Tuesday 16 March 2021 12:03 PM IST

‘മുംബൈയിൽ ഊർമിള മദോഡ്കറെ ട്രെയിൻ ചെയ്യിച്ചിട്ടുണ്ടെന്ന് പറഞ്ഞു’: അതിന് മമ്മൂക്ക ചിരിയോടെ നൽകിയ മറുപടി: വിബിൻ സേവ്യർ പറയുന്നു

V N Rakhi

Sub Editor

mammootty-vibin

മമ്മൂക്ക പ്രായത്തെ തോൽപിക്കുന്നതിന്റെ രഹസ്യമറിയുന്ന ഒരാളേയുള്ളൂ, വിബിന്‍ േസവ്യര്‍. മെഗാ താരത്തിന്റെ പഴ്സനല്‍ ഫിറ്റ്നസ് ട്രെയിനർ. ‘‘മമ്മൂക്ക ചെയ്യുന്ന വർക്കൗട്ട് കണ്ടാൽ നിങ്ങൾ അദ്‍ഭുതപ്പെടും ഭായ്. പക്ഷേ, അദ്ദേഹം സോഷ്യൽ മീഡിയയിൽ വർക്കൗട്ട് പിക്ചറുകൾ ഇടുന്നതു കുറവായതു കൊണ്ട് ആരും ഒന്നും അറിയുന്നില്ല എന്നു മാത്രം.’’ വിബിൻ പറയുന്നു.

2007 ൽ രണ്ടു ചെറുപ്പക്കാർ വന്ന് ഞാൻ വർക്ക് ചെയ്യുന്ന ഫിറ്റ്നസ് സെന്ററിനെക്കുറിച്ച് അന്വേഷിച്ചിരുന്നു. അതിലൊരാളുടെ അച്ഛന് വേണ്ടിയാണ് എന്നു പറയുകയും ചെയ്തു. അവർ എഴുതിത്തന്ന ഫോം കംപ്യൂട്ടറില്‍ എന്റർ ചെയ്യാൻ എടുത്തപ്പോഴാണ് പ്രഫഷന്റെ കോളത്തിൽ ആക്ടർ എന്നു കണ്ടത്. പേര് മുഹമ്മദ്കുട്ടി. ദുൽഖറും സുഹൃത്തുമാണ് അന്ന് വന്നത് എന്ന് അപ്പോഴാണ് അറിയുന്നത്.

പിന്നീട് മമ്മൂക്ക ഫിറ്റ്നസ് ക്ലബ്ബില്‍ വന്നു. വാതിൽ തുറന്ന്, തല ഉയര്‍ത്തിപ്പിടിച്ചുള്ള ആ വരവ് തന്നെ ശരിക്കും ഒരു പഞ്ച് ആണ്. അന്നും ഇന്നും അതിനു മാറ്റമൊന്നുമില്ല.

എന്റെ യോഗ്യതകൾ ചോദിച്ചു. മുംബൈയിൽ ഊർമിള മദോഡ്കറെ ട്രെയിൻ ചെയ്യിച്ചിട്ടുണ്ട് എന്നറിഞ്ഞപ്പോൾ ചിരിച്ചുെകാണ്ടു പറഞ്ഞു, ‘എനിക്ക് ഊർമിളയാകണ്ട, ഇനിയും അഭിനയിക്കാനുള്ള എനർജിയും ഫിറ്റ്നസും വേണം. അതുമാത്രം മതി.’

അന്നു തന്നെ അദ്ദേഹത്തിന്റെ പഴ്‍സനൽ ട്രെയിനറായി ജോയിൻ ചെയ്തു. ഇന്നും അതേ പദവിയില്‍. ആ പ്രായത്തിലെ അതേ ഫിറ്റ്നസിൽ അതേ എനർജിയിൽ ഇന്നും അദ്ദേഹം സിനിമയിൽ നിൽക്കുന്നു എന്നത് പകൽ പോലെ സത്യം.

ആദ്യകാലത്ത് പല െട്രയിനിങ് ഉപകരണങ്ങളും പറഞ്ഞ് ഉണ്ടാക്കിപ്പിക്കുകയായിരുന്നു. എവിെട േപാകുമ്പോഴും ട്രാവൽ ബാഗിൽ ചെറിയ ഡംബൽസ് കാണും. ഇപ്പോള്‍ കാരവാനിൽ ജിം ഉണ്ട് എന്നതു േപാലും വലിയ വാര്‍ത്തയല്ല. പക്ഷേ, റെഡിമെയ്ഡ് ഡംബൽസ് കിട്ടാത്ത കാലത്താണ് മമ്മൂക്ക ഇ തൊക്കെ െചയ്തത്.

മമ്മൂക്ക ഒരു കഥാപാത്രത്തെ ഏറ്റെടുത്തു കഴിഞ്ഞാൽ അ തെങ്ങനെ കൂടുതല്‍ പെർഫെക്റ്റ് ആക്കാം എന്ന ചിന്തയിലാണ്. അതിനനുസരിച്ചുള്ള വെയിറ്റ് ട്രെയിനിങ് കൊടുക്കാൻ എനിക്കു കഴിയുന്നുണ്ടോ എന്നും അദ്ദേഹം നോക്കും. അതു സാധ്യമാകണമെങ്കിൽ കഥാപാത്രമനുസരിച്ച്, ശരീരം എങ്ങനെ മാറ്റിയെടുക്കാമെന്ന് നമുക്ക് നല്ല ധാരണ വേണം. ഞായറാഴ്ച പലരും വർക്കൗട്ടിന് അവധി കൊടുക്കുന്നവരാണ്. ഞായറാഴ്ചയായാലും വിശേഷ ദിവസമായാലും മമ്മൂക്ക വർക്കൗട്ട് മുടക്കില്ല.

രാവിലെ ഷൂട്ടിങ് ഉണ്ടെങ്കിൽ 6.30ന് വർക്കൗട്ട് തുടങ്ങും. ഇല്ലെങ്കിൽ 7.30ന്. ഒരു മണിക്കൂര്‍ നീളുന്ന എന്റെ സെഷൻ കഴിഞ്ഞാൽ പിന്നെ, 45 മിനിറ്റ് കാർഡിയോ വർക്കൗട്ട് ചെയ്യും. ലോക്ഡൗൺ സമയത്ത് ഓൺലൈൻ ട്രെയിനിങ് ആയിരുന്നു.

നോമ്പ് സമയത്തു പോലും വർക്കൗട്ട് മുടക്കില്ല. നോമ്പ് തുറന്ന് എന്തെങ്കിലും ചെറുതായി കഴിച്ച ശേഷം വർക്കൗട്ട് കഴിഞ്ഞിട്ടേ പ്രധാന ഭക്ഷണം കഴിക്കൂ.

േഹാട്ടലുകളില്‍ ആണ് താമസമെങ്കില്‍ അവിടുത്തെ ജിം അന്വേഷിക്കും. ആവശ്യമുള്ള എക്വിപ്മെന്റ്സ് ഇല്ലെങ്കിൽ അറേഞ്ച് െചയ്യും. അല്ലാതെ സൗകര്യമില്ല എന്നു പറഞ്ഞ് സ്ഥിരം ചെയ്യുന്ന ട്രെയിനിങ് ഒരിക്കലും മുടക്കില്ല.

വിദേശയാത്രകളില്‍ വർക്കൗട്ടിന് വേണ്ട ഡ്രസ്, ഷൂസ് ഒക്കെ വാങ്ങും. മമ്മൂക്കയ്ക്ക് മാത്രമല്ല, എനിക്കും വാങ്ങിക്കൊണ്ടു വരും. ഓരോരുത്തരുടെയും പ്രഫഷനെ അർഹിക്കുന്ന പ്രാധാന്യത്തോടെ ബഹുമാനിക്കുന്നയാളാണ് മമ്മൂക്ക.

ഒരിക്കൽ വില കൂടിയ ഒരു വർക്കൗട്ട് ഷൂ മമ്മൂക്ക എനിക്കു തന്നു. സ്നേഹത്തോടെ നിരസിക്കുമ്പോൾ ഞാൻ പറഞ്ഞു, ‘‘എനിക്ക് ഷൂ തരണം എന്നു നിര്‍ബന്ധമാണെങ്കില്‍ മമ്മൂക്ക ഉപയോഗിച്ച ഒരു ഷൂ തന്നാൽ മതി.’’ചിരിച്ചു കൊണ്ട് അദ്ദേഹം തന്ന ഷൂ ഒരു നിധി േപാലെ എ ന്റെ കയ്യിലുണ്ട്.

Fitness Secret of Mammookka

രുചികരമായ ഭക്ഷണങ്ങൾ ഇഷ്ടമാണ് മമ്മൂക്കയ്ക്ക്. പക്ഷേ, ഡയറ്റ് കൃത്യമായി പാലിക്കാന്‍ മമ്മൂക്കയെ കഴിഞ്ഞേ ആളുള്ളു. ഇഷ്ട ഭക്ഷണം ആരെങ്കിലും കൊടുത്താൽ അതിൽ നിന്ന് അൽപം മാത്രം കഴിക്കും. തന്റെ കാരവാനിൽ ഇഷ്ടപ്പെട്ടവരെ വിളിച്ച് രുചികരമായ ഭക്ഷണം നൽകി സൽക്കരിക്കുന്ന പതിവ് ഉണ്ട് മമ്മൂക്കയ്ക്ക്. പക്ഷേ, കൂടെ കഴിക്കില്ല. നോക്കിയിരുന്നു സന്തോഷിക്കും.