Tuesday 14 August 2018 04:06 PM IST

പ്രതിസന്ധികളുടെ ഇരുട്ടിൽ ഒളിച്ചിരുന്നില്ല ആദിത്യ, പകരം ഈണങ്ങളെ കൂട്ടുപിടിച്ചു ലോകം കണ്ടു!

Tency Jacob

Sub Editor

vic1 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

കാണികൾക്ക് ശരിയായി കാണാനാകുംവിധം  നാലഞ്ചു കസേരകൾ അടുക്കിയിട്ട് അതിനു മുകളിലിരുന്ന് ആദിത്യ അയ്യപ്പസ്തുതി പാടുകയാണ്. പാടി വരുമ്പോൾ കണ്ടും കേട്ടും നി ൽക്കുന്നവർ പതിനെട്ടു പടി കയറി ആ നടയ്ക്കൽ ചെ ന്നു തൊഴുതു നിൽക്കുന്ന വിധത്തിൽ ആത്മാവിനെ ശു ദ്ധീകരിക്കുന്നൊരു സ്വരം. ഇത്ര ചെറിയ ശരീരത്തിൽനിന്നാണോ ഈ ശബ്ദമെന്ന് അമ്പരന്നു പോകും. പാടിക്ക ഴിഞ്ഞതും കാണികൾ തള്ളിക്കയറി വന്ന് അവരുടെ കൈയിലുള്ള അവസാന തുട്ടും അവനു കൊടുത്തു ക ണ്ണീരോടെ കൈകൂപ്പി നിൽക്കുന്നു.
 പതിനൊന്നു വയസ്സായിട്ടും ഇതുവരെ നടക്കാൻ തുടങ്ങിയില്ല കടമ്പനാട് ഏഴാംമൈലിൽ രഞ്ജിനി ഭവനിലെ സുരേഷിന്റെയും രഞ്ജിനിയുടേയും മകൻ ആദിത്യ. ഒന്നു തൊട്ടാൽ അസ്ഥികളൊടിയുന്ന രോഗവുമായി അവൻ പ്രതിസന്ധികളുടെ ഇരുട്ടിൽ ഒളിച്ചിരുന്നില്ല. പകരം, ഈണങ്ങളെ കൂട്ടുപിടിച്ചു  പുറത്തെ ലോകം കാണാനിറങ്ങിത്തിരിച്ചു.

ശ്യാമാംബരത്തിൻ നിറമായി...

ലേബർ റൂമിനുള്ളിൽനിന്ന് പേറ്റുമണം വിട്ടുമാറാതെ കുഞ്ഞുങ്ങളോരോന്നായി നഴ്സുമാരുടെ കൈയിലൂടെ പുറത്തു കാത്തിരിക്കുന്നവരിലേക്ക് വരുന്നുണ്ട്. എത്തിച്ചേരുന്ന ഓരോ കുഞ്ഞും  സന്തോഷത്തിന്റ കുഞ്ഞിപൊ തിക്കെട്ടുകളായി മാറി അവിടമാകെ ആരവമുയരുന്നുണ്ട്. ഇതിനിടയിൽ കുഞ്ഞിക്കരച്ചിലുമായി തങ്ങളുടെ പേരക്കുട്ടി എത്തിച്ചേരുന്നതും നോക്കി രണ്ട് അമ്മൂമ്മമാർ കാത്തിരുന്നു. ‘രഞ്ജിനി സുരേഷ്’. അവർ ആകാംക്ഷയോടെ പിടഞ്ഞെഴുന്നേറ്റു. ‘അകത്തേക്കു വരൂ’. നഴ്സ് വിളിച്ചു. ‘എന്തെങ്കിലും പ്രശ്നമുണ്ടോ’ എന്നൊക്കെ വേവലാതിപ്പെട്ട് അവരകത്തു കടന്നു. ഉറക്കം പൂണ്ടു കി ടക്കുന്ന  കുഞ്ഞിനെ പൊതിഞ്ഞിരിക്കുന്ന തുണിയുടെ അരികുകളെല്ലാം മാറ്റി അവരൊന്നേ നോക്കിയുള്ളൂ. വലിയ തലയുള്ളൊരു കുട്ടി. പുരികക്കൊടികളൊന്നുമില്ലാതെ കണ്ണുകൾ നീലച്ച് കിടന്നു. വിരലുകൾ  ഒട്ടിപ്പിടിച്ച നേർത്ത കൈകളും കാലുകളും.

‘‘കുഞ്ഞ് ഇൻക്യുബേറ്ററിലായതുകൊണ്ട് പാൽ കുടിപ്പിക്കാൻ മാത്രമേ എന്റെയടുത്ത് കൊണ്ടു വന്നിരുന്നുള്ളൂ. അതുതന്നെ ആകെ മൂടിപുതച്ച് മുഖത്തിന്റെ ഇത്തിരിഭാഗമേ പുറത്തു കാണുള്ളൂ. അന്ന് തുടുത്ത റോസ് നിറമായിരുന്നു അവന്. പ്രസവവേദനയുടെ മ യക്കം വിട്ടുണർന്നപ്പോൾ മോന് ചെറിയ എന്തോ കുഴപ്പമുണ്ടെന്ന് പറഞ്ഞിരുന്നു. പക്ഷേ, എന്താണെന്ന് കൃത്യമായി മനസ്സിലായില്ല. പിന്നീട് നോക്കുമ്പോഴാണ് പ്രശ്നത്തിന്റെ ആഴം മനസ്സിലാവുന്നത്. വലിയ തലയിൽ തൊടുമ്പോൾ വെള്ളം നിറച്ച ഒരു ബലൂണിൽ തൊടുന്ന പോലെ. തലക്കു കീഴ്പോട്ടുള്ള ഭാഗം ശോഷിച്ച്.’’ രഞ്ജിനിയുടെ കണ്ണുകളിലും ശബ്ദത്തിലുമുണ്ട് അന്നത്തെ സങ്കടം മുഴുവൻ.

‘‘ഞാൻ പ്രസവിച്ച ആശുപത്രിയിൽ വിദഗ്ധ ചികിത്സയോ മറ്റു സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. രണ്ടു ദിവസത്തിനുശേഷം മോനെയുംകൊണ്ട് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് പോയി. അവിടെ ചെന്നപ്പോൾ അവർ അവനെ മാത്രമേ അഡ്മിറ്റു ചെയ്യുള്ളൂ. ഞാൻ പുറത്തു നിൽക്കണം. അങ്ങനെ അവിടെനിന്ന് തിരിച്ചു പോന്നു. പിന്നീട് പല പല ആശുപത്രികൾ. നിരന്തരമായ ആശുപത്രി വാസങ്ങളുടെ ദിനങ്ങൾ.

നെഞ്ചുടുക്കിന്റെ താളത്തുടുപ്പിൽ...

ഓസ്റ്റിയോജെനിസിസ് ഇംപെർഫക്ട എന്ന ജനിതക രോഗമാണെന്ന് കണ്ടുപിടിക്കുന്നതു വരെ ഇങ്ങനെയൊരു അസുഖത്തെക്കുറിച്ച് ഞങ്ങളുടെ കുടുംബത്തിലാരും കേട്ടിട്ടുപോലുമില്ലായിരുന്നു. ‘ആറുമാസം കഴിയുമ്പോഴേക്കും കേൾവിശക്തി പോകും. പതിയെ കാഴ്ചയും. എണീറ്റ് നടക്കുക പോയിട്ട് തലയൊന്ന് ഉറയ്ക്കാൻ പോലും സാധ്യതയില്ല. നിങ്ങളുടെ കൈയിൽ ഒരു പളുങ്കുപാത്രം കിട്ടിയതുപോലെ കരുതലോടെ കൊണ്ടു ന ടക്കുക’ എന്നു പറഞ്ഞു ഡോക്ടർമാർ.

അങ്ങനെ കുഞ്ഞിനെയുംകൊണ്ട് വീട്ടിലെത്തി. രാവുംപകലുമില്ലാതെ കുഞ്ഞ് നിറുത്താതെ കരയുന്നു. കൈയിലെടുത്തു പിടിച്ചു കൊണ്ടു നടന്നാലും കരച്ചിൽ നിൽ ക്കുന്നില്ല. പാലൂട്ടുമ്പോൾ പോലും വിതുമ്പൽ. വീണ്ടും ഡോക്ടറുടെ അടുത്തേക്ക്. വിശദമായി പരിശോധിച്ചപ്പോഴാണറിയുന്നത്. കൈ ഒടിഞ്ഞിട്ടുണ്ട്. ബി.സി.ജി എടുക്കാൻ കൈ പി ടിച്ചപ്പോൾ സംഭവിച്ചതാണ്. പിന്നീട് നാലു വർഷത്തിനുള്ളിൽ പതിനഞ്ചു തവണയെങ്കിലും അസ്ഥി ഒടിഞ്ഞു പ്ലാസ്റ്റർ ഇ ട്ടിട്ടുണ്ട്. എന്റെ കൈ തട്ടിയും ഒരിക്കൽ ഒടിവു പറ്റി. മൂന്നു വയസ്സുള്ളപ്പോഴാണ്, ഞാനും മോനും നിലത്ത് കിടക്കയിട്ടാണ് കിടക്കുന്നത്. ഫാനിന്റെ സ്പീഡൊന്നു കൂട്ടാനായി ഒന്ന് എത്തിപ്പിടിച്ചതാണ്. അരികെ കിടക്കുന്ന അവന്റെ കൈയി ലൊന്നു തട്ടി. കൈക്കുഴയ്ക്കു മുകളിൽ ഒടിഞ്ഞു. ഇപ്പോഴും കാണാം അതിന്റെ പാടുകൾ. അന്ന് ഒരുപാടു വിഷമിച്ചു. എന്റെ കൈയിൽനിന്നുതന്നെ ഇതു സംഭവിച്ചല്ലോ. എടുക്കാ നൊക്കെ പേടിയായിരുന്നു. എന്റെ അമ്മയും അച്ഛനും അനി യത്തിയുമാണ് എടുത്തു നടക്കുക. ഗൾഫിൽ ഓയിൽ ഫീൽഡിലാണ് ആദിത്യന്റെ അച്ഛന്‍ സുരേഷിന് ജോലി. മോനുണ്ടായി ഒമ്പതാം മാസത്തിലാണ് ചേട്ടൻ അവനെ കാണുന്നത്.

ഈണത്തിൽ നീ പാടി...

പേര് ആദിത്യ സുരേഷ് എന്നാണെങ്കിലും വീട്ടിലും നാട്ടിലുമ വൻ മണികണ്ഠനാണ്. ഒരു വയസ്സിലേ പാട്ടു കേൾക്കുമ്പോ ൾ അതിനൊപ്പം ചെറുതായി മൂളും. അത് പാടാനുള്ള തുടക്ക മാണെന്നൊന്നും അറിയില്ലായിരുന്നു. വേഗം വർത്തമാനം പറ ഞ്ഞുതുടങ്ങി. സാധാരണ കുട്ടികൾ അക്ഷരം പഠിച്ച് വാക്കുകൾ ചൊല്ലുമ്പോൾ മോൻ മറിച്ചായിരുന്നു പഠിച്ചത്. ടി വിയിൽ കാണുന്ന വാക്കുകളിലെ അക്ഷരങ്ങൾ ഓരോന്നും ചോദിച്ചു പഠിച്ചു. അതും നല്ല ഉച്ചാരണശുദ്ധിയോടെതന്നെ. ഹോമിയോ ചികിത്സ തുടങ്ങിയ‍തോടെ തല അങ്ങോട്ടുമിങ്ങോട്ടും ഉരുട്ടാൻ തുടങ്ങി. തലയുടെ വലുപ്പം കുറഞ്ഞു വന്നു. പിന്നീട് പതിയെ തല പൊക്കാൻ തുടങ്ങി. ഇപ്പോൾ തനിയെ എഴുന്നേറ്റിരിക്കും. നടക്കാറായിട്ടില്ല. എല്ലുകൾ ഒടിയുന്നതിന് നല്ല കുറവു വന്നിട്ടുണ്ട്.

ഇത്തരം അസുഖമുള്ള കുട്ടികളുടെ ഒരു സംഘടനയാണ് അമൃതവർഷിണി. മോന്‍ ചാനലിൽ ചെയ്ത പരിപാടി കണ്ടാണ് അവർ ഞങ്ങളെ സംഘടനയിലേക്ക് ക്ഷണിക്കുന്നത്. അവിടെയുള്ള ഡോക്ടറാണ് പറഞ്ഞത് സർജറി നടത്തിയാൽ നടക്കാൻ സാധിക്കുമെന്ന്. പക്ഷേ, അതിനു പതിനഞ്ചു വയസ്സ് കഴിയണം. അതിനു മുമ്പ് ശരീരം ബലപ്പെടുത്തണം.
സാധാരണ കുട്ടികൾ സ്കൂളിൽ പോകുന്ന പ്രായത്തിലാണ് മോന്റെ കഴുത്തുറയ്ക്കുന്നത്. കമിഴ്ന്നു വീഴാൻ പറ്റുമെന്നു അവൻ പറയുമ്പോഴും പേടിയായിരുന്നു. എല്ലെങ്ങാനും ഒടിഞ്ഞാലോ? മേശപ്പുറത്തു കിടത്തിയാൽ കാലിട്ടടിച്ചു കളിക്കും. അങ്ങനെയൊരു കളിയിലാണ് കാൽ ഒടിയുന്നത്. അരയ്ക്കു താഴോട്ട് പ്ലാസ്റ്ററിട്ടു. മൂന്നുമാസം കഴിഞ്ഞ് ചെന്നപ്പോൾ പ്ലാസ്റ്ററിനുള്ളിൽ നിറയെ ബിസ്ക്കറ്റ്. കഴിക്കാൻ കൊടുക്കുമ്പോൾ സൂക്ഷിച്ചുവയ്ക്കുന്നതാണ്. പ്ലാസ്റ്റർ അഴിച്ച് വീട്ടിലെത്തി മൂന്നു ദിവസം കഴിഞ്ഞതേയുള്ളൂ. അടുത്ത കാൽ ഒടിഞ്ഞു. അന്ന് വല്ലാത്ത സങ്കടം തോന്നി. കുഞ്ഞ് എത്ര വേദനിക്കുന്നു...

താരും തളിരും മിഴിപൂട്ടി...

എല്ലാവരും നടക്കുന്നത് കാണുമ്പോൾ ചോദിക്കും  ‘ അമ്മേ, എന്റെ കാലെന്താ മണ്ണിൽ തൊടാത്തത്?’ അപ്പോളവന്റെ ചിറ്റ പറയും ‘ഞങ്ങളും അങ്ങനെയായിരുന്നു മണിക്കുട്ടാ. കുറേ വലുതായിട്ടാ നടന്നു തുടങ്ങിയത്.’ എന്റെ അനിയത്തിയായിരുന്നു അവനെ വീട്ടിലിരുത്തി പഠിപ്പിച്ചിരുന്നത്. ചിറ്റ കല്യാണം കഴിഞ്ഞു പോയപ്പോൾ സങ്കടമായിരുന്നു അവന്.  സാധാരണ പോലെ അഞ്ചുവയസ്സിൽ ഒന്നാംക്ലാസ്സിൽ ചേർന്നെങ്കിലും സ്കൂളിൽ പേകാൻ പറ്റുമായിരുന്നില്ല.

‘താരും തളിരും മിഴിപൂട്ടി...’മണികണ്ഠൻ ആദ്യമായി കാ ണാതെ പഠിച്ചു പാടുന്ന പാട്ട് അതായിരുന്നു. പാട്ട് ഒരിക്കൽ കേട്ടാൽ മതി, അതിലെ വരികൾ ഹൃദ്യസ്ഥമാക്കാൻ. കവിതകളോടു വലിയ കമ്പമാണ് പ്രത്യേകിച്ച് വയലാർ കവിതകൾ. പത്തനംതിട്ടയിൽ വെച്ചു നടന്ന വയലാർ അനുസ്മരണദിനത്തിന് രാവണപുത്രി കവിത ചൊല്ലി ഒന്നാം സമ്മാനം കിട്ടി. അങ്ങനെയാണ് ചാനലിൽ വരുന്നത്. അതിൽപ്പിന്നെ പാട്ടു പാടാൻ ധാരാളം അവസരങ്ങൾ കിട്ടുന്നുണ്ട്. ഇപ്പോൾ പാട്ടു ശാസ്ത്രീയമായി പഠിക്കുന്നുണ്ട്. സംസ്കൃതം, മലയാളം  പദ്യോച്ചാരണത്തിനു ജില്ലാ കലോത്സവത്തിൽ ഫസ്റ്റുണ്ട്. ലളിതഗാനത്തിന് രണ്ടാംസ്ഥാനവും. ഒരു ആൽബത്തിൽ പാടിയിട്ടുണ്ട്. ഗിഫ്റ്റ് എന്ന ഷോർട് ഫിലിമിലും അഭിനയിച്ചു.
ഓണവിള യുപി സ്കൂളിലാണ് ആദിത്യ പഠിക്കുന്നത്. സ്കൂളിൽ പോകാനും പഠിക്കാനും വലിയ ഇഷ്ടമാണ്. അ ഞ്ചാം ക്ലാസ്സ്  മുതലാണ് ദിവസേന പോയിത്തുടങ്ങിയത്. ഇനി ഏഴിലേക്കാണ്. സ്കൂളിന്റെ ഗേറ്റിലെത്തുമ്പോഴേക്കും കൂട്ടുകാരോടിയെത്തും. ക്ലാസ്സിൽ ചെന്നാലും അവർ തന്നെയാ ണ് എല്ലാം ചെയ്തു കൊടുക്കുന്നത്. എന്നാലും ഞാനും കൂടെയിരിക്കും.

ജനിച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ എന്റെ അച്ഛൻ അവ ന്റെ ജാതകമെഴുതിച്ചു. കലാരംഗത്ത് പ്രസിദ്ധി നേടുമെന്നായിരുന്നു പ്രവചനം. ഞാനതു കേട്ട് ചിരിച്ചു. കിടപ്പിൽ നിന്ന് അനങ്ങാൻ പറ്റാതെ കിടക്കുന്ന കുഞ്ഞ് എന്തു ചെയ്യാൻ. ഇന്ന് അവന്റെ പേരിൽ ഞങ്ങൾ അച്ഛനമ്മമാരും വീടും നാടും കീർത്തി നേടുമ്പോൾ കൈകൂപ്പാനല്ലാതെ മറ്റൊന്നിനും കഴിയില്ല.

‘ഏഴു തലമുറയ്ക്കു മുമ്പ് ഏതോ പൂർവികന് ഈയൊരു അസുഖം വന്നിട്ടുണ്ടാകും.’ ഡോക്ടർമാർ പറഞ്ഞതു കേട്ട നിമിഷം ദു:ഖം തോന്നിയിരുന്നു. ഒന്നുമറിയാത്ത എന്റെ കുരുന്നിനാണല്ലോ രോഗ പിൻതുടർച്ചയുടെ അവകാശിയാകേണ്ടി വന്നത്. എന്നാലും ഈശ്വരൻ സങ്കടങ്ങൾക്കൊപ്പം വേദനയെ ആറിത്തണുപ്പിക്കാനുള്ള സംഗീതവും വെച്ചുകൊടുത്തല്ലോ! കോടി നന്ദി...

vic002