Tuesday 11 August 2020 02:38 PM IST

പതിനേഴുകാരി എഴുതിയ നോവലിന് കിട്ടിയത് ഒരു ലക്ഷം ; ലോക്ഡൗൺ കാലത്ത് ലിയയെ തേടിയെത്തിയത് അമേരിക്കൻ പ്രസാധകർ

Shyama

Sub Editor

girl

‘‘എനിക്ക് പതിനേഴ് വയസല്ലേയുള്ളൂ... സ്വന്തമായി ബാങ്ക് എക്കൗണ്ടൊന്നുമില്ല. ഒരു ലക്ഷം പ്രതിഫലം കിട്ടയപ്പോൾ അത് ട്രാൻസഫർ ചെയ്യുന്ന കാര്യം പറഞ്ഞപ്പോഴാണ് വീട്ടുകാർ എന്റെ എഴുത്തിനെ പറ്റി അറിയുന്നത്.’’ ലിയ ഷാനവാസ് എന്ന മലപ്പുറം സ്വദേശിയാണ് സോഷ്യൽ മീഡിയ മുഴുവൻ ആഘോഷിക്കുന്ന എഴുത്ത് വിസ്മയം. വിദേശത്തു നിന്ന് അംഗീകാരമെത്തിക്കഴിഞ്ഞാണ് സ്വന്തം വീട്ടുകാരും നാട്ടുകാരും വരെ ഈ കൊച്ച് മിടുക്കിയുടെ പ്രതിഭയറിയുന്നത്.

‘‘ഒൻപതാം ക്ലാസ് മുതൽ എഴുത്തുണ്ട്. എഴുതി പേരെടുക്കണം അല്ലെങ്കിൽ ഇൻസ്പ്പിറേഷണൽ റൈറ്റിങ്ങ് ചെയ്യണം എനൊന്നും ഓർത്തല്ല എഴുതിയത്... എനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ട് അതിനുവേണ്ടിയുള്ളൊരു മാധ്യമയായിട്ടാണ് എഴുത്ത് തിരഞ്ഞെടുത്തത്. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ പറ്റുമ്പോൾ ചെയ്യണം, അല്ലാതെ അത് അന്ന് ചെയ്തില്ലല്ലോ എന്നോർത്ത് എൺപതാം വയസിൽ നെടുവീർപ്പിട്ടിട്ട് എന്ത് കാര്യം...? അങ്ങനെയാണ് മനസ്സിൽ വരുന്നതൊക്കെ എഴുതി തുടങ്ങിയത്....

വാട്പാട് എന്നൊരു ആപ്പിലാണ് എഴുതി തുടങ്ങിയത്. മനസ്സിൽ വന്നൊരു കഥയുടെ മൂന്ന് ചാപ്റ്ററുകൾ ആദ്യം പോസ്റ്റ് ചെയ്തു. അത് കണ്ടിട്ട് ഒന്ന് രണ്ട് പ്രസാധകർ പബ്ലിഷ് ചെയ്യാമെന്ന് പറഞ്ഞ് മുന്നോട്ട് വന്നിരുന്നു. പക്ഷേ, ചിലതൊക്കെ അങ്ങോട്ട് പണം നൽകണമെന്ന് പറഞ്ഞതു കൊണ്ട് ഞാൻ പിന്നെ അക്കാര്യമൊന്നും ശ്രദ്ധിച്ചില്ല. അങ്ങനെയിരിക്കെയാണ് ബുക്ക് ലീഫ് പബ്ലിഷിങ്ങിലെ ജോൺ എസ്‌ലി നോവൽ കണ്ട് ഇഷ്ടപ്പെട്ട് അംഗീകരിക്കുന്നതും മറ്റ് രണ്ട് പ്രസിദ്ധീകരണങ്ങളുടെ ലിങ്ക് അയച്ച്് തരുന്നതും. ലോക്ഡൗൺ കാലത്ത് എഴുതിയ നോവലിന്റെ പേര് ‘ഓക്കേയ്ഡ്’ എന്നാണ്. ഒരു പെൺകുട്ടിയുടെ വിചിത്രമായ ചില മാനസികാവസ്ഥകളും അവളുടെ ജീവിതവുമൊക്കെയാണ് അതിലൂടെ പറയുന്നത്. കഷ്മീർ ബെയ്സ്ഡായ പ്രസിദ്ധീകരണമാണ് ബുക്ക് ലീഫ് അവരാണ് നോവൽ പബ്ലിഷ് ചെയ്യുന്നത്.

കിട്ടിയ ലിങ്കുകളിലുള്ള രണ്ട് പ്രസാധകർക്കും എഴുതിയത് അയച്ചു കൊടുത്തു. അങ്ങനെയാണ് അമേരിക്കൻ ഗ്രൂപ്പായ ‘ദി സൺ’ എഴുത്ത് കാണുന്നതും അവർക്കത് ഇഷ്ടപ്പെടുകയും ചെയ്യുന്നത്. ചില വിഷയങ്ങൾ എടുത്തിട്ട് ആർട്ടിക്കിൾ എഴുതി നൽകാമോ എന്നും അവർ ചോദിച്ചു. അവർക്കു വേണ്ടിയാണിപ്പോ ആർട്ടിക്കിളുകൾ എഴുതുന്നത്. അതിന്റെ പ്രതിഭലമായി ഒരു ലക്ഷം രൂപയും അവർ അയച്ചു തന്നു.

പ്രതിഫലമായി പൈസ കിട്ടിയപ്പോഴാണ് എഴുത്തിന്റെ കാര്യം വീട്ടിൽ അറിയുന്നത്. ആകെയൊരു ഞെട്ടലായിരുന്നു അവർക്കൊക്കെ. കാരണം ഞാനങ്ങനെ വല്യ വായനയൊന്നുമുള്ള കൂട്ടത്തിലല്ല. പത്ത് വരെ പഠിച്ചത് ജിദ്ദയിലാണ്. അവിടെ പല നാട്ടിലുള്ള കുട്ടികൾ ഒപ്പമുണ്ടായിരുന്നതുകൊണ്ട് സംസാരിക്കുന്നത് ഇംഗ്ലീഷിലാണ്. അങ്ങനെയാണ് തടസമില്ലാതെ എഴുതാൻ പറ്റുന്നത്.

മലപ്പുറം വണ്ടൂരടുത്ത് ചെറുകോടാണ് വീട്. ഉപ്പ ഷാനവാസ് എളയോടൻ ജിദ്ദയിലാണ് ജോലി ചെയ്യുന്നത്. ഉമ്മ റെജുല ഷാനവാസ് ഇവിടെ ഗവൺമെന്റ് സ്കൂൾ ടീച്ചറാണ്. അനിയൻ ഇഷാൻ സഹോദരി ഇനായ. ഞാനിപ്പോ പ്ലസ്ടു സയൻസിനാണ് പഠിക്കുന്നത്. അരായിത്തീരാനാണ് ആഗ്രഹം എന്നു ചോദിച്ചാൽ എനിക്കങ്ങനെ വ്യക്തമായൊരു ഉത്തരമില്ല. ഇങ്ങനെ ഒഴുകാനാണ് എനിക്കിഷ്ടം.

Tags:
  • Spotlight