Thursday 20 January 2022 12:07 PM IST : By സ്വന്തം ലേഖകൻ

ആദ്യം കണ്ണ് കുത്തിപ്പൊട്ടിക്കുന്നത് ജോമോന്റെ ശൈലി...‘ചത്തുപോകും അടി നിർത്താമെന്നു’ പറഞ്ഞിട്ടും കേട്ടില്ലെന്ന് പ്രതികൾ

jomon-criminal-

യുവാവിനെ തല്ലിക്കൊന്നു പൊലീസ് സ്റ്റേഷനിലിട്ട സംഭവത്തിൽ ഗുണ്ടാസംഘാംഗങ്ങളായ 5 പേരെ പൊലീസ് റിമാൻഡ് ചെയ്തു. കൊല്ലപ്പെട്ട യുവാവ് ഉൾപ്പെട്ട സംഘത്തിന്റെ നേതാവായ ശരത് പി.രാജിനായി പൊലീസ് തിരച്ചിൽ തുടങ്ങി. തിങ്കളാഴ്ച പുലർച്ചെ കീഴ്ക്കുന്ന് ഉറുമ്പേത്ത് വീട്ടിൽ ഷാൻ ബാബു(19)വിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ജോമോൻ കെ.ജോസഫ് (38), കെ.ബിനുമോൻ, ലുതീഷ് (28), സുധീഷ് (21), കിരൺ (23) എന്നിവരാണു റിമാൻഡിൽ. 5 പേർക്കും കൊലപാതകത്തിൽ തുല്യപങ്കാണെന്നും അതിനാൽ കൊലക്കുറ്റം ചുമത്തുമെന്നും ഡിവൈഎസ്പി ജെ.സന്തോഷ്കുമാർ പറഞ്ഞു.

വൈദ്യപരിശോധനയ്ക്കു ശേഷം ലുതീഷ്, സുധീഷ് എന്നിവരുമായി കൊല നടന്ന മാങ്ങാനത്തെ ഒഴിഞ്ഞ പറമ്പിലെത്തി പൊലീസ് തെളിവെടുത്തു. കൊല നടത്തിയ രീതി ഇരുവരും വിശദീകരിച്ചു. ‘ഷാനെ കൊണ്ടുവന്നു വിവസ്ത്രനാക്കി മതിലിൽ ചാരിനിർത്തി മർദിച്ചു. ഇടയ്ക്കു ഷാന്റെ ശ്വാസം നിലച്ചുപോയി. ഈ സമയം നെഞ്ചിൽ ഇടിച്ചപ്പോൾ ശ്വാസം വീണ്ടും വന്നു. ഷാൻ ചത്തുപോകും. അടി നിർത്താം, ആശുപത്രിയിൽ കൊണ്ടുപോകാമെന്നു പറഞ്ഞെങ്കിലും ജോമോൻ സമ്മതിച്ചില്ല. തുടർന്നു തർക്കമായി. ഷാനിനെ ജോമോൻ ചുമന്ന് ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കൊണ്ടിട്ടു’– ലുതീഷും സുധീഷും പൊലീസിനോടു പറഞ്ഞു.

അങ്ങേയറ്റം ക്രൂരമായിട്ടാണ് കോട്ടയത്ത് ഷാനിനെ ജോമോനും സംഘവും ചേർന്ന് കൊലപ്പെടുത്തിയത്. രാത്രി എട്ടിനു ഷാനിനെ ഓട്ടോയിൽ പിടിച്ചുകയറ്റി. കയറിയ ഉടനെ ഷാനിന്റെ കണ്ണിൽ ജോമോൻ കുത്തി. കണ്ണു കുത്തിപ്പൊട്ടിക്കുന്നത് ജോമോന്റെ ശൈലിയാണെന്ന് പൊലീസ് പറയുന്നു. കണ്ണിൽ കുത്തുന്നതു കണ്ട് തങ്ങൾ പേടിച്ചു പോയെന്നു മറ്റു പ്രതികൾ പൊലീസിനോട് പറഞ്ഞു. ആനത്താനത്തിനു സമീപമാണ് ജോമോൻ ഇപ്പോൾ താമസം. വീടിനു സമീപം ഒഴിഞ്ഞ ചതുപ്പാണ് ഗുണ്ടാസംഘം മർദനത്തിനു പറ്റിയ സ്ഥലമായി കണ്ടുവച്ചത്. റോഡിൽ നിന്ന് ഒറ്റയടിപ്പാതയിലൂടെ ഇവിടെ എത്താം. പരിസരത്തു വീടുകളില്ല.

അതിക്രൂരം കൊലപാതകം

നിലവിളിച്ചാലും പുറത്തു കേൾക്കില്ലെന്നു ജോമോൻ ഇന്നലെ തെളിവെടുപ്പിൽ പറഞ്ഞു. റോഡിലൂടെ ഷാനിനെ വലിച്ചിഴച്ചാണ് ചതുപ്പിൽ എത്തിച്ചത്. വസ്ത്രങ്ങൾ അഴിച്ചു മാറ്റി. ഓടാതിരിക്കാൻ ട്രൗസർ കാലിൽ പകുതി അഴിച്ചുവച്ചു. തൃശൂരിൽ ലുതീഷിനെ തല്ലിയതു പോലെ തുണിപറിച്ച് അടിക്കുകയായിരുന്നു ലക്ഷ്യം. തുടർന്ന് ഷാനിനെ ക്രൂരമായി മർദ്ദിച്ചു. പശുവിനെ കെട്ടാൻ അവിടെയുണ്ടായിരുന്ന കാപ്പിവടി കൊണ്ടായിരുന്നു അടി.

തലയിൽ നിരന്തരമായി അടിച്ചു. അതോടെ തല ചതഞ്ഞ് രക്തസ്രാവമുണ്ടായി. ഷാൻ ബോധം കെട്ടു വീണു. സൂര്യനെ കാണിച്ചു തരാൻ ആവശ്യപ്പെട്ടായിരുന്നു അടി.ഷാൻ മരിച്ചതോടെ ഗുണ്ടാസംഘത്തിൽ തർക്കമായി. ഷാനിന്റെ മൃതദേഹവുമായി ജോമോനും കൂട്ടരും നഗരത്തിലെത്തി. കൂടെയുണ്ടായിരുന്നവർ ജോമോനെ കൈവിട്ടു. ഇതോടെ ഷാനെ തോളിൽ ചുമന്ന് ജോമോൻ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.

തെളിവെടുപ്പിനിടെ ഒന്നാം പ്രതി ജോമോൻ മറ്റുള്ളവരെ നോക്കി വിരൽ ഉയർത്തി വിജയ ചിഹ്നം കാണിച്ചു.  പൊലീസുകാർ കൂടെ നിൽക്കുമ്പോഴായിരുന്നു ഈ ‘പ്രകടനം’. സൂര്യന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘത്തിന്റെ അടിയേറ്റതോടെ ‘ക്ഷീണ’ത്തിലായ ലുതീഷിന്റെ സംഘം വീര്യം വീണ്ടെടുക്കാൻ നടത്തിയ ആക്രമണമാണ് ഷാനിന്റെ കൊലപാതകത്തിൽ കലാശിച്ചത്.

കുടിപ്പക, അല്ലെങ്കിൽ കഞ്ചാവുതർക്കം

കൊലപാതകത്തിനു പിന്നിൽ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയോ കഞ്ചാവു വിതരണത്തിലെ തർക്കമോയെന്നു സംശയം. കൂടുതൽ വ്യക്തതയ്ക്കു വേണ്ടിയാണ് എതിർസംഘത്തിന്റെ നേതാവ് ശരത് പി.രാജിനെ (സൂര്യൻ) കസ്റ്റഡിയിൽ എടുക്കുന്നത്. ശരത്തിന്റെയും ലുതീഷിന്റെയും സംഘങ്ങളാണു ജില്ലയിൽ കഞ്ചാവ്, എംഡിഎംഎ, എൽഎസ്ഡി തുടങ്ങിയ ലഹരിവസ്തുക്കൾ വിതരണം ചെയ്യുന്നതെന്നാണു സൂചന. കഞ്ചാവു കടത്തുമ്പോൾ ഷാൻ ബാബുവിനെ പിടിച്ചിട്ടുണ്ട്.

ഒക്ടോബറിൽ തൃശൂരിൽ സൂര്യന്റെ സംഘം ലുതീഷിനെ മർദിച്ചിരുന്നു. ഇരുകൂട്ടരും ഒരുമിച്ചാണ് അതുവരെ പ്രവർത്തിച്ചിരുന്നത്. ഞായറാഴ്ച വൈകിട്ട് മണർകാട്ടെ തട്ടുകടയിൽ സൂര്യന്റെ സംഘത്തിലെ യുവാവിനെ ജോമോനും ലുതീഷും മർദിച്ചു. ആ യുവാവാണു സൂര്യനും ഷാനും കൊടൈക്കനാലിൽ പോയ കാര്യം പറഞ്ഞത്. ഇതോടെയാണു സംഘം സൂര്യനെ പിടിക്കാൻ വേണ്ടി ഷാനിനെ തട്ടിക്കൊണ്ടുപോയത്.