൊക്കെയാണ് ഭാരമെങ്കിൽ വ്യായാമം ചെയ്തു കുറയ്ക്കാമായിരുന്നു. അമിതവണ്ണം ആയതോടെ വ്യായാമം ചെയ്യാൻ പറ്റാത്ത അവസ്ഥയായി. നടപ്പ് കാരണം കാൽമുട്ടിനു തേയ്മാനം വരെ സംഭവിക്കാനുള്ള സാധ്യത കൂടുതൽ ആയിരുന്നു. ഗ്യാസ്ട്രിക് ബൈപ്പാസ് ആണ് ചെയ്തത്. അതിനുശേഷം കുറച്ചു ഭക്ഷണം കഴിച്ചാൽ മതി, വയർ നിറഞ്ഞതായി തോന്നും. സർജറിയ്ക്ക് ശേഷം 90 കിലോയോളം ശരീരഭാരം കുറഞ്ഞു. ഇപ്പോൾ 110 കിലോയാണ് ശരീരഭാരം. സാധാരണ ഒരാൾ കഴിക്കുന്ന ഭക്ഷണം ഒക്കെ ഇപ്പോൾ കഴിക്കാൻ പറ്റും. 

സർജറിയ്ക്ക് ശേഷം ആളുകൾ എന്നെ തിരിച്ചറിയാതായി. അങ്ങനെയാണ് സ്റ്റേജ് പ്രോഗ്രാമുകൾ കുറഞ്ഞത്. ആളുകൾക്ക് എപ്പോഴും എന്തെങ്കിലും വ്യത്യസ്തത വേണം. സ്റ്റേജിൽ കോപ്രായങ്ങൾ കാണിക്കുന്നവർക്കൊക്കെ അവസരം ഉണ്ട്. നമ്മൾ എത്ര നന്നായി പാടിയിട്ടും കാര്യമില്ല. ആ പഴയ തടി വച്ച് പാടുകയാണെങ്കിൽ കൂടുതൽ അവസരം കിട്ടിയേന്നെ. ഇന്ന് സ്മ്യൂളിലും ടിക് ടോക്കിലും ഒക്കെ പാടി പുതിയ വിഡിയോ‌ ഇടുമ്പോൾ ആളുകൾ തിരിച്ചറിയുന്നില്ല. അതേസമയം പഴയരൂപത്തിലുള്ള വിഡിയോയ്ക്ക് നല്ലപോലെ റീച്ചും കിട്ടാറുണ്ട്. 

ഞാൻ പാട്ടു പഠിച്ചിട്ടൊന്നുമില്ല. കേട്ടു പാടുന്നു എന്നുമാത്രം. ഒരു പാട്ടു കേട്ടാൽ നമ്മളെ കൊണ്ട് പാടാൻ പറ്റുമോ എന്നുനോക്കും. ഏതെങ്കിലും ഒരു പോർഷൻ പാടാൻ പറ്റുന്നില്ലെങ്കിൽ പിന്നെ ആ പാട്ട് ഞാൻ എടുക്കാറില്ല. എന്നെക്കൊണ്ട് പാടാൻ പറ്റുന്ന പാട്ടുകൾ മാത്രമേ എടുക്കൂ.. സ്മ്യൂളിൽ ഒക്കെ പാടിയിടുമ്പോൾ നാലോ അഞ്ചോ പേർ മാത്രമായിരിക്കും കാണുന്നത്. ഇപ്പോൾ പാടുന്ന വിഡിയോസ് ഞാനെടുത്തു ടിക് ടോക്കിൽ ഇടും. അവിടെ കൂടുതൽ വ്യൂവേഴ്‌സ് ഉണ്ട്. imranmegavoice എന്നാണ് ടിക് ടോക് ഐഡി. ആളുകൾ കണ്ടു അഭിപ്രായം പറയുന്നത് തന്നെ നമുക്ക് സന്തോഷം. 

imran-khan556

വലിയ മോഹങ്ങളില്ല... 

ഐഡിയ സ്റ്റാർ സിങ്ങറിലെ പഴയ സുഹൃത്തുക്കളുമായി കോണ്ടാക്റ്റ് ഒന്നുമില്ല. വല്ല പ്രോഗ്രാമും ഉണ്ടെങ്കിൽ ആരെയെങ്കിലും കണ്ടാലായി. കാണുമ്പോൾ ചിരിയ്ക്കും വിശേഷങ്ങൾ പറയും. എല്ലാവർക്കും അവരവരുടെ ജീവിതം. കോണ്ടാക്റ്റ്സ് ഉള്ളവർക്ക് സിനിമയിൽ പാടാനൊക്കെ അവസരം കിട്ടും. സീനിയേഴ്‌സ് എന്നൊരു പടത്തിൽ 'ഇത്തിരി ചക്കരനുള്ളി' എന്നൊരു പാട്ട് ഞാൻ പാടിയിട്ടുണ്ട്. സിനിമയിൽ പാടണം എന്ന വലിയ ആഗ്രഹങ്ങൾ ഒന്നുമില്ല. ഇത്രനാളും കഷ്ടപ്പെട്ടിട്ട് ഒന്നുമായില്ല. ഇനി അത്തരം മോഹങ്ങളുമില്ല. സോഷ്യൽ മീഡിയയിൽ ഒട്ടും ആക്റ്റീവ് അല്ലാത്ത ഒരാളായിരുന്നു ഞാൻ. ഇപ്പോൾ ടിക് ടോക്കിൽ സജീവമായതുതന്നെ കുറച്ചു സ്റ്റേജ് പ്രോഗ്രാമുകൾ കിട്ടണം എന്ന ആഗ്രഹം കൊണ്ടുമാത്രം. എന്നാൽ മുൻപ് കിട്ടിയിരുന്ന പ്രോഗ്രാമുകൾ പോലും കൊറോണ കാരണം ഇല്ലാതായി. പഴയപോലെ ഓട്ടോയ്ക്ക് ഓട്ടവും കിട്ടുന്നില്ല. ടൗണിൽ ഓട്ടം കിട്ടിയാൽ കുറച്ചു മെച്ചമുണ്ട്. 

കൊല്ലം പള്ളിമുക്കിലാണ് വീട്. എനിക്കിപ്പോൾ 31 വയസ്സായി. ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. വീട്ടിൽ ഞാനും ഉമ്മ ആമിനയും മാത്രം. വാപ്പ ഷാജഹാൻ ആറ്റിൻപ്പുറം. മൂന്നു വർഷം ആകുന്നു വാപ്പ ഞങ്ങളെ വിട്ടുപോയിട്ട്. വാപ്പ ഉണ്ടായിരുന്ന കാലത്ത് വലിയ സന്തോഷമായിരുന്നു. അന്നൊന്നും ഒരു പ്രശ്നവും ജീവിതത്തെ അലട്ടിയിരുന്നില്ല. വാപ്പയ്ക്ക് ചാക്ക് കട ആയിരുന്നു. ആദ്യമൊക്കെ ബിസിനസ് നല്ല രീതിയിൽ മുന്നോട്ടു പോയിരുന്നു. പ്ലാസ്റ്റിക് ചാക്ക് വന്നതോടെ കച്ചവടം നന്നായി കുറഞ്ഞു. ഒപ്പം വാപ്പ രോഗിയായതോടെ എല്ലാം തകിടം മറിഞ്ഞു. ഡയബറ്റിക് ആയിരുന്നു ആൾ. 

ഷുഗർ കൂടി കാലിന്റെ ഉപ്പൂറ്റി മുറിച്ചു ഒന്നൊന്നര വർഷം വീൽചെയറിലായിരുന്നു വാപ്പയുടെ ജീവിതം. പിന്നെ ഹാർട്ടിൽ ബ്ലോക്ക്‌ ഉണ്ടായി. ഓപ്പറേഷൻ ചെയ്തിട്ടും ജീവൻ രക്ഷിക്കാനായില്ല. ഐസിയുവിലേക്ക് മാറ്റിയപ്പോഴേക്കും മരണപ്പെട്ടിരുന്നു. വാപ്പയുടെ മരണത്തോടെയാണ് ഞാൻ ഓട്ടോ ഓടിച്ചു തുടങ്ങുന്നത്. വല്ലപ്പോഴും കിട്ടുന്ന സ്റ്റേജ് പ്രോഗ്രാമുകളെ ആശ്രയിച്ചു ജീവിതം എത്രനാൾ മുന്നോട്ടു കൊണ്ടുപോകാനാകും? സ്വന്തമായി ഒരു വീടുണ്ട്, അതുമാത്രമാണ് ഏക ആശ്വാസം.

Tags:
  • Spotlight