Thursday 25 April 2019 04:47 PM IST : By സ്വന്തം ലേഖകൻ

പൊള്ളിയടർന്ന മാംസം, തുളച്ചു കയറുന്ന മരണവേദന; ആസിഡ് ആക്രമണത്തിൽ ഉരുകിയൊലിച്ചത് കാജലിന്റെ ജീവിതം

kajal

ചുമരും തുളച്ച് പുറത്തേക്ക് വരുന്ന ആ അലറിക്കരച്ചിൽ രണ്ടാമതൊരുവട്ടം കൂടി കേട്ടിരിക്കാൻ ചങ്കുറപ്പുള്ളവർക്കേ കഴിയൂ. പൊള്ളിപ്പറിഞ്ഞ പച്ചമാംസത്തിൽ ആഴ്ന്നിറങ്ങുന്ന മരുന്നുകൾക്കും ആ കരച്ചിലിനെ ശമിപ്പിക്കാനാകുന്നില്ല എന്നതാണ് സത്യം. കയ്യും മെയ്യും കണ്ണും കാതും എന്നു വേണ്ട വേദനുടെ കൂരമ്പുകൾ അനുനിമിഷത്തിലും ആ പതിനേഴുകാരിയുടെ മാംസത്തിലൂടെ തുളച്ചു കയറിക്കൊണ്ടേയിരിക്കുന്നു. ആ കാഴ്ച കണ്ടാൽ...ആ കരച്ചിലൊന്നു കേട്ടാൽ അറിയാതയെങ്കിലും വിധിയെ പഴിച്ചു പോകും തീർച്ച...

ആസിഡ് ആക്രമണത്തിൽ പൊള്ളിയടർന്ന ആ ശരീരം കാജലെന്ന പെൺകൊടിയുടേതാണ്. ചോരയുറഞ്ഞു പോകുന്ന ക്രൂരതയുടെ ബാക്കിപത്രം. ഒരു  നരാധമന്റെ പ്രണയപ്പക അവളുടെ ജീവിതം തന്നെ തകർത്തെറിഞ്ഞിരിക്കുന്നു. ഒരായുഷ്ക്കാലത്തിനു അപ്പുറമുള്ള വേദന തിന്നാൻ വിധിക്കപ്പെട്ട ഏതോ ആശുപത്രിയുടെ വെളിച്ചം പോലും അരിച്ചിറങ്ങാത്ത ഒറ്റമുറി വാർഡിൽ വേദന തിന്ന് കഴിയുകയാണ് അവൾ.

ബിഹാർ ഭഗൽപൂർ സ്വദേശിയായ കാജൽ അമ്മയ്ക്കൊപ്പം വീട്ടിലിരിക്കേയാണ് ശപിക്കപ്പെട്ട ആ നിമിഷം. വീട്ടിലേക്ക് ഇരച്ചു കയറിയ ഒരു കൂട്ടം നരാധമൻമാർ കാജലിനേയും അമ്മ പൂനം ദേവിയേയും കീഴ്‍പ്പെടുത്തി. ആജാനബാഹുക്കളായ അവരുടെ കരവലയത്തിൽ പിടഞ്ഞൊതുങ്ങാനേ അവർക്കാകുമായിരുന്നുള്ളൂ. കൊല്ലുമെന്ന് ഭീഷണി മുഴക്കിയതോടെ ഒന്ന് അലറിക്കരയാൻ പോലും വയ്യാത്ത സ്ഥിതിയായി. എല്ലാത്തിനുമൊടുവിൽ ആസിഡ് കുപ്പി കാജലിനു നേരെ വീശിയെറിയുമ്പോൾ പോലും നരഭോജികളായ ആ മനുഷ്യരുടെ കണ്ണിൽ തെല്ലു പോലും കരുണയില്ലായിരുന്നു. തോക്കിൻ മുനയിൽ അനങ്ങാതെ നിന്ന അമ്മ പൂനം ദേവിക്ക് എല്ലാം കണ്ട് കണ്ണീർവാർക്കാനേ കഴിയുമായിരുന്നുള്ളൂ.

kajal-1

അച്ഛൻ ഗൗതമും സഹോദരനും തിരികെയെത്തുമ്പോഴേക്കും തീർത്തും മൃതപ്രായയായിരുന്നു കാജൽ. ദേഹമാസകലം പൊള്ളിനുറുങ്ങി ജീവനായി കേഴുകയായിരുന്നു അവൾ. അമ്മ പൂനം ദേവിക്കു മേലും ആസിഡ് തുള്ളികൾ വേദനയേറ്റുമാറ് പതിച്ചു.

kajal-2

ശരീരത്തിന്റെ മേൽഭാഗവും കണ്ണും കയ്യുമെല്ലാം ആസിഡ് തുള്ളികളാൽ എരിഞ്ഞമർന്നു. ശരീരത്തിന്റെ നാൽപ്പത് ശതമാനത്തോളം ഭാഗത്ത് പൊള്ളലേറ്റെന്ന് ഡോക്ടർമാരുടെ സാക്ഷ്യം. പുറം പൊളിഞ്ഞിളകുന്ന ചികിത്സയ്ക്കും പച്ചമാംസത്തിൽ കയറിയിറങ്ങുന്ന മരുന്നിനും അവളുടെ കരച്ചിലിന് ശമനമുണ്ടാക്കാനാകുന്നില്ല എന്നുള്ളതാണ് യാഥാർഥ്യം.

അനുബന്ധ ചികിത്സയ്ക്കും മരുന്നിനുമൊക്കെയായി പതിനായിരക്കണക്കിന് രൂപയാണ് കാജലിന്റെ അച്ഛനും അമ്മയും ചെലവാക്കിയിരിക്കുന്നത്. അപ്പോഴും പ്രതീക്ഷയുടെ കിരണം അകലെത്തന്നെ. ജീവിതം കരുപ്പിടിപ്പിക്കാനുള്ള നെട്ടോട്ടത്തിനിടെ ഈ നിർദ്ധന പെൺകൊടിക്ക് ചികിത്സാർത്ഥം ഇനിയും വേണം ആയിരവും പതിനായിരവും. കയ്യിലുള്ളതെല്ലാം വിറ്റുപെറുക്കിയിട്ടും ആശുപത്രി ബില്ലുകളുടെ രൂപത്തിൽ മുന്നിലേക്കെത്തുന്ന ബാധ്യതകളെ ഏറ്റെടുക്കാൻ ഈ നിർദ്ധന കുടുംബത്തിന് കഴിയുന്നില്ല എന്നതും മറ്റൊരു സത്യം.

kajal-4

പ്രതീക്ഷകൾ അറ്റു പോയ ഈ നിമിഷത്തിൽ കാജൽ നിങ്ങളോട് കേഴുകയാണ്. ജീവിതം തിരിച്ചു പിടിക്കാനായി കെഞ്ചുകയാണ്. സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയോടെ ആ എമർജന്‍സി വാർഡിൽ അവൾ കാത്തിരിപ്പാണ്.

kajal-3