Saturday 20 November 2021 02:40 PM IST : By സ്വന്തം ലേഖകൻ

മോഡലുകൾക്ക് ശീതള പാനീയത്തിൽ കലർത്തി ലഹരി നൽകി: കബളിപ്പിക്കാൻ ശ്രമിച്ചു: രഹസ്യ സന്ദേശം

model-death-1

കൊച്ചിയിൽ മോഡലുകൾ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹതയിലേക്ക് വിരൽചൂണ്ടുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. മിസ് കേരള ജേതാക്കളായ മോഡലുകൾക്കു ശീതളപാനീയത്തിൽ കലർത്തി ലഹരി നൽകിയെന്ന സംശയം ബലപ്പെടുന്നു. എന്നാൽ ഇവരുടെ രക്തസാംപിൾ ശേഖരിക്കാതിരുന്നത് അന്വേഷണത്തിനു തിരിച്ചടിയാകും. മോഡലുകളെ കബളിപ്പിച്ചു ലഹരി കഴിപ്പിച്ചെന്ന് അന്വേഷണ സംഘത്തിനു ലഭിച്ച രഹസ്യസന്ദേശം സ്ഥിരീകരിക്കാൻ നിശാപാർട്ടി നടന്ന ഫോർട്ടുകൊച്ചി നമ്പർ 18 ഹോട്ടലിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ വീണ്ടെടുക്കണം.

നേരത്തെ ദുരുദ്ദേശത്തോടെ മോഡലുകൾക്ക്​ മദ്യം നൽകിയെന്ന്​ സംശയിക്കുന്നതായി പൊലീസ്​ വ്യക്തമാക്കിയിരുന്നു. മജിസ്​ട്രേറ്റ്​ കോടതിയിൽ നൽകിയ റിമാൻഡ്​ റിപ്പോർട്ടിലാണ്​ കേസ്​ സംബന്ധിച്ച്​ നിർണായക പരാമർശമുള്ളത്​.

യുവതികളെ തെറ്റായ ഉദ്ദേശത്തോടെ റോയിയും സൈജുവും സമീപിച്ചുവെന്നും പൊലീസ്​ ആരോപിക്കുന്നു. മോഡലുകളെ ഹോട്ടലിൽ തങ്ങാൻ ഇവർ നിർബന്ധിച്ചു. എന്നാൽ, ഇതിന്​ തയാറാവാതെ മോഡലുകൾ കാറിൽ കയറി ഹോട്ടലിൽ നിന്നും വരികയായിരുന്നു. ഈ യാത്രക്കിടെ സൈജു തങ്കച്ചൻ ഇവരെ പിന്തുടർന്നുവെന്നാണ്​ പൊലീസ്​ പറയുന്നത്​.

മിസ് കേരള അൻസി കബീറിനെ ഹോട്ടലുടമ റോയിക്കു മുൻ പരിചയമുണ്ട്. അൻസിയുടെ അമ്മയും റോയിയും നഗരത്തിലെ ഒരേ കോളജിലെ പൂർവവിദ്യാർഥി കൂട്ടായ്മയിലെ അംഗങ്ങളാണ്. മിസ് കേരള സൗന്ദര്യപ്പട്ടം ലഭിച്ചപ്പോൾ  അൻസിയെ ക്ഷണിച്ചു വരുത്തി റോയിയുടെ നേതൃത്വത്തിൽ അനുമോദിച്ചിരുന്നു. ഈ മുൻ പരിചയമാണ് അൻസിയും സുഹൃത്തുക്കളും റോയിയുടെ ഹോട്ടലിലെ പാർട്ടിയിൽ പങ്കെടുക്കാൻ വഴിയൊരുക്കിയത്.

ഹോട്ടലിലെ രാസലഹരി പാർട്ടികൾക്കു നേതൃത്വം നൽകിയിരുന്ന സൈജു തങ്കച്ചന്റെ സാന്നിധ്യമാണു യുവതികൾക്കു വിനയായതെന്നാണ് അനുമാനം. ഡാൻസ് പാർട്ടിക്കു ശേഷം രഹസ്യമായി നടക്കുന്ന ലഹരി പാർട്ടിയിലേക്കു സൈജു ഇവരെ ക്ഷണിച്ചെങ്കിലും വഴങ്ങിയില്ല. ഇതിനു ശേഷമാണ് ഇവർക്കൊപ്പമുണ്ടായിരുന്ന മുഹമ്മദ് ആഷിഖും അബ്ദുൽ റഹ്മാനും കൂടിയ അളവിൽ മദ്യം വിളമ്പി സൽക്കരിക്കാൻ തുടങ്ങിയതെന്നു പൊലീസിന്റെ  റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇക്കൂട്ടത്തിൽ യുവതികൾക്കും ശീതളപാനീയത്തിൽ അമിത അളവിൽ ലഹരി ചേർത്തു നൽകിയെന്ന രഹസ്യവിവരമാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്.

മുൻ മിസ്​ കേരള അടക്കം മൂന്നുപേർ കൊല്ലപ്പെട്ട വാഹനാപകടക്കേസിൽ അറസ്​റ്റിലായ ഹോട്ടലുടമ അടക്കം ആറ്​ പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു. രണ്ടാം പ്രതി ഹോട്ടലുടമ റോയി ജെ. വയലാട്ട്​, മൂന്നുമുതൽ ഏഴുവരെ പ്രതികളായ വിഷ്​ണുകുമാർ, മെൽവിൻ, ലിൻസൺ റെയ്​നോൾഡ്​, ഷിജുലാൽ, അനിൽ എന്നിവർക്കാണ്​ ജാമ്യം അനുവദിച്ചത്​.

രണ്ടാം പ്രതിക്ക്​ സമൂഹത്തിലെ ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്നും ഈ സാഹചര്യത്തിൽ തെളിവ്​ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിക്കുമെന്നും പൊലീസ്​ ബോധിപ്പിച്ചു. പ്രതികളെ മൂന്നുദിവസത്തെ കസ്​റ്റഡിയിൽ​ വേണമെന്നായിരുന്നു പൊലീസി​െൻറ ആവശ്യം. എന്നാൽ, രാത്രി വൈകി ഹോട്ടലുടമ അടക്കം ആറ്​ പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. എറണാകുളം ജില്ല വിട്ടുപോകരുതെന്നും പാസ്​പോർട്ട്​ കോടതിയിൽ സമർപ്പിക്കണമെന്നുമുള്ള നിർദേശത്തോടെയാണ്​ ജാമ്യം അനുവദിച്ചത്​.