Wednesday 26 February 2020 05:05 PM IST : By സ്വന്തം ലേഖകൻ

‘മുന്നേറ്റം പ്രകടമാണ്, പ്രകാശം പരക്കുമ്പോൾ മറയുന്നത് ചുവപ്പുനാടയുടെ ഇരുണ്ട കാലഘട്ടമാണ്’; അഭിമാനത്തോടെ കേരളാ ഫയർ ഫോഴ്‌സിന്റെ കുറിപ്പ്!

fire-force

കേരള ഫയർ സർവീസിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരുപാട് നല്ല മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. പ്രധാനമായും ഇന്ന് നൂതന സാങ്കേതിക വിദ്യയിൽ തീർത്ത ഉപകരണങ്ങളും പുതിയ വാഹനങ്ങളും സേനയിൽ ലഭ്യമാണ്. ഇതിനുള്ള പ്രധാന കാരണം ഭരണ നേതൃത്വമാണെന്നും ചുവപ്പ് നാടയിൽ കുടുങ്ങിക്കിടന്ന പഴയ കാലം മാറുകയാണെന്നും കേരളാ ഫയർ ഫോഴ്സ്  ഫെയ്സ്ബുക് പേജിൽ കുറിയ്ക്കുന്നു. 

കേരളാ ഫയർ ഫോഴ്‌സിന്റെ കുറിപ്പ് വായിക്കാം; 

മുന്നേറ്റം പ്രകടമാണ്... 

കേരള ഫയർ സർവീസിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ കുറെ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരുപാട് ആധുനിക ഉപകരണങ്ങളും പുതിയ വാഹനങ്ങളും സേനയിൽ ഇന്ന് ലഭ്യമാണ്. ആധുനികവൽക്കരണത്തിന്റെ ആരംഭം എന്ന നിലയിൽ സർക്കാർ ഉത്തരവാദിത്തം നിറവേറ്റുന്നു എന്നതിലുപരി വലിയൊരു മാറ്റം പ്രകടമാണ്. 

സർവീസിലെ ഇന്ത്യൻ നിർമിതമല്ലാത്ത ചില ഉപകരണങ്ങൾ കേടുപാടുകൾ തീർക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. അത്തരം ഉപകരണങ്ങളുടെ സാങ്കേതികവിദ്യയിലുള്ള ആഴമേറിയ അറിവ് ഇന്ത്യയിലെ വിപണന കമ്പനികൾക്ക് കുറവായതുകൊണ്ടോ, കേടുപാട് തീർക്കുന്നതിന് വിദേശത്തു നിന്ന് കമ്പനി ആളുകൾ നേരിട്ട് വരുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട് കൊണ്ടോ ഉപകരണങ്ങൾ പലപ്പോഴും ഉപകാരപ്രദമാകാറില്ല.

തൃശൂർ നിലയത്തിൽ ലഭിച്ച അത്യാധുനിക എമർജൻസി റെസ്ക്യൂ വെഹിക്കിളിൽ ഘടിപ്പിച്ച ബെൽജിയൻ നിർമിത 25 അടിയോളം ഉയർത്താവുന്ന ടവർ ലൈറ്റ് തകരാറാവുകയും പരിഹരിക്കാൻ ബെൽജിയത്തിൽ നിന്നും കമ്പനി നേരിട്ട് വിദഗ്ധരെ അയക്കുകയും പുതിയൊരു ചരിത്രം കുറിച്ച് ഉടൻ തിരികെ പോകുകയും ചെയ്യുന്നു. ഇന്ന് 25 അടി ഉയരത്തിൽ ഈ പ്രകാശം പരക്കുമ്പോൾ മറയുന്നത് ചുവപ്പ് നാടയുടെ ഇരുണ്ട കാലഘട്ടമാണ്. ആർജ്ജവമുള്ള ഒരു നേതൃത്വത്തോടൊപ്പം ഭരണയന്ത്രം കൃത്യതയോടെ ചലിക്കുന്നു, നമ്മുക്ക് അഭിമാനിക്കാം. നാം മുന്നേറുകയാണ്...

Tags:
  • Spotlight
  • Social Media Viral