Tuesday 22 February 2022 04:54 PM IST

പോപ്പ് നെറുകയിൽ തൊട്ട് അനുഗ്രഹിച്ച മലയാളിക്കുട്ടി! എൻവെലപ്പിനുള്ളിൽ ഒളിഞ്ഞിരുന്നു അപൂർവ സൗഭാഗ്യം: ആൻസി പറയുന്നു

Binsha Muhammed

pope-italy

സ്വപ്നത്തിനു ജീവിതത്തിനു നടുവിലൊരു നിമിഷമുണ്ടോ? നമ്മുടെയൊക്കെ ഭാവനകളിലോ സങ്കൽപ്പങ്ങളിലോ ഇടംപിടിക്കാത്ത അപൂർവ നിമിഷങ്ങൾ.... അങ്ങനെയൊന്നുണ്ടെങ്കില്‍ ആ നിമിഷത്തെ ദൈവികം എന്നു വിളിക്കാനാണ് ബിലോയിക്കും ആൻസിക്കും വിളിക്കാനിഷ്ടം. ദൈവം അവന്റെ അനുഗ്രഹം ഭൂമിയിൽ ആവോളം ചൊരിയുന്ന നിമിഷങ്ങളിലൊന്നിൽ അതിനു പാത്രമാകാൻ കഴിഞ്ഞു എന്നതാണ് യുകെയിൽ സ്ഥിരതാമസമാക്കിയ ഈ മലയാളി ദമ്പതികളുടെ നിയോഗം. കോടിക്കണക്കിന് വിശ്വാസിസമൂഹം ഒന്നു കാണാൻ കൊതിക്കുന്ന കത്തോലിക്ക സഭയുടെ ലോകത്തിലെ തന്നെ അമരക്കാരനും വലിയ ഇടയനുമായ മാർപാപ്പയെ കൺമുന്നിൽ കണ്ട് സായൂജ്യമടഞ്ഞതിന്റെ സന്തോഷത്തിലാണ് ഈ കോട്ടയം മലയാളികൾ. അവിടെയും തീർന്നില്ല ആ അനുഗ്രഹവർഷത്തിന്റെ കഥ. ജീവിതത്തിൽ ഒരിക്കൽ പോലും സംഭവിക്കില്ലെന്ന് കരുതിയ ആ നിമിഷത്തിൽ പോപ്പ് ഫ്രാൻസിസ് മാർപാപ്പ മകൾ ജിസേലിന്റെ ശിരസിൽ തൊട്ട് അനുഗ്രഹിച്ചതിന്റെ ഹാംഗ് ഓവർ ഇന്നും അവരിൽ നിന്നും വിട്ടുപോയിട്ടില്ല. വിശാലമായ വേദിയിൽ അകലെനിന്ന് ആയിരങ്ങൾ ഒരു പൊട്ട് വലുപ്പത്തിൽ കണ്ട് സായൂജ്യമടയുന്ന വലിയ ഇടയനെ അടുത്ത് കണ്ട നിമിഷം... ആ ഭാഗ്യം കൈവന്ന നേരം... ആന്‍സി ‘വനിത ഓൺലൈനോട്’ പറയുന്നു.

അപൂർവ സൗഭാഗ്യം ഈ നിമിഷം

‘നമ്മുടെ കണക്കു കൂട്ടലുകളിലും പ്ലാനുകളിലും ഇല്ലാത്ത ചിലത് തമ്പുരാൻ നിശ്ചയിക്കും. ചിലർ അതിനെ നാടകീയമെന്ന് വിശേഷിപ്പിക്കും. പക്ഷേ ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ നോക്കുമ്പോൾ ഈ സമാഗമം ദൈവികമാണ്.’– സന്തോഷത്തിന്റെ പാരമ്യതയിൽ നിന്നും ആൻസിയുടെ വാക്കുകൾ.

ഞാനും ഭർത്താവ് ബിലോയ് വർഗീസും കഴിഞ്ഞ 13 വർഷമായി ലണ്ടനിലുണ്ട്. കോട്ടയം പള്ളിക്കത്തോട് പുത്തൻപുരയിൽ വീട്. അതാണ് നാട്ടിലെ  മേൽവിലാസം . റാന്നി ചിറ്റാറാണ് എന്റെ നാട്. ലിങ്കൺഷെയറിലെ ബോൺ എന്ന പ്രകൃതി രമണീയമായ നാട്ടിലാണ് ഞങ്ങൾ താമസിക്കുന്നത്. ബിലോയിക്ക് പ്രോപ്പർട്ടി ബിസിനസാണ്. ഞാൻ ഒരു ആശുപത്രിയിൽ വാർഡ് മാനേജറായി ജോലിചെയ്തു വരുന്നു. മക്കൾ ജോർബിൻ ബിലോയ്, ജിസേൽ ബിലോയ്.

ജോലിത്തിരക്കും കുട്ടികളുടെ പഠനത്തിരക്കുമൊക്കെ ഒഴിയുമ്പോൾ ഇറ്റലിയിലേക്ക് പോകുക എന്നത് നാളുകളായി ഞങ്ങളുടെ പ്ലാനിലുണ്ടായിരുന്നു. ബിലോയ്ക്ക് ഏറെ പ്രിയപ്പെട്ട കന്യാസ്ത്രീയായ ഫിലോമി ടീച്ചറെ കാണുക എന്നതായിരുന്നു ആ യാത്രയുടെ പ്രധാന യാത്രോദ്ദേശ്യം. ടീച്ചർ അങ്ങോട്ടു ക്ഷണിച്ചിട്ടും പല ഘട്ടങ്ങളിലും പ്ലാൻ ചെയ്തത് പ്രകാരം അത് നടന്നില്ല. ഫെബ്രുവരി 14 മുതൽ 18 വരെ കുട്ടികളുടെ സ്കൂളിന് അവധിയാണ്. അങ്ങനെയിരിക്കേ...ഞങ്ങൾ ഇവിടുത്തെ മലയാളി സുഹൃത്തുക്കൾ ചേർന്ന് ഒരു ഗെറ്റ് ടുഗദർ പ്ലാൻ ചെയ്തിരുന്നു. അത് നടക്കാതെ വന്നപ്പോൾ മനസിലുണ്ടായിരുന്ന റോം സന്ദർശനം വീണ്ടും പൊടിതട്ടിയെടുത്തു. മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ ദൈവത്തിന്റെ കണക്കു കൂട്ടലായിരുന്നു അത്.

pope-2

റോമിലേക്ക് വരുമ്പോൾ ആഗ്രഹങ്ങളുടെ കൂട്ടത്തിൽ മുൻപന്തിയിലുണ്ടായിരുന്നത് ഒന്നേ ഒന്ന് മാത്രം. പോപ്പിനെ കാണുക. അകലെ നിന്നെങ്കിലും ഒന്ന് കണ്ടാൽ മതിയെന്നായിരുന്നു ഞങ്ങൾക്ക്. എല്ലാ ബുധനാഴ്ചയും മാർപാപ്പ വിശ്വാസികളുടെ ഇടയിലേക്ക് വരാറുണ്ട്. ഇറ്റലിയിലുള്ള റെജി ജേക്കബാണ് ഇവിടേക്കുള്ള യാത്രയുടെ കാര്യങ്ങളൊക്കെ ഷെഡ്യൂൾ ചെയ്തത്.ആഗ്രഹപ്രകാരം ഫിലോമി സിസ്റ്റർ പോപ്പിനെ കാണാനും അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാനുനമുള്ള നേരത്തെ ബുക്ക് ചെയ്തു. ഞങ്ങൾ കുടുംബവും ഫിലോമി സിസ്റ്ററും ഉൾപ്പെടെ 5 പേർക്കുള്ള ടിക്കറ്റാണ് ബുക്ക് ചെയ്തത്. ബുക്ക് ചെയ്താലും പങ്കെടുക്കാനുള്ള ടിക്കറ്റ് തലേ ദിവസം തന്നെ കൗണ്ടറിൽ പോയി മേടിക്കണം. ടിക്കറ്റ് വാങ്ങാൻ നൂറുകണക്കിന് ആയിരക്കണക്കിന് പേർക്കിടയിൽ ടീച്ചറുണ്ട്. അവിടെ വച്ചാണ് വീണ്ടും ദൈവത്തിന്റെ ഇടപെടൽ. അവിടെയുള്ളൊരു ചർച്ചിൽ 13 വർഷമായി ജോലി ചെയ്യുന്ന  ഷീനയെ അവിചാരിതമായി കണ്ടു മുട്ടുന്നത്.

ടീച്ചറും ഷീനയും അവരവരുടെ ടിക്കറ്റ് വാങ്ങി പുറത്തേക്ക് വന്നു. ഷീനയുടെ ടിക്കറ്റ് കവർ തുറന്നു നോക്കുമ്പോഴാണ് അദ്ഭുതം. ഒന്നിനു പകരം എട്ട് ടിക്കറ്റുകൾ. ഞങ്ങൾ ബുക്ക് ചെയ്തിരുന്നത് സാധാരണ ടിക്കറ്റ് ആയിരുന്നെങ്കിൽ ഷീനയുടെ കൈവശം ഉണ്ടായിരുന്നത് പ്രയോറിറ്റി ടിക്കറ്റുകളായിരുന്നു. അത് അന്നേരം ആ തിരക്കിനിടയിൽ കൗണ്ടറിൽ തിരികെ ഏൽപ്പിക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടായിരുന്നു. വീട്ടിലെത്തി അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് കാര്യങ്ങൾ വ്യക്തമാക്കുന്നത്. ഒരു ബിഷപ്പ് സംഘത്തിനു വേണ്ടിയുള്ള ടിക്കറ്റ് ആയിരുന്നു അതെന്നും ഞങ്ങളോട് അത് ഉപയോഗിച്ചു കൊള്ളാനും അധികൃതർ അറിയിച്ചു. ആ ടിക്കറ്റുകൾ ഷീന ഞങ്ങൾക്ക് സമ്മാനിച്ചു. ശരിക്കും പറഞ്ഞാൽ ദൈവം നൽകിയ ലോട്ടറി ആയിരുന്നു അത്.

pope-3

ബുധനാഴ്ച രാവിലെ 9.15നാണ് പോപ്പിന്റെ പരിപാടി ആരംഭിക്കുന്നത്. ഞങ്ങൾ 8 മണിയോടെ അവിടെ എത്തി. വേദിയിൽ നിന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത ശേഷം അദ്ദേഹം സദസിലേക്ക് വരികയാണ്. സുരക്ഷ മുൻകരുതലുകൾ ഉള്ളതുകൊണ്ടു തന്നെ അദ്ദേഹം ഏത് വാതിലിലൂടെ വരും എന്ന് പറയാനാകില്ല. കുഞ്ഞുങ്ങളെ തോളിലേറ്റി പോപ്പിന്റെ ശ്രദ്ധ ക്ഷണിച്ചാൽ അദ്ദേഹം അരികിലേക്ക് വരും എന്ന് അടുത്തു നിന്ന കാനഡയിൽ നിന്നുള്ള ഒരു ബിഷപ്പ് തമാശയായി പറഞ്ഞു. മകളെ ഇങ്ങ് തരാമോ എന്നും അദ്ദേഹം കമന്റ് പാസാക്കി. അപ്പോഴും അദ്ദേഹം ഞങ്ങൾക്കരികിൽ എത്തും എന്ന പ്രതീക്ഷയേയില്ല. പക്ഷേ അതു പറഞ്ഞു തീർന്നതും അദ്ദേഹം ഞങ്ങൾക്കരികിലേക്ക് മെല്ലെ നടന്നു വന്നു. വിശ്വസിക്കാനാകാത്ത നിമിഷങ്ങൾ... അരികിലെത്തി, എന്റെ കുഞ്ഞ് ജിസേലിന്റെ തലയിൽ കൈവച്ചു പ്രാർത്ഥിച്ചു. തൊട്ടു മുന്നിൽ നിൽക്കുന്ന ആ വ്യക്തി പ്രഭാവത്തെ ഞങ്ങളും മതിയാവോളം കണ്ടു. സ്വപ്നമെന്നോ ജീവിതമെന്നോ വേർതിരിച്ചറിയാനാകാത്ത നിമിഷം.

അപൂ‍ർവ ഭാഗ്യമെന്നല്ലാതെ കൂടുതലൊന്നും വിശേഷിപ്പിക്കാനില്ല അദ്ദേഹത്തിനു ചുറ്റുമുള്ള ആത്മീയതയുടെ പ്രഭാവലയം ഞങ്ങളുടെ ഉള്ളലും നിറഞ്ഞിരിക്കുകയാണ്. ആത്മീയ ചൈതന്യമുള്ള ആ ദിവ്യ മനുഷ്യനെ കണ്ട ഹാംഗ് ഓവർ ഇപ്പോഴും മനസിലുണ്ട്.– ആൻസി പറഞ്ഞു നിർത്തി.

pope-42