Friday 07 August 2020 11:13 AM IST

കോവിഡ് രോഗികൾക്കായി പിപിഇ കിറ്റ് സ്റ്റിച്ചിങ്ങ് വെയ്സ്റ്റിൽ നിന്നും ‘ശയ്യ’ കിടക്കകൾ ; അമ്മൂമ്മത്തിരിക്കും വിത്ത് പേനകൾക്കും ചേക്കുട്ടിക്കും ശേഷം ലക്ഷ്മി മേനോൻ വീണ്ടും

Shyama

Sub Editor

shyaya

ചില മനുഷ്യർ നമ്മളെ അതിശയിപ്പുകൊണ്ടേയിരിക്കും, കാലം കടന്നുപോകുന്തോറും അവരുടെ പ്രവർത്തികൾക്കും തീവ്രതയേറി വരും. അത്തരത്തിലൊരാളാണ് ലക്ഷ്മി മേനോൻ. പ്രായമായവർക്കൊരു വരുമാനമാർഗമായി അമ്മൂമ്മത്തിരി, കുമിഞ്ഞു കൂടുന്ന പ്ലാസ്റ്റിക്കിന് പകരം ചെടിയായി മുളച്ചു വരുന്ന വിത്ത് പേനകൾ, വെള്ളപ്പൊക്കം ദുരിതം വിതച്ച ചേന്ദമംഗലത്തിന് ആശ്വാസമായി ചേക്കുട്ടികൾ... ലക്ഷ്മി മേനോന്റെ ഐഡിയാസ് ഒന്നിനൊന്ന് മികച്ചവയായിരുന്നു. അതിലേക്ക് കൂട്ടി ചേർക്കാൻ ഈ കോവിഡ് കാലത്ത് ലക്ഷ്മിയും സംഘവും ഒരുക്കുന്ന പുതിയ ഒന്നാണ് ‘ശയ്യ’ എന്ന പേരിൽ ഇറങ്ങുന്ന കിടക്കകൾ.

കോവിഡ് രോഗികൾ കൂടി വരുന്ന സാഹചര്യത്തിൽ ഫസ്റ്റ് ലെവൽ ട്രീറ്റ്മെന്റ് സെന്ററുകൾ സർക്കാർ തുടങ്ങുന്നുണ്ട്. കോർപ്പറേഷനുകളിലും പഞ്ചായത്തുകളിലുമൊക്കെയായി ഗൗരവമുള്ള ലക്ഷണങ്ങളില്ലാത്ത കോവിഡ് പോസിറ്റീവ് രോഗികളെ താമസിപ്പിക്കുന്ന സംവിധാനമാണിത്. അവിടേക്കാണ് ശയ്യകൾ എത്തുന്നത്.

shaya 32

‘‘ചുറ്റുപാടുമുള്ള കാര്യങ്ങൾ സസൂക്ഷ്മം ശ്രദ്ധിക്കുന്ന ആളാണ് ഞാൻ. അതുപോലെ പല തരം ആളുകളുമായി സംവദിക്കുന്ന ശീലവുമുണ്ട്. ഈയാളുകളിൽ കഥകളി കലാകാരന്മാരുണ്ടകും ടീച്ചർമാരുണ്ടാകും ഡോക്ടർമാരുണ്ടാകും സയന്റിസ്റ്റുകളുണ്ടാകും.... അറിഞ്ഞോ അറിയാതെയോ ഒക്കെ ഇവരുടെ പ്രശ്നങ്ങളും അവശ്യങ്ങളും അശയങ്ങളും ഒക്കെ നമ്മിലേക്കും കടക്കും. ചില സമയത്ത് ചില പ്രശ്നങ്ങൾക്കുള്ള പരിഹാരവും അതിൽ നിന്ന് തന്നെ ഉയർന്നു വരികയും ചെയ്യും. അങ്ങനെയാണ് ഈ പദ്ധതിയും വരുന്നത്. പഞ്ചായത്തിൽ 50 പേർക്കുള്ള കോവിഡ് ട്രീറ്റ്മെന്റ് സെന്റർ തുടങ്ങുന്ന കാര്യമറിഞ്ഞു. കേരളത്തിൽ മാത്രം ആയിരത്തിനടുത്ത് പഞ്ചായത്തുകളുണ്ട്. അവിടങ്ങളിലൊക്കെ ഇത്തരം സൗകര്യങ്ങൾ വേണ്ടി വരികയും ചെയ്യും. പ്രളയത്തിന്റെ സമയം പോലെയല്ല, ആരുടെയും കയ്യിൽ പൈസയില്ലാത്ത അവസ്ഥയാണ്. എല്ലാവരും ബുദ്ധിമുട്ടനുഭവിക്കുന്നു. അപ്പോ എന്ത് ചെയ്യാമെന്നായി ആലോചന.

ഞങ്ങൾ മാർച്ചിൽ തന്നെ കിടക്കയുണ്ടാക്കുന്ന പദ്ധതി തുടങ്ങിയിരുന്നു. വീടില്ലാത്ത ആളുകൾക്കൊക്കെ വിതരണം ചെയ്യാൻ വേണ്ടിയായിരുന്നു അത്. അന്ന് തയ്യൽ വെയ്സ്റ്റു കൊണ്ടാണ് അവ ഉണ്ടാക്കിയത്. കോവിഡ് സെന്ററുകളിലേക്ക് കിടക്കയുണ്ടാക്കി കൊടുക്കാമെന്ന ചിന്തയിൽ ടെയ്‌ലറിങ്ങ് യൂണിറ്റുകളിൽ വിളിച്ചു. അപ്പോഴാണ് അവർ പറയുന്നത് തയ്യലൊക്കെ കുറഞ്ഞതു കൊണ്ട് അവരിപ്പോ പിപിഇ ഗൗണുകൾ ഉണ്ടാക്കുന്നതിലേക്ക് മാറിയെന്ന്. എന്നാൽ പിന്നെ അതിന്റെ സാമ്പിൾ നോക്കാമെന്നോർത്തു. നോക്കിയപ്പോൾ ഇതാണ് ഈ സമയത്തിന് അനുയോജ്യമായ മെറ്റീരിയൽ. ഇതാകുമ്പോൾ കഴുകി അണുനശീകരണം വരുത്തി വീണ്ടും ഉപയോഗിക്കാൻ പറ്റിയേക്കും. മറ്റ് കിടക്കകളൊക്കെ ഒറ്റ ഉപയോഗശേഷം കത്തിച്ചു കളയണം എന്നാണ് ഉത്തരവ്.

shaya

അങ്ങനെ ടെയ്‌ലറിങ്ങ് യൂണിറ്റുകാർ സൗജന്യമായി പിപിഇ വെയ്സ്റ്റ് വീട്ടിലെത്തിച്ചു തന്നു, അവർക്കും ഈ വെയ്സ്റ്റ് എന്തു ചെയ്യണം എന്നൊരു ധാരണയുമില്ലാതിരിക്കുകയായിരുന്നു. ഇപ്പോ ഇവയ്ക്കുള്ള റീസൈക്ലിങ്ങ് യൂണിറ്റുകൾ വന്നെന്ന് കേൾക്കുന്നു. കുറച്ച് മെറ്റീരിയൽ പൈസകൊടുത്തും വാങ്ങി.

അരയൻകാലവിലുള്ള വീടിനോട് ചേർന്നുള്ള ‘പ്യുവർ ലിവിങ്ങ്’ എന്ന എന്റെ കമ്പനിയുടെ യൂണിറ്റിലാണ് ഇത് ഉണ്ടാക്കുന്നത്. ഇതിന് മെഷീനോ സൂചിയോ നൂലോ പോലും വേണ്ട. വെറുതേ പിന്നിയെടുത്താൽ മാത്രം മതി. മറ്റു കിടക്കകൾക്ക് 600–700 വാങ്ങുന്നിടത്ത് ഇതിന് 300 ആണ് വില. തരക്കേടില്ലാത്ത വരുമാനം ഉണ്ടാക്കുന്നവർക്ക് കിട്ടുകയും ചെയ്യും. ഇത് വാങ്ങുമ്പോൾ നമ്മുടെ ലോക്കൽ എക്കോണമി തന്നെയാണ് ബൂസ്റ്റ് ആകുന്നതും. മറ്റുള്ള കിടക്കകൾ മിക്കതും കേരളത്തിനു പുറത്തു നിന്നാണ് വരുന്നത്.

എറണാകുളം കളക്ടർ സുഹാസ് ഐഎഎസ് ഏറ്റുവാങ്ങിയാണ് ശയ്യ ലോഞ്ച് ചെയ്തത്. പല കമ്പനികളും ക്ലബ്ബുകളും ഒക്കെ ബൾക്കായിട്ട് തന്നെ കിടക്കകൾ ബുക്ക് ചെയ്തിട്ടുണ്ട്. കുടുംബശ്രീ വിഷനോട് അതാത് പ്രദേശത്തുള്ളവരെ സംഘടിപ്പിച്ച് നിർമ്മാണം തുടങ്ങാൻ ഒരു നിർദേശം മുന്നോട്ട് വച്ചിട്ടുണ്ട്. ഒരിടത്തേക്ക് വേണ്ടി മാത്രമുള്ളതല്ലല്ലോ കിടക്കകൾ. ഞാൻ ഐഡിയ കൊടുത്തു എന്നേയുള്ളൂ ഇത് ആർക്കും ചെയ്യാം, എന്നോട് ചോദിക്കുക പോലും വേണ്ട. വീട്ടിലിരുക്കുന്നവർക്കും ഇത് ഉണ്ടാക്കാം. പിപിഇ വെയ്സ്റ്റ് തന്നെയല്ല സാരിയോ കർട്ടൻ തുണിയോ ഒക്കെ കൊണ്ട് ഇത്തരം കിടക്കകൾ ചെയ്യാം. ശ്രദ്ധിക്കേണ്ട അളവുകളും ചെയ്യേണ്ട രീതികളും ഒക്കെ ചേർത്ത് ശയ്യ ഉണ്ടാക്കുന്ന വീഡിയോ shayya.in എന്ന സൈറ്റിൽ ഇട്ടിട്ടുണ്ട്. അത് നോക്കി ആർക്കുവേണമെങ്കിലും ഉണ്ടാക്കി ഡോണേറ്റും ചെയ്യാം. കോവിഡ് സെന്ററുകളിൽ മാത്രമല്ല കടൽകയറ്റമുള്ള ഇടങ്ങളിലും വെള്ളപ്പൊക്കഭീഷണിയുള്ള സ്ഥലങ്ങളിലെ ക്യാമ്പുകൾക്കും ഒക്ക നമുക്ക് ഇത് ഉപയോഗിക്കാം.

നമ്മളാൽ കഴിയുന്ന പോലെ നമുക്ക് പരസ്പരം സഹായിക്കാം, എന്നാൽ മാത്രമേ നമുക്ക് പ്രതിസന്ധികൾ ഒന്നൊന്നായി തരണം ചെയ്ത് മുന്നോട്ട് പോകാനാകൂ. പിന്നെ എന്ന സംബന്ധിച്ച് ഞാൻ എന്റെ വിജയങ്ങളെ അളക്കുന്നത് പ്രശസ്തിയോ പണമോ ഒന്നും കൊണ്ടല്ല... രണ്ടു പേർക്കെങ്കിലും ചെയ്യുന്നൊരു കാര്യം കൊണ്ട് ഗുണം ഉണ്ടായാൽ അതാണ് എനിക്ക് ഏറ്റവും വലിയ കാര്യം.

എത്ര ഇരുണ്ട കാലത്തിലാണെങ്കിലും വഴി മങ്ങുമ്പോഴും ലക്ഷ്മിയെപ്പോലുള്ള വഴികാട്ടികളെ കാണുമ്പോൾ, ഉള്ളിലൊരു കരുത്തു നിറയും. തളരാതെ മുന്നോട്ട് പോകാനുള്ള കരുത്ത്!

Tags:
  • Spotlight