Wednesday 17 November 2021 11:00 AM IST : By സ്വന്തം ലേഖകൻ

അമ്മിക്കല്ലിന്മേൽ കൈത്തണ്ട വച്ചു മടവാൾ കൊണ്ടു സ്വയം വെട്ടി; കുട്ടികളെ കൊന്ന് ജീവനൊടുക്കാൻ ശ്രമിച്ച അമ്മ അറസ്റ്റിൽ, ഞെട്ടിച്ച് മൊഴി

palakkad-investigation.jpg.image.845.440

ഒന്നും നാലും വയസ്സുള്ള രണ്ട് ആൺകുട്ടികളെ വീട്ടിലെ കിടപ്പുമുറിയിൽ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ അമ്മയെ കൊലപാതക്കുറ്റത്തിനു പൊലീസ് അറസ്റ്റ് ചെയ്തു. ഷൊർണൂർ നെടുങ്ങോട്ടൂർ പരിയന്തടം വിനോദിന്റെ ഭാര്യ ദിവ്യയെ (28) ആണ് അറസ്റ്റ് ചെയ്തത്. ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു മഞ്ചേരി സ്പെഷൽ സബ് ജയിലിലേക്കു കൊണ്ടുപോയി.

ഷൊർണൂർ നെടുങ്ങോട്ടൂരിലാണു കഴിഞ്ഞ ഞായറാഴ്ച നാടിനെ നടുക്കിയ സംഭവം. അഭിനവ് (ഒന്ന്), അനിരുദ്ധ് (നാല്) എന്നിവരാണു മരിച്ചത്. ആത്മഹത്യ ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ അമ്മിക്കല്ലിന്മേൽ കൈവച്ചു മടവാൾ കൊണ്ടു സ്വയം വെട്ടിയതിനെത്തുടർന്ന് എല്ലു പൊട്ടി ദിവ്യയ്ക്കു പരുക്കേറ്റിരുന്നു. ഇന്നലെ രാവിലെ ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്തതോടെ പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

പിന്നീട് സംഭവം നടന്ന വീട്ടിലേക്കു തെളിവെടുപ്പിനു കൊണ്ടുപോയി. വീട്ടിലുള്ള ഭർത്താവിന്റെ മുത്തശ്ശിയുടെ മാനസിക പീഡനമാണു കുട്ടികളെ കൊന്നു ജീവിതം അവസാനിപ്പിക്കാൻ പ്രേരിപ്പിച്ചതെന്നാണു ദിവ്യ പൊലീസിനോടു പറഞ്ഞത്. ഭർത്താവും ഭർതൃമാതാവും സ്നേഹത്തോടെയാണു പെരുമാറിയിരുന്നതെന്നും ദിവ്യയുടെ മൊഴിയിൽ പറയുന്നു.

കൈത്തണ്ടയിലെ ഞരമ്പു മുറിച്ച നിലയിൽ ദിവ്യയെ കണ്ട ഭർത്താവ് വിനോദ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീടാണു കുട്ടികൾ കൊല്ലപ്പെട്ട വിവരം അറിയുന്നത്. പൊലീസ് എത്തിയ സമയത്തു വിനോദിന്റെ മാതാവ് അനിതയുടെ അമ്മ അമ്മിണിയമ്മ (68) കൈത്തണ്ടയിലെ ഞരമ്പു മുറിച്ചിരുന്നു. അമ്മിണിയമ്മയുടെ മൊഴിയും ഇന്നലെ പൊലീസ് രേഖപ്പെടുത്തി.

മൊഴിയിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

ആദ്യം ഒരു വയസ്സുകാരൻ അഭിനവിനെയും പിന്നീട് നാലു വയസ്സുകാരൻ അനിരുദ്ധിനെയും തലയണ കൊണ്ടു മുഖത്തമർത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതായാണു ദിവ്യ പൊലീസിനോടു വെളിപ്പെടുത്തിയത്. പിന്നീട് ഷാൾ ജനൽകമ്പിയിൽ കെട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇതു പരാജയപ്പെട്ടതോടെ കുട്ടികളെ കിടത്തുന്ന തൊട്ടിലിന്റെ കയർ കെട്ടി കഴുത്തിൽ കുരുക്കിടാൻ ശ്രമവും നടത്തി.

പിന്നീട് അമ്മിക്കല്ലിൽ കൈത്തണ്ട വച്ചു മടവാൾ കൊണ്ടു വെട്ടിയെങ്കിലും കൈഞരമ്പു മുറിഞ്ഞില്ലെന്നു ബോധ്യപ്പെട്ടതോടെ ബ്ലേഡ് ഉപയോഗിച്ചു മുറിക്കുകയായിരുന്നു. ഷൊർണൂർ ഇൻസ്പെക്ടർ ഓഫ് പൊലീസ് പി.എം.ഗോപകുമാർ, എസ്ഐ കെ.വി.വനിൽകുമാർ, എഎസ്ഐ കെ.മധുസൂദനൻ, എസ്ഐ വി.ബിന്ദു, ജി.ബാബുരാജ്, പി.യു.സുബൈദ, ശരത് കുമാർ എന്നിവരായിരുന്നു അന്വേഷണസംഘത്തിൽ.

Tags:
  • Spotlight