Wednesday 22 July 2020 04:39 PM IST : By സ്വന്തം ലേഖകൻ

‘എന്റെ നെഞ്ചിൽ പിടയ്ക്കുന്നതും ഇതേ ഹൃദയം’; എയർ ആംബുലൻസിൽ പറന്നെത്തിയ ഹൃദയം ഇമചിമ്മാതെ കണ്ട് ലീന

leena

ഇന്നലെ ലിസി ആശുപത്രിയിലേക്ക് എയർ ആംബുലൻസിൽ ഹൃദയം കൊണ്ടു വരുന്നതൊക്കെ ഉദ്വേഗപൂർവം കോതമംഗലം ഭൂതത്താൻകെട്ട് സ്വദേശി ലീന ഷിബു ടിവിയിൽ കണ്ടിരുന്നു. രണ്ടു മാസം മുൻപ് അതുപേലെ വന്നിറങ്ങിയ ഒരു ഹൃദയമാണ് തന്റെ ഉള്ളിലും തുടിക്കുന്നതെന്നതായിരുന്നു ലീന ഇമ ചിമ്മാതെ ടിവിയിൽ കണ്ണുനട്ടിരുന്നതിനു കാരണം.കഴിഞ്ഞ മേയ് 9ന് ആയിരുന്നു ലിസി ആശുപത്രിയിൽ ലീനയ്ക്ക് ഹൃദയം മാറ്റിവച്ചത്.

തിരുവനന്തപുരത്തുനിന്നു ഹെലികോപ്റ്ററിൽ അന്നു പറന്നെത്തിയ ഹൃദയം ഇപ്പോൾ ശരീരത്തോടു പൂർണമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. ആറു മാസത്തിനുള്ളിൽ വീട്ടിലെ ജോലികളെല്ലാം ലീനയ്ക്കു സ്വന്തമായി ചെയ്യാനാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്. പറയുന്നത്. ഇപ്പോൾ 15 ദിവസം കൂടുമ്പോൾ ആശുപത്രിയിൽ പരിശോധന. ഹൃദയം സ്വീകരിച്ച ശേഷമുള്ള ആദ്യ മൂന്നുമാസം രോഗപ്രതിരോധശേഷി കുറവായതിനാൽ യാത്രകളോ സന്ദർശകരോ പാടില്ലെന്ന് നിർദേശമുണ്ട്.  അതുകൊണ്ട് വടുതലയിലുള്ള സഹോദരിയുടെ വീട്ടിലാണ് ലീന ഇപ്പോൾ താമസിക്കുന്നത്. 

അടുത്ത മാസം കോതമംഗലത്തെ വീട്ടിലേക്കു മടങ്ങിപ്പോകാമെന്നാണു പ്രതീക്ഷ.3 മാസം കഴിഞ്ഞാൽ മാസത്തിൽ ഒരു തവണ ആശുപത്രിയിൽ വന്നാൽ മതിയാകും. ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടര മാസം പിന്നിടുമ്പോൾ ലീന (49) ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്.  ശരീരഭാരം 3.5 കിലോഗ്രാമോളം ഉയർന്നു. കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ സഹായം ആവശ്യമാണെങ്കിലും സ്വന്തം കാര്യങ്ങളെല്ലാം ചെയ്യാ‌ം. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച ലാലി ഗോപകുമാറിന്റെ ഹൃദയമാണ് സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിലൂടെ ലീനയ്ക്കു ലഭിച്ചത്.

More